ലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യ വ്യാകുലതകൾ
text_fieldsസമൂഹങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കനുസൃതമായ മൂല്യസങ്കൽപങ്ങളും ജീവിതരീതിയുമാണ് അവർ സ്ഥാപിച്ചെടുക്കുന്നത്. ഇതനുസരിച്ചുള്ള ധാരണകൾ വ്യക്തിജീവിതത്തിൽ ശക്തമായ സ്വാധീനം സൃഷ്ടിക്കുക വഴി വ്യക്തികളുടെ സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടായിവരുന്നു. മൂല്യസങ്കൽപങ്ങൾ അവരുടെ ഭക്ഷണം, ആരോഗ്യം, ജീവിതശൈലി എന്നിവയിൽ ശക്തമായ സാന്നിധ്യമുണ്ടാക്കുന്നു. പരമ്പരാഗത കാഴ്ചപ്പാടുകൾ ദൃഢതയോടെ പിന്തുടരുന്ന സമൂഹങ്ങളിൽ പലവിധ സാമൂഹിക സമ്മർദം നിലനിൽക്കുന്നത് അതിനാൽ തന്നെയെന്ന് കരുതണം.
നമ്മുടെ സമൂഹം രഹസ്യമായി വെച്ചിരിക്കുന്ന ആരോഗ്യവ്യാകുലതയാണ് ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ. ഇതറിയാൻ നമ്മുടെ പത്രങ്ങളിലൂടെ കണ്ണോടിച്ചാൽ മതി. ദിവസേന അനവധി ലഘുപരസ്യങ്ങളാണ് ഭാഷാപത്രങ്ങൾ നമുക്ക് ഉദാരമായി വിളമ്പുന്നത്. ഏതാനും പരസ്യങ്ങൾ സംസ്കാരത്തിെൻറ സീമകൾ ലംഘിക്കുന്നവയാണ്; അവരുടെ ഉൽപന്നം വാങ്ങിയാൽ സ്ത്രീസൗഹൃദത്തിനു അവസരം നൽകുന്ന ലഘുലേഖകൾ സൗജന്യമായി ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികസിദ്ധികൾ മെച്ചപ്പെടുത്താനുള്ള ഉപാധികളാണ് പരസ്യങ്ങളെങ്കിലും ഇവ വ്യക്തമായും ആൺ നോട്ടത്തെ അടിസ്ഥാനപ്പെടുത്തി സൃഷ്ടിച്ചവതന്നെ.
അതായത്, ഈ പരസ്യങ്ങൾ ലൈംഗികതയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും പരിഹാരമാർഗങ്ങളും മാത്രമാണ് എന്ന ചിന്ത അതിലളിതവത്കരിക്കലാണ്. വ്യക്തി, രോഗം, ചികിത്സകൻ, രോഗമുക്തി എന്ന നേർ രേഖാസമവാക്യത്തിൽ ഒതുങ്ങുന്നതല്ല ലൈംഗികോത്തേജന പരസ്യങ്ങൾ. രോഗവും ചികിത്സയുമല്ല, പെണ്ണെങ്ങനെയാവണം എന്ന ആൺ കാഴ്ചപ്പാടും പരസ്യങ്ങൾക്കുപിന്നിലുണ്ട്. ഇത് സാമൂഹിക രോഗാതുരതയെ സൂചിപ്പിക്കുന്ന ഒന്നായതിനാൽ ഗൗരവമേറുന്നു.
