അഭയാർഥികളും ആരോഗ്യ പ്രശ്നങ്ങളും
text_fieldsസ്വന്തം രാജ്യങ്ങളിൽനിന്ന് പല കാരണങ്ങളാൽ പിഴുതുമാറ്റപ്പെട്ട് അന്യദേശങ്ങളിൽ പാർക്കേണ്ടിവരുന്നവരുടെ സംഖ്യ വർധിച്ചുവരുന്നു. കൂട്ട പലായനത്താൽ ഇതര രാജ്യങ്ങളിൽ എത്തപ്പെടുന്നവരുടെ ജീവിതാനുഭവം ലോകമെമ്പാടും സങ്കീർണവും ക്ലേശകരവുമാണ്. അതിനാലാണ് അഭയാർഥികളുടെ ജീവിതവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഐക്യരാഷ്ട്രസഭ ഒരു സ്വതന്ത്ര ഏജൻസി സ്ഥാപിച്ചിട്ടുള്ളത്. പ്രസ്തുത യു.എൻ കമീഷൻ, ലോകാരോഗ്യസംഘടന എന്നിവയുടെ പ്രവർത്തനങ്ങളാണ് അഭയാർഥികളുടെയും ആതിഥേയ രാജ്യങ്ങളുടെയും മേൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്വെളിച്ചംവീശുന്നത്.
ഇന്ത്യക്ക് വ്യക്തമായ അഭയാർഥി നിയമങ്ങളില്ല. അതിനാൽ കാലാകാലങ്ങളിൽ ഉണ്ടാകാവുന്ന അഭയാർഥിപ്രവാഹം നേരിടാൻ തത്സമയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതായിവരുന്നു. ഇപ്പോൾ ഇന്ത്യയിൽ രണ്ടുലക്ഷത്തിനും മൂന്നുലക്ഷത്തിനും ഇടയിൽ അഭയാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഇവർ പ്രധാനമായും ബംഗ്ലാദേശ്, ശ്രീലങ്ക, തിബത്ത്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നെത്തിയവരാണ്. വിഭജനകാലത്തെ കൂട്ടപലായനം ഇതിൽ പെടുന്നില്ല. അഭയാർഥി എന്ന പദവിയിൽത്തന്നെ ദശകങ്ങളായി കഴിയേണ്ടിവരുന്നവരുടെ ജീവിതരീതികളും സാമൂഹികാരോഗ്യ പ്രശ്നങ്ങളും നാം വിശദമായി പഠിച്ചിട്ടുമില്ല. പല റിപ്പോർട്ടുകളും പറയുന്നത് വർഷങ്ങളായി ക്യാമ്പുകളിലോ ചേരികളിലോ കഴിയുന്ന അഭയാർഥികൾ അനവധിയാണെന്നുതന്നെ. രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ കഴിയുന്ന അഭയാർഥികളുടെ ജീവിതനില മെച്ചപ്പെടുത്തിയില്ലെങ്കിൽ സാമൂഹികാരോഗ്യ പ്രശ്നമായി പരിണമിക്കും.
