വിട്ടുപിരിയാനാവാത്ത പ്രവാസം
text_fieldsപിറന്ന നാട്ടിലേക്ക് തിരിച്ചുപോകാൻ കൊതിക്കുന്നവരല്ല എല്ലാ പ്രവാസികളും. വീടും മക്കളും പേരമക്കളുമെല്ലാമായി പ്രവാസനാട്ടിൽതന്നെ ജീവിതസാഫല്യം അനുഭവിക്കുന്നവർ നിരവധിയാണ്. ഇൗ നാടിനെയും നാട്ടുകാരെയും സ്നേഹിച്ച്, െഎശ്വര്യങ്ങൾ നൽകിയതിന് ദൈവത്തിനും പ്രവാസത്തിനും നന്ദിപറഞ്ഞ് സന്തോഷ ജീവിതം നയിക്കുന്നവരിലാണ് വർക്കല വടശ്ശേരിക്കോണം മുഹമ്മദലി സൈഫുദ്ദീെൻറ സ്ഥാനം. 48 വർഷം നീണ്ട പ്രവാസനദി വിരാമമില്ലാതെ ഒഴുകുന്നു.
കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് ബി.കോം പാസായി ചാർേട്ടഡ് അക്കൗണ്ടൻസി പഠനത്തിന് പോയിത്തുടങ്ങിയ സൈഫുദ്ദീന് വഴികാട്ടിയായത് ജ്യേഷ്ഠനാണ്. പത്തുമാസം മുമ്പുതന്നെ ജ്യേഷ്ഠൻ സൈനുദ്ദീൻ അബൂദബിയിലെത്തിയിരുന്നു. ഇവർക്കൊപ്പം അഞ്ചു സഹോദരിമാർകൂടി ചേരുന്നതാണ് കുടുംബം. പിതാവ് മുഹമ്മദലി മരക്കച്ചവടക്കാരനായിരുന്നു. സാമാന്യം നല്ല സാമ്പത്തികശേഷിയുണ്ടായിരുന്നു.
സൈനുദ്ദീനും സൈഫുദ്ദീനും ബിരുദധാരികൾ. അക്കാലത്ത് അത് വലിയ കാര്യമായിരുന്നു. അവസരം കിട്ടിയാൽ പുറംനാട്ടിൽ പോകണമെന്നായിരുന്നു പിതാവിെൻറ ഉപദേശം. അദ്ദേഹത്തിെൻറ പിതാവും സഹോദരങ്ങളുമെല്ലാം മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ ജീവിതം കരുപ്പിടിപ്പിച്ചവരാണ്. വർക്കലക്കടുത്തുള്ള പെരുമാതുറയിൽനിന്ന് നിരവധിപേർ അന്ന് പ്രവാസികളായുണ്ടായിരുന്നു.
സൈനുദ്ദീന് അബൂദബിയിൽ ബാങ്കിലായിരുന്നു ജോലി. അദ്ദേഹം അയച്ചുകൊടുത്ത വിസയിലാണ് 26ാം വയസ്സിൽ സൈഫുദ്ദീൻ ബോംബെയിൽനിന്ന് ദുംറ എന്ന കപ്പൽ കയറിയത്. 900 രൂപയായിരുന്നു നിരക്ക്. ആറാം ദിവസം വൈകീട്ടാണ് ദുബൈയിലെത്തിയത്. 1969 ജൂൺ 25ന്. അന്ന് ദുബൈ തുറമുഖമില്ല. രണ്ടു മൈൽ അകലെ നങ്കൂരമിട്ട കപ്പലിൽനിന്ന് ചെറിയ ബോട്ടിലാണ് തീരത്തെത്തിയത്.
