തണൽ പരത്തുന്ന വ്യാപാരി
text_fieldsവി.എൻ.കെ എന്ന മൂന്നക്ഷരമാണ് ഇൗ മനുഷ്യെൻറ പേരും വിലാസവും. നിരവധി സൂപ്പർമാർക്കറ്റുകളുടെയും ബിസിനസ് സംരംഭങ്ങളുടെയും ഉടമ എന്നതിനേക്കാൾ കറകളഞ്ഞ പരിസ്ഥിതിസ്നേഹി എന്നാണ് അദ്ദേഹെത്ത അറിയുന്നവർ ആ മൂന്നക്ഷരങ്ങളിൽനിന്ന് വായിച്ചെടുക്കുക. 89ാം വയസ്സിലും ഇൗ മഴക്കാലത്ത് അദ്ദേഹത്തിന് വെറുതെയിരിക്കാനാകില്ല. തലശ്ശേരി കടവത്തൂരിലെ വീട്ടിലേക്ക് പോകാൻ തിടുക്കംകൂട്ടുകയാണ് ദുബൈയിലെത്തിയ വി.എൻ.കെ. അഹമ്മദ് ഹാജി. മൂന്നര പതിറ്റാണ്ടുമുമ്പ് തുടങ്ങിയ മരം വെച്ചുപിടിപ്പിക്കൽ ദൗത്യം വാർധക്യത്തിെൻറ അവശതയിലും ആവേശം കെടാതെ തുടരുകയാണ് വടക്കേ ഞോലയിൽ കുഞ്ഞി അഹമ്മദ് ഹാജി.
ഏഴു പതിറ്റാണ്ടോളം നീണ്ട പ്രവാസവും മറുനാട്ടിൽ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യവും നൽകിയ സമ്പത്തിെൻറ വലിയൊരുഭാഗം സമൂഹത്തിന് തിരിച്ചുകൊടുക്കാൻ കണ്ട പ്രകൃതിയുടെ വഴിയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.‘യു.എ.ഇക്ക് ഒപ്പം സഞ്ചരിച്ചവർ’ എന്ന പംക്തിയിൽ വി.എൻ.കെയുടെ ജീവിതം അന്വേഷിക്കുേമ്പാൾ അദ്ദേഹത്തിെൻറ കുട്ടിക്കാലത്തുനിന്നുതന്നെ തുടങ്ങണം. 1928ലാണ് ജനിച്ചത്. ബാപ്പ നാരോളി അബ്ദുല്ലയെ കണ്ട ഒാർമയില്ല. കുഞ്ഞി അഹമ്മദിെൻറ ചെറുപ്പത്തിലേ അദ്ദേഹം മരണപ്പെട്ടു. ബാപ്പക്ക് നാട്ടിലും ബർമയിലും കച്ചവടമുണ്ടായിരുന്നു. രണ്ടുമക്കളിൽ ഏക മകനായിരുന്നു കുഞ്ഞി അഹമ്മദ്. അറിയപ്പെടുന്ന കുടുംബമായിരുന്നു. നരിക്കുട്ടികൾ എന്നപേരിലാണ് കുടുംബം അറിയപ്പെട്ടത്. അതിന് പിന്നിലൊരു കഥയുണ്ട്. ബ്രിട്ടീഷുകാർ വന്ന കാലത്ത് അവർ നാട്ടുപ്രമാണിമാരുടെ യോഗം വിളിച്ചു. വി.എൻ.കെയുടെ വല്യുപ്പയുടെ ബാപ്പ നരിയെ തൂക്കിപ്പിടിച്ചാണ് ബ്രിട്ടീഷുകാരെ കാണാൻ പോയത്. അങ്ങനെ സായിപ്പന്മാരാണ് നരിക്കുട്ടികൾ എന്ന പേര് വിളിച്ചത്.
