നാം പഠിക്കുന്ന പ്രളയപാഠങ്ങള്‍
text_fieldsകേരളം ഇപ്പോൾ അഭൂതപൂർവമായ പ്രളയക്കെടുതികൾ നേരിടുന്നതിന് ഒറ്റ മനസ്സായി, ഒരു ശരീരമായി പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയിൽ ഞെട്ടിപ്പിക്കുന്ന കുപ്രചാരണങ്ങൾ ഉണ്ടായതായി സാമൂഹികമാധ്യമങ്ങളിൽ ചില സുഹൃത്തുക്കളില്‍നിന്ന് ഞാൻ മനസ്സിലാക്കുന്നു. കേരളത്തിന് സഹായം എത്തിക്കരുത് എന്നതരത്തില്‍, സര്‍ക്കാറിനെ സഹായിക്കരുത് എന്നതരത്തില്‍, പ്രചാരണങ്ങൾ ഉണ്ടായി എന്നത് എത്ര മലീമസമായ ഒരു കാലം കൂടിയാണിത് എന്ന ഓർമപ്പെടുത്തലാണ്.
കൊല്ലവർഷം 1099ലെ (ക്രിസ്തുവർഷം1924) വെള്ളപ്പൊക്കക്കാലത്താണ് അച്ഛൻ ജനിച്ചത്. അച്ഛന് ഇപ്പോള്‍ 95 വയസ്സാവുന്നു. വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍, ആരോഗ്യപ്രശ്നങ്ങൾ, അതിനെക്കാളെല്ലാമുപരി അമ്മയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള ദുഃഖങ്ങൾ ഒക്കെയായി കഴിയുകയാണ്. ചെറുപ്പകാലം മുതൽ അച്ഛൻ പറയുന്നതാണ് 1099ലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കേട്ടറിവുകള്‍. അതിലുമപ്പുറം അത് പറയാൻ അര്‍ഹതയുള്ള മറ്റൊരാൾ അതേക്കുറിച്ച് നിരന്തരം പറഞ്ഞിരുന്നു, അച്ഛെൻറ അമ്മ. അപ്പോൾ പെറ്റുവീണ കൈക്കുഞ്ഞുമായി ചുറ്റുംനിറയുന്ന പ്രളയജലത്തില്‍, ആധുനിക സൗകര്യങ്ങൾ അപൂര്‍വമായ കാലത്ത്, ഉള്ളവതന്നെ ലഭ്യമല്ലാതിരുന്ന ഒരു ഗ്രാമത്തില്‍, അന്നവും തീയുമില്ലാതെ കഴിഞ്ഞ ദിവസങ്ങളുടെ തീക്ഷ്ണമായ ഓർമകളായിരുന്നു അവ. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ ആ കാലത്തിെൻറ ഓർമകളില്‍നിന്ന് അദ്ദേഹം വീണ്ടെടുത്തതാണ്. ഒറ്റപ്പെട്ടുപോയ നായയുടെ കാഴ്ചപ്പാടിൽനിന്ന് പ്രളയത്തെ കാണുന്ന കഥ, ഭീതിദമായ ദുരന്തകാലത്ത് മനുഷ്യൻ ആത്യന്തികമായി സ്വന്തം ജന്തുതയിൽ ഒറ്റപ്പെട്ടുപോവുന്നതിനെക്കുറിച്ചു ഓർമിപ്പിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണത്. ഭാവുകത്വത്തിെൻറ തലത്തിൽ അത് മലയാളകഥയെ ഒരുപാട് മുന്നോട്ടുകൊണ്ടുപോയി.
പിന്നീട് സെക്രേട്ടറിയറ്റ് ലൈബ്രറിയിൽ ഗവേഷണസംബന്ധമായി വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചില ഔദ്യോഗിക റിപ്പോർട്ടുകൾ കാണാൻ ഇടയായത്. അക്കാലത്തും ഇത്തരം റിപ്പോര്‍ട്ടുകളിലെ ഔദ്യോഗികതയും ഔപചാരികതയും മടുപ്പിക്കുന്നതായിരുന്നു. തിരുവിതാംകൂർ സ്വതന്ത്ര നാട്ടുരാജ്യമായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിെൻറ രീതികൾ ഭരണത്തിൽ പിന്തുടര്ന്നിരുന്നു എന്ന് െറസിഡൻറുമാർ ഉറപ്പുവരുത്തിയിരുന്നു. അന്നത്തെ കൊളോണിയൽ ഭരണത്തിെൻറ ഭാഗമായുണ്ടായ ശീലങ്ങൾ ഇന്നും തുടരുകയാണല്ലോ. ഇവയിലെല്ലാം സുദീര്‍ഘമായ വിവരണങ്ങളും ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ നടപടികളെപ്പറ്റിയുള്ള നിർദേശങ്ങളും ഉണ്ടായിരുന്നു. സര്‍ക്കാർ എന്ന സംവിധാനം ഈ ഔപചാരികതകളുടേതാണ്. പലതും പലപ്പോഴും കേവലം റിപ്പോര്‍ട്ടുകൾ മാത്രമായി ഏതെങ്കിലും ഷെല്‍ഫിൽ ഒരു ചരിത്രകുതുകിയെ കാത്തോ കാക്കാതെയോ മുനിഞ്ഞിരിക്കും.
പ്രകൃതിയുടെ പ്രളയകേളിയായിരുന്നു1099ലെ വെള്ളപ്പൊക്കം. ഇപ്പോൾ പലരും പ്രകൃതിനാശമാണ് ഇത്തരം ദുരന്തങ്ങൾ സൃഷ്ടിക്കുന്നത് എന്ന വാദത്തെ ചോദ്യംചെയ്യാൻ ഇൗ പഴയ സംഭവം ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇന്നത്തെ തോതിൽ പ്രകൃതിനാശം സംഭവിച്ചിട്ടില്ലാത്ത അക്കാലത്ത് ഇതിലും വലിയ വെള്ളപ്പൊക്കം ഉണ്ടാകാമെങ്കിൽ ഇൗ കാര്യകാരണബന്ധത്തിൽ എന്ത് കഥയാണുള്ളത് എന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ടു കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഓര്‍ക്കേണ്ടതുണ്ട്. ഒന്നാമതായി, പ്രകൃതിദുരന്തങ്ങൾ എപ്പോഴും മനുഷ്യെൻറ ഇടപെടൽകൊണ്ട് മാത്രം ഉണ്ടാവുന്നതല്ല എന്നതു ശരിയാണ്. ലോകജനസംഖ്യ തീരെ കുറഞ്ഞിരുന്ന നൂറ്റാണ്ടുകളില്‍, പ്രകൃതിയുടെമേൽ മനുഷ്യാധ്വാനം കഠിനമായി പ്രഹരങ്ങൾ എൽപിച്ചിട്ടില്ലാത്ത കാലങ്ങളിൽ മഹാരോഗങ്ങളും മഹാമാരികളും കടൽക്ഷോഭങ്ങളും ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. പ്രകൃതിക്ക് അതിേൻറതായ സന്തുലനങ്ങൾ തീര്‍ച്ചയായുമുണ്ട്. ടെക്റ്റോണിക് വ്യതിയാനങ്ങൾ കൊണ്ട് ഭൂഖണ്ഡങ്ങളുടെ തന്നെ മുഖച്ഛായ മാറിയത് മനുഷ്യ ഇടപെടൽ കൊണ്ടല്ല. എന്നാൽ, മനുഷ്യെൻറ ഇടപെടലുകൾ കൊണ്ട് ഒരുവിധ മാറ്റവും ഉണ്ടാവുന്നില്ല എന്ന് കരുതുന്നത് മൗഢ്യമാണ്. മാര്ക്സിെൻറയും എംഗല്സിെൻറയും കാലത്ത് മൂലധനത്തെക്കുറിച്ച് ചിന്തിക്കുന്ന കൂട്ടത്തിൽ പലയിടത്തും മനുഷ്യെൻറ ഇടപെടൽ പ്രകൃതിയിൽ സൃഷ്ടിക്കുന്ന വ്യതിയാനങ്ങൾ മുതലാളിത്തകാലത്ത് സാരമായ വിള്ളലുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചുംസൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഇതിനർഥം മനുഷ്യരുടെ ഇടപെടലുകളും പ്രകൃതിയുടെ പ്രതികരണങ്ങളും തമ്മിൽ നമുക്ക് ഉടനടി ചേര്‍ത്തുവെക്കാവുന്നതും കാര്യകാരണബദ്ധവും സുതാര്യവും പ്രശ്നരഹിതമായതുമായ ഒരു രേഖീയബന്ധം നിലനില്‍ക്കുന്നുണ്ട് എന്നല്ല.