തുറമുഖത്തിനോട് ചേർന്നായിരുന്നു പ്രശസ്തമായ ഖാദർ ഹോട്ടൽ. ഉപജീവന മാർഗം തേടി കടൽകടന്നെത്തുന്ന പ്രവാസികൾക്ക് ഇബ്രാഹിം ഹാജി എന്ന കാസർക്കോട്ടുകാരൻ സൗജന്യമായി അന്നവും തണലുമൊരുക്കിയ ഹോട്ടൽ. അവിടെനിന്ന് ചായയും പഴവും കഴിച്ചാണ് ജ്യേഷ്ഠനും കൂട്ടുകാരനുമൊപ്പം സൈഫു അബൂദബിക്ക് പുറപ്പെട്ടത്. ദുബൈ-അബൂദബി മണൽപാതയിലൂടെ ഏഴു മണിക്കൂർ യാത്രക്കുശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. അബൂദബി നഗരമായിട്ടില്ല. ടാറിട്ട റോഡില്ല.
ആകെ നാലു റോഡുകളാണ് അന്നുണ്ടായിരുന്നത്. കോർണിഷ് റോഡ്, ഹംദാൻ റോഡ്, ഇലക്ട്രാ റോഡ്, പാസ്പോർട്ട് റോഡ് എന്നിവ മാത്രം. ചെറിയ കടകൾ. നല്ലൊരു കെട്ടിടം പോലുമില്ല. പിന്നീട് പ്രശസ്തമായ ടെലിവിഷൻ ബിൽഡിങ്ങിെൻറ പണി തുടങ്ങിയിേട്ടയുള്ളൂ. അധികം വൈകാതെ കാറ്റർപില്ലർ എന്ന കമ്പനിയിൽ അക്കൗണ്ടൻറായി. നല്ല ശമ്പളവും സൗകര്യവുമെല്ലാം ആദ്യ ജോലിയിൽതന്നെ കിട്ടി. താമസിക്കാൻ ശീതീകരണ സംവിധാനമുള്ള കാരവൻ. ശമ്പളം 70 ബഹ്റൈൻ ദീനാർ. അതായത് 700 ദിർഹം. ആ കമ്പനിയിലുണ്ടായിരുന്ന വർക്കലക്കാരൻ അമാനുള്ളയാണ് ജോലി ലഭിക്കാൻ സഹായിച്ചത്. താമസസ്ഥലത്തിന് അടുത്ത് ഒരു കൊട്ടാരമുണ്ടായിരുന്നു. അവിടേക്ക് കുതിരപ്പുറത്ത് അബൂദബിയുടെ ശിൽപിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് വന്നത് കണ്ടത് സൈഫുദ്ദീന് ഒാർമയിൽ മായാതെയുണ്ട്.
ഒമ്പതു മാസത്തിനുശേഷം കാറ്റർപില്ലറിൽനിന്ന് മോഡേൺ പ്രിൻറിങ് പ്രസിലേക്ക് ജോലി മാറി. 1150 ദിർഹം എന്ന അന്നത്തെ മികച്ച ശമ്പളമാണ് ജോലി മാറാൻ പ്രേരിപ്പിച്ചത്. മലയാളികൾ കൂടുതലായി ജോലി ചെയ്തിരുന്ന ഡിഫൻസിൽ 300^400 ദിർഹമായിരുന്നു ശമ്പളം. അവിടെ ചീഫ് അക്കൗണ്ടൻറായി. പ്രസിെൻറ മുഴുവൻ ചുമതലയും സൈഫുദ്ദീനായിരുന്നു. ദുബൈയിെല ഒരു പ്രമുഖ അറബി കുടുംബത്തിേൻറതായിരുന്നു പ്രസ്. ടെലിഫോൺ ഡയറക്ടറിയും സ്കൂൾ പുസ്തകങ്ങളുമെല്ലാമായി സർക്കാർ അച്ചടി ജോലികളാണ് കൂടുതലായി അവിടെ നടന്നിരുന്നത്. 1992 വെര 25 വർഷം അവിടെ ജോലിചെയ്തു.