ഭാട്ടിയ, റൗലെ എന്നിവർ 2002ൽ തിബത്തൻ അഭയാർഥികളുടെ ജീവിതസാഹചര്യം വിശകലനം ചെയ്യുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. ഏകദേശം 55,000 തിബത്തൻ അഭയാർഥികൾ 37 അധിവാസകേന്ദ്രങ്ങളിൽ താമസിക്കുന്നു. അവരിലാണ് പഠനം നടത്തിയത്. തിബത്തിൽ നിന്നെത്തിയവരിൽ അധികവും നിരക്ഷരർ ആയിരുന്നു. എന്നാൽ ഇന്ത്യയിൽ ജനിച്ചവർക്ക് സെക്കൻഡറിതല വിദ്യാഭ്യാസം സിദ്ധിച്ചിട്ടുണ്ട്. ജനനനിരക്ക് ക്രമേണ കുറയുകയും വയോജനസംഖ്യ കൂടിവരുകയും ചെയ്യുന്നു. മാത്രമല്ല, 15നും 25നും ഇടയിൽ പ്രായമുള്ളവർ താരതമ്യേന കൂടുതലാണ്. കുട്ടികളിൽ 50 ശതമാനം പേർക്കുമാത്രമാണ് വാക്സിനുകൾ ലഭിച്ചിട്ടുള്ളത്. മരണകാരണങ്ങളിൽ പ്രധാനമായവ യഥാക്രമം കാൻസർ, ക്ഷയം, അപകടങ്ങൾ, കരൾ - ഹൃദയ രോഗങ്ങൾ എന്നിവയാണ്. ആരോഗ്യസ്ഥിതി പരിഗണിച്ചാൽ അവികസിത സമൂഹങ്ങളുടെയും മധ്യവർത്തിസമൂഹങ്ങളുടെയും ഇടയിലാണ് ഇവരുടെ നില എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. ക്ഷയരോഗം വളരെ വ്യാപകമായി കാണപ്പെടുന്നു. തൊഴിൽരഹിതരിൽ ആയിരത്തിൽ ഇരുപതിലധികം പേർക്കും മറ്റുള്ളവരിൽ ശരാശരി 15ൽപരം പേർക്കും ക്ഷയരോഗമുണ്ട്; ബുദ്ധഭിക്ഷുക്കളിലും ക്ഷയരോഗസാന്നിധ്യം വിരളമല്ല.
തിബത്തിൽ നിന്നെത്തിയവർ ഇവിടെ പാർക്കാൻ തുടങ്ങിയിട്ട് 50 വർഷത്തിലധികമായി. അങ്ങനെയുള്ള സമൂഹത്തിെൻറ സാമൂഹികസ്ഥിതിയാണ് മേൽ വിവരിച്ചത്. അഭയാർഥിജീവിതത്തിൽപെട്ടവർക്ക് രണ്ടുതലമുറക്കാലം കൊണ്ടുപോലും മുഖ്യധാരക്കൊപ്പം എത്താനാവില്ല എന്ന് പഠനം സൂചിപ്പിക്കുന്നു. ഇത് അവരെ മാത്രമല്ല നമ്മുടെ പൊതുസമൂഹത്തെയും ബാധിക്കുന്ന കാര്യമാണല്ലോ. ഫിലിപ്പ് ഹണ്ടർ ‘ശാസ്ത്രവും സമൂഹവും’ എന്ന ജേണലിൽ ‘രാഷ്ട്രങ്ങളുടെ ആരോഗ്യ സംവിധാനത്തെ അഭയാർഥിപ്രശ്നം സമ്മർദത്തിലാക്കും’ എന്നൊരു ലേഖനം (2016) എഴുതി. അഭയാർഥികളുടെ സമ്മർദം ഏറ്റവും കൂടുന്നത് വികസ്വരരാജ്യങ്ങളിലാണ്. ഉദാഹരണത്തിന് ലബനാൻ എന്ന ചെറുരാജ്യത്തിെൻറ ജനസംഖ്യ 2016ൽ 25 ശതമാനത്തോളം വർധിച്ചു. ഇത്തരം വൻ വർധന വികസ്വര രാജ്യത്തിെൻറ ആരോഗ്യസംവിധാനത്തിനു താങ്ങാവുന്നതിനും അപ്പുറമാണ്.
