ശബരിമലയുടെ അവർണ–സവർണ ചരിത്രങ്ങള്‍
text_fieldsകേരളത്തിലെ ദലിത് രാഷ്ട്രീയം എത്തിച്ചേര്‍ന്ന ആശയപരവും പ്രത്യയശാസ്ത്രപരവുമായ മുന്നേറ്റങ്ങൾ ശക്തമായി പ്രതിഫലിക്കുന്നതാണ് ശബരിമല പ്രശ്നത്തിൽ ദലിത് ധൈഷണിക നേതൃത്വങ്ങൾ മുന്നോട്ടുെവച്ച കാഴ്ചപ്പാടുകൾ എന്നത് വളരെ ശ്രദ്ധേയമാണ്. ഇതിൽ ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് നവോത്ഥാനത്തെക്കുറിച്ചുള്ള ഒരു കാൽപനിക സമീപനത്തിെൻറ പൊള്ളത്തരം അതിസൂക്ഷ്മതയോടെ തുറന്നുകാട്ടാൻ കഴിെഞ്ഞന്നതാണ്. നവോത്ഥാന പാരമ്പര്യങ്ങളെക്കുറിച്ച് (നവോത്ഥാനം എങ്ങനെയാണ് ഒരു ചരിത്രനിർമിതി ആവുന്നതെന്ന് ഈ പംക്തിയിൽ മുമ്പ് ഞാൻ എഴുതിയിട്ടുണ്ട്) നിരന്തരം സംസാരിക്കുമ്പോഴും നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ അവഗണിക്കപ്പെട്ടുപോകുന്ന നവോത്ഥാനത്തിെൻറ വര്‍ത്തമാനകാലം എന്ന സങ്കൽപത്തെ ചര്‍ച്ചകളിലേക്ക് അവര്‍ക്ക് പുനരാനയിക്കാൻ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. അയ്യങ്കാളിയുടെയും 19ാം നൂറ്റാണ്ടിൽ ഉയര്‍ന്നുവന്ന മറ്റു ദലിത് അവർണ പോരാളികളുടെയും ചരിത്രത്തെ ചില്ലുകൂട്ടിൽവെച്ച് ആദരിക്കുകയും അവരുടെ പേരുകൾ മുട്ടിനുമുട്ടിനു മൈക്കിനു മുന്നില്‍ വിളിച്ചുപറയുകയുമല്ല, ഈ തെരുവുകളിൽ ജാതിയുടെ വര്‍ത്തമാനത്തെ നേരിടുകയാണ് വേണ്ടത് എന്ന രാഷ്ട്രീയം അവർ മുന്നോട്ടുെവച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ചര്‍ച്ചകളിലൊന്ന് ശബരിമലക്ഷേത്രം യഥാർഥത്തിൽ ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നതാണ്. പാണ്ഡ്യരാജാവിെൻറ കാലത്ത് തമിഴ്നാട്ടിൽ നിന്ന് ജീവഹാനി ഭയന്ന് ഇവിടെ വന്നതായി ചരിത്രപുസ്തകങ്ങളിൽ പറയുന്ന പന്തളത്തെ ഒരു സവർണകുടുംബവും താഴമണ്‍ തന്ത്രികുടുംബവുമാണ് ഇതിെൻറ കാതലായ അധികാരസ്ഥാനങ്ങൾ തങ്ങള്‍ക്കുള്ളതായി അവകാശപ്പെടുന്നത്. എന്നാൽ, ഇത് വളരെ സംശയാസ്പദമായ കാര്യമാണെന്നും വാസ്തവത്തിൽ ഇത് മലയരയസമൂഹത്തിെൻറ ആരാധനാസ്ഥാനമായിരുന്നുവോ എന്നു കരുതാവുന്ന ചില തെളിവുകളുണ്ടെന്നും ഞാൻ രണ്ടു ദശാബ്ദക്കാലത്തിനുമുമ്പുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 1996ൽ എഴുതിയ ആ ലേഖനം 2001ൽ പ്രസിദ്ധീകരിച്ച എെൻറ ‘ചരിത്രവും ആധുനികതയും’ എന്ന പുസ്തകത്തിലും ചേര്‍ത്തിരുന്നു. ഈ സമരത്തിെൻറ ഭാഗമായി പലകോണുകളിൽനിന്നും ആ ചരിത്രയാഥാർഥ്യം ഇപ്പോൾ കൂടുതൽ പേർ ഉന്നയിക്കുകയാണ്. വിശേഷിച്ച് മലയരയസമൂഹത്തിെൻറ പ്രതിനിധി പി.കെ. സജീവ് ഈ പ്രശ്നം ശക്തമായി ഉന്നയിച്ചുകഴിഞ്ഞു. സജീവിെൻറ ശബ്ദം തല്ലിക്കെടുത്താം എന്നത് കേവലം സവർണവ്യാമോഹം മാത്രമായിരിക്കും.