സൈഫുദ്ദീൻ വന്ന കാലത്ത് കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു. അബൂദബിയിൽ കിണറ്റിൽനിന്ന് വെള്ളം കോരി കുളിച്ചത് സൈഫുദ്ദീന് ഇപ്പോഴും ഒാർമയുണ്ട്. ഇപ്പോൾ അവിടെയെല്ലാം കൂറ്റൻ കെട്ടിടങ്ങളാണ്. ഉപ്പുരസമുള്ളതിനാൽ ആ വെള്ളം കുടിക്കാൻ പറ്റില്ല. അന്നത്തെ സാധാരണക്കാരായ അറബികളുടെ ജീവിതം ഇന്നത്തെപ്പോലെയല്ലായിരുന്നു. വരുമാനമാർഗങ്ങൾ കുറവായിരുന്നു അവർക്ക്. ഉൾപ്രദേശങ്ങളിൽ അൽപം പച്ചപ്പും വെള്ളവുമുള്ളിടത്തായിരുന്നു അവർ കൂടുതലായി താമസിച്ചിരുന്നത്. ഒട്ടകവും ആടും വളർത്തലായിരുന്നു മുഖ്യ തൊഴിൽ. കുടിവെള്ള കച്ചവടമായിരുന്നു അറബികളുടെ മറ്റൊരു വരുമാന മാർഗം. മരുഭൂമിയിലെ ഉൾപ്രദേശങ്ങളിലെ കിണറുകളിൽനിന്ന് കഴുതപ്പുറത്ത് കുടിവെള്ളം കൊണ്ടുവന്ന് വിൽക്കും. ഒരു ഡബ്ബക്ക് രണ്ട് റിയാലാണ്. സ്വദേശികളെ കൂടുതലായി കണ്ട മറ്റൊരു മേഖല ബ്രിട്ടീഷ് കമ്പനികളിലെ കാവൽ ജോലിയിലായിരുന്നു. പിന്നെ വീടുകൾ വാടകക്ക് കൊടുക്കും. 10 ദീനാർ അഥവാ 100 ദിർഹമായിരുന്ന സൈഫുദ്ദീനും മറ്റു അഞ്ചുപേരും താമസിച്ച കൊച്ചുവീടിെൻറ വാടക.
സർക്കാർ വക സ്വദേശികൾക്ക് എല്ലാ മാസവും പണം വിതരണം ചെയ്തിരുന്നു. ബ്രിട്ടീഷ് കോൺസുലേറ്റിന് മുന്നിൽ സ്വദേശികളായ അറബികൾ എല്ലാമാസവും പണം വാങ്ങാനെത്തുന്ന കാഴ്ചയും ഒാർമയുണ്ട്.എണ്ണ കണ്ടെത്തിയതിനെ തുടർന്നാണ് അബൂദബിയിൽ വികസനത്തിന് തുടക്കമാകുന്നത്. അതോടെ സ്വദേശികളുടെയും ജീവിത നിലവാരം ഉയർന്നു. ഇന്ന് ലോകത്തെ ഏറ്റവും സമ്പന്ന നഗരങ്ങളിൽ ഒന്നാണ് അബൂദബി.1972 നവംബറിലായിരുന്നു സൈഫുദ്ദീെൻറ വിവാഹം. നസീമ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു. ആലപ്പുഴ കാർത്തികപ്പള്ളിയിലെ റിട്ട ഡിവൈ.എസ്.പി ഇ.എസ് ഷംസുദ്ദീെൻറ മകൾ. ഹൗസ് സർജൻസി കഴിഞ്ഞശേഷം 1976ൽ ഡോക്ടർ സ്ഥിരമായി സൈഫുദ്ദീനൊപ്പം ചേർന്നു. സർക്കാർ ആശുപത്രിയിൽ ജോലിയും കിട്ടി. പക്ഷേ, അബൂദബിയിൽനിന്ന് ഏറെ അകലെ റാസൽഖൈമയിലായിരുന്നു നിയമനം.
