കച്ചവട വലതും ‘ബ്രാഹ്മിൺ ഇടതും’
text_fieldsഓണ്‍ലൈൻ വിദ്യാഭ്യാസം സാര്വത്രികമാകുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അസമത്വത്തിെൻറ പ്രശ്നം വീണ്ടും സജീവ ചര്‍ച്ചവിഷയമായി മാറുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ ചില നിലപാടുകള്‍കൂടി വിശകലനം ചെയ്യാന്‍ സഹായിക്കുന്നതാണ് തോമസ് പിെക്കറ്റിയുടെ പുതിയ പുസ്തകമായ ‘മൂലധനവും പ്രത്യയശാസ്ത്രവും’ (Capital and Ideology, Belknap/Harvard, 2019). ‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍’ (Capital in the 21st Century, Harvard 2013) എന്ന അദ്ദേഹത്തിെൻറ വിഖ്യാതമായ ആദ്യപുസ്തകത്തേക്കാള് ബൃഹത്താണ് പുതിയ കൃതി. ആദ്യകൃതിയിൽ അസമത്വത്തിെൻറ സമീപകാല സാമ്പത്തിക ചരിത്രമാണ് അന്വേഷിച്ചതെങ്കില്‍ ആയിരത്തില്‍പരം പേജുകളുള്ള പുതിയ പുസ്തകത്തില്‍ കൂടുതല്‍ ചരിത്രപരവും അസമത്വത്തിെൻറ രാഷ്ട്രീയകാരണങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക നിഗമനങ്ങളുമാണ്. അസമത്വത്തെ രാഷ്ട്രീയനേതൃത്വങ്ങളുടെ, ദേശരാഷ്ട്രങ്ങളുടെ ഒരു ഐച്ഛികതീരുമാനമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതും അതിെൻറ വസ്തുതാപരമായ സാധൂകരണത്തിനായി വിപുലമായ ഒരു ചരിത്രാന്വേഷണത്തിനു മുതിർന്നു എന്നതും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഇതിലെ നിഗമനങ്ങള്‍ പലതും തീര്‍ത്തും പുതിയവയല്ല. പക്ഷേ, പരികൽപനാപരമായ ചില ഇടപെടലുകളിലൂടെ അസമത്വത്തിെൻറ പുതിയ രൂപങ്ങളെ രാഷ്ട്രീയമായി മനസ്സിലാക്കുന്നതിനുള്ള വ്യത്യസ്തമായ പരിപ്രേക്ഷ്യം അദ്ദേഹം അവതരിപ്പിക്കുന്നു. ഒട്ടേറെ പരിമിതികളുള്ളതാണ് ഈ പരിപ്രേക്ഷ്യം എന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ, ശക്തമായ ചില ഉള്‍ക്കാഴ്ചകളും വിശകലന ശകലങ്ങളും നിറഞ്ഞ കൃതികൂടിയാണിത്.
റോസാ ലക്സംബർഗിെൻറ ‘മൂലധന സഞ്ചയം’ (Accumulation of Capital) എന്ന പുസ്തകവുമായി താരതമ്യം ചെയ്താണ് പിെക്കറ്റിയുടെ ആദ്യപുസ്തകത്തെക്കുറിച്ച് ഞാന്‍ ‘മാതൃഭുമി’യില്‍ എഴുതിയിരുന്നത്. ഈ പുസ്തകം താരതമ്യംചെയ്യുന്നത് ‘ചരിത്രത്തിെൻറ അന്ത്യം’ (End of History) എഴുതിയ ഫ്രാൻസിസ് ഫുകുയാമയുടെ ‘രാഷ്ട്രീയ ക്രമങ്ങളുടെ ഉദയം’ (The Origins of Political Order) എന്ന പുസ്തകവുമായിട്ടാണ്. കാരണം, രാഷ്ട്രീയക്രമങ്ങളെയും അവയുടെ (ലിബറല്‍ -നോണ്‍ ലിബറല്‍) പ്രത്യയശാസ്ത്രങ്ങളെയുമാണ് രണ്ടു പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളില്‍ വിശകലനംചെയ്യാന്‍ ശ്രമിക്കുന്നത്. ഫുകുയാമയുടെ പുസ്തകത്തേക്കാള്‍ കാലികമായി സാമ്പത്തികാവസ്ഥകളുടെ ചരിത്രഭൂമിക പിെക്കറ്റി വിശകലനം ചെയ്യുന്നു. ട്രൈബല്‍ സമൂഹങ്ങള്‍ മുതല്‍ ഫ്രഞ്ച് വിപ്ലവം വരെയുള്ള കാലഘട്ടങ്ങളിലെ രാഷ്ട്രീയപരീക്ഷണങ്ങളെയാണ് ഫുകുയാമ പരിശോധിക്കുന്നത്. ഇന്ത്യയിലെ ജാതി -വർണ വ്യവസ്ഥ, ചൈനയിലെ ക്വിൻ -ഹാന്‍ ഭരണങ്ങളുടെ സാമൂഹികചരിത്രം, ഇസ്ലാമിക രാഷ്ട്രീയ സ്ഥാപനങ്ങളുടെ ചരിത്രം, യൂറോപ്യന്‍ ജനാധിപത്യവ്യവസ്ഥകളുടെ ആവിര്‍ഭാവം തുടങ്ങിയ വിഷയങ്ങള്‍ ഫുകുയാമ കൈകാര്യംചെയ്യുന്നു. പിെക്കറ്റിയുടെ പുസ്തകവും പൗരോഹിത്യം, പ്രഭുത്വം, പൊതുജനം എന്നിങ്ങനെയുള്ള അസമത്വ ത്രിത്വം രൂപംകൊണ്ടതിെൻറ രാഷ്ട്രീയചരിത്രത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്വത്തുടമസ്ഥതയെക്കുറിച്ച ആധുനിക സങ്കൽപനങ്ങള് രൂപം കൊണ്ടതിനെക്കുറിച്ചും അസമത്വം സൃഷ്ടിക്കുന്നതില്‍ അതിനുണ്ടായിരുന്ന പങ്കിനെക്കുറിച്ചും പിെക്കറ്റി അന്വേഷിക്കുന്നു. ഈ പുസ്തകങ്ങള്‍ തമ്മിലുള്ള പ്രധാന സാമ്യം രാഷ്ട്രീയമാണ് ചരിത്രഗതിയെ നിർണയിക്കുന്നത് എന്നൊരു അടിസ്ഥാന വിശ്വാസം ഇവ െവച്ചുപുലര്‍ത്തുന്നു എന്നതാണ്. കേവലം ഒരു യാന്ത്രിക മാര്‍ക്സിസ്റ്റ് നിലപാടില്‍നിന്നുകൊണ്ട് ഈ വാദത്തെ മുന്‍കൂര്‍ റദ്ദുചെയ്യാന്‍ ഞാന്‍ ഒരുങ്ങുന്നില്ല. എന്നാല്‍, ഇതിലെ സങ്കീർണമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാ
തിരിക്കാന്‍ കഴിയുകയുമില്ല.
മുന്നിൽ ഇന്ത്യ
അസമത്വമുണ്ട് എന്നത് ഒരുപക്ഷേ, വലിയ വാര്‍ത്തയല്ല. പക്ഷേ, കഴിഞ്ഞ 10 വർഷത്തിനിടയില്‍ യൂറോപ്പ്, അമേരിക്ക, റഷ്യ, ചൈന എന്നീ പ്രദേശങ്ങളെ അപേക്ഷിച്ച് അസമത്വം ക്രമാതീതമായി വർധിച്ച ഒരു രാഷ്ട്രം ഇന്ത്യയാണ് എന്നത് ശ്രദ്ധിക്കാതെ വിട്ടുകളയാന്‍ കഴിയില്ല. പുസ്തകത്തിെൻറ തുടക്കത്തില്‍തന്നെ നല്കിയ ഇക്കാര്യം സ്ഥിരീകരിക്കുന്ന ഗ്രാഫിലെ വസ്തുതകള്‍ ഇന്ത്യയിലെ സാമൂഹിക സാഹചര്യം വളരെ വേഗം മാറുന്നു എന്നതിെൻറ സൂചനയാണ്. അസമത്വം ഇന്ത്യയില്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വർധിക്കുകയാണ് എന്ന് അസന്ദിഗ്ധമായി അതില്‍നിന്നു വ്യക്തമാവുന്നു. എന്തായിരിക്കും ഇന്ത്യന്‍ സാമാന്യജനതയുടെ ഇതിനോടുള്ള പ്രതികരണം എന്നത് പ്രവചിക്കാന്‍ കഴിയില്ല. സമൂഹത്തിെൻറ മേൽത്തട്ടിലുള്ള 10 ശതമാനം കൈവശംെവച്ചിരിക്കുന്ന സ്വത്തുക്കള്‍ മൊത്തം സ്വത്തിെൻറ എത്ര ശതമാനം വരും എന്നതാണ് ഈ ഗ്രാഫ്. ഇന്ത്യയില്‍ ഇപ്പോള്‍ അത് 55 ശതമാനമാണ്. ഇത് 75 ശതമാനം വരെ ആകാം എന്നതാണ് പിെക്കറ്റി കണക്കാക്കുന്നത്. എല്ലായിടത്തും ഈ കാലയളവില്‍ അസമത്വം വർധിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലുള്ളത്ര മറ്റെങ്ങും വർധിച്ചില്ല എന്നതാണ് അത്ഭുതം. ഇന്ത്യയെപ്പോലെ വലിയ രാജ്യങ്ങളായ അമേരിക്കയിലും റഷ്യയിലും ചൈനയിലും അത് 50 ശതമാനത്തില്‍ താഴെയാണ്. മുതലാളിത്തത്തിെൻറ ഈറ്റില്ലമായ യൂറോപ്പില്‍ അതിപ്പോള്‍ 30 ശതമാനത്തില്‍ താഴെയാണ്. 2010നു ശേഷമാണ് ഇന്ത്യയില്‍ അസമത്വം കുതിച്ചുയര്‍ന്നിട്ടുള്ളത് എന്നും ഈ ഗ്രാഫ് വ്യക്തമാക്കുന്നു.
