വിശുദ്ധിയിലേക്ക് തുറക്കേണ്ട വാതിലുകൾ
text_fieldsപണ്ടേ പഠിച്ച കാര്യം. വിശുദ്ധിയിലേക്കു തുറക്കുന്ന വാതിലുകളാകണം ആരാധനാലയങ്ങളുേടത്. പ്രാർഥനാ മന്ദിരങ്ങൾ മാത്രമല്ല അത്. മനുഷ്യരെ ചേർത്തുനിർത്തുന്ന ദൈവികസ്പർശമുള്ള മഹിതകേന്ദ്രങ്ങൾ. അവിടെയെത്തുേമ്പാൾ മനുഷ്യർ അനുഭവിക്കുന്ന ഒരുതരം സ്വാസ്ഥ്യമുണ്ട്. അതാണ് പ്രധാനം. കൂടുതൽ നന്നായി ജീവിക്കാൻ ഒാരോ വിശ്വാസിയെയും അത് പ്രേരിപ്പിക്കും. പ്രേരിപ്പിക്കണം. പക്ഷേ, എന്തുകൊണ്ടോ പലപ്പോഴും ആരാധനാലയങ്ങൾ സ്വകാര്യ സംരംഭങ്ങളായി ചുരുങ്ങുകയാണ്. സ്വാസ്ഥ്യത്തിനു പകരം അകത്തും പുറത്തും ഭയം ചുരത്തുന്ന കേന്ദ്രങ്ങൾ. ‘80കളുടെ അവസാനം. അയോധ്യയിൽ ബാബരി മസ്ജിദിൽ ആദ്യമായി കയറുേമ്പാൾ ഉള്ളിൽ ആധിയായിരുന്നു. സമാധാനത്തിലേക്കുള്ള ഒരു ഗേഹത്തിനു ചുറ്റും നിലയുറപ്പിച്ച തോക്കുധാരികളായ സൈനികർ. അകത്ത് ഭീതിയുടെ നിഴലിൽ തുടരുന്ന പൂജാവിധികൾ. കാലുഷ്യത്തിെൻറ പ്രക്ഷുബ്ധതയിൽ അകപ്പെടുന്ന ദേവാലയങ്ങളുടെ സങ്കടം എത്രയാണെന്ന് അന്നറിഞ്ഞു. പിന്നീട് പലതവണ അവിടെയെത്തി.
ഉള്ളിൽ ഒഴിയാബാധ പോലെ പേടിയും. മഥുരയിെല ഗ്യാൻവ്യാപി പള്ളിക്കകത്തു ചെന്നപ്പോഴും അനുഭവപ്പെട്ടത് അതേ വികാരം. ഒറ്റമതിൽ വേർതിരിവിൽ രണ്ട് ആരാധനാലയങ്ങൾ. ഒരു പ്രശ്നവുമില്ലാതെ ഒന്നിച്ചു നിന്ന രണ്ട് വിശ്വാസങ്ങൾക്കിടയിലും ചിലർ നഞ്ച് കലക്കുകയായിരുന്നു. ബാബരിക്കു ശേഷം തീവ്രഹിന്ദുത്വം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ പള്ളി. അതോടെ അവിടെയും സംഘർഷ കേന്ദ്രമായി. പുറത്ത് ബാരിക്കേഡുകളും സൈനിക നിരയും. ഇതു മാത്രമല്ല, രാജ്യത്തെ 3000 പള്ളികളുടെ ലിസ്റ്റ് േവറെയും ഉണ്ട്. അവ പിടിച്ചടക്കുന്നതിലൂടെ മാത്രമേ ആത്മാഭിമാനം വീണ്ടെടുക്കാൻ കഴിയൂവെന്നാണ് ആക്രോശം. ഭൂരിപക്ഷവികാരം എന്ന ഒന്നുണ്ട്.
അതു മാനിച്ച് മുസ്ലിംകൾക്ക് ബാബരി മസ്ജിദ് വിട്ടുകൊടുത്താൽ പോരേ എന്നാണ് സെക്കുലർ സുഹൃത്തുക്കൾ പോലും പലവുരു ചോദിച്ചത്. പേടിപ്പെടുത്തിയ ചോദ്യമായിരുന്നു അത്. അന്നും ഇന്നും. കാരണം, ഭൂരിപക്ഷ വികാരം അവരെപ്പോലും അത്രമേൽ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ്. 100 ശതമാനം മുസ്ലിം പൗരന്മാർ മാത്രം അധിവസിക്കുന്നതാണ് യു.എ.ഇയുടെ മണ്ണ്. എന്നിട്ടും ഭൂരിപക്ഷത്തിെൻറ ധാർഷ്ട്യമുദ്രകളില്ല. ക്രൈസ്തവ ദേവാലയങ്ങളും ഹിന്ദു, സിഖ് ക്ഷേത്രങ്ങളും അറബ് മണ്ണിെൻറ പല കോണുകളിലും ഉണ്ട്. പല പല ദൈവങ്ങളെ വിളിച്ച് പരദേശികൾ ശരണം തേടുന്നു. അതിൽ യു.എ.ഇക്കും സ്വദേശികൾക്കും കാലുഷ്യമില്ല. ഭൂരിപക്ഷത്തിെൻറ തിണ്ണബലമാണ് എല്ലാം നിർണയിക്കേണ്ടതെന്ന വാദവുമില്ല.