ശബരിമലയെക്കുറിച്ച് ഞാൻ ആദ്യമായി ചിന്തിക്കാൻ ഇടയായത് മേൽപത്തൂർ എഴുതിയ ‘നാരായണീയം’ എന്ന കൃതി വായിച്ച കാലത്താണ്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട സ്തോത്രകൃതിയാണ് നാരായണീയം എന്ന് നമുക്കറിയാം. ആ കൃതിയിൽ ശബരിമലയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തി സാധാരണ പറയാറുള്ള അയ്യപ്പെൻറ ജനനവുമായി ബന്ധപ്പെട്ട ഐതിഹ്യവ്യവഹാരത്തിെൻറ മൂലരൂപം രണ്ടു സന്ദര്‍ഭങ്ങളിൽ കടന്നുവരുന്നുണ്ട്. ഈ രണ്ടു സന്ദര്‍ഭങ്ങൾ വിവരിക്കുമ്പോഴും കേരളത്തിൽ ഗുരുവായൂരിൽ ജീവിച്ചിരുന്ന മേൽപത്തൂർ ഇതിനു ശബരിമലയുമായുള്ള ബന്ധം സൂചിപ്പിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നീടാണ് ഈ ക്ഷേത്രത്തിെൻറ സവർണപാരമ്പര്യത്തിന് അത്രപോലും പഴക്കം അവകാശപ്പെടാൻ കഴിയില്ല എന്ന ചരിത്രവസ്തുത മനസ്സിലാവുന്നത്. അന്ന് മലയരയന്മാരുടെ ആരാധനസ്ഥാനമായ ഈ സ്ഥലം ബ്രാഹ്മണ്യ പ്രത്യയശാസ്ത്രവക്താവായ മേൽപത്തൂരിന് അറിയാൻകൂടി വഴിയുണ്ടായിരുന്നില്ല. മാത്രമല്ല, മണിപ്രവാളകൃതികളടക്കം കേരളത്തിലെ ബ്രാഹ്മണ-ശൂദ്ര സാഹിത്യത്തിൽ എങ്ങുംതന്നെ ഇതേക്കുറിച്ച് കാര്യമായ പരാമര്‍ശങ്ങൾ കടന്നുവരുന്നതായി കാണാൻ കഴിഞ്ഞില്ല. ഇത് തമസ്കരണം എന്നതിനെക്കാൾ ഇൗ ആരാധനാസ്ഥാനവുമായി അവര്‍ക്ക് ഒരു ജൈവബന്ധവുമില്ലായിരുന്നു എന്നതിെൻറ സൂചനകൂടിയായി മനസ്സിലാക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അന്നത്തെ എെൻറ ചരിത്രപഠനങ്ങളുടെ ഭാഗമായി ഡബ്ല്യൂ.ജെ. റിച്ചാര്‍ഡ്സ് 1862ൽ എഴുതിയ ‘ദ ഹിൽ അരിയൻസ്’ (The Hill Arriyans) എന്ന ലഘുലേഖയിൽനിന്ന് ‘ദ നേറ്റിവ് ലൈഫ് ഒാഫ് ട്രാവൻകൂർ (The Native Life of Travancore) എന്ന പുസ്തകത്തിൽ റവ. സാമുവൽ മത്തീർ എടുത്തുചേര്‍ത്ത ഭാഗം ശ്രദ്ധയിൽപെട്ടത്. വളരെ സൂക്ഷ്മമായും കഴിയുന്നത്ര വസ്തുനിഷ്ഠമായും (തെൻറ കൊളോണിയല്‍- ഓറിയൻറലിസ്റ്റ് നോട്ടത്തിലൂടെ) ജാതിശ്രേണിയിലെ മുമ്പനായി കരുതപ്പെട്ടിരുന്ന നമ്പൂതിരി മുതൽ ആദിവാസി വിഭാഗങ്ങൾ വരെയുള്ളവരുടെ ആചാരക്രമങ്ങളും ജീവിതരീതികളും വിവരിക്കാൻ ശ്രമിക്കുന്ന ഒരു പുസ്തകം എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു അതിലെ നിരീക്ഷണങ്ങള്‍. കൊളോണിയൽ ഒാറിയൻറലിസ്റ്റ് രചനകളുടെ പ്രത്യയശാസ്ത്രപരമായ പരിമിതികളും സൈദ്ധാന്തികമായ പക്ഷപാതങ്ങളും അവയിലെ ‘വസ്തുത’കളും രീതിശാസ്ത്രവുമായുള്ള ഒട്ടും ആകസ്മികമല്ലാത്ത കാര്യ-കാരണ ബന്ധങ്ങളുമെല്ലാം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിലേക്ക് ഇപ്പോൾ ഞാൻ കടക്കുന്നില്ല. പലപ്പോഴും മറ്റു നിരവധി ചരിത്രസാഹചര്യങ്ങളും തെളിവുകളും പരിശോധിച്ച് മാത്രമേ ഈ വിവരങ്ങളുടെ നിജസ്ഥിതി അറിയാൻ കഴിയൂ. എന്നാൽ, പൂർണമായും അവഗണിച്ചു