നവോത്ഥാനവും ചെരിപ്പും ഷഹല പ്രോട്ടോകോളും
text_fieldsഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഷഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ചത്. കഴിഞ്ഞ രണ്ടു മാ സത്തിനുള്ളിൽ കേരളത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. മറ്റു രണ് ടു സംഭവങ്ങളിലും പാമ്പുകടിയേറ്റവരെ വിഷവൈദ്യന്മാരാണ് ചികിത്സിച്ചത്. അതിനാൽ, കൃത്യ മായ ചികിത്സ അവർക്ക് ലഭിക്കാതെപോയി എന്ന തോന്നൽ ശക്തമായിരുന്നു. സംസ്ഥാനത്ത് അമ്പതില ധികം സർക്കാർ ആശുപത്രിയിൽ വിഷബാധ ചികിത്സിക്കാനുള്ള മറുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെ ന്നാണ് റിപ്പോർട്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഷഹലക്ക് ആൻറിവെനം ല ഭിച്ചില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
മുൻഗണന നൽകേണ്ട ആരോഗ്യ പ്രശ്നമായി പാമ്പുവിഷബാധ പരിഗണിക്കണമെന്ന് 2018 മേയിൽ ലോകാരോഗ്യസംഘടന പ്രമേയത്തില ൂടെ ആവശ്യപ്പെട്ടുകഴിഞ്ഞു. പാമ്പുവിഷബാധയിൽ കൂടുതൽ ശ്രദ്ധ കിട്ടണമെന്നും ചികിത്സ, മ റുമരുന്ന് ലഭ്യത എന്നിവയിൽ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അംഗരാജ്യങ്ങൾ കരുതുന്നു. ഷഹല സംഭവത്തിൽ എവിടെയെല്ലാം തെറ്റുകൾ സാധ്യമാകുമോ അവയെല്ലാം ഒന്നിച്ചു വന്നുകൂടി. പൊതുജനാരോഗ്യത്തിെൻറ കാഴ്ചപ്പാടിൽ ഷഹ്ലയുടെ മരണം വിശദചർച്ചയും പരിഗണനയും അർഹിക്കുന്നു.
കടിയേറ്റ മാത്രയിൽ കുട്ടി അധ്യാപകരെ അറിയിച്ചു. സ്കൂളിൽ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനുപോലും കാലിലെ മുറിവു കണ്ടിട്ട് പാമ്പുകടി സാധ്യതയുടെ തോന്നലുണ്ടാകാത്തത് നമ്മുടെ ദയനീയമായ ശാസ്ത്രാവബോധം പ്രകടമാക്കുന്നു. രണ്ട് ആണികൾ ഒരേസമയം തറച്ചുകയറുക എന്നത് അസ്വാഭാവികം എന്നു പറഞ്ഞ സഹപാഠിയുടെ ശാസ്ത്രബോധം അധ്യാപകർക്കുണ്ടാകണമല്ലോ. ക്ലാസ്മുറിയിൽ വെറുതെ കിടക്കുന്ന ആണികൾ തറച്ചുകയറുന്നത് ന്യൂട്ടൻ സിദ്ധാന്തമനുസരിച്ചും പ്രയാസമാണ്. ഇത് കേരളത്തിലെ ശാസ്ത്രവിദ്യാഭ്യാസ നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു.
