അര്‍ജൻറീനയിലെ െഎ.എം.എഫ് വിരുദ്ധ കലാപം
text_fieldsഅര്‍ജൻറീനയില്‍ ഏതാനും മാസമായി പടര്‍ന്നുപിടിച്ച െഎ.എം.എഫ് വിരുദ്ധ കലാപം കൂടുതൽ ശക്തിയാർജിക്കുകയാണ്. ഒരു ജനതയാകെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവുംമൂലം ദുസ്സഹമായ കടക്കെണികളിലേക്ക് രാജ്യത്തെയും സാധാരണ മനുഷ്യരെയും തള്ളിവിടുന്ന, െഎ.എം.എഫിെൻറ ചൂഷണാധിഷ്ഠിതമായ നിരന്തരമായ ഇടപെടലുകള്‍ക്കും അതിനു അരുനില്‍ക്കുന്ന അര്‍ജൻറീനിയൻ പ്രസിഡൻറ് മൗറീസ്യോ മാകിരിയുടെ വലതുപക്ഷ നയങ്ങള്‍ക്കും എതിരെ, കഴിഞ്ഞ ദശാബ്ദത്തിൽ അര്‍ജൻറീന കണ്ട ഏറ്റവും വലിയ ജനകീയ കലാപമാണ് ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വ നീക്കങ്ങള്‍ക്കെതിരെ ഉണ്ടായ വൻ ജനകീയ പ്രക്ഷോഭങ്ങളുടെ തലത്തിലേക്ക് ഈ സമരവും വികസിക്കുന്നതായാണ് കാണാൻ കഴിയുന്നത്.
ഇത് കേവലം അര്‍ജൻറീനയുടെ മാത്രം പ്രശ്നമല്ലെന്നും െഎ.എം.എഫ് മുന്നോട്ടുവെക്കുന്ന സാമ്രാജ്യത്വ-ഫിനാന്‍സ് മൂലധന-കോർപറേറ്റ് ചൂഷണ സംവിധാനത്തിെൻറ ഇരകളാകുന്ന ദക്ഷിണാർധഗോള രാഷ്ട്രങ്ങളിലെ സാധാരണക്കാരായ മുഴുവൻ മനുഷ്യരുടെയുംകൂടി പ്രശ്നമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. വിശേഷിച്ചും െഎ.എം.എഫ് കഴിയുന്നത്ര ആഴത്തിൽ ഇൗ രാഷ്ട്രങ്ങളിലേക്ക് അവയുടെ ദേശീയ ഭരണകൂടങ്ങളെ മാത്രമല്ല, പ്രാദേശിക ഭരണകൂടങ്ങളെപ്പോലും പാട്ടിലാക്കി നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന വസ്തുത മറക്കാൻ കഴിയുന്നതല്ല. ഐ.എം.എഫിനും ലോകബാങ്കിനും ഒന്നും നേരിട്ട് അഴിമതി കാട്ടാൻ കഴിയില്ല എന്നതിനാലാവാം കോർപറേറ്റ് ഇടനിലക്കാരെ കൊണ്ടുവരുന്നത്. ലോകവ്യാപാര സംഘടനയുടെ ഉറുഗ്വായ്വട്ട ചര്‍ച്ചകളുടെ കാലത്ത് ഇടതുപക്ഷ ട്രേഡ് യൂനിയന്‍/സിവിൽ സമൂഹ ആക്ടിവിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന വലിയൊരു ആരോപണം, മൂന്നാംലോക രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെ സ്വാധീനിക്കാൻ കോർപറേറ്റുകള്തന്നെ വഴിവിട്ടു ശ്രമിക്കുന്നു എന്നതായിരുന്നു.
അവര്‍ക്കോ ബന്ധുക്കള്‍ക്കോ പലവിധ സൗകര്യങ്ങളും സഹായങ്ങളും നീട്ടുകയും അതിെൻറ പ്രലോഭനത്തിൽപെട്ട് അവർ യൂറോ-അമേരിക്കൻ താൽപര്യങ്ങളുടെ നടത്തിപ്പുകാരാവുകയും ചെയ്യുന്നുവെന്നത് അവഗണിക്കാനാകാത്ത ആരോപണമായിരുന്നു. കോർപറേറ്റ് അഴിമതിയുടെ ആഴങ്ങൾ അളന്നുതീര്‍ക്കാൻ കഴിയുന്നതല്ല. അക്കാലത്തെ പ്രതിരോധ സമ്മേളനങ്ങളിൽ പലതിലും പങ്കെടുത്തതിനാൽ പല മൂന്നാംലോക ദേശീയ ഭരണകൂടങ്ങളുടെയും നയങ്ങൾ മാറ്റിമറിക്കുന്നതിന് അവിടങ്ങളിലെ ജനപ്രതിനിധികളെത്തന്നെ വിലക്കെടുക്കാൻ സാമ്രാജ്യത്വ സ്ഥാപനങ്ങൾ ശ്രമിക്കുന്നതിെൻറ അണിയറക്കഥകൾ കേള്‍ക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ പ്രവണത തുടരുകയാണ്.