കുഞ്ഞി അഹമ്മദ് ഫിഫ്ത്ത് ഫോറം വരെ പഠിച്ചു. മാഹിക്കടുത്ത് കടവത്തൂരിലെ വീട്ടിൽനിന്ന് മയ്യൽവിയ മദ്റസ ഹൈസ്കൂളിലേക്ക് എട്ടു കി.മീ. നടക്കണം.നാട്ടിൽ പറമ്പും സ്വത്തുമൊക്കെ ഉണ്ടെങ്കിലും ബിസിനസ് ചെയ്യാൻ പുറംനാടുകളിൽ പോകണം എന്നതായിരുന്നു അന്നത്തെ രീതി. ബർമയിലും സിലോണിലും മദ്രാസിലും ബോംബെയിലുമെല്ലാം പോയി മലയാളികൾ കച്ചവടം ചെയ്തിരുന്നു.
യു.എ.ഇ രൂപംകൊണ്ട 1971ൽ 43ാം വയസ്സിലാണ് വി.എൻ.കെ ദുബൈയിലെത്തുന്നത്. അതിനുമുമ്പ് രണ്ടുപതിറ്റാണ്ടിലേറെ പാകിസ്താനിലായിരുന്നു. കറാച്ചിയിലും കിഴക്കൻ പാകിസ്താനിലെ ചിറ്റഗോങ്ങിലുമായി തേയില കച്ചവടമായിരുന്നു. പേരും പെരുമയുമായി പാകിസ്താനിൽ ബിസിനസ് െപാടിപൊടിക്കുേമ്പാഴാണ് പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാൻ കലശലായ ആഗ്രഹം ജനിക്കുന്നത്. കറാച്ചിയിൽനിന്ന് മക്കയിൽ ഉംറക്കുപോയി വരുന്ന വഴിയിലാണ് ദുബൈയിൽ ഇറങ്ങുന്നതും കച്ചവട സാമ്രാജ്യത്തിന് തുടക്കമിടുന്നതും. 22 വർഷം കറാച്ചിയിൽ താൻ നടത്തിയ മലബാർ ടീ കമ്പനി പാർട്ണർമാർക്ക് ഏൽപിച്ചുകൊടുത്തു. പാക് പൗരനായിട്ടാണ് ദുബൈയിൽ വന്നിറങ്ങുന്നത്. ‘73ലാണ് ഇന്ത്യൻ പൗരത്വം കിട്ടിയത്.
പഴയ ദേര ഫിഷ് മാർക്കറ്റിന് സമീപമായിരുന്നു കട. ഉരു കരയടുക്കുന്ന സ്ഥലം കൂടിയായിരുന്നു. അന്നത്തെ ദുബൈ മലയാളികൾ ചെറിയ ബിസിനസുകളും കടകളും നടത്തുന്നവരുമായിരുന്നു. ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ വി.എൻ.കെക്കും അൽ മദീനക്കുമായി. വളരെ പെെട്ടന്ന് എല്ലാ നാട്ടുകാരുടെയും പ്രിയപ്പെട്ട കടയായി. വിളിച്ചുപറഞ്ഞാൽ വീടുകളിൽ സാധനമെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം ആദ്യമായി നടപ്പാക്കിയതും അൽ മദീനയായിരുന്നു. പിന്നീട് മക്കളും കുടുംബക്കാരുമെല്ലാം വന്നു. അതിനനുസരിച്ച് പുതിയ സൂപ്പർമാർക്കറ്റുകൾ വിവിധ എമിേററ്റുകളിൽ തുറന്നു. വി.എൻ.കെയുടെകൂടെ ജോലി ചെയ്തവരും ബന്ധുക്കളുമെല്ലാം അൽമദീന എന്ന പേരിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ നടത്തുന്നു. മലയാളികൾമാത്രമല്ല, മറുനാട്ടുകാരും പാകിസ്താനികളും വരെ ഇതേപേരിൽ സൂപ്പർമാർക്കറ്റുകൾ നടത്തുന്നു. അതിൽ വി.എൻ.കെക്കോ ഇപ്പോൾ ബിസിനസിന് മേൽനോട്ടം വഹിക്കുന്ന മക്കൾക്കോ ഒരു പരിഭവവുമില്ല.