2010 ലെ സൺഡേ ഇന്ത്യൻ എന്ന പ്രസിദ്ധീകരണത്തിൽ മനീഷ് പാണ്ഡെയുടെ റിപ്പോർട്ട് നോക്കാം: അനേകം കമ്പനികൾ, മാൻ കൈൻഡ്, സിപ്ല, സയിഡസ്, കുന്നത്ത്, അജന്ത, ലൈംഗികോത്തേജന ഔഷധങ്ങളിലൂടെ വലിയലാഭം കൊയ്യുന്നുണ്ട്. മരുന്നുകളുടെ കൗണ്ടർ ലഭ്യതയോ, ഇൻറർനെറ്റ് ലഭ്യതയോ ഉറപ്പാക്കുക, വ്യക്തികളെ ആകർഷിക്കാൻ അനുയോജ്യമായ വികാരങ്ങളിലേക്ക് പരസ്യശ്രദ്ധ ഉറപ്പിക്കുക എന്നിവയിൽ അവർ ശ്രദ്ധിക്കുന്നു. ഓർഡർ ചെയ്തു 24 മണിക്കൂറിനുള്ളിൽ ൈകയിിലെത്താൻ പാകത്തിന് വിതരണ ശൃംഖല അവർ ഉണ്ടാക്കിയിട്ടുമുണ്ട്. ലൈംഗികബന്ധത്തിനു മുമ്പ് കഴിക്കാനുള്ള മരുന്നുകൾ പുരുഷന്മാർക്കും, അതിനുശേഷം വേണ്ടിവന്നാൽ കഴിക്കാനുള്ള മരുന്ന് സ്ത്രീകൾക്കും സുലഭമായി ലഭിക്കും. ലൈംഗികോത്തേജന മരുന്നുകൾ ഏതാനും ദശകങ്ങളായി കമ്പോളത്തിലുണ്ടായിരുന്നെങ്കിലും പരസ്യങ്ങളുടെ വേലിയേറ്റവും കച്ചവടവും പരസ്യവും പതിന്മടങ്ങു വളർന്നതും 2000ത്തിനു ശേഷമാണ്. അതിശക്തമായ പരസ്യം ഇതിനുപിന്നിൽ പ്രവർത്തിച്ചതായി കാണുന്നു.
എന്തുകൊണ്ടാണ് ലൈംഗികോത്തേജന മരുന്നുകൾ പെട്ടെന്ന് വിപണി കീഴടക്കിയത്? ശാരീരികരോഗത്തെയല്ല ഇവ പ്രതിരോധിക്കുന്നത്; മറ്റുപലതിലുമാണ്. ഒന്ന്, ഉത്തേജനം എന്നത് നമ്മുടെ കഴിവുകളെയും പ്രാപ്തിയെയും വര്ധിപ്പിക്കുന്നുവെന്ന തോന്നൽ. സാമൂഹികമായി അഭികാമ്യമായ അവസ്ഥയിലേക്കിതു നമ്മെ നയിക്കുന്നു. സാമൂഹികശാസ്ത്ര വിദഗ്ധനായ എർവിങ് ഗോഫ്മാൻ പരസ്യങ്ങൾ നമ്മുടെ ജീവിതങ്ങളിലേക്കു ഒളിച്ചു കടന്നുവരുന്നതെങ്ങനെ എന്ന് വിവരിച്ചിട്ടുണ്ട്. നിസ്സാരമായ പല അവസ്ഥകളെയും വക്രീകരിക്കുകയും വികസിപ്പിക്കുകയും ചെയ്ത് കൃത്രിമമായ സത്യസന്ധത നമ്മിൽ ഉൽപാദിപ്പിക്കാൻ പരസ്യങ്ങൾക്കു കഴിയുന്നു. പരസ്യങ്ങൾ മനുഷ്യബന്ധങ്ങളെ വികൃതമാക്കി കാണിച്ചാൽപോലും നമുക്ക് അങ്ങനെതോന്നുന്നില്ല