Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightവിദ്യാഭ്യാസ നയരേഖയുടെ ...

വിദ്യാഭ്യാസ നയരേഖയുടെ രാഷ്​ട്രീയം

text_fields
bookmark_border
വിദ്യാഭ്യാസ നയരേഖയുടെ  രാഷ്​ട്രീയം
cancel
ഡോ. കെ. കസ്തൂരിരംഗന്‍ അധ്യക്ഷനായി കഴിഞ്ഞ ബി.ജെ.പി സർക്കാറി​​െൻറ കാലത്ത് 2017 ജൂണില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തി​​​െൻറ കരടുരൂപം ആവിഷ്കരിക്കുന്നതിനു രൂപവത്​കരിച്ച സമിതി 2018 ഡിസംബറില്‍ അതി​​​െൻറ റിപ്പോർട്ട്​ സമർപ്പിച്ചു. ‘കരട് ദേശീയ വിദ്യാഭ്യാസനയം 2019’ എന്ന ഈ രേഖ ഇപ്പോള്‍ പൊതുചർച്ചകൾക്കായി നമ്മുടെ മുന്നിലുണ്ട്. ഈ രേഖ ജൂണ്‍ ഒന്നിനാണ് നിർദേശങ്ങള്‍ സമർപ്പിക്കുന്നതിനായി പരസ്യപ്പെടുത്തിയത്. ജൂണ്‍ 30 വരെ മാത്രമേ സമയം അനുവദിച്ചിരുന്നുള്ളൂ.

മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ ആദ്യമേ ഒരു കാര്യം പറയേണ്ടതുണ്ട്. ഇത്തരം കരടുരേഖകളില്‍ കാണുന്ന പലതും ഒടുവില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന നയരേഖയില്‍ ഉണ്ടാവണമെന്നില്ല. ഇതില്‍ ഇല്ലാത്തത് പലതും ചിലപ്പോള്‍ നയരേഖയില്‍ കണ്ടെന്നും വരാം. അതുകൊണ്ടുതന്നെ സർക്കാർസമീപനം സമഗ്രമായി വ്യക്തമാക്കുന്ന അടിസ്ഥാനരേഖയായി കണ്ട്​ ഇതിനെ വിമർശിക്കുന്നതില്‍ വലിയ അർഥമുണ്ടാവില്ല. എന്നാൽ, വിദ്യാഭ്യാസമേഖലയില്‍ വരാൻ ​േപാകുന്ന വലിയ മാറ്റങ്ങളുടെ മുന്നോടിയാണ് ഈ രേഖ എന്ന കാര്യത്തില്‍ സംശയത്തിന്​ അവകാശമില്ല. മാത്രമല്ല, കഴിഞ്ഞ ബി.ജെ.പി സർക്കാർ‍ തുടങ്ങി​െവച്ചിട്ടുള്ളതും ഇതിനകംതന്നെ പൊതുസമൂഹത്തി​​​െൻറ ശ്രദ്ധയാകർഷിച്ചിട്ടുള്ളതുമായ നിരവധി പ്രതിലോമ പരിഷ്കരണോദ്യമങ്ങളുടെ അടയാളങ്ങള്‍ ഈ രേഖയില്‍ ശക്തമായിത്തന്നെ പതിഞ്ഞിട്ടുണ്ട്. നവലിബറല്‍ വിദ്യാഭ്യാസത്തി​​​െൻറ സമീപനങ്ങള്‍ തുടരും എന്നു വ്യക്തമാക്കിക്കൊണ്ടുള്ള ‘ദേശീയസംസ്കാര’ പ്രത്യയശാസ്ത്രം ആഴത്തില്‍ സ്വാധീനിച്ച ഒന്നാണ് ഈ കരട് നയരേഖ എന്ന് നിസ്സംശയം പറയാം.