കുട്ടികൾ ക്ലാസ്മുറികളിൽ ചെരിപ്പുകൾ ഉപയോഗിക്കരുത് എന്ന നിയമവും സ്കൂൾ നടപ്പാക്കിയിട്ടുണ്ടത്രേ! ചെരിപ്പുകൾ പാദരക്ഷകളാണേല്ലാ. പാദത്തിെൻറ ആരോഗ്യം രക്ഷിക്കാൻ ചെരിപ്പുകൾക്കാവും എന്നിരിക്കെ എന്ത് ശാസ്ത്രമാണ് ചെരിപ്പുകൾ നിരോധിക്കുന്ന സ്കൂൾ അധികാരികൾക്ക് പറയാനുള്ളത്? ക്ലാസ്മുറിയിൽ ചെരിപ്പ് നിരോധിക്കുന്നതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. തെളിവുകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾ ആചാരങ്ങൾ മാത്രമാണ്. ചെരിപ്പുകൾ മാറ്റിവെക്കണമെന്ന ആചാരം ശുദ്ധിയും വൃത്തിയുമായി ബന്ധപ്പെട്ട സാമൂഹികബോധത്തിൽനിന്നുണ്ടായതാണ്. ഇതുതന്നെയാണ്, മറ്റു മാറ്റിനിർത്തലുകളുടെയും ജാതീയമായ ഉച്ചനീചത്വവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം. ശുദ്ധിയും വൃത്തിയുമായ ആചാരങ്ങളാൽ ബന്ധപ്പെട്ടതുകൊണ്ട് മുതിർന്നവരിൽ പലരും ഇത് അംഗീകരിക്കുന്നു. അവർ അങ്ങനെയുള്ള സാമൂഹികാവസ്ഥയിലൂടെ വന്നവരും അങ്ങനെ പരിശീലനം സിദ്ധിച്ചവരും ആകുന്നു. പുതിയ തലമുറയെയും അങ്ങനെതന്നെ പരിശീലിപ്പിച്ചാൽ അനാചാരങ്ങളിൽനിന്നു നവോത്ഥാനം എന്ന മിഴിതുറക്കൽ അപ്രാപ്യമാകും. ശാസ്ത്രസംബന്ധിയല്ലാത്ത ഈ അനാചാരം കേരളത്തിലാകെ നിരോധിക്കേണ്ടതാണ്. പാദരക്ഷകൾ ഉപയോഗിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. അതായത്, പാദരക്ഷകൾ ഉപകരണം മാത്രമല്ല, മൂല്യംകൂടിയാണ്. ശാസ്ത്രീയതയുള്ള ഇത്തരം അനേകം മൂല്യങ്ങൾ ചേർന്നാണ് നവോത്ഥാനബോധ്യങ്ങൾ ഉണ്ടാകേണ്ടത്.
ഷഹല കടന്നുപോയ ആശുപത്രിയനുഭവങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. പാമ്പുകടിയേറ്റു എന്നുറപ്പിക്കാൻ സുൽത്താൻ ബത്തേരി ആശുപത്രിയിലും കാലതാമസമുണ്ടായി. മുമ്പൊരു ആശുപത്രിയിൽ പാമ്പുകടിച്ചതാണെന്ന് നിർണയിക്കുകയും ആൻറി വെനം ഇല്ലാത്തതിനാൽ അതുള്ള ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തതാണല്ലോ. എന്നിട്ടുമെന്തേ രോഗനിർണയം തന്നെ വൈകിയത് എന്നറിയില്ല. ചികിത്സ വൈകിയത് മൂന്നു കാരണം കൊണ്ടാകാം. ഒന്ന്, പാമ്പുവിഷ ചികിത്സയുടെ പ്രോട്ടോകോൾ ഇല്ലായ്മ. രണ്ട്, സമ്മതപത്രം നൽകാനുണ്ടായ താമസം. മൂന്ന്, മൂന്നു മണിക്കൂർ അകലെയുള്ള ആശുപത്രിയിലേക്ക് ചെയ്ത റഫറൽ.
എന്താണ് പ്രോട്ടോകോൾ? ചികിത്സ പ്രോട്ടോകോളുകൾ ഗുണമേന്മ മുന്നിൽ വെച്ച് സമഗ്രവും യുക്തവുമായ ചികിത്സ ഉറപ്പാക്കുന്നു. പ്രോട്ടോകോൾ നിലവിലുള്ളിടത്ത്, അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാനും ചികിത്സ സന്നദ്ധതയും തത്സമയ ഇടപെടലുകൾ നടത്താനുള്ള നൈപുണ്യവും ആരോഗ്യപ്രവർത്തകർക്ക് ഉറപ്പാക്കാനും കഴിയും. ഇതല്ലാതെ പ്രോട്ടോകോളുകൾ ഉള്ളതും ഇല്ലാത്തതും നിലവിൽ അംഗീകരിക്കപ്പെട്ട ചികിത്സ രീതിയെ ബാധിക്കുന്നില്ല. പ്രോട്ടോകോൾ ഇല്ലാത്തത് ചികിത്സ നിഷേധിക്കാനുള്ള അവസരവുമല്ല. പക്ഷാഘാതത്തിനും ന്യൂമോണിയക്കും ഒന്നും സർക്കാർ അംഗീകരിച്ച പ്രോട്ടോകോൾ നിലവിലില്ല. പാമ്പുകടി ചികിത്സിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 2016 ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗരേഖകൾ നിലവിലുണ്ട്. അതില്ലെങ്കിൽപോലും അത്യാഹിത വിഭാഗത്തിലെ ചികിത്സകൾക്ക് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല. തെൻറ കൈയിൽ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നൽകാൻ ഓരോ ഡോക്ടർക്കും നൈതികവും നിയമപരവുമായ ബാധ്യതയുണ്ട്.
