മുരുകൻ ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsവാഹനാപകടത്തിൽ അതിദാരുണമായാണ് മുരുകൻ മരിച്ചത്. അനേകം ആശുപത്രികളിൽ മുരുകനെ വഹിച്ചുകൊണ്ട് ആംബുലൻസ് കയറിയിറങ്ങിയെങ്കിലും വേണ്ടത്ര പരിചരണമോ ശ്രദ്ധയോ ലഭിച്ചില്ല എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നു. അപകടമുണ്ടായി മരണത്തിെൻറ വക്കിലെത്തിയ യുവാവിന് മനുഷ്യത്വത്തിെൻറ പേരിലെങ്കിലും ചികിത്സ ഉറപ്പാക്കേണ്ട ധർമം നമുക്കേവർക്കും ഉണ്ട്. അങ്ങനെ ഉണ്ടായില്ലെങ്കിൽ തുറന്ന മനസ്സോടെ ഒരാത്മപരിശോധനക്കു സമയമായി എന്നു നാം കാണണം.
മുരുകൻ സംഭവം മാധ്യമശ്രദ്ധ ആകർഷിച്ചതിനാൽ പല തലങ്ങളിൽ ചർച്ചചെയ്യപ്പെട്ടു. മനുഷ്യാവകാശ കമീഷൻ സ്വമേധയാ നടപടി ആരംഭിക്കുകയും കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. മറ്റ് ഏജൻസികളും അവരുടെ തലത്തിൽ അന്വേഷണങ്ങൾ നടത്തുന്നുമുണ്ട്. അപ്പോൾ മുരുകൻ സംഭവത്തിലെ നിയമവശങ്ങളോ നീതിനിഷേധമോ ഇവിടെ ചർച്ച ചെയ്യുന്നതിൽ ഇപ്പോൾ പ്രസക്തിയില്ല. വളരെ ഗൗരവമുള്ള മാനുഷിക വശങ്ങൾ അടങ്ങിയ സംഭവമായതിനാൽ അത് ചർച്ചചെയ്യാതെ പോകാൻ പാടില്ല.
മൂല്യാധിഷ്ഠിതവും നീതിപൂർവവുമായ പെരുമാറ്റ ഘടനയിലൂടെ മാത്രമേ ആധുനിക വൈദ്യശാസ്ത്രത്തിന് അതിെൻറ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകൂ. സർക്കാറിെൻറയോ പൊലീസിെൻറയോ മറ്റ് ഏജൻസികളുടെയോ ഇടപെടൽ ഇല്ലാതെതന്നെ നടക്കേണ്ട കാര്യവുമാണിത്. വൈദ്യശാസ്ത്ര സമൂഹത്തിെൻറയുള്ളിൽ നിന്നുതന്നെ ഉണ്ടാകുന്ന തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലാണ് കാലികപ്രസക്തമായ മൂല്യസങ്കൽപങ്ങൾ ഡോക്ടർ--രോഗി, ഡോക്ടർ--സമൂഹം എന്നീ തലങ്ങളിൽ സ്ഥാപിക്കപ്പെടുക. ഡോക്ടർമാരുടെയും സമൂഹത്തിെൻറയും ഇടയിൽ നിലനിൽക്കുന്ന സാങ്കേതിക പരിജ്ഞാനത്തിലെ അസന്തുലിതാവസ്ഥയും വൈദ്യശാസ്ത്രത്തിന് മനുഷ്യശരീരത്തിനുള്ളിൽ കടന്നുകയറാനുള്ള അഭൂതപൂർവമായ സാധ്യതകളും പരിഗണിക്കുമ്പോൾ മൂല്യബോധശാസ്ത്രം സാമൂഹികനീതിയുടെ അടിസ്ഥാന ശിലയാണെന്നു കാണാം.
