വിവരാവകാശ നിയമത്തിന് കൊമ്പുണ്ടോ?
text_fieldsഅതുതന്നെയാണ് ചോദ്യം, വിവരാവകാശ നിയമത്തിന് കൊമ്പുേണ്ടാ? മുൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഡസനോളം വരുന്ന കോൺഗ്രസ് നേതാക്കൾ സംസ്ഥാന സർക്കാറിനു മുന്നിൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നു!
സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ സർക്കാറിനു സമർപ്പിച്ച 1073 പേജുള്ള റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെടുകയും തുടർന്ന് നിയമനടപടികൾ നേരിടുകയും ചെയ്യുന്നവരാണ് വിവരാവകാശ നിയമത്തിൽ അഭയം പ്രാപിച്ചിരിക്കുന്നത്.
ഇത് കാവ്യനീതി
വിവരാവകാശ നിയമത്തിെൻറ വ്യാപ്തിയെ പരിമിതപ്പെടുത്തുകയും സുപ്രധാനമായ പല വിവരങ്ങളും ജനങ്ങൾക്ക് വിലക്കുകയും ചെയ്തത് മുൻ യു.ഡി.എഫ് സർക്കാറാണ്. ആ സർക്കാറിന് നേതൃത്വം നൽകിയ ഉമ്മൻ ചാണ്ടിയാണ് ആർ.ടി.െഎ അപേക്ഷയുമായി ഇപ്പോൾ മുഖ്യമന്ത്രിയുടെ ഒാഫിസിനു മുന്നിൽനിൽക്കുന്നത് എന്നത് കാവ്യനീതിയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് മന്ത്രിസഭ തീരുമാനങ്ങൾ ആർ.ടി.െഎ നിയമപ്രകാരം ഇൗ ലേഖകന് നിഷേധിച്ചത് യു.ഡി.എഫ് സർക്കാറാണ്. അഴിമതിക്കാരായ മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിൽ ‘ടോപ് സീക്രട്ട്’ ബ്രാഞ്ച് രൂപവത്കരിച്ച് അഴിമതി വിവരങ്ങൾക്ക് വിലങ്ങുവെച്ചതും ഉമ്മൻ ചാണ്ടി സർക്കാറാണ് എന്നതും ചരിത്രം.
സംസ്ഥാനത്ത് മുഖ്യവിവരാവകാശ കമീഷണർ മാത്രമാണ് ഉള്ളത്. അഞ്ച് ഒഴിവുകൾ നിലവിൽവന്നിട്ട് ഒരുവർഷത്തിൽ കൂടുതലായി. ഒരാൾ എന്നാണ് സർവിസിൽനിന്ന് വിരമിക്കുന്നതെന്ന് നിയമന സമയത്തുതന്നെ അറിയാൻ കഴിയും. വിരമിക്കുന്നതിന് മൂന്നുമാസം മുമ്പ് പുതിയ നിയമ നടപടികൾ ആരംഭിക്കണമെന്ന നമിത് ശർമ കേസിലെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന വിവരാവകാശ കമീഷനെ സ്തംഭനാവസ്ഥയിലെത്തിച്ചതും ഉമ്മൻ ചാണ്ടിയാണ്. ഒരു യോഗ്യതയുമില്ലാത്ത രാഷ്ട്രീയ ദിക്ഷാംദേഹികളെ കുത്തിനിറച്ച ശിപാർശ ഗവർണർ തിരിച്ചയച്ചതും ഹൈകോടതി ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയതും ഇപ്പോൾ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വന്നതും മുൻ യു.ഡി.എഫ് സർക്കാറിെൻറ ‘നേട്ട’മായിതന്നെ കാണണം.
നിലവിൽ 13,615 കേസുകളുമായി ഏകാംഗ വിവരാവകാശ കമീഷൻ നട്ടംതിരിയുന്നതിെൻറ ഉത്തരവാദിയും ഉമ്മൻ ചാണ്ടി സർക്കാർ തന്നെ. ഉമ്മൻ ചാണ്ടിക്കും സംഘത്തിനും സോളാർ കമീഷൻ റിപ്പോർട്ട് നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് വിവരാവകാശ കമീഷനെ സമീപിക്കുകയാണ് പോംവഴി. അങ്ങനെ സമീപിച്ചാൽ 13,616 മാത്തെ പരാതിയായി ഉമ്മൻ ചാണ്ടിയുടെ കേസ് രജിസ്റ്റർ ചെയ്യുകയും ഇന്നത്തെ നിലക്ക് മൂന്നുവർഷത്തിനു ശേഷം കമീഷെൻറ ഉത്തരവു വരുകയും ചെയ്യും!
