ആരോഗ്യത്തെ തുരങ്കംവെക്കുന്ന പ്രവണതകൾ
text_fieldsനമ്മുടെ ആരോഗ്യരംഗത്തിന് വൈരുധ്യങ്ങളുടെ ദശാകാലമാണ്. അല്ലെങ്കിലെന്തുകൊണ്ട് വൈദ്യ ശാസ്ത്രത്തിലെ അത്യാധുനിക ചികിത്സ വിജയകരമാകുന്ന ഇടങ്ങളിൽത്തന്നെ അമ്പേ പ്രാചീനമ ായ ചികിത്സകൾക്ക് ചുറ്റും ആൾക്കൂട്ടം ഉണ്ടാകുന്നു? ഇനിയും ജനിക്കാതെ, ഗർഭത്തിലുള്ള ഭ്ര ൂണത്തെ പുറത്തുകൊണ്ടുവന്ന് ശാരീരിക തകരാറുകൾ നീക്കി ഗർഭപാത്രത്തിൽ പുനഃസ്ഥാപിക്ക ാൻ സാധിച്ചിട്ടുണ്ട്; കേരളത്തിൽതന്നെ. അനേകം പേർ രോഗം ബാധിച്ച അവയവങ്ങൾക്ക് പകരം മറ് റു ദാതാക്കളുടെ അവയവങ്ങൾ ധരിച്ച് സുഖജീവിതം നയിക്കുന്നു. അതേ സാമൂഹിക പരിസരത്തിൽ തന്നെ രോഗത്തിലായ വൃക്കകൾ ഒറ്റമൂലികൾകൊണ്ട് പുനരുജ്ജീവിപ്പിക്കാമെന്ന ധാരണയിൽ പ ലരും വ്യാജചികിത്സകൾക്ക് സ്വമേധയാ വഴങ്ങിക്കൊടുക്കുന്നു. എന്നന്നേക്കുമായി വൃക്കകള െ തകരാറിലാക്കുന്നു. എന്തുകൊണ്ടാണിങ്ങനെ?
ഒരുതരം മൗലികവാദമാണ് ഇതിനു പിന്നിൽ. ന മ്മുടെ പൊതുധാരണയിൽ മൗലികവാദമെന്നാൽ മതവുമായി ബന്ധപ്പെട്ടതാണ്. സത്യത്തിൽ അതിന് വിശ്വാസവുമായിട്ടാണ് ബന്ധം. നല്ല ആരോഗ്യം എന്താണെന്ന് പലരോടും ചോദിച്ചുനോക്കിയാൽ കൃത്യമായ ഉത്തരം പറയാനാവില്ല, പലർക്കും. കാരണം, ആരോഗ്യം നമുക്ക് കാണാനാവുന്നതോ അളന്നുകാണിക്കാവുന്നതോ അല്ല. നമ്മുടെ ആന്തരികാവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും അനുഭവവേദ്യമല്ല. ധമനികളിൽകൂടി രക്തമൊഴുകുന്നതും പേശികൾ സങ്കോചിക്കുന്നതും പിത്താശയത്തിൽ കല്ലുണ്ടാകുന്നതും നാമെങ്ങനെയറിയും? ഇതെല്ലം ശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കുകയോ അവയിൽ നൈപുണ്യമുള്ളവർ പറയുന്നത് വിശ്വസിക്കുകയോ മാത്രമേ സാധിക്കൂ. ഇവിടെയാണ് വിശ്വാസത്തിെൻറ പ്രാധാന്യം. നമുക്ക് പൂർണവിശ്വാസമുള്ള വ്യക്തിയോ മീഡിയയോ നമ്മുടെ പിത്താശയത്തിലെ കല്ല് വൻകുടലിലൂടെ വിസർജ്യമായി കളയാനാകും എന്നുപറഞ്ഞാൽ നാം വിശ്വസിച്ചുപോകും. ഇതനുദിനം അവർത്തിച്ചുകൊണ്ടിരുന്നാൽ നമ്മുടെ വിശ്വാസങ്ങൾ ദൃഢപ്പെടുകയും ശാസ്ത്രീയ തെളിവുകൾ നാം നിരാകരിക്കുകയും ചെയ്യും. ആരോഗ്യമൗലികവാദം ഇതുതന്നെയാണ്.