‘ക്രോണി കാപിറ്റലിസം’ എന്ന ഒറ്റ പ്രയോഗത്തില്‍ ഒതുങ്ങുന്നതല്ല ഇതിെൻറ വിശകലനം എന്നാണ് തോന്നുന്നത്. സ്വത്വരാഷ്ട്രീയത്തിെൻറ ഉദയം, സംവരണം അട്ടിമറിക്കപ്പെടുന്നതിെൻറ പശ്ചാത്തലം, ഹിന്ദുത്വരാഷ്ട്രീയത്തിെൻറ കടന്നുകയറ്റം തുടങ്ങിയ കാര്യങ്ങള്‍ ഉപജീവിച്ചു പിെക്കറ്റി ചില കാഴ്ചപ്പാടുകള്‍ പറയുന്നുണ്ട്. സ്വാഭാവികമായും ഇത്രയും ബൃഹത്തായ ഒരു പുസ്തകത്തില്‍ ചില അമൂർത്തവത്കരണങ്ങള് ആവശ്യമായി വരാം. പക്ഷേ, ഇന്നത്തെ ഈ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശകലനങ്ങള്‍ ആവശ്യമാണ് എന്നതിലേക്ക് പിെക്കറ്റിയുടെ പുസ്തകത്തിലെ സൂചനകള്‍ നമ്മെ നിര്‍ബന്ധിക്കുന്നു. എെൻറ അഭിപ്രായത്തില്‍ പിെക്കറ്റി എടുത്തുപറയുന്നില്ലെങ്കിലും സ്വാതന്ത്ര്യാനന്തര ഇന്ത്യ പിന്തുടര്‍ന്ന നെഹ്റു -അംബേദ്കര്‍ വികസനപരിപ്രേക്ഷ്യം കൈയൊഴിഞ്ഞതിെൻറ രാഷ്ട്രീയപശ്ചാത്തലം ഇതിനൊരു കാരണമാണ്. പൊതുമേഖലക്ക് മുൻകൈയുള്ളതും അവസരസമത്വത്തില്‍ ഊന്നുന്നതുമായ നെഹ്റുവിയന്‍ സാമ്പത്തികനയങ്ങളും സംവരണത്തിെൻറ അടിസ്ഥാനത്തില്‍ സാമൂഹികമായി ശാക്തികവത്കരിക്കപ്പെട്ട് ഈ സാമ്പത്തികപ്രക്രിയയുടെ ഭാഗമാവാന്‍ കീഴാളവിഭാഗങ്ങളെ സജ്ജരാക്കുന്ന അംബേദ്കറിസവും ചേര്‍ന്ന ഇന്ത്യന്‍ സമീപനം നവലിബറല്‍ കാലത്ത് നഷ്ടമാകുന്നു എന്നത് ഈ അസമത്വ വളര്‍ച്ചക്ക് കാരണമാകുന്നുണ്ട്.