സ്വയംകൃതാനർഥങ്ങളാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെങ്കിലും ഒരു പൗരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ലഭിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ട് ലഭിക്കാൻ ഉമ്മൻ ചാണ്ടിക്ക് അവകാശമുണ്ടോ എന്ന് മാറാട് കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദീകരിച്ച്, പരിശോധിക്കുകയാണിവിടെ.
മാറാട് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്
എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് ‘മാറാട് സംഭവം’ നടന്നത്. ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടത് അന്നത്തെ പ്രതിപക്ഷമായ ഇടതുമുന്നണിയാണ്. സംഭവം അന്വേഷിച്ച തോമസ് പി. ജോസഫ് കമീഷൻ റിപ്പോർട്ട് സമർപ്പിക്കാതിരുന്നത് എൽ.ഡി.എഫിെൻറ വീഴ്ചയാണ്. റിപ്പോർട്ട് പുറത്തുവിടാൻ ഇടതു സർക്കാറും തയാറാകാത്ത സാഹചര്യത്തിലാണ് ഇൗ ലേഖകൻ ആർ.ടി.െഎ നിയമപ്രകാരം 2006 ഏപ്രിൽ 21ന് സംസ്ഥാന ആഭ്യന്തര വകുപ്പിെൻറ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ (പി.െഎ.ഒ) മുമ്പാകെ റിപ്പോർട്ടിനായി അപേക്ഷ നൽകിയത്.
റിപ്പോർട്ട് ഇപ്പോൾ ‘രഹസ്യരേഖ’യാണെന്നും റിപ്പോർട്ട് പരിശോധിച്ച് അതിന്മേൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി അപേക്ഷ തള്ളിക്കളഞ്ഞു. ‘കമീഷൻ ഒാഫ് എൻക്വയറി നിയമപ്രകാരം റിപ്പോർട്ടിൻമേൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് സഹിതം നിയമസഭയിൽ സമർപ്പിച്ചതിനുശേഷം താങ്കളുടെ അപേക്ഷ പരിഗണിക്കാമെന്ന്’ വ്യക്തമാക്കി ഒന്നാം അപ്പീലധികാരിയായ പ്രിൻസിപ്പൽ സെക്രട്ടറിയും പി.െഎ.ഒയുടെ നിലപാട് ശരിവെച്ചു.
തുടർന്നാണ് 2006 ജൂൺ 19ന് വിവരാവകാശ കമീഷനെ സമീപിച്ചത്.
കമീഷൻ ഒാഫ് എൻക്വയറി നിയമം
പൊതു പ്രാധാന്യമുള്ള വിഷയത്തെ സംബന്ധിച്ച് അന്വേഷിക്കാനാണ് സർക്കാർ ജുഡീഷ്യൽ കമീഷനുകളെ നിയമിക്കുന്നത്.1952^ലെ കമീഷൻ ഒാഫ് എൻക്വയറി നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരമാണ് മാറാട്, സോളാർ കമീഷനുകളെ അന്വേഷണങ്ങൾക്കായി സർക്കാർ നിയോഗിച്ചത്. കമീഷൻ റിപ്പോർട്ട് സർക്കാറിനു നൽകി ആറുമാസത്തിനകം നടപടി റിപ്പോർട്ട് സഹിതം സർക്കാർ നിയമസഭയിൽ സമർപ്പിക്കണമെന്നാണ് നിയമത്തിലെ നാലാംവകുപ്പു പറയുന്നത്.
നിയമസഭയിൽ നടപടി റിേപ്പാർട്ട് സഹിതം സമർപ്പിക്കാത്തതിനാൽ മാറാട് അന്വേഷണ റിേപ്പാർട്ട് അപേക്ഷകന് നൽകാനാവില്ലെന്നും അതു നൽകിയാൽ നിയമസഭയുടെ അവകാശലംഘനമാകും എന്നാണ് സർക്കാർ കമീഷനു മുമ്പാകെ വാദിച്ചത്. വിവരാവകാശ നിയമത്തിലെ 8 (1) (c) വകുപ്പുപ്രകാരം നിയമനിർമാണസഭയുടെ അവകാശലംഘനമാകുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നടപടി എടുക്കാം, എടുക്കാതിരിക്കാം, റിപ്പോർട്ട് മൊത്തമായി തള്ളിക്കളയാം ഇതേ വിഷയത്തെ സംബന്ധിച്ച് പുതിയ കമീഷനെ നിയമിക്കാം. ഇതിനെല്ലാം നിയമപ്രകാരം സർക്കാറിന് അധികാരമുണ്ട്.