രണ്ടാമതായി,1924ലെ വെള്ളപ്പൊക്കം ഉണ്ടാവുന്നത് 19ാം നൂറ്റാണ്ടിെൻറ രണ്ടാം പകുതിയിൽ കേരളത്തിലുണ്ടായ വ്യാപകമായ പാരിസ്ഥിതിക പരിവര്‍ത്തനങ്ങളുടെ സമ്മർദത്തിലാവാം എന്നതുകൂടി ആലോചിക്കേണ്ടതുണ്ട്. തീരദേശത്തെ തുറുമുഖ വികസനങ്ങള്‍, ഇടനാട്ടിലെ കാര്‍ഷികവികസനം, കൊളോണിയൽ ആവശ്യങ്ങള്‍ക്കായുള്ള വനനശീകരണം, മലനിരകളിൽ ബ്രിട്ടീഷ് മൂലധനം കൊണ്ടുവന്ന തോട്ടകൃഷി, ഇടനാട്ടിലെ കാര്‍ഷികപ്രതിസന്ധിയുടെ ഫലമായി വർധിച്ചുവന്ന മലയോരകൃഷിയും കാടെരിച്ചുള്ള കൃഷിയും നദികള്‍ക്ക് സമാന്തരമായി ആഗോളവിപണിയിലേക്ക് മലഞ്ചരക്ക് എത്തിക്കുന്നതിന് പണിത റോഡുകൾ തുടങ്ങി നിരവധി കാരണങ്ങളുടെ ഒരു സഞ്ചിത പര്യവസാനം കൂടിയായിരുന്നിരിക്കാം ആ പ്രളയദുരന്തം.
കേരളത്തെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന് മാത്രമായി ഒരു സംരക്ഷണസങ്കൽപം സാധ്യമല്ല. പശ്ചിമഘട്ടം എന്നത് തീരപ്രദേശവുമായും ഇടനാടുമായും ബന്ധമില്ലാതെ നില്ക്കുന്ന പരിസ്ഥിതിമേഖലയല്ല. ഏതാണ്ട് 11 മുതൽ 120 വരെ കിലോമീറ്റർ ദൂരം അകലം മാത്രമേ മലനാടും തീരപ്രദേശവും തമ്മിൽ നിലനില്ക്കുന്നുള്ളു. കടലും അതിനോട് ചേര്‍ന്ന നാടും മലയും എന്ന സങ്കീർണമായ ഒരൊറ്റ പരിസ്ഥിതിമേഖലയായി വേണം കേരളത്തെ കണക്കാക്കാന്‍. ഇടനാടുതന്നെ നിരവധി ജലാശയങ്ങൾ നിറഞ്ഞ അതീവ ദുർബലമായ ഒരു ഭൗമഖണ്ഡമാണ്. ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കുക എന്ന ആവശ്യത്തിനു ഈ പ്രളയാനുഭവത്തിെൻറ പശ്ചാത്തലത്തിൽ ശക്തി കൂടിയിട്ടുണ്ട്. എന്നാൽ, പ്രധാനമായിട്ടുള്ള കാര്യം, അത്യാവശ്യം രാഷ്ട്രീയബോധത്തോടെയും, കര്‍ഷകരെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന ചില നിർദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയും ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പിൽവരുത്തിയാൽ പോലും തീരുന്നതല്ല കേരളത്തിെൻറ പാരിസ്ഥിതികപ്രശ്നം എന്നതാണ്. മലനാട്ടിലെേപാലെ ഇടനാട്ടിലും മണ്ണും കല്ലും ജലവും കൃഷിഭൂമിയും ഉപയോഗിക്കുന്ന രീതികൾ നിയന്ത്രിക്കുന്നതടക്കമുള്ള നിയമങ്ങൾ കര്‍ശനമായി നടപ്പാക്കുക എന്നത് അടിസ്ഥാന സമീപനമായി കണക്കാക്കുന്ന, സമഗ്രമായ ഒരു പരിപ്രേക്ഷ്യമാണ് സംസ്ഥാനത്തിന് ആവശ്യം. പശ്ചിമഘട്ട സംരക്ഷണം എന്ന മുദ്രാവാക്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാകണമെങ്കിൽ അവശിഷ്ട പ്രദേശങ്ങളില്‍കൂടി കര്‍ശനമായ പരിസ്ഥിതിനിയമങ്ങൾ നടപ്പാക്കേണ്ടതുണ്ട് എന്നതാണ് നാം പലപ്പോഴും വിസ്മരിക്കുന്ന യാഥാർഥ്യം.
