കാവി കേരളത്തിന്റെ ഉദ്ഘാടന മഹാമഹം
text_fieldsകേരളം കാവിവത്കരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഭീതികൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ഏതു രാഷ്ട്രീയത്തിനും അതിേൻറതായ ഒരു സമയം, അത് അസന്ദിഗ്ധമായി സ്വന്തം വിജയം ആഘോഷിക്കുന്ന ഒരു സമയം, എന്നൊന്നുണ്ടെങ്കിൽ സംഘ്പരിവാറിന് ഇപ്പോള്‍ ആ സമയമാണ് കേരളത്തില്‍. രാഷ്ട്രീയം മനസ്സുകള്‍ കീഴടക്കുന്ന യുദ്ധമാണ്. ലെജിറ്റിമസി, നിലനിൽപിനുള്ള സാധൂകരണം, ഏതു വഴിക്കും നേടുക എന്നത് രാഷ്ട്രീയത്തി െൻറ അടിസ്ഥാന ത്വരയാണ്. ഓരോ സംഭവവും അത്തരം സാധൂകരണത്തിനായുള്ള ഉപാധിയായി ഉപയോഗിക്കുന്നതിനെയാണ് രാഷ്ട്രീയപ്രയോഗം എന്ന് വിളിക്കുന്നത്. ഇതില്‍ എതിരാളികളെ കടത്തിവെട്ടുന്നത് എങ്ങനെയെന്നാണ് ഓരോ പ്രസ്ഥാനവും ആലോചിക്കുക. ഒരു പ്രസ്ഥാനം ലെജിറ്റിമസിയുടെ ഒരു വലിയ കടമ്പ കടക്കുന്നത് തങ്ങളുടെ മുദ്രാവാക്യങ്ങള്‍ സ്വന്തം രാഷ്ട്രീയത്തിലേക്ക് മറ്റുള്ളവർ ഒളിച്ചുകടത്തുമ്പോഴാണ്. കേരളം ഇന്ന് അതിെൻറ ദൈനംദിന വ്യവഹാരങ്ങളില്‍,നീതിന്യായവ്യവസ്ഥയില്‍, ഭരണീയതയില്(govermentality), ജൈവാധികാരത്തില്, പ്രഭാഷണങ്ങളില്‍, പ്രകടനങ്ങളില്‍, അനുഷ്ഠാനപരതയില്‍, ഹിന്ദുത്വത്തിനു പൂർണമായും കീഴടങ്ങിയ ഒരു പ്രദേശമാണ്. ഇതിെൻറ എതിര്‍ചേരിയില്‍ ഉള്ളതെന്തും കേവലം തീവ്രവാദവും ദേശവിരുദ്ധതയും ന്യൂനപക്ഷപ്രീണനവും മാത്രമാവുന്ന ഒരു അധിവ്യവഹാരം കേരളത്തെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു.
കേരളത്തിൽ ഇതെത്താന്‍ വൈകിയെങ്കിലും പണ്ട് ഒ. രാജഗോപാല്‍ ഒ.വി. വിജയനോട് പറഞ്ഞതുപോലെ, ഹിന്ദുത്വത്തിന് കേരളത്തിലും ഇന്ത്യയിലും പരാജയപ്പെടാന്‍ കഴിയില്ല എന്ന വിശ്വാസം താൽക്കാലികമായെങ്കിലും ശരിയാവുകയാണ്. അദ്ദേഹം ഇതുപറഞ്ഞ സന്ദർഭം ശ്രദ്ധേയമായിരുന്നു. ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്ബിംബങ്ങളടക്കം സ്ഥാനാർഥികളെല്ലാം തോറ്റുവീഴുന്ന കാഴ്ച രാജഗോപാലും വിജയനും ഡൽഹിയില്‍ ഒന്നിച്ചിരുന്നു കാണുകയായിരുന്നു എന്നും അപ്പോള്‍ രാജഗോപാലിെൻറ മുഖത്ത് നിരാശയോ ഖേദമോ കണ്ടില്ല എന്നും ഈ പ്രസ്ഥാനം ആത്യന്തികമായി വിജയം നേടും എന്ന് രാജഗോപാല്‍ അപ്പോഴും പറഞ്ഞു എന്നുമാണ് വിജയന് എഴുതിയിരുന്നത്. അതിനുള്ള മറുപടിയില്‍ രാജഗോപാൽ താന്‍ ദുഃഖിതന് ആയിരുന്നില്ല എന്നത് നിഷേധിച്ചുവെങ്കിലും തെൻറ പ്രവചനത്തെ നിഷേധിച്ചിരുന്നില്ല. 1857ലെ ബ്രിട്ടീഷ് വിജയത്തിനുശേഷം ഇന്ത്യയിലുണ്ടായ ‘ഹിന്ദു ഉണർവി’നെ വളരെക്കാലം പിന്നോട്ടടിപ്പിക്കാന്‍ കോൺഗ്രസിെൻറ ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞുവെങ്കിലും അതിെൻറ രാഷ്ട്രീയത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടായിരുന്നില്ല ഇത് സംഭവിച്ചത്. നെഹ്റുവിനോടുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ അടങ്ങാത്ത വൈരത്തിന് കാരണം, കോൺഗ്രസിെൻറ പൊതുസ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് ആർ.എസ്.എസിെൻറ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ അദ്ദേഹം തുറന്നുകാട്ടിയിരുന്നു എന്നതാണ്.
കേരളത്തിലെ സവിശേഷ സാഹചര്യം കൂടുതല്‍ ഞെട്ടല്‍ ഉളവാക്കുന്നതാണ്. കേരളത്തിൽ ബി.ജെ.പി അല്ല ഭരിക്കുന്നത്, സി.പി.എം നേതൃത്വത്തിലുള്ള മുന്നണിയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയാണ് മുഖ്യപ്രതിപക്ഷം. എന്നാല്‍, ഇരുകൂട്ടരും സ്വന്തം തന്ത്രങ്ങള്‍ മെനയുന്നത് ബി.ജെ.പി രാഷ്ട്രീയത്തിെൻറ നിഴലില്നിന്നുകൊണ്ടാണ്. ബി.ജെ.പിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മേൽക്കൈ ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ നീക്കങ്ങളെ എതിർത്തു കൊണ്ടല്ല,അതിെൻറചുവടുപിടിച്ചുകൊണ്ടാണ് ഇരുമുന്നണികളും പ്രവർത്തിക്കുന്നത്. പൊതുവേദികളില്‍ ഹിന്ദുത്വവിരുദ്ധവാചാടോപം കൊഴുക്കുമ്പോഴും അടിത്തട്ടിലെ രാഷ്ട്രീയം ഹിന്ദുത്വസമീപനങ്ങളുടെ അനുകരണങ്ങളും ആവർത്തനങ്ങളും മാത്രമാവുന്നു. സ്വന്തം സ്ഥൂലരാഷ്ട്രീയത്തെ ‘മതേതര’ പ്രസ്ഥാനങ്ങൾ സൂക്ഷ്മതലങ്ങളില്‍ ഹിന്ദുത്വബോധത്തിനു അടിയറവുെവച്ചുകഴിഞ്ഞിരിക്കുന്നു.