ഇൗ വാദത്തിന് പിൻബലമായി നിയമസഭാ സ്പീക്കർ 2006 ആഗസ്റ്റ് 18ന് നൽകിയ കത്തും സർക്കാർ കമീഷനു മുമ്പാകെ ഹാജരാക്കി.
കത്തിൽ ഇങ്ങനെ പറയുന്നു: ‘എൻക്വയറി കമീഷൻ റിപ്പോർട്ടുകൾ സഭയിൽവെക്കുന്നതിനു മുമ്പ് പ്രസിദ്ധെപ്പടുത്തുന്നത് നിയമസഭയിലെ കീഴ്വഴക്കങ്ങൾക്കും സഭയുടെ പ്രിവിലേജിനും എതിരാണ്. വിവരാവകാശ നിയമത്തിലെ 8 (സി) അനുസരിച്ച് നിയമസഭയുടെ അവകാശത്തെ ലംഘിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത് ടി നിയമത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകയാൽ പ്രസ്തുത റിപ്പോർട്ടിെൻറ പകർപ്പ് നൽകേണ്ടതില്ല’.
2006 ജൂലൈ 29ലെ കത്തു പ്രകാരം മാറാട് കമീഷൻ സർക്കാർ പ്രഖ്യാപിച്ചത് നിയമസഭയിലെ പ്രമേയത്തിലൂടെയല്ല എന്നു വ്യക്തമാക്കപ്പെട്ടു. ഇതേ നിലപാടുതന്നെയാണ് ഹൈകോടതിയിലുള്ള കേസിലും സർക്കാർ സ്വീകരിച്ചത്.
‘രഹസ്യരേഖ’ എന്നു മറുപടി നൽകി അപേക്ഷ നിരസിച്ച പി.െഎ.ഒയുടെ നടപടി നിയമവിരുദ്ധമാണെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. ആർ.ടി.െഎ നിയമ പ്രകാരം 8, 9 വകുപ്പുകൾ അനുസരിച്ച് മാത്രമേ വിവരങ്ങൾ നിഷേധിക്കാൻ കഴിയൂ.
‘രഹസ്യരേഖ’ എന്നത് ഇൗ വ്യവസ്ഥകളിലില്ല. അപ്പീലധികാരി പുതിയ കാരണംപറഞ്ഞ് അപേക്ഷ നിരസിച്ച നടപടിയും നിയമവിരുദ്ധം. റിപ്പോർട്ട് പത്തുദിവസത്തിനകം അപേക്ഷകന് നൽകാൻ 2006 സെപ്റ്റംബർ 28ന് കമീഷെൻറ ഫുൾബെഞ്ച് ഉത്തരവിട്ടു.
വിവരാവകാശ നിയമത്തിെൻറ അതിപ്രഭാവം
ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ അറിയാനുള്ള അവകാശനിയമമായി ഇന്ത്യൻ നിയമത്തെ പരിഗണിക്കുന്നതിന് ഏറ്റവും മുഖ്യമായ കാരണം നിയമത്തിലെ 22ാം വകുപ്പാണ്. ഒൗദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ വിലക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന വ്യവസ്ഥകളുള്ള 1923ലെ ഒൗദ്യോഗിക രഹസ്യനിയമവും നിലവിൽ പ്രാബല്യമുള്ള ഏതെങ്കിലും നിയമവ്യവസ്ഥകളുമായി ആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥകൾ പൊരുത്തപ്പെടാതെവന്നാൽ വിവരാവകാശ നിയമത്തിനായിരിക്കും അതിപ്രഭാവം ഉണ്ടായിരിക്കുക.
ചുരുക്കത്തിൽ 1952ലെ കമീഷൻ ഒാഫ് എൻക്വയറി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ആർ.ടി.െഎ നിയമത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിവരാവകാശ നിയമത്തിനായിരിക്കും പ്രാമുഖ്യം എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
വിലക്കപ്പെട്ട വിവരങ്ങൾ
ആർ.ടി.െഎ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകൾ പ്രകാരമല്ലാതെ അപേക്ഷകൾ നിരാകരിക്കാൻ നിയമം അനുവദിക്കുന്നില്ല. സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നതിന് തടസ്സമായി സർക്കാർ ഉന്നയിക്കാൻ സാധ്യതയുള്ള രണ്ട് വകുപ്പുകൾ 8(i) (c) യും 8 (i) (h) ഉം ആണ്.