എന്നതിനാലാണ്. ഇങ്ങനൊരു രീതിശാസ്ത്രം നമുക്കിടയിൽ പെണ്ണത്തം ആണത്തം എന്ന ദ്വന്ദങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. അങ്ങനെയായാൽപിന്നെ പെണ്ണിന് സ്ത്രൈണതയും ആണിന് പുരുഷത്തവും കൂടിയേ തീരൂ. അതെങ്ങനെയെന്ന് പരസ്യങ്ങൾ പറഞ്ഞുതരും. കാര്യങ്ങൾ അങ്ങനെയായാൽ നമുക്ക് ജീവിക്കാൻ എളുപ്പമാകുമല്ലോ. ഫെമിയാനൊ, നിക്കഴ്സൺ എന്നിവർ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുരുഷ ബിംബങ്ങൾ നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ എന്ന് പഠിക്കുകയുണ്ടായി. പുരുഷെൻറ കൽപിതഗുണങ്ങളിൽ ഇവയെല്ലാമുണ്ട്: ധൈര്യം, സാഹസികത, ശക്തവും ഫലപ്രദവുമായ ചിന്തിക്കാനുള്ള കഴിവ്, പേശീബലം, സ്വാതന്ത്ര്യചിന്ത, തീരുമാനങ്ങൾ നടപ്പാക്കാനുള്ള കൗശലം എന്നിവ ആണത്തസ്വഭാവങ്ങളിൽ പെടും. പുരുഷ ബിംബാവിഷ്കാരം ചെറുപ്പക്കാരോട് പറയുന്നത്, ‘നിങ്ങൾക്കാകാവുന്നതെന്തും ആയിക്കൊള്ളൂ’ എന്നുതന്നെ.
ചെറുപ്പക്കാർക്ക്, പ്രത്യേകിച്ച് കൗമാരക്കാരിൽ പലവിധ ആകുലതകൾക്ക് കാരണമാകുന്നു. ബലവത്തായ പേശികളും ശരീരവും, കെൽപുള്ള മനസ്സും ഉണ്ടാകേണ്ടത് ആവശ്യമാണെന്ന ധാരണയിൽ കഴിയുന്ന കൗമാരക്കാർക്ക് മാനസിക സംഘർഷമുണ്ടാകുന്നതായി ഗവേഷകർ പറയുന്നു. അടിവസ്ത്രം മുതൽ മോട്ടോർ കാർ വരെയുള്ള എന്തിനും പുരുഷശരീരം പരസ്യപ്പെടുത്തുന്നത് കഴിഞ്ഞ ഏതാനും ദശകത്തിൽ ശക്തമായിട്ടുണ്ട്. ഇതിനു സമാനമായാണ് പുരുഷ ലൈംഗികതയും നിർവചിക്കപ്പെടുന്നത്. പരസ്യത്തിലെ സ്ത്രീ വിപരീത ബിംബമാണ് നൽകുന്നത്. സ്ത്രീ അശ്രദ്ധാലുവാണ്, കണ്ണുകൾ കൂമ്പിയും, ചുറ്റുമുള്ള വസ്തുവിനേയോ പുരുഷനെയോ തൊട്ടും നമ്മുടെ മനസ്സിലേറ്റുന്നു. സ്ത്രീകൾ സംരക്ഷണം ആഗ്രഹിക്കുന്നുവെന്നും, പുരുഷസാമീപ്യം കാംക്ഷിക്കുന്നുവെന്നും, ലിംഗ-അധികാര സൂചകങ്ങളിൽ പുരുഷന് വിധേയമാണെന്നും സൂചനകൾ നൽകുന്നു.