എല്ലാ ആഴ്ചയും സൈഫുദ്ദീൻ റാസൽഖൈമയിൽ പോകും. അന്ന് റാസൽഖൈമക്ക് ഒറ്റവരി പാതയിലൂടെ 300 കി.മീറ്റർ ദൂരം കാറോടിച്ചുപോകുന്നത് അന്ന് സാഹസികത തന്നെയായിരുന്നു. 14 വർഷം ആ യാത്ര തുടർന്നു. റാസൽഖൈമയിലും വികസനം തീരെ എത്തിയിട്ടില്ല. യാത്ര ഏറെ പ്രയാസമായിരുന്നു. അതുകൊണ്ടുതന്നെ ഡോ. നസീമ ആദ്യമേ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. പുതിയ കാറും വാങ്ങി. യു.എ.ഇയിൽ വന്ന് സ്വന്തമായി ഡ്രൈവിങ് പഠിച്ചാണ് ലൈസൻസ് സമ്പാദിച്ചത്. 35 വർഷം ട്രാഫിക് പിഴയൊന്നുമില്ലാതെ കാറോടിച്ചതിന് സർക്കാറിെൻറ അംഗീകാരം കിട്ടിയിട്ടുണ്ട്. മാന്വൽ ഗിയർ വാഹനം മാത്രമേ ഇത്രയും കാലം അവർ ഒാടിച്ചിട്ടുള്ളൂ എന്ന പ്രത്യേകതയുണ്ട്.
അബൂദബിയിലെ ആദ്യ മലയാളി സംഘടനകളിലൊന്നായ കേരള ആർട്സ് സെൻററിെൻറ പ്രഥമ ട്രഷററായിരുന്നു സൈഫുദ്ദീൻ. അക്കൗണ്ടൻറായതിനാൽ കുറേകാലം ട്രഷറർ പദവിയിൽ സൈഫുദ്ദീൻതന്നെയായിരുന്നു. പിന്നീട് സംഘടനയുടെ പേര് കേരള സോഷ്യൽ സെൻററായി.അന്ന് സംഘടനയുടെ പ്രധാന വരുമാനം സിനിമ പ്രദർശനം വഴി സമാഹരിക്കുന്നതായിരുന്നു. 16 എം.എം സിനിമകൾ കൊണ്ടുവന്ന് പ്രൊജക്ടറിലിട്ട് കാണിക്കും. കടൽപാലം തുടങ്ങിയ മലയാള സിനിമകൾ കാണിച്ചു. അബൂദബി മദീന സയിദിലെ തുറന്ന സ്ഥലത്തായിരുന്നു സിനിമ കാണിച്ചത്. ദിവസവും പ്രദർശനമുണ്ടാകും. രണ്ടു റിയാലാണ് ടിക്കറ്റ് നിരക്ക്. സിനിമ മാറിയില്ലെങ്കിലും കണ്ട സിനിമകൾ ആളുകൾ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരുന്നു.
പിന്നെ ഗാനമേളകളും നാടകങ്ങളും നടത്തിയിരുന്നു. തുടക്കത്തിൽ പ്രവാസി കലാകാരന്മാർതന്നെയായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. പിന്നീട് നാട്ടിൽനിന്ന് പ്രമുഖരെ കൊണ്ടുവരാൻ തുടങ്ങി. ധനസമാഹരണത്തിനായി തേമ്പാല കളിയും ഉണ്ടായിരുന്നു. പക്ഷേ, അധികം തുടരാനായില്ല. സർക്കാർ നിരോധനം വന്നു.
ആകാശവാണിയുടെ ഡൽഹി റിലേ അബൂദബിയിൽ ചിലയിടത്ത് കിട്ടുമായിരുന്നു. വാർത്തകൾ തത്സമയം അറിയാനുള്ള ഏക ആശ്രയമായിരുന്നു അത്. പക്ഷേ, ഏരിയൽ പരമാവധി ഉയർത്തിവെച്ചാൽ നല്ല വ്യക്തതയിൽ കേൾക്കാം. തെരഞ്ഞെടുപ്പ് കാലത്ത് ഡൽഹി മലയാളം വാർത്തയിലൂടെ ഫലമറിയാൻ എല്ലാവരും റേഡിയോക്ക് മുന്നിൽ തടിച്ചുകൂടും. പത്രം ഒരു ദിവസം കഴിഞ്ഞേ കിട്ടൂ.