1. പാർലമെൻറിെൻറയോ സംസ്ഥാന നിയമസഭയുെടയോ വിശേഷ അവകാശത്തിെൻറ ലംഘനമായിത്തീർേന്നക്കാവുന്ന വിവരങ്ങൾ വെളിവാക്കാതിരിക്കാം (8(i) (c) വകുപ്പ്).
2. അന്വേഷണത്തിെൻറയോ കുറ്റവാളികളുടെ അറസ്റ്റിെൻറയോ പ്രോസിക്യൂഷൻ നടപടിക്രമത്തിെന തടസ്സപ്പെടുത്തുന്ന വിവരം വെളിപ്പെടുത്താതിരിക്കാം.
ഒരു രേഖയുടെ അെല്ലങ്കിൽ ഫയലിെൻറ ഏതെങ്കിലും ഭാഗം എട്ടാം വകുപ്പുപ്രകാരം ഒഴിവാക്കേണ്ടതാണെങ്കിൽ ആ ഭാഗം ഒഴിവാക്കിക്കൊണ്ട് മറ്റു പേജുകൾ അപേക്ഷകന് നൽകണമെന്നാണ് ആർ.ടി.െഎ നിയമത്തിെൻറ 10ാം വകുപ്പ് പറയുന്നത്. സോളാർ കമീഷൻ റിപ്പോർട്ടിെൻറ ചില ഭാഗങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെങ്കിൽ അതൊഴിച്ചുള്ള പേജുകൾ അപേക്ഷകനു ലഭിക്കാൻ അവകാശമുണ്ട്.
മുഖ്യമന്ത്രിയുടെ വിലക്ക് നിയമവിരുദ്ധം
ചീഫ് സെക്രട്ടറിയുടെ ഒാഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർക്ക് സമർപ്പിച്ച ആർ.ടി.െഎ അപേക്ഷ പരിഗണിക്കവെയാണ് മുഖ്യമന്ത്രിയും നിയമമന്ത്രിയും റിപ്പോർട്ട് വെളിപ്പെടുത്തില്ലെന്ന് പറഞ്ഞത്. ഒരു രേഖ വെളിപ്പെടുത്താനാവില്ലെന്ന് നിർദേശിക്കാൻ മുഖ്യമന്ത്രിക്ക് എന്താണധികാരം? വിവരാവകാശ നിയമപ്രകാരം പി.െഎ.ഒക്ക് മാത്രമാണ് അതിനധികാരമുള്ളത്. പി.െഎ.ഒ സ്വതന്ത്രമായി തീരുമാനമെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടാൽ ഏതുഫയലും നൽകണം. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിതന്നെയോ അതിന് തടയിടാൻ നിയമം അനുവദിക്കുന്നില്ല. വേണമെങ്കിൽ പി.െഎ.ഒക്ക് നിയമോപദേശം തേടാം. നിയമവിരുദ്ധമായ വിവരാവകാശ ഉദ്യോഗസ്ഥനെ സ്വാധീനിക്കുന്ന പ്രഖ്യാപനമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.
പ്രിവിലേജിെൻറ ലംഘനമോ?
ഏഴുകോടി രൂപ പൊതുഖജനാവിൽനിന്ന് ചെലവുചെയ്തുണ്ടാക്കിയ ഒരു റിപ്പോർട്ട് കമീഷൻ സർക്കാറിന് സമർപ്പിച്ചതോടെ അത് പൊതുരേഖമായി മാറി. നിയമസഭക്കുമുന്നിൽ വെക്കുക എന്നത് ഒരു നടപടിക്രമം മാത്രമാണ്. കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിനുമുമ്പ് വെളിപ്പെടുത്തിയാൽ പ്രിവിലേജ് ലംഘനമെന്ന വാദം ശരിവെച്ചാൽ അത് ആദ്യം ചെയ്തത് മുഖ്യമന്ത്രിതന്നെയാണ്. കമീഷെൻറ 10 നിഗമനങ്ങളും ലഭിച്ച നിയമോപദേശങ്ങളും സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. മാറാട് കേസിലെ ഉത്തരവിൽ പരാമർശിക്കുന്നതുപോലെ ഏതെങ്കിലും രേഖക്കല്ല സഭക്കാണ് പ്രിവിലേജുള്ളത്.