മാറ്റിെവക്കാവുന്നവയല്ല അത്തരം രചനകൾ എന്നതും ചൂണ്ടിക്കാണിപ്പെട്ടിട്ടുണ്ട്. അത്രയും കര്‍ശനമായ ഉപാധികളോടെ നോക്കേണ്ടതാണ് മത്തീർ നൽകുന്ന വിവരങ്ങൾ എന്നതിൽ എനിക്ക് രണ്ടുപക്ഷമില്ല. എന്നാൽ, ഇൗ ക്ഷേത്രത്തെക്കുറിച്ചുള്ള മുഖ്യധാര വ്യവഹാരങ്ങളിലെ കടുത്ത നിശ്ശബ്ദതയും ഈ പുസ്തകത്തിൽ ക്ഷേത്രത്തെക്കുറിച്ച് നടത്തുന്ന വിവരണത്തിലെ സവിശേഷതകളും ചേര്ത്തുെവക്കുമ്പോൾ കിട്ടുന്ന ചിത്രത്തിനും അതിേൻറതായ പ്രാധാന്യമുണ്ട്.
ക്ഷേത്രത്തിെൻറ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ച് വളരെക്കാലമായി ചര്‍ച്ചകൾ നടക്കുന്നുെണ്ടന്ന് നമുക്കറിയാം. ഇതിലെ വസ്തുതകൾ തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന തെൻറ പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്ന പി.കെ. ബാലകൃഷ്ണൻ കേരളത്തിൽ ഏതെങ്കിലും കാലത്ത് വ്യാപകമായി ബുദ്ധമതം പ്രചരിച്ചിരുന്നു എന്ന ആശയത്തെ സ്വീകരിക്കാൻ തയാറായില്ല എന്ന കാര്യവും വായനക്കാര്‍ക്ക് അറിവുള്ളതാണ്. വ്യാപകമായല്ലെങ്കിലും ചില കേന്ദ്രങ്ങളിൽ അതിെൻറ സ്വാധീനം ഉണ്ടായിരുന്നു എന്നുള്ളതിെൻറ തെളിവായി അയ്യപ്പ സങ്കൽപത്തെ, അയ്യന്, അയ്യനാർ തുടങ്ങിയ ദേവതാ സങ്കൽപങ്ങളുടെ പ്രചാരത്തിെൻറയും ചില ആര്ക്കിേയാളജിക്കൽ തെളിവുകളുടെയും പശ്ചാത്തലത്തില്‍, അഭ്യൂഹിക്കുന്നതിൽ തെറ്റുപറയാൻ കഴിയില്ല. പക്ഷേ, അതിനൊക്കെ വളരെശേഷം മലയരയന്മാരുടെ മതാചാരവുമായി ബന്ധപ്പെട്ടാണ് രണ്ടു നൂറ്റാണ്ട് മുെമ്പങ്കിലും ഈ ക്ഷേത്രം നിലനിന്നിരുന്നത് എന്നത് ഇന്നത്തെ പൊള്ളയായ ചില അവകാശ വാദങ്ങള്ക്കിടക്ക് പൂർണമായും വിസ്മരിക്കുന്നത് ശരിയല്ല എന്നാണ് മത്തീരിെൻറ വിശേഷണത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
19ാം നൂറ്റാണ്ടിെൻറ തുടക്കത്തില്‍തന്നെ വൃശ്ചിക വ്രതവുമായി ബന്ധപ്പെട്ട് പലപ്പോഴും സവര്‍ണരും ഈ ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു എന്നും, ആ സമയത്ത് അവിടെ പൂജക്കായി ഒരു ബ്രാഹ്മണനെയും രണ്ടു നായന്മാരെയും നിയോഗിക്കുമായിരുന്നു എന്നും വാര്‍ഡും കോര്‍ണറും ചേര്‍ന്ന് 1816ല്‍ നടത്തിയ തിരുവിതാംകൂർ-കൊച്ചി സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഇത് സംഭവിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ കഴിയുന്ന ചില വിവരങ്ങളും മത്തീറിെൻറ പുസ്തകത്തിൽനിന്ന് ലഭ്യമാണ്. ഇന്നത്തെ രാഷ്ട്രീയബോധത്തിെൻറ പശ്ചാത്തലത്തിൽ വെള്ളക്കാരെൻറ നോട്ടത്തിെൻറ പ്രതിലോമവശമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു വിവരണമാണ് മലയരയ സമൂഹത്തെക്കുറിച്ച് മത്തീർ നൽകുന്നത്. അവർ ആദിവാസികൾ ആയിരുന്നെങ്കിലും സവർണരെപ്പോലെ ‘വെളുത്ത’വരും പരിഷ്കൃതരും ആയിരുന്നു എന്നാണ് മത്തീർ പറയുന്നത്.
