കുടുംബത്തിനുള്ളിലെ സാമൂഹിക ഇടം
text_fieldsകോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള ലോക്ഡൗണിൽ എല്ലാവരും എല്ലാ സമയത്തും ഇപ്പോൾ ഒരുമിച്ചിരിക്കുന്ന സ്ഥലം വീടാണ്. ഓഫിസ് ജോലിയുള്ള ഏറെപ്പേരും വീട്ടിലിരുന്നാണ് പണിയെടുക്കുന്നത്. ജൂൺ ഒന്നു മുതൽ കുട്ടികളുടെ സ്കൂളും വീട്ടിനുള്ളിലാണ്. ഓഫിസ്, സ്കൂൾ എന്നിവ ഔദ്യോഗികമായി വീടിനുള്ളിൽ ഇടംപിടിച്ചിരിക്കെ, അടിസ്ഥാനപരമായ വലിയ മാറ്റങ്ങൾ കുടുംബത്തിനുള്ളിലും കുടുംബബന്ധങ്ങളിലും സംഭവിക്കേണ്ടതുണ്ട്. വീട്ടിലിരുന്ന് ഓഫിസ് ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും തുല്യ ഇടവും പരിഗണനയും പദവിയും കുടുംബത്തിനുള്ളിൽ ലഭിക്കണം. സ്കൂളിലിരുന്ന് പഠിക്കേണ്ടിയിരുന്ന കുട്ടികൾക്ക് അവകാശപ്പെട്ട സാമൂഹിക ഇടത്തിെൻറ തുല്യ പങ്കുവെപ്പ് കുടുംബത്തിനുള്ളിൽ ഉറപ്പാക്കാനാവണം. എല്ലാവർക്കും പ്രത്യേക മുറികൾ എന്ന അർഥത്തിലല്ല ഈ ആശയം അവതരിപ്പിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ബാധകമായ ജനാധിപത്യപരമായ ഇടം പങ്കുവെക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇതൊരു തന്ത്രപ്രധാനമായ,സാമൂഹികമായ രോഗപ്രതിരോധ വ്യവസ്ഥയുണ്ടാക്കൽ കൂടിയാണ്. അതുണ്ടായില്ലെങ്കിൽ, വീട് ഒരു പുരുഷാധികാര നിർമിത സ്വകാര്യസ്ഥലമായിത്തന്നെ എന്നെന്നും തുടരുകയാണെങ്കിൽ അതിനുള്ളിൽ മുഴുവൻ സമയവും അകപ്പെട്ടുകിടക്കുന്ന സ്ത്രീകളും കുട്ടികളും കൂടുതൽ മാനസിക വിഭ്രാന്തികളിലേക്കും അസന്തുഷ്ടിയിലേക്കും വിഷാദത്തിലേക്കും ആത്മഹത്യ ശ്രമത്തിലേക്കുംകൂപ്പുകുത്താൻ അധിക സമയം വേണ്ട.
കോവിഡ് പ്രതിരോധത്തിൽ ലോകത്തിനു മുന്നിൽ വിജയകരമായ അനുഭവങ്ങൾ കാഴ്ചവെച്ച രാഷ്ട്രീയാധികാര രംഗത്തെ സ്ത്രീകളിൽ ഒരാളാകാൻ ശൈലജ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്. അത്രയും ജനകീയതയും നേതൃശേഷിയുമുള്ള ഒരു മന്ത്രിയാണ് വനിത വകുപ്പും കൈകാര്യംചെയ്യുന്നത് എന്നത് കേരളത്തിൽ വലിയൊരു അനുകൂലഘടകമാണ്. കോവിഡ് വൈറസിനു നേരെ യുദ്ധകാലാടിസ്ഥാനത്തിൽ ശൈലജ ടീച്ചർ നടത്തുന്ന പഠനങ്ങളും ഏകോപനങ്ങളും സമാനമായി, സാമൂഹിക കുടുംബശരീരങ്ങളെ വിഷമയമാക്കുന്ന ആൺകോയ്മയെന്ന മാരക വൈറസിനുനേരെക്കൂടി അടിയന്തരമായി ഉണ്ടാകട്ടെ. എഴുത്തുകാരിയായ ബിലു പത്മിനി നാരായണനും ഭാഗ്യലക്ഷ്മിയും േഫസ്ബുക്കിലെഴുതിയ അനുഭവങ്ങൾ കേരളത്തിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീകളും പെൺകുട്ടികളും പല രൂപങ്ങളിൽ അനുഭവിക്കുന്നതാണ്. പ്രതികരിക്കാനോ തുറന്നുപറയാനോ ഭയമുള്ളവരായി തുടരുകയാണ് ഇപ്പോഴും അവരുടെ ജീവിതങ്ങൾ.