കേവലം രാഷ്ട്രങ്ങളുമായോ പ്രാദേശിക ഭരണകൂടങ്ങളുമായോ ഉള്ള പണമിടപാടുകളിൽ ഒതുങ്ങിനില്ക്കുന്നതല്ല െഎ.എം.എഫ് പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. അവക്ക് മൂന്നാംലോക രാജ്യങ്ങളുടെ അധികാരത്തിെൻറ ഇടനാഴികളില്‍ കോര്‍പറേറ്റ് ലാഭതാൽപര്യങ്ങളുടെയും ആഗോള മുതലാളിത്ത കേന്ദ്രങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളുടെയും പേരിലുള്ള ഉപജാപങ്ങളുടെ ദൃശ്യവും അദൃശ്യവുമായ കാർമികത്വവും നിര്‍വഹിക്കാനുണ്ടെന്ന് വളരെക്കാലമായി ഇടതുപക്ഷ നിരീക്ഷകരും സിവിൽ സമൂഹ സംഘടനകളും ട്രേഡ് യൂനിയൻ നേതൃത്വങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, കെ.പി.എം.ജി പോലുള്ള സ്ഥാപനങ്ങൾെഎ.എം.എഫുമായും ലോകബാങ്കുമായും ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവയാണ്. അവ വഴിയും അവരൊക്കെ നിർദേശിക്കുന്ന ഉപദേശകർ വഴിയും െഎ.എം.എഫ് വായ്പകൾ ഇത്തരം പ്രദേശങ്ങളുടെമേൽ അടിച്ചേൽപിക്കാൻ ലോകബാങ്ക് ശ്രമിക്കുന്നുവെന്നും കാണാൻ സാധിക്കും. ലോകബാങ്കും കെ.പി.എം.ജിയും ചേര്‍ന്ന് എല്ലാ വര്‍ഷവും നടത്തുന്ന ഫിനാന്‍സ് കോൺഫറന്‍സ് വളരെ രഹസ്യസ്വഭാവം ഉള്ളതാണ്. അതിെൻറ അജണ്ടയുടെ ആദ്യഭാഗം തന്നെ ഫിനാന്‍സ് വിപണിയിലെ സമകാലിക പ്രവണതകൾ വിലയിരുത്തുക എന്നതാണ്. ഇത് കെ.പി.എം.ജി പ്രതിനിധികളാണ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ഈ വിശകലനം അവതരിപ്പിക്കുന്നത് കെ.പി.എം.ജിയുടെ ബ്രിയാൻ സ്റ്റീഫന്‍സ് ആണ്. ഈ വാര്‍ഷിക കോൺഫറൻസിൽ ലോകബാങ്ക്, െഎ.എം.എഫ്, ഐ.എ.ഡി.ബി തുടങ്ങിയ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂവെന്ന് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട ഒാഡിറ്റിങ് സമ്മേളനം മാത്രമായി കാണാനാകില്ല. ഇത്തരം രഹസ്യസമ്മേളനങ്ങളിൽ ഉരുത്തിരിയുന്ന തന്ത്രങ്ങളാണ് ചെറുതും വലുതുമായ രീതികളിൽ പിന്നീട് നിസ്സഹായരായ മൂന്നാംലോക ജനതതിയുടെമേൽ അഴിമതിവീരരായ ഭരണാധികാരികളുടെ പിന്തുണയോടെ അടിച്ചേൽപിക്കുന്നത്. വലതുപക്ഷ സാമ്പത്തിക വിദഗ്ധരുടെ വലിയ കണ്ണിയെത്തന്നെ ഐ.എം.