രണ്ടാമതായി പറയപ്പെടുന്നത് മറുമരുന്ന് ചികിത്സക്കുള്ള സമ്മതപത്രം നൽകാൻ കുട്ടിയുടെ പിതാവ് അമാന്തിച്ചു എന്നാണ് വാദം. കുട്ടിയെ അസംപ്ഷൻ ആശുപത്രിയിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്കു കൊണ്ടുവന്നതുതന്നെ പാമ്പുവിഷചികിത്സ അവിടെ ലഭ്യമാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ്. അങ്ങനെയെങ്കിൽ ചികിത്സക്കുള്ള പൂർണസമ്മതം ആന്തരാർഥമായും ധ്വനിയായും നിലനിൽക്കുന്നു. മാത്രമല്ല, ജീവനും മരണവും തുലാസിലുള്ളപ്പോൾ സമ്മതപത്രത്തിന് പ്രത്യേക സാംഗത്യമില്ല. ചികിത്സിച്ചാൽ രക്ഷപ്പെടാൻ സാധ്യതയുണ്ട്; ചികിത്സിച്ചില്ലെങ്കിൽ മരണം ഉറപ്പ്: അത്തരം അവസ്ഥയിലായിരുന്നു ഷഹല. അവിടെ കുട്ടിയുടെ പിതാവിെൻറ സമ്മതത്തിനു എന്തു പ്രസക്തി? അദ്ദേഹം സമ്മതിച്ചില്ലെങ്കിൽപോലും ചികിത്സ തുടരേണ്ടതാണ്; കാരണം ജീവൻ നിലനിർത്തുന്നത് സ്റ്റേറ്റിെൻറ കൂടി ഉത്തരവാദിത്തമാണ്. ഇതൊക്കെയാണെങ്കിലും പിന്നെയും സംശയം ഡോക്ടർക്കുണ്ടെങ്കിൽ മറ്റു ഡോക്ടർമാരുടെ കൂട്ടായ തീരുമാനം കൈക്കൊള്ളാം. കാര്യമെന്തുമാകട്ടെ, ആസന്നമരണ സാഹചര്യങ്ങളിൽ ഇൻഫോംഡ് കൺസെൻറിന് നിയമപരമായോ നൈതികമായോ സാംഗത്യമില്ല. കൺസൻറ് ഇല്ലാത്തതിനാൽ അത്യാഹിത ചികിത്സ ആർക്കും നിഷേധിക്കാനുമാകില്ല.