കേരളത്തിലിപ്പോൾ നടക്കുന്ന പരിസ്ഥിതിസമരങ്ങൾ പലതും ഈയൊരു വസ്തുതകൂടി മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. നെല്‍വയൽ നികത്തുന്നതിനെതിരെയുള്ള കീഴാറ്റൂർ സമരമാവട്ടെ, പുഞ്ചക്കാട്-കണ്ടങ്കാളി സമരമാവട്ടെ, പാനൂര്‍, പുതുൈവപ്പ് സമരങ്ങളാവട്ടെ, തുരുത്തി ദലിത് ആദിവാസി സമരമാവട്ടെ, ഇവിടത്തെ ആവാസവ്യവസ്ഥയിൽ ഇടനാടിെൻറയും തീരദേശത്തിെൻറയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്നവയാണ് എന്ന് കാണാൻ കഴിയും. ഇവ കൂടാതെ, കേരളത്തിെൻറ മറ്റു പല പ്രദേശങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള, പ്രാദേശിക പരിസ്ഥിതി വിഷയങ്ങൾ ഉയര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭ സമരങ്ങളായാലും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തിെൻറ ഭേദഗതികള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ഉയര്‍ന്നുവന്നിട്ടുള്ള പ്രക്ഷോഭമായാലും അവയിലെല്ലാം ഈ അടിസ്ഥാനധാരണ അടങ്ങിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അതിരപ്പള്ളിയും വിഴിഞ്ഞവും അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങളും സര്‍ക്കാറും തമ്മിലുണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ കേവലം ഉപരിതല സ്പർശികളല്ല. അതിദുർബലമായ ഒരു ജൈവവ്യവസ്ഥയുടെ ഭാഗമായി ഭൗമശാസ്ത്രപരമായി പരസ്പരബന്ധത്തില്‍ നിലനില്‍ക്കുന്ന വിവിധ ഭൂവിഭാഗങ്ങളുടെ സംയുക്തമാണ് കേരളം എന്നും എവിടെയെങ്കിലും ഒരു പ്രദേശത്തുമാത്രമായല്ല, മറിച്ചു സമഗ്രമായി കേരളമൊട്ടാകെ അതിജാഗ്രതയോടെ സമീപിക്കേണ്ട അടിയന്തര പ്രശ്നമാണ് പരിസ്ഥിതിസംരക്ഷണം എന്നുമുള്ള തിരിച്ചറിവാണ് ജനകീയ സമരങ്ങളെ, ഈ കാര്യങ്ങളിലൊക്കെ, സര്‍ക്കാർ നിലപാടുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
1924ലെ വെള്ളപ്പൊക്കം ഉണ്ടായി ഏതാണ്ട് 100 വർഷം കഴിഞ്ഞാണ് സമാനമായ മറ്റൊരു വെള്ളപ്പൊക്കം ഇപ്പോൾ ഉണ്ടാവുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി മഴക്കാലത്തുണ്ടാവുന്ന ദുരിതങ്ങൾ സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവുന്നത് ഒരു പ്രളയദുരന്തത്തിന് വളരെ എളുപ്പത്തിൽ ഇരയാകാനിടയുള്ള ഒരു പരിസ്ഥിതിലോല പ്രദേശമാണ് കേരളം എന്നുതന്നെയാണ്. ഒരു വശത്ത് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാൻ മാനസികമായും സാങ്കേതികമായും തയാറെടുപ്പുകൾ ഉണ്ടാവേണ്ടതുണ്ട് എന്നതിന് അടിവരയിടുമ്പോള്ത്തന്നെ, അത്തരമൊരു ദുരന്തം ഒഴിവാക്കാനോ അതിെൻറ ആഘാതത്തിെൻറ ആക്കം കുറക്കാനോ കഴിയുന്ന പരിസ്ഥിതി നീതിയും കൂടി നാം ഭൗതികമായ അർഥത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും വെടിഞ്ഞുകൊണ്ട്, ഈ സത്യം നമ്മൾ ആഴത്തിൽ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.