ബിസിനസ് കൂടാതെ മറ്റൊന്നുകൂടി വി.എൻ.കെയുടെ രക്തത്തിലലിഞ്ഞിട്ടുണ്ട്. അത് പ്രകൃതിയോടുള്ള മുഹബ്ബത്താണ്. ബിസിനസിൽനിന്നുണ്ടാക്കിയ വരുമാനം അക്ഷരാർഥത്തിൽ സമൂഹത്തിന് തണലൊരുക്കാനാണ് വി.എൻ.കെ വിനിയോഗിക്കുന്നത്. കരിപ്പൂർ വിമാനത്താവളം മുതൽ മാഹി വരെ 90ഒാളം കി.മീറ്ററിൽ റോഡിനിരുവശവും വൃക്ഷത്തൈ നട്ടത് വി.എൻ.കെയായിരുന്നു. കണ്ണൂരിൽ പഴശ്ശി കനാൽ സഞ്ചരിക്കുന്ന വഴികളിൽ ഹാജി അന്ന് നട്ട തൈകളാണ് ആരും അദ്ഭുതപ്പെടും വിധത്തിൽ ഇന്ന് വടവൃക്ഷങ്ങളായി തണൽവിരിച്ചു നിൽക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി പുറേമ്പാക്കിലും പാതയോരങ്ങളിലും ശ്മശാനങ്ങളിലുമെല്ലാം ഇൗ കുറിയ മനുഷ്യെൻറ വലിയ മനസ്സിെൻറ പച്ചപ്പ് കാണാം. സ്വന്തം കാശ് മുടക്കി തൊഴിലാളികളെ വെച്ചായിരുന്നു അത്. കൂടെ മക്കളുമുണ്ടാകും. തൈകൾ വിലകൊടുത്തു വാങ്ങി. ഭ്രാന്തനെന്ന വിളി അക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഹാജ്യാർ. ജൂൺ, ജൂലൈ മാസങ്ങളിലാണ് തൈ നടുക. മഴയായതിനാൽ താനേ വളർന്നുകൊള്ളും. തുടർ പരിചരണം ആവശ്യമില്ല. ഇൗ വർഷവും തൈ നടൽ നിർത്തിയിട്ടില്ല.
സർക്കാർ സാമൂഹിക വനവത്കരണം തുടങ്ങിയ 1980കളുടെ തുടക്കത്തിലാണ് വി.എൻ.കെ ഇൗ രംഗത്ത് സജീവമാകുന്നത്. വനം വകുപ്പിൽ സുഹൃത്തുക്കളായ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവരുമായുള്ള ബന്ധമാണ് മരം വെച്ചുപിടിപ്പിക്കുന്നതിലേക്ക് നയിച്ചത്. വനംവകുപ്പ് മരം വെച്ചുപിടിപ്പിക്കുേമ്പാൾ വി.എൻ.കെയും സ്വന്തം നിലക്ക് ആ ശ്രമം തുടർന്നു. ആസ്ട്രേലിയയിൽനിന്ന് ഇറക്കുമതി ചെയ്ത അക്കേഷ്യയും യൂക്കാലിപ്റ്റ്സുമായിരുന്നു അന്ന് സർക്കാർ കൂടുതലും നട്ടത്. വി.എൻ.കെ അന്നേ അതിനെ ശക്തമായി എതിർത്തു. നമ്മുടെ മണ്ണിനും പരിസ്ഥിതിക്കും യോജിക്കാത്ത വൃക്ഷങ്ങളാണ് ഇവയെന്ന അദ്ദേഹത്തിെൻറ വാദം പിന്നീട് അംഗീകരിക്കപ്പെട്ടു. നമ്മുടെ നാടിന് പറ്റാത്ത മരങ്ങൾ ഇറക്കിയതിന് പിന്നിൽ വലിയ അഴിമതി തന്നെയുണ്ടായിരുന്നെന്ന് വി.എൻ.കെ ഇപ്പോഴും പറയുന്നു.