രണ്ടു ചോദ്യങ്ങൾ പ്രസക്തമാണ്; രണ്ടും ലോകമെമ്പാടും വൈദ്യശാസ്ത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന സദാചാര മൂല്യസങ്കൽപവുമായി ബന്ധപ്പെട്ടതാണ്. ഒന്ന്, അപകടത്തിൽപെട്ട് മരണത്തിെൻറ വക്കിലെത്തിയ ഒരാളിനു വേണ്ടിവരുന്ന വൈദ്യസഹായങ്ങളിൽ തീരുമാനമെടുക്കാൻ ആർക്കൊക്കെയാണ് അവകാശമുള്ളത്? രണ്ട്, അബോധാവസ്ഥയിലായ മുരുകനെ ആംബുലൻസിൽ കയറ്റി അനേകം ആശുപത്രിപ്പടിക്കൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരും മുരുകനോടൊത്തു വന്നവരും തമ്മിലാവണമല്ലോ ചികിത്സ സംബന്ധിച്ച ചർച്ചകൾ നടന്നത്. നമ്മുടെ ആശുപത്രിസാഹചര്യം െവച്ചുനോക്കിയാൽ ഓരോ അത്യാഹിത വിഭാഗത്തിലും അനവധി പേർ ഇവരുടെ തർക്കവിതർക്കങ്ങൾ കണ്ടുകാണണം. അവർ വെറും കാഴ്ചക്കാരായി മാറിയതെന്തുകൊണ്ട്? അവർക്ക് സക്രിയമായ ഇടപെടൽ സാധ്യമാകാത്തതെന്തേ?
രോഗിയുടെ സമ്മതം
ഒരു വ്യക്തി രോഗാവസ്ഥയിൽ ചികിത്സക്കു വിധേയമാവുമ്പോൾ ചികിത്സകൻ അയാളുടെ സമ്മതം വാങ്ങിയിരിക്കണം. പലതരത്തിലുള്ള സമ്മതപത്രങ്ങൾ ചികിത്സകേന്ദ്രങ്ങളിൽ ഇന്ന് നിലവിലുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് പരിചിന്തിതമായ അനുമതിയാണ് (Informed consent). ഇത്തരം അനുമതിപത്രത്തിൽ രോഗത്തെപ്പറ്റിയുള്ള അറിവുകൾ, ചികിത്സയെക്കുറിച്ച് അവശ്യം വേണ്ടുന്ന വിവരങ്ങൾ, ചികിത്സയുടെ പാർശ്വഫലങ്ങളും സങ്കീർണതകളും, ചികിത്സിക്കാതിരുന്നാലുള്ള ഭവിഷ്യത്തുകൾ എന്നിവ രോഗിക്ക് വശമുള്ള ഭാഷയിൽ മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. ഏതാശുപത്രിയിലെയും സർവസാധാരണമായ നടപടിക്രമം മാത്രമാണിത്. മുരുകെൻറ കാര്യത്തിൽ ഈ സാധാരണത്വം അപ്രത്യക്ഷമായിരിക്കുന്നു. അബോധാവസ്ഥയിലാഴ്ന്ന മുരുകന് അനുമതി നൽകാനാവില്ലല്ലോ. രോഗിയുടെ അടുത്ത ബന്ധുക്കളാണ് രോഗിക്കുവേണ്ടി സമ്മതപത്രം ഇമ്മാതിരി സാഹചര്യങ്ങളിൽ പൂർത്തിയാക്കുന്നത്. അതും ഇവിടെ സാധ്യമല്ലാതെയായി. തിരുനെൽവേലിക്കാരനായ അദ്ദേഹത്തിെൻറ ബന്ധുക്കളാരും കൊല്ലം പട്ടണത്തിൽ ഇല്ല. നിയമപരമായി തീരുമാനങ്ങളെടുക്കാൻ നിയുക്തരായ -പവർ ഒാഫ് അറ്റോണി പോലെ- മറ്റാരുംതന്നെ ആംബുലൻസിൽ ഉണ്ടായിരുന്നുമില്ല. സജീവകാല ഒസ്യത്ത് അംഗീകരിക്കുന്നതിൽ ഇന്ത്യൻ നിയമം ഇപ്പോഴും വിമുഖത കാട്ടുന്നു. വിദഗ്ധർക്കുപോലും ആശയക്കുഴപ്പമുള്ള ഒസ്യത്ത് സാധാരണക്കാർ നടപ്പാക്കാൻ പ്രകാശവർഷങ്ങളെടുക്കും, നമ്മുടെ നാട്ടിൽ. സങ്കീർണതകളുള്ള ചികിത്സയെക്കുറിച്ചു മനസ്സിലാക്കി അനുമതി കൊടുക്കാൻ നിയുക്തരായ ആളിെൻറ അഭാവത്തിൽ ആരായിരിക്കും മുരുകെൻറ ഉത്തമ താൽപര്യങ്ങൾക്കനുസരിച്ചു പ്രവർത്തിച്ചിട്ടുണ്ടാവുക?