കരടുരേഖയുടെ ഓരോ ഭാഗങ്ങളായി എടുത്തു​െവച്ച്​ പരിശോധിക്കാനല്ല ഈ ചെറിയ കുറിപ്പില്‍ മുതിരുന്നത്. അനിവാര്യമായ ആ ശ്രമം തൽക്കാലം മാറ്റി​െവച്ച്​, നയരേഖയുടെ ചില പൊതുവായ ദൗർബല്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഇതിലെ ഏറ്റവും കൂടുതല്‍ ആവർത്തിക്കപ്പെടുന്ന രണ്ടു പദങ്ങള്‍ ഉദാരത(ലിബറല്‍)യും സ്വയംഭരണവും (ഓട്ടോണമി) ആണ്. ലിബറല്‍ ആർട്​സ് വിദ്യാഭ്യാസത്തി​​​െൻറ പ്രാധാന്യത്തെക്കുറിച്ച് രേഖ ധാരാളം സംസാരിക്കുന്നുണ്ട്. എന്നാല്‍, ഇതാവട്ടെ, തക്ഷശിലയിലും നളന്ദയിലും മറ്റും നിലനിന്നിരുന്നുവെന്ന് സമിതിയംഗങ്ങള്‍ വിശ്വസിക്കുന്ന ഏതോ ആദർശ മാതൃകയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപഠനവും സാമൂഹികശാസ്ത്ര-മാനവികവിഷയങ്ങളും എല്ലാംചേർന്ന ഒരു അഴകൊഴമ്പന്‍ പരിപ്രേക്ഷ്യത്തിലാണ് ചർച്ചചെയ്യുന്നത്. 147 തവണയോ മറ്റോ ആവർത്തിക്കുന്നുണ്ട് ‘ലിബറല്‍’ എന്ന പദം. പക്ഷേ, ഒരിടത്തുപോലും യഥാർഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുന്ന കൃത്യമായ നിരീക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. ‘ഇക്കണോമിക്കല്‍ ആൻഡ്​ പൊളിറ്റിക്കൽ വീക്കിലി’യിൽ കുങ്കുംറോയ് (ജൂണ്‍ 19) ചൂണ്ടിക്കാട്ടിയ ഒരു ഉദാഹരണമുണ്ട്. ഈ രേഖ വായിക്കുന്ന ആരുടെയും ശ്രദ്ധയില്‍ വേഗം കടന്നുവരുന്ന ഒരു ഭാഗമാണത്​. കരടുരേഖ പറയുന്നു: “ഇന്ത്യന്‍ വിദ്യാഭ്യാസവ്യവസ്ഥ ചരകന്‍, സുശ്രുതന്‍, ആര്യഭട്ടന്‍, ഭാസ്കരാചാര്യർ, ചാണക്യന്‍, പതഞ്‌ജലി, പാണിനി തുടങ്ങി നിരവധി പണ്ഡിതന്മാരെ സൃഷ്​ടിച്ചതാണ്. അവർ‍ ലോകത്തിനു ഗണിതം, ജ്യോതിശാസ്ത്രം, ലോഹശാസ്ത്രം, വൈദ്യശാസ്ത്രവും ശസ്ത്രക്രിയയും, സിവില്‍ എൻജിനീയറിങ്ങും വാസ്തുവിദ്യയും, കപ്പല്‍ നിർമാണവും സമുദ്രയാത്രയും, യോഗ, ലളിതകലകള്‍, ചതുരംഗം തുടങ്ങിയ മേഖലകളില്‍ വലിയ വൈജ്ഞാനിക സംഭാവനകള്‍ നൽകിയിട്ടുണ്ട്”. ഇത് ഉദ്ധരിച്ചുകൊണ്ട് കുങ്കുംറോയ് മൂന്നു വിമർശനങ്ങള്‍ പറയുന്നു. ഒന്ന്, പറയുന്ന വിഷയങ്ങളും പണ്ഡിതന്മാരുടെ പേരുകളും പലതിലും പൊരുത്തപ്പെടുന്നില്ല. രണ്ട്, ചാണക്യന്‍, പതഞ്‌ജലി, പാണിനി എന്നിവരുടെ സംഭാവനകള്‍ ഈ ലിസ്​റ്റില്‍ പറയുന്നതേയില്ല, മൂന്ന്, ഇതു സംസ്കൃതത്തില്‍ എഴുതിയവരുടെ മാത്രം കാര്യമാണ്. മറ്റു ഭാഷകളിലെ പണ്ഡിതന്മാരെക്കുറിച്ച് പറയുന്നില്ല. രേഖയെ സംബന്ധിച്ചിടത്തോളം താരതമ്യേന അപ്രസക്തമെന്നു തോന്നാവുന്ന ഈ ഭാഗത്തില്‍ യഥാർഥത്തില്‍ അതി​​​െൻറ പ്രത്യയശാസ്ത്രപരമായ സമീപനം അടങ്ങിയിട്ടുണ്ട് എന്നത് കുങ്കുംറോയ് വിട്ടുകളയുന്നു. എന്തുകൊണ്ടാണ് ഇൗ ബ്രാഹ്മണ്യ വിദ്യാഭ്യാസവ്യവസ്ഥയെ ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥ എന്നു വിളിക്കുകയാണ് എന്ന യാഥാർഥ്യം പറയാന്‍ കഴിയാത്തത് എന്നും ആലോചിക്കേണ്ടതുണ്ട്. ലിബറല്‍ എന്ന വാക്കിന്​ ഈ രേഖ നൽകുന്ന അർഥത്തി​​​െൻറ സാരാംശം ഇതിലുണ്ട്. ഇത്രയും വലിയ രേഖയില്‍ സംവരണം എന്ന വാക്ക് ഒരേയൊരു പ്രാവശ്യം മാത്രമാണ് ഉപയോഗിക്കപ്പെടുന്നത് എന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. അതാവട്ടെ, ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ സംവരണമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതില്ല എന്ന നിർദേശത്തി​​​െൻറ സന്ദർഭത്തില്‍ മാത്രമാണ്.