കടന്നുവന്ന വഴികൾ ഇടക്കിടെ സൈഫുദ്ദീൻ ആലോചിക്കും. അപ്പോൾ മനസ്സിൽ വരുന്ന ചിത്രമാണ് കൊല്ലത്തെ തമ്പി എന്നയാളുടെ കഥ. ഗൾഫിലേക്കുള്ള വഴിയിൽ ബോംബെയിൽ തനിക്ക് ഇടത്താവളം ഒരുക്കിയത് അദ്ദേഹമായിരുന്നു. ബോംബെയിൽ ചെല്ലുേമ്പാൾ സഹായത്തിന് ആരുണ്ടാകുമെന്ന് അന്വേഷിച്ച് സഹോദരനാണ് അദ്ദേഹത്തിെൻറ മേൽവിലാസം കണ്ടെത്തിയത്. ബോംബെയിൽ ടെലികമ്യൂണിക്കേഷൻ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു തമ്പി. തുടർന്ന് കത്തെഴുതി. പിന്നീട് സൈഫുദ്ദീൻ ബോംബെയിലെത്തുേമ്പാൾ അദ്ദേഹമാണ് ആതിഥ്യം നൽകിയത്. അദ്ദേഹത്തിെൻറ ഫ്ലാറ്റിലാണ് 15 ദിവസം താമസിച്ചത്. ഭക്ഷണവും അദ്ദേഹത്തിെൻറ വക. പഴവർഗങ്ങളെല്ലാം വാങ്ങിനൽകി കപ്പലിൽകയറ്റിയതും അദ്ദേഹം തന്നെ. പക്ഷേ, പിന്നീട് അദ്ദേഹത്തെ കാണാനായില്ല എന്ന സങ്കടം സൈഫുദ്ദീന് ഇപ്പോഴുമുണ്ട്. ഒരു മുൻപരിചയവുമിലാഞ്ഞിട്ടും അദ്ദേഹം അന്നു കാണിച്ച ഉദാരതക്ക് ഒരിക്കൽകൂടി നന്ദി പറയാൻ പറ്റാത്ത സങ്കടം. നാട്ടിൽ പോകുേമ്പാൾ കാണാൻ ശ്രമിച്ചപ്പോൾ വിലാസം കൈയിലില്ലായിരുന്നു. എങ്കിലും ഇടക്കിടെ അദ്ദേഹത്തെ ഒാർക്കും. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.
മറക്കാനാകാത്ത ഒരു സ്കൂൾ അനുഭവമുണ്ട് സൈഫുദ്ദീനും കുടുംബത്തിനും. മക്കൾ റാസൽഖൈമ ഇന്ത്യൻ സ്കൂളിൽ പഠിക്കുേമ്പാഴാണ്. ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സ്കൂളിൽ നടക്കുന്ന വലിയൊരു ചടങ്ങിൽ അറബി കുട്ടികൾ യു.എ.ഇ ദേശീയഗാനം ആലപിക്കുകയാണ്. ഇടക്ക്വെച്ച് അവർക്ക് വരികൾ മറന്നുപോയി. സ്റ്റേഡിയം ഒന്നടങ്കം നിശ്ശബ്ദമായി നിൽക്കുകയാണ്. അപ്പോൾ സൈഫുദ്ദീെൻറ മൂന്നു മക്കളും വിട്ടഭാഗം ഉച്ചത്തിൽ തുടർന്ന് ആലപിച്ചു. എല്ലാവരും കുട്ടികളെ പ്രശംസകൊണ്ട് മൂടി. മുഖ്യാതിഥിയായെത്തിയ രാജകുടുംബാംഗമായ ശൈഖ് അവരെ വേദിയിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചു.
1992ൽ ഡോ. നസീമക്ക് ദുബൈയിലേക്ക് സ്ഥലം മാറ്റമായി. അതോടെ സൈഫുദ്ദീൻ അച്ചടി കമ്പനി വിട്ട് ദുബൈയിൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങി. അൽ ആഫിയ മെഡിക്കൽ സെൻറർ. നാലു ഡോക്ടർമാരുണ്ടായിരുന്നു. 35 വർഷം സർക്കാർ സർവീസിലുണ്ടായിരുന്ന ഡോ. നസീമ ഇപ്പോൾ ഷാർജയിൽ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടീസ് തുടരുന്നു.