ഏത് ദീർഘകാല രോഗത്തിലും മൗലികവാദികൾ പിടിമുറുക്കാം. ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, അർബുദം ഇവയാണ് ഇഷ്ടവിഭവങ്ങൾ. എന്നാൽ, നടുവേദന, അസ്ഥിരോഗങ്ങൾ, അപസ്മാരം, സൗന്ദര്യം, ലൈംഗികശേഷിക്കുറവ്, മദ്യപാനം, അമിതവണ്ണം എന്നിവയും ഇവർക്ക് പ്രിയപ്പെട്ട വിഷയങ്ങൾ തന്നെ. മറ്റേതു മൗലികവാദത്തെയുംപോലെ ആരോഗ്യമേഖലയിലും അവർ പിന്തുടരുന്നത് പരിചിതമായ രീതിശാസ്ത്രംതന്നെ. അതിലടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ നോക്കാം. ഒന്ന്, അത് ശാസ്ത്രവിരുദ്ധമായിരിക്കും; എന്നാൽ ശാസ്ത്രത്തിൽ പ്രയോഗിക്കുന്ന വാക്കുകളോ ആശയങ്ങളോ പരസ്പരബന്ധമില്ലാതെ ഉപയോഗിച്ചാവും തങ്ങളുടെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന് അർബുദത്തിന് പ്രൈമറി, സെക്കൻഡറി തുടങ്ങിയ ഘട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും അതേ കുറിച്ചുള്ള ധാരണകൾ ശാസ്ത്രബോധത്തിനു നിരക്കാത്തതാവും. പലപ്പോഴും ‘സാധാരണക്കാരുടെ തിരിച്ചറിവ്’ എന്ന തലത്തിലാവും അവരുടെ വിജ്ഞാനം നിൽക്കുന്നത്. ആന്തരികാവയവങ്ങൾ, വൃക്ക, കരൾ എന്നിവ കൂടക്കൂടെ ശുദ്ധിയാക്കണമെന്നും അതിന്ന രീതിയിലാവണമെന്നും പ്രചരിപ്പിക്കുന്നത് അശാസ്ത്രീയതയുടെ ഉദാഹരണമാണ്.
രണ്ട്, പലപ്പോഴും നിയമവിരുദ്ധമായിരിക്കും ചികിത്സയും പരിശോധനയും. നിയമം അനുവദിക്കുന്ന ആധുനിക വൈദ്യം, ആയുഷ് എന്നിവക്ക് പുറത്താണ് ഇവർ സ്ഥിതിചെയ്യുന്നത്. എന്നാൽ, നിരന്തരമായി വ്യവസ്ഥാപിത വൈദ്യശാസ്ത്ര മേഖലകളെ വെല്ലുവിളിച്ചുകൊണ്ടായിരിക്കും നിലകൊള്ളുക. ഇതിനു കാരണമുണ്ട്. ചികിത്സാ മൗലികവാദികളുടെ നിലനിൽപ് ചികിത്സയുടെ ഫലത്തിലല്ല, വെല്ലുവിളികൾ ആകർഷിക്കുന്ന ജനശ്രദ്ധയിലാണ്. രോഗി നൽകേണ്ട സമ്മതപത്രം, അവരുടെ സ്വകാര്യത തുടങ്ങി ചികിത്സയിൽ ഉറപ്പാക്കേണ്ട സാമാന്യ നൈതികത ഉണ്ടാവില്ല. രോഗിയുടെ ഇഷ്ടപ്രകാരം ചികിത്സയിൽ പ്രവേശിക്കുന്നു; ചികിത്സകൻ പറയുമ്പോൾ അവസാനിക്കുന്നു എന്ന ഫോർമുല പലപ്പോഴും കാണാം. ചികിത്സ അവസാനിപ്പിക്കുന്നത് പലപ്പോഴും സൗഹാർദമായിട്ടാണ് എന്നതിനാൽ പ്രശ്നമുണ്ടാകുന്നുമില്ല.
മൂന്ന്, ചികിത്സയുടെ പ്രചാരണം സാക്ഷ്യം പറച്ചിൽ മുഖാന്തരമാണ്. സമൂഹത്തിൽ അറിയപ്പെട്ടവരെയും സ്വാധീനമുള്ളവരെയും സാക്ഷ്യം പറച്ചിലിന് വ്യാപകമായി ഉപയോഗിക്കുന്നു. ആചാര്യന്മാർ, സെലിബ്രിറ്റികൾ, ഉന്നത ഉദ്യോഗസ്ഥർ, നേതാക്കൾ, പദ്മ പുരസ്കാരം പോലുള്ള അംഗീകാരം നേടിയവർ ഒക്കെ ഇതിൽ പെട്ടുപോകുന്നു. ശ്രദ്ധിച്ചുനോക്കിയാൽ അവർക്കും ശാസ്ത്രബോധം കുറവാണെന്നു കാണാനാകും. എങ്കിലും, അവർ നമുക്ക് പറഞ്ഞുതന്നത് ഓർമയിൽ തങ്ങിനിൽക്കും.