ഈ നയരേഖയില്‍ 110 തവണ ആവർത്തി ക്കുന്ന പദമാണ് ‘സ്വയംഭരണം’. അധ്യാപകർക്കും സ്ഥാപനങ്ങൾക്കും ഓട്ടോണമി നൽകണം എന്ന് നിർദേശിക്കുന്ന നയരേഖയുടെ സമീപനം പക്ഷേ, രാഷ്​ട്രീയമായി നവലിബറല്‍ സാമ്പത്തികയുക്തിയോടു ചേർ‍ന്നുനിൽക്കുന്നതും സ്വയംഭരണത്തെ ഒരു കേവലമൂല്യമായി മാത്രം കണ്ടുകൊണ്ട് ഉയർത്തിക്കാട്ടുന്നതുമാണ്. സ്ഥാപനങ്ങളുടെ ധനകാര്യനടത്തിപ്പിൽനിന്ന് ഭരണകൂടം പിൻവാങ്ങുന്ന സന്ദർഭത്തില്‍ വ്യക്തമായ രാഷ്​ട്രീയലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ് സ്വയംഭരണം. കഴിഞ്ഞ അഞ്ചുവർഷം എന്താണ് നടന്നതെന്ന് പരിശോധിച്ചാല്‍ മാത്രംമതി സ്വയംഭരണത്തെക്കുറിച്ചുള്ള ഈ വാചകമേള എത്ര പൊള്ളയാണ്‌ എന്നു മനസ്സിലാക്കാന്‍.

ഒരു വശത്ത് സ്വന്തമായി സ്വാശ്രയ കോഴ്സുകള്‍ തുടങ്ങുന്നതടക്കമുള്ള സ്വയംഭരണ സാധ്യതകള്‍ പ്രഖ്യാപിക്കുന്നു. മറുവശത്ത് കരിക്കുലത്തില്‍ മുതല്‍ ദൈനംദിന പ്രവർത്തനങ്ങളില്‍ വരെ മാനദണ്ഡങ്ങള്‍ നിർദേശിക്കുന്ന സർക്കുലറുകള്‍ മന്ത്രാലയം പുറത്തിറക്കുന്നു. അവ അനുസരിക്കാന്‍ സർവകലാശാലകളെ നിർബന്ധിക്കുന്നു. കേവലമായ ഒരു ആലങ്കാരിക പദം മാത്രമായി ഈ രേഖയില്‍ സ്വയംഭരണം എന്ന വാക്ക് നിരവധി തവണ കടന്നുവരുന്നത് തീർത്തും അപ്രസക്തവും അർഥരഹിതവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

സർവകലാശാലകളില്‍ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ മറ്റു മേഖലകളിലും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ ജനാധിപത്യവത്​കരണത്തോട് മുഖംതിരിഞ്ഞു നിൽക്കുകയാണ് ഈ നയരേഖ. ഇന്നത്തെ ഭരണരീതികൾക്കു പകരം നയരേഖ മുന്നോട്ടുവെക്കുന്ന ഏകശിലാരൂപമായ ഒരു ബദലാണ് രാഷ്​ട്രീയ ശിക്ഷാ ആയോഗ് (ദേശീയ വിദ്യാഭ്യാസ കമീഷന്‍). ഇതി​​​െൻറ ഘടനയെക്കുറിച്ചൊക്കെ വാചാലമാകുന്ന നയരേഖ ഒരിക്കൽപോലും ഇതു ജനാധിപത്യപരമായിരിക്കേണ്ടതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇന്ന് സർവകലാശാലകളുടെ ഭരണത്തില്‍ അപൂർവം പ്രദേശങ്ങളില്‍ മാത്രമേ ജനാധിപത്യപരമായ സംവിധാനങ്ങള്‍ അൽപമെങ്കിലും നിലനിൽക്കുന്നുള്ളൂ. അതുകൂടി തുടച്ചുനീക്കണം എന്നു പറയാതെ പറയുകയാണ്‌ ഈ കരടുരേഖ എന്നതാണ് യാഥാർഥ്യം.