ക്ലിനിക് പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. 12 വർഷത്തിനുശേഷം അത് നിർത്തി. 2002ൽ സൈഫുദ്ദീൻ നാട്ടിലേക്ക് പോയി. തിരുവനന്തപുരം വഞ്ചിയൂർ റോഡിൽ ഒരു വിവാഹ മണ്ഡപവും കെട്ടിടവുമെടുത്തു. നാട്ടിൽ മറ്റു വരുമാനമാർഗങ്ങളും സൈഫുദ്ദീൻ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പക്ഷേ, നാട്ടിൽ പോയാൽ അധികം നിൽക്കില്ല. പെെട്ടന്ന് തിരിച്ചുവരും. കാരണം സ്വസ്ഥമായി ജീവിക്കാൻ യു.എ.ഇയിലേ പറ്റൂവെന്നാണ് അദ്ദേഹം പറയുന്നത്. നാട്ടിലെ അനുഭവങ്ങളും മനം മടുപ്പിക്കുന്നതാണ്. എന്തിനും ഏതിനും കൈക്കൂലിയാണവിടെ. നമ്മുടെ നാട് നന്നാകാത്തതിെൻറ കാരണം ഇൗ അഴിമതിയാണ്. കെട്ടിടം നിർമിക്കാനും പെർമിഷൻ കിട്ടാനുമെല്ലാം പണം നൽകണം. നാട്ടിലെ കാര്യങ്ങളൊന്നും ഉൾക്കൊള്ളാനാവില്ല. എല്ലാവരും പ്രവാസിയെ ചൂഷണം ചെയ്യുകയാണ്. കൂടുതൽ കാലം പ്രവാസിയായതിനാൽ നാട്ടിൽ അധികം സുഹൃത്തുക്കളുമില്ല. അതുകൊണ്ട്, രണ്ടാമത്തെ മകളുടെ കൂടെ ഷാർജയിലാണ് ഇപ്പോൾ താമസം. 94 വയസ്സുള്ള ഉമ്മയും സഹോദരിമാരും നാട്ടിലുണ്ട്. മൂന്നു പെൺമക്കളെയും നന്നായി പഠിപ്പിച്ച് നല്ല നിലയിലെത്തിച്ചതാണ് സൈഫുദ്ദീൻ^ഡോ. നസീമ ദമ്പതികൾ ജീവിതനേട്ടങ്ങളിൽ പ്രധാനമായി അവകാശപ്പെടുന്നത്. മൂത്തമകൾ ഷെറിൻ ആർകിടെക്ട് കോഴ്സ് പാസായി. പിന്നീട് ഇംഗ്ലണ്ടിൽനിന്ന് എം.ബി.എയുമെടുത്തു. ഇപ്പോൾ ദുബൈയിൽ സ്വന്തമായി മാർക്കറ്റിങ് ഏജൻസി നടത്തുന്നു.
രണ്ടാമത്തെയാൾ ഷഹ്നാസ് ഡോക്ടറാണ്. ഡോക്ടറായ ഭർത്താവുമൊത്ത് ഷാർജയിൽ സ്വന്തമായി ക്ലിനിക് നടത്തുന്നു. മൂന്നാമത്തെയാൾ ഷെറിനാസ് നിയമബിരുദം നേടി ബാംഗ്ലൂരിലാണ്.പ്രവാസം സൈഫുദ്ദീന് നല്ലതേ വരുത്തിയുള്ളൂ. നാട്ടിലെ ചില നിക്ഷേപങ്ങൾ പരാജയമായെങ്കിലും അതിൽനിന്ന് എളുപ്പം കരകയറാനായി. ദൈവാനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നാണ് സൈഫുദ്ദീൻ പറയുക.നാട്ടിൽ േവറെയും നിക്ഷേപങ്ങളുണ്ട്. പക്ഷേ, അവിടെ ഇപ്പോൾ സ്ഥിരമാക്കാൻ ഉദ്ദേശിക്കുന്നില്ല. മക്കളും പേരക്കുട്ടികളുമെല്ലാം ഇവിടെ കൂടെയുണ്ട്. ഏഴു പേരക്കുട്ടികളുണ്ട്. ഷാർജയിൽ വലിയൊരു വില്ലയിൽ കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. നസീമയുടെ ഉമ്മയും (87 വയസ്സ്) കൂടി ചേരുേമ്പാൾ വില്ലയിൽ നാലു തലമുറകളുടെ സംഗമമായി. നസീമയുടെ സഹോദരൻ നജീബ് മുഹമ്മദ് ഇസ്മയിലും കുടുംബവും ഒരു വിളിപ്പാടകലെ ദുബൈയിലുണ്ട്. സുരക്ഷയും സമാധാനവുമാണ് ഇവിടെ പിടിച്ചുനിർത്തുന്നതെന്ന് ഡോ. നസീമ പറയുന്നു. രാത്രി ഏതുസമയത്തും സ്വന്തമായി യാത്രചെയ്യാം.