ആദിവാസികൾ എല്ലാം കറുത്തവരാണെന്ന ധാരണ ശരിയല്ലെന്ന് ഇത് തെളിയിക്കുന്നതായി സായിപ്പ് എടുത്തുപറയുന്നുണ്ട് (സാഹചര്യങ്ങൾ ആണത്രേ മനുഷ്യരെ കറുത്തവർ ആക്കുന്നത്). അവര്‍ക്കിടയിൽ കുടിലുകളിൽ താമസിക്കുന്നവർ ഉണ്ടെങ്കിലും പ്രധാനമായും കല്ലും തടിയും കൊണ്ട് നിർമിച്ച പരിഷ്കൃത ഭവനങ്ങളിലാണ് ഇവർ താമസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അന്ന് ബഹുഭൂരിപക്ഷം നായന്മാരും കുറെയെങ്കിലും നമ്പൂതിരിമാരും അൽപം വലിയ ഓലക്കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നെതന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ കെട്ടിടം പണിയാൻ നാട്ടിൽനിന്ന് ആശാരിമാരെ കൊണ്ടുവരുമായിരുന്നു മലയരയന്മാർ എന്നും മത്തീർ പറയുന്നുണ്ട്. മറ്റ് ആദിവാസികളെപ്പോലെ ‘കാടോടികള്‍’ ആയിരുന്നില്ലെന്നും ഗ്രാമങ്ങൾ നിർമിച്ച് അവിടെ കഴിയുന്നവരാണെന്നും അദ്ദേഹം പറയുന്നു. ഇൗഴവരുമായി ഇവർ അയിത്തം പാലിച്ചിരുന്നു (അവർ തിരിച്ചും) എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ മുഖ്യധാരയുമായി മലയരയന്മാര്ക്കുള്ള ബന്ധത്തിൽനിന്നാണ് ഈ ക്ഷേത്രത്തെക്കുറിച്ച് നായർ, നമ്പൂതിരി വിഭാഗങ്ങൾ മനസ്സിലാക്കാൻ ഇടയാക്കിയത് എന്ന് അഭ്യൂഹിക്കുന്നതിൽ തെറ്റില്ല.
ഇതെല്ലാം ഒരു പരിശോധനയും ആവശ്യമില്ലാത്ത ചരിത്രയാഥാർഥ്യങ്ങളാണെന്ന് സ്ഥാപിക്കുക എെൻറ ലക്ഷ്യമല്ല. എന്നാൽ, സങ്കീര്‍ണമായ മുഴുവൻ ചരിത്രപ്രക്രിയകളെയും വെല്ലുവിളിച്ച് തന്ത്രിമാരും മറ്റു ചില സവർണകുടുംബങ്ങളും ക്ഷേത്രം അടക്കാനും തുറക്കാനും ആചാരങ്ങൾ നിശ്ചയിക്കാനും മാറ്റാനും തങ്ങള്‍ക്കാണ് അധികാരം എന്ന അവകാശവുമായി മുന്നോട്ടുവരുമ്പോൾ ആ അവകാശത്തിെൻറ മൂല്യമെത്രയുണ്ട് എന്ന പരിശോധന തീര്‍ച്ചയായും ആവശ്യമാകുന്നു. ഈ തെളിവുകൾ വിരല്‍ചൂണ്ടുന്നത് അത്തരമൊരു ചോദ്യം ചെയ്യലിെൻറ ദിശയിലേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.