മാധ്യമങ്ങളില്‍ കടകംപള്ളി സുരേന്ദ്രെൻറ ഭക്തി ചർച്ചചെയ്യപ്പെട്ടപ്പോള്‍ പാർട്ടിയുടെ വിഭക്തി അതിനെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചു. എന്നെ സംബന്ധിച്ചിടത്തോളം സുരേന്ദ്രെൻറ വ്യക്തിസ്വാതന്ത്ര്യത്തെ തടയാന്‍ പാർട്ടി ശ്രമിക്കേണ്ടതില്ല എന്നതാണ് നിലപാട്. പക്ഷേ, പാർട്ടിയുടെ നിലപാട് സജീവ പ്രവർത്തകരും അംഗങ്ങളും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ വിശ്വസിക്കണം എന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ക്ഷേത്രാചാരം താന്‍ പാലിച്ചു എന്നേയുള്ളൂ എന്ന സുരേന്ദ്രെൻറ വ്യാഖ്യാനം ഒരു കാരണവശാലും സ്വീകരിക്കപ്പെടുമായിരുന്നില്ല. കാരണം, അദ്ദേഹം തെൻറ പേരിലും കുടുംബാംഗങ്ങളുടെ പേരിലും വഴിപാടുകള്‍ കൂടി കഴിച്ചാണ് മടങ്ങിയത് എന്ന വാർത്ത നിഷേധിക്കപ്പെട്ടിട്ടില്ല. ഇത് കർക്കശമായ ആചാരമല്ലല്ലോ.എന്നാൽ, അപ്പോഴേക്കു സുരേന്ദ്രനെ പിന്തുണച്ച് ഹിന്ദുത്വശക്തികള്‍, കുമ്മനം രാജശേഖരനടക്കമുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞിരുന്നു. ഹിന്ദുത്വം പിന്തുണ നൽകുന്ന കടകംപള്ളിയെ തള്ളിക്കളയാന്‍ ഉള്ള ധീരത പാർട്ടിക്കില്ല എന്നതിനേക്കാള്‍ പ്രധാനം, ആ വ്യവഹാരത്തിന് തലകുനിക്കുന്നതിലൂടെ പാർട്ടി ആത്യന്തികമായി നൽകിയ സന്ദേശത്തിനാണ്. അദ്ദേഹത്തിെൻറ വിശദീകരണം പാർട്ടി സ്വീകരിച്ചതിന് ഒരു അർഥമേ ഉള്ളൂ. പാർട്ടി ഹിന്ദുത്വനിരാസത്തില് ഇനി മുന്നോട്ടുപോകാന്‍ ഒരുക്കമല്ല. ഇത് കോൺഗ്രസ് ഇതിനകം തന്നെ സ്വീകരിച്ചുകഴിഞ്ഞ നിലപാടാണ്. എൺപതുകള്‍ മുതൽ ഇരുകൂട്ടരും ഈ വഴിക്ക് നീങ്ങുന്നുണ്ട്. ഇപ്പോഴത് പൂർണമായിരിക്കുന്നു.
നമുക്കറിയാവുന്നതുപോലെ ഞെട്ടിപ്പിക്കുന്നതും കേട്ടുകേൾവി ഇല്ലാത്തതുമായ ഒരു വിധി ആയിരുന്നു ഹാദിയ എന്ന 24കാരിയായ യുവതിയുടെ കാര്യത്തില്‍ കോടതിയില്‍നിന്ന് ഉണ്ടായത്. ഇത് അതിശയോക്തിയല്ല. പ്രായപൂർത്തിയായ യുവതിയെ അവരുടെ ഭർത്താവിെൻറ കൂടെ പോകാന്‍ അനുവദിക്കണം എന്ന ആവശ്യത്തെ ഏകപക്ഷീയമായി ആ വിവാഹം തന്നെ റദ്ദുചെയ്തുകൊണ്ടാണ് കോടതി നിരസിച്ചത്. അതിനു സാങ്കേതികമായി പറഞ്ഞ കാര്യങ്ങള്‍ ഒരു വിചാരണയിലൂടെ വിശദീകരിക്കാന്‍ നിയമപരമായ നടപടികള്‍ എടുക്കുകയല്ല, മറിച്ചു വിവാഹം ഇല്ലാതായതായി കോടതി പ്രഖ്യാപിക്കയായിരുന്നു. തുടർന്ന് പ്രായപൂർത്തിയായ യുവതിയെ പിതാവിെൻറ സംരക്ഷണയില്വിടാന് തീരുമാനിക്കുന്നു. യുവതിയുടെ സംരക്ഷണ കിട്ടിയ പിതാവും കേരള സർക്കാറും ചേർന്ന് ഈ വിധിയെ അവരെ തടവില്‍ ഇടാനുള്ള അനുമതിയായി വ്യാഖ്യാനിക്കുന്നു. ആ സ്ത്രീയെ പുറംലോകം കാണാന്‍ അനുവദിക്കാതെയും സന്ദർശകരെ അനുവദിക്കാതെയും തടവിൽ പാർപ്പിക്കുന്നത്തിനുള്ള പൊലീസ് സംരക്ഷണം കേരള സർക്കാർ ഉറപ്പുവരുത്തുന്നു.