പ്രാതിനിധ്യ ജനാധിപത്യത്തിൽനിന്ന് പങ്കാളിത്ത ജനാധിപത്യത്തിലേക്കുള്ള സുവർണപാത വെട്ടിത്തുറന്നു എന്നതാണ് വിവരാവകാശ നിയമത്തിെൻറ രചനാത്മകമായ സവിശേഷത. എട്ടാം വകുപ്പിലെ പ്രോ വൈസോ (അപവാദം) പ്രകാരം പാർലമെൻറിനോ സംസ്ഥാന നിയമസഭക്കോ നിഷേധിക്കാൻ പാടില്ലാത്തവിവരം ഏതെങ്കിലും വ്യക്തിക്ക് നിഷേധിക്കാൻ പാടില്ലെന്ന് വ്യക്തമാക്കുന്നു. നിയമ നിർമാതാക്കളുടെ തലത്തിലേക്ക് പൗരനെ ഉയർത്തുകയാണ് ഇവിടെ.
പ്രിവിലേജിൽ ഇടതുപക്ഷം
പാർലമെൻറ് ഉൾപ്പെടെയുള്ളവ ബ്യൂർഷ്വാ സംവിധാനങ്ങളാണെന്നും അതിനെത്തകർത്ത് തൊഴിലാളിവർഗ സർവാധിപത്യം എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് മുേന്നറണമെന്നും പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾപോലും പാർലമെൻററി പ്രിവിലേജിെൻറ കുളിരിൽ അഭിരമിക്കുന്നത് എത്ര ലജ്ജാവഹമാണ്. മുൻമന്ത്രി ടി.എം. ജേക്കബ് കേരള നിയമസഭയിൽ നടത്തിയ പ്രസംഗത്തിെൻറ വിഡിയോ ടേപ്പ് പുറത്തുവിടാൻ വിവരാവകാശ കമീഷൻ ഉത്തരവിട്ടപ്പോൾ ആ കമീഷണർമാരെ പ്രിവിലേജ് കമ്മിറ്റിക്കുമുമ്പാകെ വിളിച്ചുവരുത്തി പീഡിപ്പിച്ചതിന് നേതൃത്വം നൽകിയത് ഇടതുപക്ഷമാണ്. ‘മാറാട് കമീഷൻ’ റിപ്പോർട്ട് വെളിവാക്കുന്നത് എതിർത്തതും അവരാണ്.
മുൻ യു.ഡി.എഫ് സർക്കാറിെൻറ അവസാനകാല കാബിനറ്റ് തീരുമാനങ്ങളായ ‘കടുംവെട്ട്’ രേഖകൾ ആർ.ടി.െഎ നിയമപ്രകാരം അന്ന് വെളിപ്പെടുത്താതിരുന്നതിനെ എതിർത്ത ഇടതുപക്ഷം അധികാരത്തിലേറിയപ്പോൾ ആദ്യം എടുത്ത തീരുമാനം കാബിനറ്റ് രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്നാണ്!
ചട്ടങ്ങൾ നിർമിച്ചാൽ
നിയമത്തിന് ചട്ടങ്ങൾ നിർമിക്കാനുള്ള അധികാരം സർക്കാറിനാണ്. ചട്ടങ്ങൾ നിർമിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്തതിനുശേഷം മാത്രമാണ് നിയമസഭയിൽ സമർപ്പിക്കുന്നത്. വിജ്ഞാപനത്തിനുശേഷം അടുത്ത അസംബ്ലി കൂടി 14 ദിവസത്തിനുള്ളിൽ ചട്ടങ്ങൾ മേശപ്പുറത്ത് വെക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, പല നിയമങ്ങളുടെയും ചട്ടങ്ങൾ പതിറ്റാണ്ടുകഴിഞ്ഞിട്ടും നിയമസഭയുടെ മേശപ്പുറത്തുവെച്ചിട്ടില്ല എന്ന വസ്തുത വിവരാവകാശ നിയമപ്രകാരം ഇൗ ലേഖകനാണ് പുറത്തുകൊണ്ടുവന്നത്. ഇതിനെക്കുറിച്ച് സഭാസമിതി രൂക്ഷമായ വിമർശനമാണ് സർക്കാറിനെതിെര പുറപ്പെടുവിച്ചത്. നിയമസഭയുടെ അവകാശങ്ങൾ പരിപാവനമാണെന്ന് ഇപ്പോൾ വാദിക്കുന്നവർ ഇൗ അവകാശലംഘനങ്ങൾക്ക് നേതൃത്വം നൽകിയവരാണെന്ന വസ്തുതയും വിസ്മരിച്ചുകൂടാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.