പട്ടിശല്യം, കൊതുകുശല്യം ഒന്നുമില്ല. വിഷം കലരാത്ത ഭക്ഷണം കഴിക്കാമെന്നതാണ് മറ്റൊരു പ്രധാന കാര്യം. ലോകത്തിെൻറ ഏതുഭാഗത്തുനിന്നുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം ലഭിക്കും. 75 വയസ്സായിട്ടും കാര്യമായി ഒരു രോഗവുമില്ലെന്ന് സൈഫുദ്ദീൻ പറയുന്നു. കഴിഞ്ഞ 30 വർഷം കൊണ്ടാണ് ഇൗ രാജ്യം അതിവേഗം വികസിച്ചത്. നാടിെൻറ വളർച്ചയാണ് ഭരണാധികാരികളുടെയും നാട്ടുകാരുടെയും പരമമായ ലക്ഷ്യം. പ്രവാസികളോട് വലിയ സ്നേഹമാണ് സ്വദേശികൾക്ക്. യു.എ.ഇയുടെ ആരംഭകാലത്ത് സാേങ്കതിക വൈദഗ്ധ്യവും ഭാഷാപാടവവുമെല്ലം മറുനാട്ടിൽനിന്നുവരുന്നവർക്കായിരുന്നു. ആ ബഹുമാനവും സ്നേഹവും അവർ പ്രവാസികൾക്ക് നൽകിയിരുന്നു. വീട്ടിലെ പ്രയാസങ്ങൾ പറഞ്ഞാൽ അറബികൾ സഹായിക്കാൻ തയാറായിരുന്നു. സ്വദേശികളും പ്രവാസികളും ചേർന്നാണ് ഇൗ രാജ്യത്തെ ഉയരങ്ങളിലെത്തിച്ചത്. ഗൾഫിൽ വന്നതുകൊണ്ട് തനിക്ക് മാത്രമല്ല കുറേപേർക്കും നേട്ടമുണ്ടായിയെന്നാണ് സൈഫുദ്ദീൻ പറയുക. നിരവധി പേർക്ക് ജോലി വാങ്ങിക്കൊടുക്കാനായി. പ്രസിെൻറ മൊത്തം ചുമതലയുള്ളതിനാൽ അത് സാധിക്കുമായിരുന്നു.
സാമ്പത്തികമായി നശിച്ചവരും ജീവിതം ത്യജിച്ചവരുമെല്ലാം പ്രവാസികളിലുണ്ട്. ലോഞ്ചിൽ വന്ന് കരയിലെത്തും മുമ്പ് മുങ്ങിമരിച്ചവർ. പതിറ്റാണ്ടുകൾ കടുത്ത ചൂടിൽ ഉരുകിയൊലിച്ചിട്ടും തണൽ സൃഷ്ടിക്കാനാവാത്തവർ. അവർക്കിടയിൽ ഇത്രയും സുന്ദരമായ ജീവിതം തന്നതിന് ദൈവത്തിന് നന്ദി പറയുകയാണ് മുഹമ്മദലി സൈഫുദ്ദീനും ഭാര്യ ഡോ. നസീമയും.
mfiroskhan@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.