മൂന്നാമതായി ബത്തേരി ആശുപത്രിയിൽ നിന്ന് നടന്ന റഫറൽ തന്നെ. നൂറു കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയെ മാറ്റുമ്പോൾ കുട്ടിയുടെ രോഗാവസ്ഥ മൂർച്ഛിക്കാനുള്ള സാധ്യത പരിഗണിച്ചിരുന്നുവോ എന്നതിൽ ഉറപ്പില്ല. നമുക്കറിയാവുന്ന കാര്യങ്ങളുണ്ട്; സുൽത്താൻ ബത്തേരി-കോഴിക്കോട് പാത സുഗമമായി യാത്രചെയ്യാവുന്നതല്ല; സമയമെടുക്കും. മൂന്നു മണിക്കൂർ വൈകിയാൽ കുട്ടിയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ടാകും എന്നത് പ്രവചിക്കാനാകണം. ഷഹലക്ക് സുൽത്താൻ ബത്തേരിയിൽ തന്നെ കൺപോള വീഴ്ച ആരംഭിച്ചിരുന്നു. നാഡീവ്യൂഹത്തിന് കേടുണ്ടെന്നതിെൻറ ലക്ഷണമാണ്. വളരെ വേഗം മറ്റു നാഡികളെ ബാധിക്കുകയും ശ്വാസകോശ പ്രവർത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യും. ഇതിനൊെക്ക കുറച്ചു സമയം മതി. ഈ സാഹചര്യത്തിൽ റഫർ ചെയ്യണമെന്നുണ്ടെങ്കിൽ അതിനു സൗകര്യമുള്ള തൊട്ടടുത്ത മറ്റ് ആശുപത്രികളെയല്ലേ സമീപിക്കേണ്ടത്? സുൽത്താൻ ബത്തേരിയിൽ ജോലിചെയ്യുന്ന എല്ലാ ഡോക്ടർമാരും അറിയേണ്ടതാണ് ഇതെല്ലാം. ചുറ്റുപാടുമുള്ള ഏതെല്ലാമാശുപത്രികളിൽ എന്തെല്ലാം ചികിത്സ കിട്ടും എന്നത് ഡോക്ടർമാർ തീരുമാനങ്ങൾ എടുക്കുമ്പോൾ പരിഗണിക്കേണ്ടതാണല്ലോ.
പാമ്പുകടിയുടെയോ മരണത്തിെൻറയോ കണക്കുകൾ ഇന്നും കൃത്യമായ തോതിൽ കണക്കാക്കപ്പെട്ടിട്ടില്ല. അതിനാൽ മറുമരുന്ന് വേണ്ടത്ര ഉൽപാദിപ്പിക്കുന്നുവോ എന്നതിലും കൃത്യതയുണ്ടാവില്ല. പലപ്പോഴും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പാമ്പുകടി മനസ്സിലാക്കാനും രോഗലക്ഷണങ്ങൾ ഫലപ്രദമായി നിരീക്ഷിക്കാനും തത്സമയ തീരുമാനങ്ങൾ കൈക്കൊള്ളാനും ഒക്കെ പ്രയാസമുണ്ടാകുന്നു. പാമ്പുവിഷത്തിനു മറുമരുന്ന് ലഭിക്കുന്നവരിൽ 80 ശതമാനം പേർക്കും എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്. ഭൂരിപക്ഷം പാർശ്വഫലങ്ങളും ചികിത്സമൂലം നിയന്ത്രിക്കാമെങ്കിലും ചില സാഹചര്യങ്ങൾ പ്രതികൂലമാകാറുണ്ട്. ഒരുവേള, ഇതാവാം പാമ്പുകടി ചികിത്സയിൽ ഗുണമേന്മ നിലനിർത്താനാവാത്തത്.
നമുക്ക് ചെയ്യാവുന്നത് കേരളത്തിലെ അത്യാഹിതവിഭാഗം പൊതു ആരോഗ്യവിഭാഗത്തിൽ നിന്ന് അടർത്തിമാറ്റി പ്രത്യേക ഡിപ്പാർട്ട്ൻറ് ആക്കുക എന്നതാണ്. മുരുകെൻറ മരണത്തിലും ബഷീർ സംഭവത്തിലും അത്യാഹിതവിഭാഗം വേണ്ടത്ര പ്രവർത്തിച്ചില്ല. എന്തുകൊണ്ട് നിർഭയ മോഡൽ കടമെടുത്തു കേരളത്തിെൻറ അത്യാഹിത ചികിത്സരംഗം ‘ഷഹല പ്രോട്ടോകോൾ’ എന്ന പേരിൽ പ്രഫഷനൽ നൈപുണ്യം ഉറപ്പാക്കുന്ന വ്യത്യസ്ത വിഭാഗമാക്കി മാറ്റിക്കൂടാ? അതിനു സമയമായിരിക്കുന്നു. ഇത്തരം മരണങ്ങളും തുടർന്നുള്ള പ്രതിരോധ സംവാദങ്ങളും ഇവിടെ അവസാനിക്കട്ടെ. പ്രഫഷനലിസം വരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.