രോഗവും രോഗലക്ഷണങ്ങളും തമ്മിൽ തെറ്റിപ്പോകലാണ് സർവപ്രധാനമായ അശാസ്ത്രീയത. ‘എെൻറ കുട്ടി ലൂകീമിയമൂലം കിടപ്പായിരുന്നു. ഇപ്പോൾ നല്ല വിശപ്പുണ്ട്, ഉന്മേഷം തോന്നുന്നു.’ ഇങ്ങനെയാവും വിലയിരുത്തൽ. രോഗനിർണയത്തിന് ഉപയോഗിച്ച മാനദണ്ഡങ്ങളാണ് രോഗശമനം നിർണയിക്കാനും വേണ്ടത് എന്ന ലളിതപാഠം വിസ്മരിക്കപ്പെടുന്നു. മാത്രമല്ല, സാക്ഷ്യംപറച്ചിൽ ചികിത്സയുടെ പ്രാരംഭകാലത്താണ് നടക്കുക. ഫലപ്രദമല്ലാത്ത ചികിത്സയുടെ പരിണിതഫലങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിൽ സാക്ഷ്യം പറഞ്ഞവർ മെല്ലെ അപ്രത്യക്ഷരാകും. നാല്, ഇവർ മീഡിയയുടെ സാധ്യതകൾ വിദഗ്ധമായി ചൂഷണം ചെയ്യുന്നു. നവ സമൂഹ മാധ്യമത്തിലൂടെ ലഘുസന്ദേശങ്ങൾ വ്യാപിപ്പിക്കുകയും വൈറലാക്കുകയും ചെയ്യും. യൂട്യൂബ് ചാനലുണ്ടാക്കി സ്വന്തം ബ്രാൻഡ് ഉറപ്പാക്കുന്നവരും കുറവല്ല.
ഈ മേഖലയിൽ നിയന്ത്രണങ്ങൾ പരിമിതമാണെന്നതിനാൽ ഇത് സാധിക്കുന്നു. സോഷ്യൽ മീഡിയയിൽ സന്ദേശവ്യാപനം നിശ്ചയിക്കുന്നത് ജനങ്ങളാണെന്നതിനാൽ അവരെ ആകർഷിക്കുന്ന എന്ത് സന്ദേശവും വൈറൽ അകാൻ അവസരമുണ്ട്. പക്ഷേ, നമ്മെ ഭയപ്പെടുത്തുന്നത് മുഖ്യധാരയിലുള്ള മീഡിയയാണ്; പത്രങ്ങൾ, ടി.വി തുടങ്ങിയവ. ഒളിച്ചുകടത്തപ്പെടുന്ന ആയുധങ്ങൾപോലെ പലരുടെയും ശ്രദ്ധപതിക്കാത്ത ഇടങ്ങളിൽ ലഘുപരസ്യങ്ങളായി ഇവരുടെ സന്ദേശം പത്രങ്ങളിൽ അനുസ്യൂതം വന്നുകൊണ്ടിരിക്കും. പരസ്യങ്ങൾ നമ്മുടെ ശ്രദ്ധ നേരിട്ടാകർഷിക്കുകയല്ല പ്രധാനമായും ചെയ്യുന്നത്. പരസ്യങ്ങളിൽ വീഴാൻ സാധ്യതയുള്ളവരെ അവ തേടിക്കൊണ്ടിരിക്കുന്നു, ദിവസേന. ഒന്നോ രണ്ടോ ഇഞ്ചു മാത്രം ദൈർഘ്യമുള്ള ‘പത്രത്താൾ സന്ദേശം’ നമുക്കായി കൃത്യമായ ഇടവേളകളിൽ വന്നുകൊണ്ടിരിക്കും. ഇത്തരം സന്ദേശകാവ്യങ്ങൾ എത്ര ഫലപ്രദമാണെന്ന് ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നു.