വനംവകുപ്പിെൻറ സാമൂഹിക വനവത്കരണത്തേക്കാൾ ഗൗരവത്തോടെയാണ് വി.എൻ.കെ ഇൗ പണിയെടുപ്പിക്കുന്നത്. പള്ളിപ്പറമ്പുകളിലും കോളജ് കാമ്പസുകളിലും സർക്കാർ ഒാഫീസ് വളപ്പുകളിലും ശ്മശാനങ്ങളിലും ആ തണലെത്തി. വെച്ചതെല്ലാം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉപകാരപ്പെടുന്ന മരങ്ങൾ. പ്ലാവും മാവും തേക്കും ഇൗട്ടിയും പേരയും ഞാവലുമെല്ലാം നാടിന് തണലും ഫലവും നൽകുന്നു. ലക്ഷക്കണക്കിന് മരങ്ങൾ. എല്ലാം പൊതുസ്വത്ത്. ഇവയെല്ലാം നമ്പറിട്ട് സർക്കാർ സംരക്ഷിക്കുന്നുണ്ട്.
വി.എൻ.കെ നട്ട മരങ്ങളുടെ ഇപ്പോഴത്തെ മൂല്യം കോടിക്കണക്കിന് രൂപ വരും. സമ്പാദ്യത്തിെൻറ വലിയൊരു ഭാഗം ഇങ്ങനെ നാടിനെ പച്ചപിടിപ്പിക്കാൻ ചെലവാക്കിയതിന് പിന്നിലെ പ്രേരണ ചോദിച്ചാൽ പ്രവാചകനെയാണ് അദ്ദേഹം ഉദ്ധരിക്കുക. ലോകാവസാനം മുന്നിൽ വന്നാലും നിങ്ങൾ മരം വെച്ചുപിടിപ്പിക്കണമെന്നാണ് മുഹമ്മദ് നബി ഉദ്ബോധിപ്പിച്ചത്. ഇൗ വാക്കുകളാണ് തന്നെ മണ്ണിലിറക്കിയത്. മരിച്ചാലും പ്രതിഫലം നിലക്കാത്ത ധർമമാണ് ഇത്. ഭാവി തലമുറക്ക് ഉപകാരെപ്പടുന്നതോടൊപ്പം തനിക്ക് ദൈവിക പ്രതിഫലം ലഭിക്കണമെന്നും ആഗ്രഹിക്കുന്നു.
വെച്ച മരങ്ങളെല്ലാം ഇടക്കിടെ പോയിനോക്കും. നാട്ടിലെത്തിയാൽ ഡ്രൈവറോടൊപ്പം ചുറ്റാനിറങ്ങും. തനിക്ക് തന്നെ അറിയില്ല എവിടെയെല്ലാം മരം നട്ടതെന്ന് ഹാജി. എങ്കിലും താൻ നട്ട മരങ്ങൾ തഴച്ചുവളർന്നു നിൽക്കുന്നത് കാണുേമ്പാഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ദുബൈയിലിരുന്നു സംസാരിക്കുേമ്പാഴും നാട്ടിൽചെന്ന് മരം നടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. റാസൽഖൈമയിലെ സൂപ്പർമാർക്കറ്റിന് മുന്നിലും സമീപത്തെ പള്ളി പരിസരത്തും ഹാജിയുടെ മരങ്ങൾ വളരുന്നുണ്ട്. ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കിയവർ വരെ പിന്നീട് വി.എൻ.കെയായിരുന്നു ശരിയെന്ന് തിരുത്തി. നാടിെൻറ ആദരവ് പലതവണ ലഭിച്ചു. മന്ത്രിമാരും എം.എൽ.എമാരും മുതൽ പുതുതലമുറയിലെ വിദ്യാർഥികൾ വരെ വി.എൻ.കെയെ അഭിനന്ദിക്കുന്നു.
ജന്മനാടായ കടവത്തൂരിൽ പൊതുജനങ്ങൾക്കായി ഹാജി ഒരു ലൈബ്രറിയും കോൺഫറൻസ് ഹാളും പണിതുനൽകി. െഎഡിയൽ ലൈബ്രറി സി. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ യതീംഖാനകൾ , കോളജുകൾ തുടങ്ങിയവയുടെ നടത്തിപ്പിലും വി.എൻ.കെയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. പക്ഷേ, അത് വിളിച്ചുപറയാൻ അദ്ദേഹം തയാറല്ല.