ഒരു വ്യക്തിയുടെ തടവുകാലത്തുപോലും ലഭിക്കപ്പെടുന്ന സന്ദർശകരെ അനുവദിക്കുന്നതടക്കമുള്ള ഏറ്റവും മിതമായ മനുഷ്യാവകാശങ്ങള്‍പോലും നിരസിക്കപ്പെടുന്നു. അവരെ സന്ദർശിക്കാന്‍ ചെന്ന വനിതാ ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെടുന്നു. അവരുടെ പേരിൽ അനാവശ്യമായ കേസുകള്‍ എടുക്കുന്നു. അവരുടെ ഭർത്താവിനെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നു. ആ സ്ത്രീ ജനാലയിലൂടെ തന്നെ രക്ഷിക്കണം എന്ന് വിളിച്ചുകേഴുന്നതായി പലരും ഫേസ്ബുക്കിലൂടെയും മറ്റും അറിയിക്കുന്നു. സർക്കാർ ഇടപെടണം, വിശേഷിച്ചു വനിത കമീഷന് ഇടപെടണം എന്ന നിവേദനം പല ഭാഗങ്ങളില്‍നിന്നായി നിരന്തരം ഉണ്ടായിട്ടും ആ സർക്കാർസംവിധാനം മൗനം പാലിക്കുന്നു. ഇതിനിടയിൽ ഇസ്ലാംമതം സ്വീകരിച്ച അവരെ തിരിച്ചു മതപരിവർത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അതിനായി അവരെ മർദിക്കുന്നതായും വാർത്തകള്‍ വരുന്നു. ഹിന്ദുത്വ പ്രവർത്തകർക്കും മറ്റും അവരെ കാണാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യമുണ്ട് എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ മറ്റുവസ്തുതകള്കൂടി ചേർത്തുവെക്കുമ്പോള്‍ അനായാസം വ്യക്തമാവുന്നുണ്ട്. അവിടെ ചെല്ലുന്ന എതിര്‍വാദങ്ങള്‍ ഉള്ളവരെപ്പോലും അനുനയിപ്പിച്ചു സ്വന്തം ഭാഷ്യത്തിെൻറ പ്രചാരകരായിമാറ്റാന് കഴിയുന്ന രക്ഷകർത്താവിെൻറ സാമർഥ്യവും ശ്രദ്ധേയമാണ്.
ഒരു ജനാധിപത്യരാഷ്ട്രത്തില്‍, വിശേഷിച്ചു കേരളത്തില്‍, ഒരു വ്യക്തിക്ക് ഇത്തരം ഒരു ജീവിതസാഹചര്യം ഉണ്ടാകുവാൻ പാടില്ലാത്തതാണ്. ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്ത നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ ഈ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമായ കാര്യമാണ്. ജുഡീഷ്യറി മുതല്‍ പൊലീസ് സംവിധാനം വരെ ഇക്കാര്യത്തില്‍ കുറ്റവാളികള്‍ ആണ്. ഇതിനുള്ള പ്രധാന കാരണം കേരളത്തിെൻറ പൊതുബോധം ഈ പ്രശ്നത്തില്‍ ഇസ്ലാമോഫോബിയയുടെയും ഹിന്ദുത്വ പ്രീണനത്തിെൻറയും പ്രത്യയശാസ്ത്രത്തിന് പൂർണമായും കീഴ്പ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ്. കേരളം തങ്ങള്‍ “ഭരിച്ചാല്‍ ഭരും” എന്ന് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ ചിലമ്പിനേത്ത്ചന്ദ്രക്കാറന്മാർ ഒരുമിച്ചു പൊട്ടിച്ചിരിക്കുകയാണ്.അവരുടെ കൈകളിൽ കാവിക്കൊടി മാത്രമല്ല, മൂവർണവും ചെങ്കൊടിയും മറ്റനേകം വർണക്കൊടികളും ഉയരത്തിൽ പാറുന്നുണ്ട്. പഴയ പത്രഭാഷയില്‍ പറഞ്ഞാൽ കാവികേരളത്തിെൻറ ഉദ്ഘാടന മഹാമഹം പൊടിപൊടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.