ശാരീരിക മാനസിക പ്രയാസങ്ങൾ
അഭയാർഥികളിൽ വ്യാപകമാകുന്ന പട്ടിണി, പോഷകദൗർലഭ്യ രോഗങ്ങൾ, കരൾവീക്കം, അണുബാധ എന്നിവ പെട്ടെന്ന് കണ്ടെത്താനാവും. പക്ഷേ, ജീവിതശൈലീരോഗങ്ങൾ എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവ പ്രത്യേകിച്ചൊരു ശൈലിയും എടുത്തുപറയാനില്ലാത്ത ഇവരിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു? ജോർഡനിൽ താമസിക്കുന്ന സിറിയൻ അഭയാർഥികളിൽ 50 ശതമാനത്തിലധികം പേർക്ക് ജീവിതശൈലീരോഗങ്ങളിൽ ഒന്നെങ്കിലും കാണപ്പെടുന്നു. ഇതുപോലെ മാനസിക സമ്മർദം, വിഷാദരോഗം എന്നിവയും വ്യാപകമാണ് കുടിയേറ്റക്കാരിൽ. വിഷാദരോഗം, ഉത്കണ്ഠ എന്നിവ ബാധിച്ചുകഴിഞ്ഞാൽ അവർ ശാരീരിക പ്രശ്നങ്ങളിൽ ചികിത്സാപ്രാപിക്കുന്നതിൽ ശ്രദ്ധാലുക്കളല്ലാതാവും. മനസികരോഗങ്ങൾ ഒരാൾ അഭയാർഥിയായി എന്നതുകൊണ്ടുമാത്രം ഉണ്ടാകുന്ന അവസ്ഥയല്ല; പ്രവാസത്തിലെ നിരന്തരമായ പ്രതികൂലാവസ്ഥകളും പരിരക്ഷ ലഭ്യമാകാത്തതും തുടർച്ചയായ സംഘർഷങ്ങളും ഒക്കെ കാരണങ്ങളാണ്.
തുർക്കിയിൽ 25 ലക്ഷം കുടിയേറ്റക്കാരുണ്ടിപ്പോൾ. അതിൽ 10 ശതമാനം പേർ മാത്രമാണ് സർക്കാർ ക്യാമ്പുകളിൽ കഴിയുന്നത്. പുറത്തുള്ളവർക്കുവേണ്ടി ആരോഗ്യസംരക്ഷണം നൽകുക എന്നത് ആ രാജ്യത്തിന് താങ്ങാവുന്നതിലൂം കൂടുതൽ ഭാരമേൽപിക്കും. യൂറോപ്പിലെ ചെറുരാജ്യങ്ങളിൽ പോലും ലക്ഷക്കണക്കിന് കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്നു. വേണ്ടത്ര വിഭവങ്ങൾ ലഭ്യമല്ലാത്തതിനാൽ ആരോഗ്യസേവനങ്ങൾ അവരിലെത്തിക്കാൻ വൈകും; തദ്ദേശ ഭാഷ കൂടാതെ അറബിയും സംസാരിക്കുന്നവർ വേണ്ടത്രയില്ലാത്തതിനാൽ ആശയവിനിമയവും ബുദ്ധിമുട്ടാകും. കോളറ, മലേറിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും അയൽരാജ്യങ്ങളിലേക്ക് പടരാനും ഉള്ള സാധ്യത ആശങ്കജനകമാണ്.
ആരുവഹിക്കണം ചികിത്സാചെലവ്?
കുടിയേറ്റക്കാരുടെ ആരോഗ്യത്തിനുവേണ്ടി ആതിഥേയ രാജ്യം പണം െചലവാക്കേണ്ടതുണ്ടോ എന്നത് ആരോഗ്യനൈതികതയെ സ്പർശിക്കുന്ന ചോദ്യമാണ്. ബാൽക്കൻ പ്രദേശങ്ങളിൽനിന്ന് ജർമനിയിലേക്ക് അഭയാർഥികളുടെ ഒഴുക്ക് വർധിച്ചപ്പോൾ, കുടിയേറ്റപ്രവാഹം നിരുത്സാഹപ്പെടുത്താൻ ജർമനി ചെയ്തത് അവരുടെ ആരോഗ്യസേവനം വെട്ടിച്ചുരുക്കുക എന്നതായിരുന്നു. ഏതാണ്ട്, 1994 മുതൽ 2013 വരെ ഇത് തുടർന്നു. ഇതേ കാലയളവിൽ കുടിയേറ്റക്കാരിൽ അത്യാഹിതചികിത്സകൾ കൂട്ടുകയും പ്രതിശീർഷ െചലവ് വർഷംതോറും 375 യൂറോ എന്നനിലയിലാകുകയും ചെയ്തു. ആരോഗ്യസംരക്ഷണത്തിെൻറ കണ്ണിലൂടെ നോക്കിയാൽ അഭയാർഥികളെ ഒരു കോളനിയായി കാണുന്നത് പലപ്പോഴും ഗുണെത്തക്കാൾ ദോഷമാവും ചെയ്യുക.