വികസ്വര സമൂഹങ്ങളിൽ ഇതൊരു വലിയ പ്രശ്നമായി കാണേണ്ടതുണ്ട്. ഇറാനിൽ നടന്ന 2016 പഠനമുണ്ട്; അസ്മോദേ, ഫിറൂസി മുതൽ പേർ പ്രസിദ്ധീകരിച്ച പ്രബന്ധമാണിത്. വിവാഹിതരായ 120 സ്ത്രീകളിൽ ലൈംഗികകാര്യങ്ങളിൽ എത്രകണ്ട് സ്വാധികാരം സ്ഥാപിക്കാനായി എന്ന് കണ്ടെത്താനായിരുന്നു പഠനം ശ്രമിച്ചത്. സാമൂഹിക സൂചകങ്ങളിൽനിന്നോ, മറ്റുള്ളവരിൽനിന്നോ ലഭിക്കുന്ന അറിവുകളാണ് സ്ത്രീസ്വത്വത്തെ അടയാളപ്പെടുത്തുന്നത്. അതിനാൽ തന്നെ ഭൂരിഭാഗം സ്ത്രീകളും ലൈംഗികബന്ധത്തിൽ അധികാരസ്ഥാപനത്തിൽ പിന്നിലാണ് എന്ന് കരുതണം. പലപ്പോഴും പുരുഷ ലൈംഗികത നടപ്പാക്കുന്നതിെൻറ ഉത്തരവാദിത്തം കൂടി തന്നിലാണെന്ന തോന്നൽ സ്ത്രീകളിൽ ഉണ്ടാകാം. ലമ്മെർസ്, സ്റ്റോക്കർ (2018) എന്നിവരുടെ പഠനമനുസരിച്ച് സ്ത്രീപുരുഷ ബന്ധത്തിൽ മറ്റേതു ഘടകത്തെക്കാൾ ശക്തം സാമൂഹികാധികാരമാണ്. ഇതു പ്രധാനമായും വികസിത സമൂഹത്തിൽ നടന്നതായതിനാൽ സമൂഹങ്ങൾ വികസിക്കുന്ന മുറക്ക് ലിംഗാധിഷ്ഠിതവും കൽപിതവുമായ റോളിെൻറ സ്വാധീനത്തിൽനിന്ന് സാമൂഹികാധികാരത്തിലേക്ക് പരിണമിക്കും എന്നുകരുതാം. പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത മാനസിക സംഘർഷങ്ങളാണ് ലൈംഗികത നൽകുന്നത്, സമൂഹം വികസിക്കുന്നമുറക്ക് അതിൽ മാറ്റമുണ്ടാകുമെങ്കിലും. അവകാശസ്ഥാപിതമായ പെരുമാറ്റരീതി ഉണ്ടാകുന്നതും ഇല്ലാത്തതും സ്ത്രീയിൽ അംഗീകരിക്കപ്പെടുമ്പോൾ, അത്തരം സ്വാതന്ത്ര്യത്തെ പുരുഷന് ഇല്ല എന്നയാൾ സങ്കൽപിക്കുന്നു. അത് തെറ്റോ ശരിയോ ആകാം. പ്രശ്നം അയാൾ എങ്ങനെ വിശ്വസിക്കുന്നു എന്നതാണ്. ആ വിശ്വാസത്തോടെയാണ് അയാൾ സ്ത്രീലൈംഗികതയെ സമീപിക്കുന്നത്. സമൂഹത്തിൽനിന്ന് ലഭിക്കുന്ന പ്രേരണകൾ, ലിംഗപരമായ റോൾ, ആൺകോയ്മ രീതികൾ എന്നിവ ഇതൊക്കെയാണ് പ്രബലമാക്കുന്നത്.
അതുകൊണ്ട്, ലൈംഗികതക്കുമേൽ ആക്രമണം അഴിച്ചുവിടുന്ന പൈങ്കിളി പരസ്യങ്ങൾ ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം പരസ്യങ്ങൾ തന്നെ മറ്റൊരുതരം രോഗാതുരത സൃഷ്ടിക്കുന്നില്ല എന്ന് പറയാനാവില്ല. ലൈംഗികശാസ്ത്രം എന്ന ബഹുവൈജ്ഞാനിക ശാസ്ത്ര മാതൃകയിൽ പ്രധാന ആശുപത്രികളിലെങ്കിലും സേവനം ലഭ്യമാക്കുന്നത് കാലഘട്ടത്തിെൻറ കൂടി ആവശ്യമായി കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.