ഇടതുരാഷ്ട്രീയത്തിെൻറ വർഗവ്യതിയാനം
ഇന്ത്യയുടെ സവിശേഷ സന്ദര്‍ഭത്തില്‍ മാത്രമായല്ലാതെ പിെക്കറ്റി നടത്തുന്ന ഒരു രാഷ്ട്രീയനിരീക്ഷണം ആഗോളതലത്തില്‍ ഇടതുരാഷ്ട്രീയത്തിന് സംഭവിച്ച വർഗവ്യതിയാനത്തെക്കുറിച്ചാണ്. അഭ്യസ്തവിദ്യരായ ഇടത്തരക്കാര്‍ കൂടുതലും കാലാകാലങ്ങളായി ‘കച്ചവട വലതുപക്ഷം’ (merchant right) എന്ന് പിെക്കറ്റി വിശേഷിപ്പിക്കുന്ന യഥാസ്ഥിതിക രാഷ്ട്രീയത്തോടൊപ്പവും അടിസ്ഥാനവർഗം ഇടതുപക്ഷത്തോടൊപ്പവുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍, പില്ക്കാലത്ത് അഭ്യസ്തവിദ്യരായ ഒരു വലിയ വിഭാഗം ഇടതുരാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നു വർഗതാൽപര്യങ്ങള് ഇടതുനയങ്ങളായി അവതരിപ്പിച്ചു. ഈ വിഭാഗത്തെ ബ്രാഹ്മണ ഇടതുപക്ഷം (Brahmin left) എന്നാണ് പിെക്കറ്റി വിശേഷിപ്പിക്കുന്നത്. ഇത് അടിസ്ഥാനവർഗ രാഷ്ട്രീയത്തില്‍നിന്ന് ആഗോള ഇടതുപക്ഷത്തെ അകറ്റിയിട്ടുണ്ടെന്ന് പിെക്കറ്റി വിലയിരുത്തുന്നു.
അത്തരക്കാര്‍ ഔദ്യോഗിക ഇടതുപക്ഷത്തിെൻറ സ്വയംപ്രഖ്യാപിത ന്യായീകരണക്കാരായി പ്രത്യക്ഷപ്പെട്ടത് പുതിയൊരു പ്രവണതയായി അദ്ദേഹം കണ്ടെത്തുന്നു. ‘കച്ചവട വലതും’ ‘ബ്രാഹ്മിൺ ഇടതു’മെന്ന വിഭജനം രാഷ്ട്രീയമായി എത്രമാത്രം ശരിയാണ് എന്നുള്ളതിനെക്കുറിച്ച് തര്ക്കമുണ്ടാവം. പക്ഷേ, ആഗോള ഇടതുനയങ്ങളെ സംബന്ധിച്ച ഒരു ചര്‍ച്ചക്ക് അദ്ദേഹം ഇതിലൂടെ കളമൊരുക്കുന്നുണ്ട്. ഡിജിറ്റല്‍ വിഭജനം പോലെയുള്ള കാര്യങ്ങളില്‍ മക്കളുടെ ക്ലാസുകള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മധ്യവർഗ ആശങ്കകള്‍ക്കാണ് പാർശ്വവത്കൃതരുടെ പ്രാപ്യതയുടെയും സാമൂഹിക മൂലധനത്തിെൻറയും പ്രശ്നത്തെക്കാള്‍ ശരാശരി ഇടതുചിന്തയിലും പ്രാധാന്യമെന്നത് നാം നമ്മുടെ മുന്നില്‍കാണുന്ന യാഥാർഥ്യമാണ്.
പുസ്തകത്തെ യാഥാസ്ഥിതിക വലതുപക്ഷം കണ്ണുമടച്ചു തള്ളിക്കളഞ്ഞിട്ടുണ്ട്. പുരോഗമനപരമായ നികുതിസങ്കൽപവും ഭരണകൂട ഭീതിയില്ലാത്ത ക്ഷേമരാഷ്ട്ര സങ്കൽപവും പുസ്തകത്തിെൻറ അന്തര്‍ധാരയാണ് എന്നത് അവര്‍ക്ക് വളരെ വേഗം മനസ്സിലായിട്ടുണ്ടാവും. പുസ്തകം പൊതുവില്‍ തലതിരിച്ചിട്ട മാർക്സ് ആണ്, അതുപക്ഷേ ഈ പുസ്തകത്തിെൻറ പ്രാധാന്യം ഒട്ടും കുറക്കുന്നില്ല. ‘ഉപരിഘടന’യുടെ വിശകലനത്തെ സ്വകാര്യസ്വത്തുമായി ബന്ധിപ്പിക്കുന്ന ഒരു സമീപനത്തെയാണ് ‘പ്രത്യയശാസ്ത്രം’ എന്ന തലക്കെട്ടിലെ പാതികൊണ്ട് പിെക്കറ്റി ഉദ്ദേശിക്കുന്നത് എന്ന് സാമാന്യമായി പറയാം. അതാവട്ടെ, യാന്ത്രികമായല്ലാതെ മാര്‍ക്സിസത്തെ സമീപിക്കുന്നവർക്ക് തീര്‍ത്തും അസ്വീകാര്യമായ നിര്‍വചനമല്ല. അതിനാൽ, ശ്രദ്ധേയമായ സൈദ്ധാന്തിക നിഗമനങ്ങളും രാഷ്ട്രീയ വിശകലനങ്ങളുമുള്ള ഈ പുസ്തകം, നിരവധി പരിമിതികള്‍ക്കുള്ളിലും പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.