പത്ര റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ മുരുകനെ കൊണ്ടുപോയ ആശുപത്രികളിലെല്ലാം മുരുകനുവേണ്ടി ആശയവിനിമയം നടത്തിയത് ആംബുലൻസ് ഡ്രൈവർ ആയിരുന്നു. മുരുകന് തികച്ചും അപരിചിതനായ ആംബുലൻസ് ഡ്രൈവർ ആകസ്മികമായാണ് ഈ ദൗത്യം ഏറ്റെടുക്കേണ്ടിവന്നത്. ഇടപെട്ട ഡോക്ടർമാർക്കും ഇതിൽ അപാകതകളൊന്നും തോന്നിയതുമില്ല. മുരുകനെ സംബന്ധിച്ചിടത്തോളം തെൻറ അവസാന മണിക്കൂറുകളിൽ അപരിചിതനായ കടന്നുവന്ന ഡ്രൈവർ അനിയുക്ത രക്ഷാകർത്താവായി മാറുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന സാഹചര്യം എന്നനിലക്ക് കേരളത്തിലും ഇന്ത്യയിലെമ്പാടും ചർച്ചക്കു വരേണ്ട എത്തിക്സ് പ്രശ്നമാണിത്. വർഷത്തിൽ അയ്യായിരത്തോളം വാഹനാപകട മരണങ്ങൾ സംഭവിക്കുന്ന കേരളത്തിൽ അനിയുക്ത രക്ഷാകർതൃത്വം ഇടക്കിടെ വന്നുകൂടായ്കയില്ല.
അനിയുക്ത രക്ഷകർത്താക്കൾ
അനിയുക്ത രക്ഷകർത്താവുയർത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി പഠിക്കാൻ പല ശ്രമങ്ങളും വിദേശത്തുണ്ടായിട്ടുണ്ട്. അപരിചിതനായ ഒരുവൻ നല്ല സമരിയക്കാരനാകും എന്നതിനെന്തുറപ്പാണുള്ളത്? ലാഭേച്ഛയില്ലാതെ നിസ്വാർഥ സേവനത്തിനു തയാറാകുന്നവർ കുറവാണെന്നു പഠനങ്ങൾ കാട്ടുന്നു. ഡ്രൈവർ അയാളുടെ തൊഴിലിെൻറ ഭാഗമായി ചെയ്തുതുടങ്ങിയ പ്രവൃത്തി അനുതാപത്തിെൻറ നിലയിലേക്കുയർന്നു എന്നുതന്നെ സങ്കൽപിക്കാം. അങ്ങനെയെങ്കിൽ ഡ്രൈവർ തെൻറ തീരുമാനങ്ങൾ എടുക്കുമ്പോൾ മുരുകെൻറ ഉത്തമ താൽപര്യങ്ങൾ മനസ്സിൽക്കണ്ടുവോ എന്നു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ ആംബുലൻസ് പ്രവർത്തകർക്ക് അനുതാപത്തിലും ജീവിതാന്ത്യ ചികിത്സയുടെ തത്ത്വങ്ങളിലും പ്രത്യേക പരിശീലനം ആവശ്യമെന്ന് കാണണം. അനിയുക്ത രക്ഷാകർത്താവ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ, മരിച്ച വ്യക്തിയുടെ സ്വത്ത്, ആനുകൂല്യങ്ങൾ തുടങ്ങിയവ തീർപ്പാക്കാൻ സർക്കാറോ കോടതിയോ ഇൻഷുറൻസ് കമ്പനിയോ പൂർണമനസ്സോടെ തയാറാകുമോ എന്നും കണ്ടറിയേണ്ടതാണ്. തർക്കമുണ്ടാകുമ്പോൾ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്നു.
ആംബുലൻസ് മുരുകനുമായി ആറ് ആശുപത്രികളിലെങ്കിലും പോയിട്ടുണ്ട് എന്നുപറയുന്നു. ആറിലധികം ഡോക്ടർമാരും അത്രയെങ്കിലും മറ്റ് ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറുമായി ആശയവിനിമയം നടത്തിയിരിക്കണം. മുരുകനുവേണ്ടി തീരുമാനമെടുക്കാൻ ആംബുലൻസ് ഡ്രൈവർ മാത്രമേയുള്ളൂ എന്നറിഞ്ഞപ്പോൾ തീരുമാനങ്ങൾ പൂർണമായി അയാൾക്ക് വിട്ടുകൊടുക്കുന്നത് ഉചിതമാണെന്ന് ആരോഗ്യപ്രവർത്തകർ എങ്ങനെ തീരുമാനിച്ചു എന്നതാണ് നാം ആലോചിക്കേണ്ട എത്തിക്സ് പ്രശ്നം. മുരുകെൻറ അബോധാവസ്ഥ ഗ്ലാസ്ഗോ കോമ സ്കെയിൽ പ്രകാരം വളരെ താഴെയായിരുന്നുവെന്ന് കേൾക്കുന്നു. വെൻറിലേറ്റർ ചികിത്സപോലും ഗുണംചെയ്യാൻ സാധ്യതയില്ലാത്ത അവസ്ഥയിൽ പ്രായോഗിക ചികിത്സ എന്തെന്ന് പര്യാലോചിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവോ എന്ന് സംശയിക്കേണ്ടിവരുന്നു. പരിശീലനം കുറഞ്ഞ അനിയുക്ത രക്ഷാകർതൃത്വം നമ്മെ കൊണ്ടെത്തിക്കുന്ന ആശയക്കുഴപ്പം ഇതാണ്.