പോയവാരം ഒന്നുകൂടി ചെയ്തു, യു.എ.ഇയിൽ ഒരു പള്ളിയുടെ പേരുമാറ്റം. അബൂദബി മുഷ്രിഫ് പ്രദേശത്തെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പള്ളിയുടെ പേരാണ് മാറ്റിയത്. ഇൗസയുടെ മാതാവ് മറിയം (യേശുവിെൻറ മാതാവ് മേരി) പള്ളി എന്നാണ് പുതിയ പേര്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തന്നെയാണ് ഉത്തരവിട്ടത്. വിശുദ്ധ റമദാനിൽ ബഹുസ്വരതയോടും അതിെൻറ താളൈക്യത്തോടും ചേർന്നുനിൽക്കാനുള്ള താൽപര്യം. അതുതന്നെയാണ് ഇവിടെയും കണ്ടത്.
വെറുമൊരു പേരുമാറ്റം മാത്രമായിരുന്നില്ല അത്. വ്യത്യസ്ത മതാനുയായികളുമായുള്ള സാമൂഹികബന്ധം പ്രോത്സാഹിപ്പിക്കുക, മതങ്ങൾക്കിടയിലെ പൊതുവായ കാര്യങ്ങളെ ശക്തിപ്പെടുത്തുക ഇതൊക്കെ തന്നെയാണ് ലക്ഷ്യങ്ങൾ. മുസ്ലിംകൾ ഇൗസ എന്നും ക്രിസ്ത്യാനികൾ യേശുവെന്നും വിളിക്കുന്ന പ്രവാചകെൻറ മാതാവിെൻറ പേര് പള്ളിക്കു നൽകുേമ്പാൾ ഒരേ സംസ്കൃതിധാരയോട് നൂറ്റാണ്ടുകൾക്കിപ്പുറവും ചേർന്നുനിൽക്കുകയാണ് യു.എ.ഇ ഭരണകൂടം. വിശ്വാസത്തിെൻറ കാര്യത്തിൽ ഇത്രയൊക്കെ ഉദാരത സാധ്യമാണോ എന്ന് അദ്ഭുതം കൂറുന്നവരുണ്ട്.
അന്യനെ പൊറുപ്പിക്കാൻ പാടില്ലെന്ന് ആക്രോശിക്കുന്ന ഭരണകൂടങ്ങളുണ്ട്. അവർക്ക് പിന്തുണയേറുന്ന കാലവും. ഭരിക്കുന്നവരും ജനതയും കൂടുതലായി മത, വംശീയ തുരുത്തുകളിലേക്ക് ഉൾവലിയുന്ന ഘട്ടം. അവിടെയാണ് ഇൗ വഴിമാറ്റം. യു.എ.ഇക്ക് ഇത് പുതുമയല്ല. അബൂദബിയിലും ദുബൈയിലും ഷാർജയിലും അൽെഎനിലുമൊക്കെ മറ്റു ദേവാലയങ്ങൾക്ക് ആവോളം ഇടംനൽകി. അബൂദബിയിൽ കൂറ്റൻ ഹിന്ദുക്ഷേത്ര നിർമാണത്തിന് സ്ഥലവും സമ്പത്തും നീക്കിവെച്ചിരിക്കുന്നു. സഹിഷ്ണുത സംസ്കാരമായി മാറുകയാണ് ഇവിടെ. ആ നല്ല മനസ്സിെൻറ വികാരം തന്നെയാണ് അവർക്ക് തിരിച്ചുകിട്ടുന്നതും.
അൽെഎൻ െസൻറ് ജോർജ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് സിംഹാസന കത്തീഡ്രലിെൻറ ആൾത്താരയിൽ ഇഫ്താർ ഒരുക്കിയത് അടുത്തിടെ. ഇസ്ലാം മത വിശ്വാസികൾ ക്രൈസ്തവ പള്ളിയുടെ ഉൾവശത്തുതന്നെ നമസ്കരിച്ചു. വികാരം വ്രണപ്പെട്ടതുമില്ല. ഗള്ഫിലെ ഏക ഔദ്യോഗിക സിഖ് ദേവാലയമായ ദുബൈ ജബല്അലിയിലെ ഗുരുനാനാക്ക് ദര്ബാറിലും കണ്ടത് മറ്റൊന്നല്ല. മുസ്ലിം പ്രാർഥനക്കായി ഗുരുദ്വാരയുടെ ഉൾവശം തുറന്നു കൊടുക്കുന്നതിൽ ഏറെ ആഹ്ലാദിക്കുകയായിരുന്നു സിഖ് സമൂഹം.
ദാനവർഷത്തിെൻറ നിറവിൽ കൈയയച്ച് നൽകാൻ മുന്നിലുള്ളവരിൽ മുസ്ലിംകൾ മാത്രമല്ല, എല്ലാ വിശ്വാസധാരയിൽ പെട്ടവരും ഉണ്ട്. ദൈവത്തിനും മനുഷ്യെൻറ നോവുകൾക്കും മുന്നിൽ വിവേചനങ്ങൾക്ക് ഇടമില്ലെന്ന വലിയ തിരിച്ചറിവ്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നാം മാറുന്നുണ്ടോ? സ്വയം ആലോചിക്കുക. സാമൂഹമാധ്യമങ്ങളിലൂടെ അന്യമത വിദ്വേഷം തീർക്കാൻ നോെമ്പടുത്തിരിക്കുന്നവർ പ്രത്യേകിച്ചും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.