കൂടുതല്‍ കൂലങ്കഷമായി ചർച്ചചെയ്യേണ്ട നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍ ഈ കരട് നയരേഖ മുന്നോട്ടു​െവക്കുന്നുണ്ട്. ഈ രേഖയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ ദേശീയ സംസ്കാര സങ്കുചിതത്വം കലർന്ന നയമായിരിക്കും സർക്കാർ‍ ആവിഷ്​കരിക്കുക എന്ന സൂചനയാണ് കരടുരേഖ നൽകുന്ന ആത്യന്തികമായ സന്ദേശം. കേവലം ഒരു മാസത്തെ സമയം മാത്രം നൽകി രേഖയുടെ മുകളിലുള്ള ഉപരിചർച്ചകൾക്ക്​ സർക്കാർ‍ വിരാമചിഹ്നം ഇട്ടിരിക്കുകയാണ്. പ്രൈമറിവിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള മേഖലകളിലെ പ്രശ്നങ്ങള്‍ ഒറ്റ വിദ്യാഭ്യാസനയംകൊണ്ട് പരിഹരിക്കാം എന്നു കരുതുന്നതുതന്നെ ശരിയായ സമീപനമല്ല. രേഖയില്‍ ഗുണപരമായി ഒന്നുമില്ല എന്നു പറയാന്‍ കഴിയില്ല.

ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്​കൃതർക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമൂർത്തമായ ചില നിർദേശങ്ങള്‍ കരടുരേഖ മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ, അവയെല്ലാം പ്രാതിനിധ്യക്കുറവ് എന്ന ഒരു പ്രശ്നത്തി​​​െൻറ ഭാഗം മാത്രമായി കാണുകയും സാമൂഹികവും ചരിത്രപരവുമായ അസമത്വങ്ങളുടെയും പാർശ്വവത്​കരണങ്ങളുടെയും ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയുമാണ് കരടുരേഖയില്‍ നാം കാണുന്നത്. ഈ രേഖ ആത്യന്തികമായി ഒരു വരേണ്യ വർഗവീക്ഷണത്തിൽനിന്ന്​ എഴുതപ്പെട്ടിട്ടുള്ളതാണ്. ഭരണഘടനാപരമായ സമീപനത്തിനു പകരം ദുർബലരോടുള്ള ഭരണകൂട സംരക്ഷകനിലപാടില്‍നിന്നുള്ള സൗജന്യങ്ങള്‍ എന്ന നിലക്കാണ് ന്യൂനപക്ഷ, ദലിത്‌ വിഭാഗങ്ങൾക്കുള്ള ഇടപെടലുകളെ കാണുന്നത്. എന്നാല്‍, ഈ നിർദേശങ്ങളില്‍ നിന്നുതന്നെ എന്തെല്ലാം പുതിയ നയത്തില്‍ ഉൾക്കൊള്ളിക്കും എന്നും ഇതിലില്ലാത്ത എന്തെല്ലാം കൂടുതലായി ഉൾപ്പെടുത്തുമെന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇത്രയും പ്രധാനപ്പെട്ട ഒരു പ്രശ്നത്തില്‍ പ്രതിപക്ഷ രാഷ്​ട്രീയപാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും പുലർത്തുന്നതായി കാണുന്ന താൽപര്യരാഹിത്യമാണ്. വിദ്യാഭ്യാസനയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ ബദല്‍ നിർദേശങ്ങളുമായി അവർ‍ കൂടുതല്‍ സജീവമായി ഇടപെട്ടില്ലെങ്കില്‍ വലിയൊരു കീഴടങ്ങലായി മാത്രമേ അതു മനസ്സിലാക്കാന്‍ കഴിയൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleDr K. Kasturirangan CommitteeNational Education Policy Draft
News Summary - politics in National Education Policy Draft-malayalam article
Next Story