ഗൗരവമായ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നുണ്ട്: ഡോക്ടർമാർ ഉൾെപ്പടെയുള്ള ആരോഗ്യപ്രവർത്തകരും ഏതൊരു അത്യാഹിത വിഭാഗത്തിലും കാണാൻ സാധിക്കുന്ന കൂട്ടിരിപ്പുകാരും ഉൾെപ്പടെ അനേകം പേർ ഘട്ടംഘട്ടമായി വികസിച്ചുവന്ന മുരുകൻ സംഭവത്തിനു ദൃക്സാക്ഷികളായിരുന്നു. അത്യാസന്നനിലയിലുള്ള ഒരാൾ സഹായത്തിനെത്തുമ്പോൾ ചുറ്റുമുള്ളവർ വെറും കാഴ്ചക്കാരായി മാറുന്നു. ഒരു ബഹുനില മാളികയിലെ ലിഫ്റ്റിൽ കയറുന്ന അനുഭവമായി ഇതിനെ കാണാം. കയറുമ്പോൾ മറ്റുചിലർ ലിഫ്റ്റിൽ ഉണ്ടാകുമെങ്കിലും ആരെങ്കിലും ഉള്ളതായി നാം ഭാവിക്കാറില്ല; ലിഫ്റ്റിനുള്ളിലെ അന്യവത്കരണം സാമൂഹികശാസ്ത്ര ഗവേഷകർ പഠിക്കാൻ ശ്രമിക്കുന്നു. സിലിയ കിറ്റ്സിൻജർ (2002) പൊതുനന്മ എന്ന സങ്കൽപത്തെ അധികരിച്ചെഴുതിയ പ്രബന്ധം പഠിക്കാൻ ശ്രമിക്കുന്നതിതാണ്.
പരസ്പരം പരിചയമില്ലാത്ത അനവധി പേർ ഒന്നിച്ചുനിൽക്കുമ്പോൾ ഒരത്യാഹിതം സംഭവിച്ചാൽ ആരും മുന്നോട്ടുവരാറില്ല. ഇതിനുദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് അമേരിക്കയിൽ മുമ്പ് നടന്ന കിറ്റി ജീനോവേസ് കൊലപാതകമാണ്. ന്യൂയോർക്കിൽ നാൽപതോളം പേർ നോക്കിനിൽക്കെ ഒരാൾ കിറ്റിയെ അരമണിക്കൂർ നേരം തുടർച്ചയായി കുത്തി കൊലചെയ്തു. ആരും പ്രതികരിച്ചില്ല; പൊലീസിന് ഫോൺ ചെയ്തയാൾ വളരെ വൈകിയാണ് അങ്ങനെയൊരുദ്യമത്തിനു മുതിർന്നതുതന്നെ.
നിസ്വാർഥമായ സേവനം, സ്നേഹം, അനുതാപം തുടങ്ങിയ ഉത്കൃഷ്ട വികാരങ്ങളും നാം നിൽക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സിലിയ കിറ്റ്സിൻജർ എടുത്തുപറയുന്ന രണ്ടു പരീക്ഷണങ്ങൾ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ പരീക്ഷണത്തിൽ, കുറെ പേരുടെ മുന്നിൽവെച്ച് ഒരു ജീവനക്കാരനെ ഷോക്ക് ഏൽപിച്ചു വേദനിപ്പിക്കുന്നു. കണ്ടുനിൽക്കുന്നവരിൽ ചിലർക്ക് ഇതു സഹിക്കാനാവുന്നില്ല; അനുതപിക്കാൻ കഴിവുള്ള ഇവർക്ക് രണ്ടു രീതിയിൽ പ്രതികരിക്കാൻ അവസരം നൽകുന്നു. ജീവനക്കാരനു പകരം അവരിൽ ഒരാളിന് പരീക്ഷണക്കസേരയിൽ ഇരുന്നു ഷോക്ക് ഏൽക്കാം. അല്ലെങ്കിൽ മുറിവിട്ടുപോകാം. അനുതപിക്കുന്നവർ ആദ്യത്തെ രീതിയിൽ പ്രതികരിച്ചു. ലാഭേച്ഛയില്ലാതെ അപരിചിതെൻറ ദുഃഖത്തിൽ പങ്കുചേരാൻ അവർ തയാറായി എന്നർഥം.