ജെയ്ൻ ഫ്രീഡ്മാൻ (2016) അഭയാർഥി സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ പഠിക്കുകയുണ്ടായി. ഇത് വ്യക്തമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്നതിൽ സംശയം വേണ്ട. ഇപ്പോൾ അഭയാർഥികളിൽ 20% മാത്രമാണ് സ്ത്രീകൾ. പലപ്പോഴും ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ അനുഭവിച്ചിട്ടാണ് അവർ രാജ്യം വിട്ടുപോകുക; അപ്പോൾ അവർ വർധിച്ച മാനസിക സമ്മർദത്തിലും ഉത്കണ്ഠയിലും ആയിരിക്കും. സ്വന്തം നാട്ടിൽ അതിക്രമം നേരിടേണ്ടിവന്നതിനാൽ നാടുവിടേണ്ടി വരുന്നവർ ആദ്യം ചെയ്യുന്നത് മനുഷ്യക്കടത്ത് നടത്തുന്ന ഒരേജൻറിനെ അന്വേഷിക്കുകയാണ്. അയാൾ വഴിയാണ് മിക്കവാറും എല്ലാവരും കടൽ കടന്ന് യൂറോപ്പിലെത്തുക. പലപ്പോഴും മനുഷ്യക്കടത്തുകാരോ അവരുടെ ഏജൻറുമാരോ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കും. യൂറോപ്പിലെത്തിയാൽ അവിടള്ള ഉദ്യോഗസ്ഥരോ അവരുടെ ഏജൻറുമാരോ ലൈംഗികചൂഷണത്തിന് ശ്രമിക്കുകയോ ശാരീരികക്ഷതം ഏൽപിക്കുകയോ ചെയ്യാം.
പദ്ധതികൾ പുനരാവിഷ്കരിക്കണം
അതിനാൽത്തന്നെ കുടിയേറ്റക്കാരിൽ വർധിച്ചയളവിൽ ലൈംഗികരോഗങ്ങൾ, ശാരീരികക്ഷതങ്ങൾ, എച്ച്.ഐ.വി അണുബാധ എന്നിവ കാണാനിടയുണ്ട്. അവർക്ക് വേണ്ടരീതിയിൽ വൈദ്യസഹായവും ലൈംഗിക ബോധവത്കരണവും സെയിഫർ സെക്സ് രീതികളും എത്തിക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ പ്രധാനപ്പെട്ട റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ ഒന്ന് കോക്സ് ബസാർ ആണ്. റോഹിങ്ക്യൻ അഭയാർഥികൾ ആരോഗ്യത്തിലും വാക്സിൻ പരിരക്ഷയിലും പിന്നിലുമാണ്. ഇത് മറികടക്കാൻ ഏഴര ലക്ഷം പേർക്ക് കോളറ വാക്സിനും മൂന്നര ലക്ഷം കുട്ടികൾക്ക് എം.ആർ വാക്സിനും ഏതാനും ആഴ്ചക്കുമുമ്പ് കൊടുത്തുതീർത്തു. പക്ഷേ ഈ മാസം, ഡിസംബർ 2017ൽ, നൂറിലധികം പേരിൽ ഡിഫ്ത്തീരിയ രോഗം കണ്ടെത്തി. ഇതിനകം ആറു പേർ മരിക്കുകയും ചെയ്തു. ഉടൻ തന്നെ ഡിഫ്ത്തീരിയ വാക്സിൻ പ്രോഗ്രാം ആരംഭിച്ചില്ലെങ്കിൽ രോഗം ചുറ്റിലും പടരുകയും വലിയ താമസമില്ലാതെ ഇന്ത്യയിൽ എത്തുകയും ചെയ്യാം. അഭയാർഥികളുടെ ആരോഗ്യ പ്രശ്ന പരിഹാര സംവിധാനങ്ങളും പുനരധിവാസവും സമഗ്ര പദ്ധതിയുടെ അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കാനുള്ള സമയമായി എന്ന് തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.