അശാസ്ത്രീയവും വ്യാജവുമായ ചികിത്സകൾക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനയാണ് ‘കാപ്സ്യൂൾ’. അതിെൻറ പ്രവർത്തകനായ അനിൽകുമാർ, മലയാള മുഖ്യധാരാപത്രങ്ങളിൽ കാണുന്ന ലഘു പരസ്യങ്ങൾ പഠനവിധേയമാക്കി. ഒക്ടോബർ 2018ൽ ഒരാഴ്ചക്കാലത്തെ വിവരമാണ് പഠനത്തിനായി ശേഖരിച്ചത്. പ്രതിദിനം 80 ക്രമവിരുദ്ധ ചെറുപരസ്യങ്ങളാണ് പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്; 74 പരസ്യദാതാക്കളെ കണ്ടെത്താനായി. പരസ്യങ്ങളിൽ 80 ശതമാനം പൊതുവെ ആളുകൾ പുറമെ പറയാൻ മടിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൗന്ദര്യം, കൗൺസലിങ്, ലൈംഗിക പ്രശ്നങ്ങൾ, രോമവളർച്ച, അമിതവണ്ണം എന്നിവയാണ് അവ. ഈ വിഷയങ്ങളിൽ പൊതുപരസ്യങ്ങൾ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. പരസ്യങ്ങൾ എല്ലാവരും ശ്രദ്ധിക്കുംവിധം വിപുലമല്ലാത്തതിനാലും ഉപഭോക്താക്കൾ പരാതിപ്പെടാത്തതിനാലും നടപടിയുണ്ടാകുന്നില്ല. പ്രമേഹം, പൈൽസ്, വാതം മുതലായ രോഗങ്ങളാണ് ബാക്കി 20 ശതമാനം പരസ്യങ്ങളുടെ വിഷയം. മേയ് 2019ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഇമ്മാതിരി നിയമവിരുദ്ധ ചികിത്സകൾ പരസ്യം ചെയ്യുന്നതിനുവേണ്ടിവരുന്ന െചലവ് 400 കോടി രൂപയാണ്.
ഒറ്റമൂലി, നാട്ടുചികിത്സ, പാരമ്പര്യവൈദ്യം, അത്ഭുതസിദ്ധി മുതലായ ചികിത്സാരീതികൾ കേരളത്തിൽ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രം, ആയുഷ്, മുതലായ ചികിത്സാരീതികൾ മാത്രമാണ് നിയമവിധേയമായുള്ളത്. കൃത്യമായ നിയന്ത്രണങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള മാർഗങ്ങളും അടങ്ങുന്ന വിശാലമായ ചട്ടക്കൂടിനുള്ളിൽനിന്ന് മാത്രമേ പ്രവർത്തിക്കാനാകൂ. ഇപ്രകാരം നിയന്ത്രണങ്ങൾക്ക് വിധേയമല്ലാത്ത ചികിത്സാരീതികൾ പറ്റില്ലെന്ന് 2018ൽ സുപ്രീംകോടതി വിധിച്ചിട്ടുമുണ്ട്. രാജ്യത്തെ സിവിൽ നിയമങ്ങളുടെ മേൽനോട്ടമില്ലാത്ത ഏതു ചികിത്സയും കുറ്റകരമാണെന്നിരിക്കെ അതേക്കുറിച്ചുള്ള പരസ്യങ്ങൾ എങ്ങനെ കുറ്റകരമല്ലാതാകും? ചാരായനിരോധനമുള്ള നാട്ടിൽ നല്ല ചാരായം തരാം എന്ന പരസ്യം സാധ്യമാണോ?
പണം കൊടുത്ത് പത്രം വാങ്ങുന്നയാൾ സത്യസന്ധവും നിയമാനുസൃതവുമായ വിഭവങ്ങളാണല്ലോ പ്രതീക്ഷിക്കുന്നത്. ഇമ്മാതിരി പരസ്യങ്ങൾ ആ വിശ്വാസത്തിന്മേൽ സമ്മർദമുണ്ടാക്കുന്നു. മാത്രമല്ല, സമൂഹത്തിൽ ശാസ്ത്രാവബോധം േപ്രാത്സാഹിപ്പിക്കുക എന്ന ഭരണഘടനാപരമായ കർത്തവ്യത്തിൽനിന്നുപോലും പത്രങ്ങൾ പിൻവാങ്ങുകയും ശാസ്ത്രവിരുദ്ധതക്ക് ഇടംനൽകുകയും ചെയ്യുന്നു. നാം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പത്രങ്ങൾ ഇങ്ങനെ ചെയ്യുന്നുവെങ്കിൽ അത് ഗൗരവമായ പ്രശ്നംതന്നെയാണ്. ആരോഗ്യകരമായ ജീവിതം സാമൂഹികാവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതിനാൽ തന്നെ ശാസ്ത്രനിബദ്ധമായ ആരോഗ്യസംസ്കാര നിർമിതി മറ്റു നവോത്ഥാന മുന്നേറ്റങ്ങളോടൊപ്പം നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.