എന്നാൽ, വ്യത്യസ്തമായ സാഹചര്യങ്ങൾ ഒരുക്കിയ മറ്റൊരു പരീക്ഷണത്തിൽ പരീക്ഷണമൃഗമായയാൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടിരിക്കണം. അയാളുടെ ഓരോ തെറ്റിനും മറ്റുള്ളവർ നിശ്ചിത അളവിൽ ശരീരത്തിൽ ഷോക്ക് ഏൽപിക്കും. തെറ്റുകൾ ആവർത്തിക്കപ്പെടുമ്പോൾ, ഷോക്കിെൻറ കാഠിന്യം ഏറി അപകടനിലയോളമെത്തും. നിർത്താൻ അനുവാദം ലഭിക്കാത്തതിനാൽ ഷോക്ക് വർധിപ്പിക്കുകയും അയാളുടെ ജീവൻതന്നെ പോയേക്കും എന്ന നിലവരെ സംഭവിച്ചു; അപ്പോഴും അവർ ഷോക്ക് തുടരാൻ വൈമുഖ്യം കാട്ടിയില്ല.
മനുഷ്യർ പൊതു ഇടങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താനുതകുന്ന പരീക്ഷണങ്ങളാണ് ഇവ. ബാഹ്യസമ്മർദങ്ങൾ ഇല്ലാത്ത സന്ദർഭങ്ങളിൽ നമുക്ക് വളരെവേഗം അനുതപിക്കാനാകുന്നു. എന്നാൽ, അധികാരത്തിെൻറ സമ്മർദം വന്നുകഴിഞ്ഞാൽ ക്രൂരമായി പോലും പെരുമാറാൻ സാധാരണക്കാർ മടിക്കാറില്ല. മുരുകൻ എത്തിയ സാമൂഹിക സാഹചര്യവും ഇതിൽനിന്നു വളരെ ഭിന്നമല്ല. അത്യാസന്ന നിലയിൽ അനേകം ഇടങ്ങളിൽ എത്തപ്പെട്ടിട്ടും നല്ല സമരിയക്കാരൻ അവിടെങ്ങും ഉയർന്നുവന്നില്ല. കൂടുതൽ മേന്മയുള്ള ചികിത്സ ഉറപ്പാക്കണം എന്ന നിർദേശവുമായി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ആരെയും നാമവിടെ കണ്ടില്ല. എല്ലാവരും സ്വന്തം മുഖം നഷ്ടപ്പെടാതിരിക്കാൻ പൊതുകാര്യങ്ങളിൽനിന്ന് അകന്നുനിൽക്കുന്നു. അധികാര സ്ഥാനങ്ങളിൽനിന്ന് ഉത്തരവുണ്ടായാൽ അനുതാപത്തിെൻറ ആദർശങ്ങൾ മാറ്റിവെച്ച് അധികാരശക്തികളെ പ്രീതിപ്പെടുത്താൻ നാം ശ്രമിക്കും.
മുരുകനുണ്ടായ അനുഭവം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല. ഒന്നുറപ്പുണ്ട്; മെഡിക്കൽ എത്തിക്സ് ശ്രദ്ധാപൂർവം പഠിക്കുന്നവരുടെ മനസ്സിനെ അലോസരപ്പെടുത്തുന്ന ഒന്നാണിത്. നിയമം എങ്ങനെ വ്യാഖ്യാനിച്ചാലും ശരി, എത്തിക്സ് സംവാദം തുടർന്നുകൊണ്ടിരിക്കണം. പ്രതിവർഷം ആയിരക്കണക്കിന് അപകടമരണങ്ങൾ ഉണ്ടാവുകയും മുപ്പതിനായിരം പേർ ശാരീരികക്ഷതം അനുഭവിക്കുകയും നാട്ടിൽ ഇമ്മാതിരി സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ചർച്ച അനിവാര്യമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.