എഫിന് അകത്തും പുറത്തുമായി ഇതിനുവേണ്ടി എപ്പോഴും സജ്ജരാക്കിനിര്ത്തിയിട്ടുണ്ട്. ഇത്തരം സമ്മേളനങ്ങള്‍ക്ക് പരസ്യമായ അജണ്ടയും അജണ്ടക്കുള്ളിൽ രഹസ്യമായ അജണ്ടകളും ഉണ്ടാവുമെന്നതാണ് യാഥാർഥ്യം. നരേന്ദ്ര മോദിയുടെ വൈബ്രൻറ് ഗുജറാത്ത് മേളയിലെ പ്രധാന പങ്കാളിയായ കെ.പി.എം.ജി അതിനെ ഉപമിക്കുന്നത് ദാവോസിൽ എല്ലാവര്‍ഷവും നടക്കുന്ന ലോകമുതലാളിത്ത ചേരിയുടെ പ്രധാന ആഗോള സമ്മേളനമായ വേള്‍ഡ് ഇക്കണോമിക് ഫോറവുമായാണ്. കെ.പി.എം.ജിയുടെ ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ മേധാവി അരവിന്ദ് മഹാജനാണ് വൈബ്രൻറ് ഗുജറാത്ത് ഏഷ്യയുടെ ദാവോസാണെന്ന് പ്രഖ്യാപിച്ചത്. വിഡ്ഢികളും ദുർബലരും ജനവിരുദ്ധരും അഴിമതിക്കാരുമായ ഭരണാധികാരികളുടെ അഭയകേന്ദ്രങ്ങളാണ് ഇത്തരം സ്ഥാപനങ്ങൾ എന്ന വിലയിരുത്തലാണ് ലേബർ യൂനിയനുകളും സിവിൽ സമൂഹ പ്രസ്ഥാനങ്ങളും മുന്നോട്ടുെവക്കുന്നത്.
നവശതകത്തിെൻറ തുടക്കം മുതൽ ലോകമുതലാളിത്തം നേരിടുന്ന നിരന്തരമായ സാമ്പത്തിക കുഴപ്പങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിരുന്നവയെക്കാൾ പ്രശ്നസങ്കുലവും കൂടുതൽ ചെറിയ ഇടവേളകളിൽ ആവര്ത്തിക്കപ്പെടുന്നവയും ആവുകയാണ്.
ഇതിനുള്ള കാരണങ്ങൾ പലതാണ്. തൊണ്ണൂറുകളിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ആരംഭകാലം മുതല്‍തന്നെ ആഗോളമൂലധനം ഇരുപതാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിൽ പ്രത്യക്ഷമായിരുന്ന അതിെൻറ ആന്തരിക നിയമങ്ങളോട് വിടപറഞ്ഞുകൊണ്ട് കൂടുതൽ അസ്ഥിരതകൾ വികസ്വരതയുടെ മാനകമായി കാണുന്ന സംവിധാനത്തിലേക്ക് മാറിയിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ക്രിയാത്മകമായ സാങ്കേതിക നവീകരണം അനുവദിക്കുകയും അതിെൻറ ഫലമായുണ്ടാവുന്ന സാമ്പത്തികമായ അവ്യവസ്ഥകളെ വളര്‍ച്ചയുടെ അടിസ്ഥാനമായി കാണുകയും ചെയ്യുന്ന സമീപനമാണ് ആഗോള മുതലാളിത്തം ഈ കാലഘട്ടത്തിൽ സ്വീകരിച്ചതായി കാണുന്നത്. ഇതാവട്ടെ, നിരന്തരമായ ദേശീയ-അന്തര്‍ദേശീയ സാമ്പത്തിക അഴിച്ചുപണികള്‍ക്ക് കാരണമാവുകയും ദുർബല ജനവിഭാഗങ്ങളെ ദോഷമായി ബാധിക്കുന്ന നിരവധി സാമ്പത്തിക-ധനകാര്യനയങ്ങൾ നടപ്പാക്കപ്പെടുന്നതിനു കാരണമാവുകയും ചെയ്യുന്നു.