യാത്ര ഏറെ ഇഷ്ടമാണ്. 35ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യാർഥമായിരുന്നില്ല ഇവയൊന്നും. നാടുകാണാൻ വേണ്ടി തന്നെ. ചെന്നിടത്തെല്ലാം നല്ല സൗഹൃദവും കൂട്ടുകെട്ടും ഹാജിക്കുണ്ട്. ഇഷ്ടപ്പെട്ട നാട് മലേഷ്യയാണ്. മലേഷ്യ കേരളത്തെപ്പോലെയാണ്. നല്ല ജനങ്ങൾ. ശുദ്ധന്മാർ. ഇംഗ്ലണ്ടിലും ഫ്രാൻസിലും റഷ്യയിലും ചൈനയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം സുഹൃത്തുക്കളുണ്ട്. അവരുമായി വന വത്കരണ അനുഭവങ്ങൾ പങ്കുവെക്കും. മരം വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിക്കും. അതുകൊണ്ട് അവർക്കെല്ലാം വലിയ ആദരവാണ്. ദക്ഷിണാഫ്രിക്കൻ സുഹൃത്തുക്കൾ വി.എൻ.കെയുടെ മാതൃക പിന്തുടരുന്നുണ്ട്. പ്രായാധിക്യം കാരണം ഇപ്പോൾ മൂന്നുവർഷമായി യാത്ര നടത്തിയിട്ട്. പുതിയ തലമുറയോട് തെൻറ അറിവുകൾ പങ്കുവെക്കാൻ വി.എൻ.കെക്ക് ഏറെ താൽപര്യമാണ്. കുട്ടികൾക്ക് തന്നോട് വലിയ സ്നേഹമാണെന്ന് അദ്ദേഹം പറയുന്നു. പ്രകൃതിസംബന്ധവും മതപരവുമായ അറിവുകൾ പകരുന്നു.
വൃക്ഷപ്രേമത്തിനും യാത്ര കമ്പത്തിനുമിടയിൽ വ്യാപാരത്തിൽ സജീവമാകാൻ വി.എൻ.കെക്ക് സമയം കിട്ടിയിരുന്നില്ല. അത് തനിക്ക് പറ്റിയ പണിയല്ലെന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ദുബൈയിൽ ബന്ധുക്കളും പാർട്ണർമാരുമായ പി.പി. മമ്മുഹാജി, പി.കെ. കുഞ്ഞബ്ദുല്ല ഹാജി എന്നവരാണ് പ്രധാനമായും ബിസിനസ് നടത്തിയത്. മക്കൾ വലുതായപ്പോൾ അവരെ ഏൽപിച്ചുകൊടുത്തു. ഏഴു മക്കളിൽ അഞ്ചു ആൺമക്കളും ബാപ്പയുടെ ബിസിനസിലാണ്.
ഹാറൂൺ, ഇംറാൻ, ലുഖ്മാൻ എന്നിവർ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകൾ നടത്തുന്നു. ഇളയ മക്കളായ സൽമാൻ ബംഗളൂരുവിലും ഖൽദൂൻ വയനാട്ടിലും ഹാജിയുടെ ബിസിനസ് നോക്കിനടത്തുന്നു. ഇവർ മാത്രമല്ല, മരുമക്കളും പേരമക്കളും ഭാര്യാ സഹോദരന്മാരുമെല്ലാം വി.എൻ.കെ ഗ്രൂപ്പിെൻറ കീഴിൽ പല സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്നു. സുഹ്റ, ആയിശ എന്നിവരാണ് പെൺമക്കൾ. സുഹ്റയുടെ ഭർത്താവ് സി.എച്ച്.അബൂബക്കറും മക്കളും സൂപ്പർമാർക്കറ്റ് നടത്തിപ്പ് ശൃംഖലയിലുണ്ട്.