അര്‍ജൻറീനയിൽ ഇപ്പോൾ നടക്കുന്ന വലിയ ജനകീയ കലാപം ആരംഭിച്ചത് പ്രസിഡൻറ് മൗറീസ്യോ മാകിരി 5000 അമേരിക്കൻ ഡോളറിെൻറ െഎ.എം.എഫ് വായ്പ വാങ്ങാൻ തീരുമാനിച്ചതോടെയാണ്. മുൻകാലങ്ങളിൽ ഇത്തരം വായ്പകൾ വാങ്ങിയതിെൻറ ദുരനുഭവം ജനമനസ്സുകളിൽനിന്ന് മാഞ്ഞുപോയിട്ടില്ല. 2001-02 കാലത്തെ െഎ.എം.എഫ് വായ്പയുടെ അനന്തരഫലമാണ് ഇപ്പോൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള കുഴപ്പങ്ങൾ എന്നിരിക്കെ അതേ നയങ്ങളുടെയും സാമ്പത്തിക ക്രമീകരണങ്ങളുടെയും ആവര്‍ത്തനം കൂടുതൽ അരക്ഷിതാവസ്ഥയിലേക്കും അസ്ഥിരതയിലേക്കും പണപ്പെരുപ്പത്തിലേക്കും തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും ആയിരിക്കും ഈ വായ്പ രാജ്യത്തെ തള്ളിവിടുക എന്ന തിരിച്ചറിവില്‍നിന്നാണ് സിവിൽസമൂഹ സംഘങ്ങളും ലേബർ യൂനിയനുകളും ചേര്‍ന്ന് ഈ പ്രതിഷേധ സമരത്തിന് രൂപംനല്കിയിട്ടുള്ളത്.
അവിടത്തെ തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി വാള്‍ട്ടർ കോറിയ പറഞ്ഞത് തൊണ്ണൂറുകൾ മുതൽ അര്‍ജൻറീന പിന്തുടരുന്ന െഎ.എം.എഫിെൻറ നിയോ ലിബറൽ സാമ്പത്തിക നിർദേശങ്ങളും ഉപദേശങ്ങളുമാണ് നാട്ടിൽ ദുരിതവും ദാരിദ്ര്യവും നിരാശയും സൃഷ്ടിച്ചത് എന്നാണ്.
ഇത്തരം ഉപദേശങ്ങളെയും ഉപദേശികളെയും നാടിെൻറ പടികടത്തണം എന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ നടന്ന കൂറ്റൻ ജനകീയ റാലിയിൽ ജനക്കൂട്ടം ഉയര്‍ത്തിപ്പിടിച്ചത് ‘Contrael hambre y el ajuste’ (പട്ടിണിക്കും സാമ്പത്തിക ക്രമീകരണത്തിനും എതിരെ) എന്ന ബാനറായിരുന്നു. മാത്രമല്ല, ആ പ്രക്ഷോഭകർ മുഴക്കിയ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്ന് ‘സ്വാതന്ത്ര്യത്തിനു മേൽ അനുരഞ്ജനമില്ല’ എന്നതായിരുന്നു. ‘വേണ്ടാ വേണ്ടാ െഎ.എം.എഫ്’ എന്ന മുദ്രാവാക്യം പ്രതിഷേധ ജാഥയിലുടനീളം ഉച്ചത്തിൽ മുഴങ്ങിയിരുന്നു.
അര്‍ജൻറീനയിൽ ഫുട്ബാൾ കളി മാത്രമല്ല ഉള്ളത്. അത് സാമ്രാജ്യത്വവിരുദ്ധ സമരത്തിെൻറ സജീവമായ ഒരു പ്രക്ഷോഭകേന്ദ്രം കൂടിയാണ്. അവരുടെ രാഷ്ട്രീയാനുഭവങ്ങളില്നിന്ന് മറ്റു രാഷ്ട്രങ്ങളിലെ ഇടതുപക്ഷത്തിനും സിവിൽസമൂഹ പ്രസ്ഥാനങ്ങള്‍ക്കും ഏറെ പഠിക്കാനുണ്ട്.
െഎ.എം.എഫ് പോലുള്ള സാമ്രാജ്യത്വ സാമ്പത്തിക-ധനകാര്യ സ്ഥാപനങ്ങളിലെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് മുന്നിലെ ധൈഷണികാടിമത്തം കുടഞ്ഞുകളയാൻ അവിടത്തെ രാഷ്ട്രീയനേതൃത്വത്തെ നിര്‍ബന്ധിക്കുന്ന ഈ ജനകീയ പ്രക്ഷോഭത്തിെൻറ വെളിച്ചം ദക്ഷിണാർധഗോളത്തിലെ മുഴുവൻ പാര്‍ശ്വവത്കൃതരുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാർഗദര്‍ശനം നല്‍കുന്നതാണ്.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.