യു.എ.ഇക്കും ഇന്ത്യക്കും പുറമെ ഒമാനിലേക്കും ഹാജിയുടെ ബിസിനസ് വ്യാപിച്ചു. ഇപ്പോൾ സൂപ്പർമാർക്കറ്റ് മാത്രമല്ല കഫ്തീരിയ, ബേക്കറി, റസ്റ്റാറൻറ്, ഫോേട്ടാ സ്റ്റുഡിയോ, മൊബൈൽ ഷോപ്പ്, തോട്ടം, റിയൽ എസ്റ്റേറ്റ്, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലും വി.എൻ.കെ ഗ്രൂപ് സാന്നിധ്യമറിയിച്ചു. ഫാർമസി, ക്ലിനിക്, കാറ്ററിങ് എന്നീ മേഖലകളിലേക്ക് പുതിയ കാൽവെപ്പിനൊരുങ്ങുന്നു. യു.എ.ഇയിൽ ദുബൈ, അബൂദബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലായി 15 സൂപ്പർമാർക്കറ്റുകൾ വി.എൻ.കെ ഗ്രൂപ്പിന് കീഴിൽ മാത്രമുണ്ട്. വയനാട്ടിൽ സ്വന്തമായി ജൈവകൃഷി നടത്തുന്നുണ്ട്. കാപ്പിയും കുരുമുളകും ഇഞ്ചിയും ഏലവും ഗ്രാമ്പൂവുമെല്ലാമുണ്ട്. അവിടെയാണ് വിശ്രമിക്കാൻ പോവുക. എവിടെയാണെങ്കിലും ദിവസവും വിളിച്ച് മക്കളോട് ബിസിനസ് കാര്യങ്ങൾ അന്വേഷിക്കും.
നല്ല വായനക്കാരനുമാണ് വി.എൻ.കെ. ഇംഗ്ലീഷ്, ഉർദു, അറബി, മലയാളം പുസ്തകങ്ങളെല്ലാം വായിക്കും. കഥയും നോവലും ജീവചരിത്രവും മതഗ്രന്ഥങ്ങളും ഇഷ്ടമാണ്. മായം ചേർത്ത ഭക്ഷണം പരമാവധി ഒഴിവാക്കുന്നുവെന്നാണ് ആരോഗ്യരഹസ്യം ചോദിച്ചാൽ ഹാജി പറയുക. അതിൽ ഭാര്യ ഖദീജക്ക് വലിയ പങ്കുണ്ട്. നാടൻ ഭക്ഷണമേ കഴിക്കൂ. അതിനുള്ള വകയൊക്കെ കടവത്തൂരിലെ വീട്ടുവളപ്പിൽ ഹാജിയും ഭാര്യയും മക്കളും പേരമക്കളുമെല്ലാം ചേർന്ന് കൃഷി ചെയ്യുന്നുണ്ട്. പ്രായാധിക്യം കൊണ്ടുള്ള മുട്ടുവേദനയുണ്ട്. 70 വയസ്സു കഴിഞ്ഞാണ് പ്രമേഹം എത്തിനോക്കിയത്.
100 കൊല്ലം മുമ്പ് പറമ്പിലെ പ്ലാവ് വെട്ടി ഇൗർന്ന് പണിതതാണ് കടവത്തൂരിലെ വീട്. ഇനിയും 100 വർഷംകൂടി അത് നിലനിൽക്കുമെന്ന് ഹാജി പറയുന്നു.
ജീവിതത്തിൽ സംതൃപ്തനാണ്. ദൈവത്തിന് നന്ദി. മൂന്നു തലമുറയുടെ കാരണവരായി, മാതൃകാജീവിതം പുതുതലമുറക്ക് മുന്നിൽ പാഠപുസ്തമായി തുറന്നുവെച്ച് വി.എൻ.കെ സന്തോഷമായി ജീവിക്കുന്നു. ഇനി സംതൃപ്തനായി ദൈവത്തിലേക്ക് മടങ്ങണമെന്നാണ് ലോക പൗരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വി.എൻ.കെ പറയുന്നത്.
mfiroskhan@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.