ജൂൺ ഒന്നിന് സ്കൂൾ തുറന്ന ദിവസം വിക്ടേഴ്സ് ചാനലിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസെടുത്ത സായി ശ്വേത ടീച്ചർക്കുനേരെയുണ്ടായ പരസ്യമായ സൈബർ ആക്രമണത്തിൽ കണ്ട അപമാനങ്ങൾ അതിെൻറ വേറൊരു രൂപമാണ്. ആത്മവിശ്വാസത്തോടെ തൊഴിലെടുക്കുന്ന സ്ത്രീകൾക്കുനേരെ കുെറക്കൂടി രൂക്ഷത കൂടിയ അപമാനങ്ങൾ, മാനസികമായി മാത്രമല്ല, ശാരീരികമായ മർദനമടക്കമാണ് വീടുകൾക്കുള്ളിൽ സംഭവിക്കുന്നത്. അതാകട്ടെ, കുടുംബമെന്ന സ്വകാര്യ മണ്ഡലത്തിൽ സംഭവിക്കുന്നതുകൊണ്ട് പ്രത്യക്ഷത്തിൽ ദൃശ്യവുമല്ല. ഈ സാഹചര്യത്തിലാണ് ബിലുവും ഭാഗ്യലക്ഷ്മിയുമൊക്കെ സ്വന്തം കുടുംബത്തിനുള്ളിലെ ആണധികാര വ്യവസ്ഥയെ തുറന്നുകാണിക്കുന്നതിൽ വലിയ ആദരവർഹിക്കുന്നത്. അന്തസ്സായി തൊഴിലെടുത്ത് ജീവിക്കാനുള്ള തുല്യപൗരയെന്ന അവകാശവും നീതിയും അഭിമാനവും നിഷേധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിെൻറ അനുഭവങ്ങളെക്കുറിച്ചാണവർ എഴുതിയത്.
പുതിയ കേരളസമ്പദ്ഘടനയിലെ തകർച്ചയെ അതിജീവിക്കുന്നതിനും മുന്നോട്ടുള്ള വികസനത്തിനുമായി എങ്ങനെയാണ് വിദ്യാസമ്പന്നരായ സ്ത്രീകളുടെ ബൗദ്ധികശേഷികളെ, വൈദഗ്ധ്യങ്ങളെ സർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത്? ആരുടെയും അധികാരസ്ഥാപനത്തിനുള്ള ഇടമായല്ല, ജനാധിപത്യപരവും തുല്യപൗരാവകാശങ്ങളും തുല്യനീതിയും നടപ്പിലാകുന്ന സാമൂഹികതയുടെ അടിസ്ഥാന ഇടങ്ങളായി കുടുംബങ്ങൾ മാറുേമ്പാഴാണ് സാമൂഹിക, സാമ്പത്തികവികസനത്തിെൻറ ഭാഗമായുള്ള പങ്കാളിത്തവും സന്തോഷങ്ങളും സ്ത്രീകൾക്ക് ആസ്വദിക്കാനാവുക.
ലോക്ഡൗൺകാലത്ത് എല്ലാവരും വീട്ടിലിരിക്കുന്ന വേളയിൽ പുരുഷന്മാർ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കാൻ ശ്രമിക്കണമെന്ന് കേരളത്തിെൻറ മുഖ്യമന്ത്രി ആദ്യഘട്ടത്തിലെ ഒരു പത്രസമ്മേളനത്തിനിടയിൽ പറഞ്ഞത് എല്ലാവരും ഓർക്കുന്നുണ്ടാവും. ഒരു മുഖ്യമന്ത്രി പറഞ്ഞാൽ ഒരു ദിവസം കൊണ്ട് മാറുന്നതല്ല കുടുംബത്തിനുള്ളിലൂടെ നൂറ്റാണ്ടുകളായുള്ള പുരുഷാധിപത്യപ്രവർത്തനങ്ങൾ എന്ന് സാമൂഹികശാസ്ത്രം പഠിച്ചിട്ടുള്ളവർക്കറിയാം. എങ്കിലും, ഓരോ കാലത്തിെൻറ സമ്മർദങ്ങൾക്കനുസരിച്ച് പുരുഷാധിപത്യ സ്വഭാവത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്നിരിെക്ക അൽപസ്വൽപ നീക്കുപോക്കുകൾക്കെങ്കിലും വീട്ടിലെ പുരുഷന്മാർ തയാറായേക്കും എന്ന പ്രതീക്ഷ ആ പ്രസ്താവനയിൽ കണ്ട് സന്തോഷിച്ച സ്ത്രീകളുണ്ട്.
വീട്ടുജോലികളിൽ പുരുഷന്മാരുടെ പങ്ക്, സഹായം എന്നതിൽനിന്ന് തുല്യ ഉത്തരവാദിത്തം എന്നനിലയിലേക്ക് ഉയർത്തണം. അപ്പോഴാണ് അത് ഗാർഹിക ഇടത്തിലെ സ്ത്രീകളുടെ അദൃശ്യവും അത്യധ്വാനമുള്ളതും വേതനമില്ലാത്തതും അതിനാൽ സാമൂഹിക അംഗീകാരമോ ബഹുമാനമോ കിട്ടാത്തതുമായ തൊഴിൽ ചൂഷണത്തെ അഭിസംബോധന ചെയ്യലായി മാറുക. ലോക്ഡൗൺകാലത്ത് കുടുംബങ്ങളിൽ വീട്ടുജോലികളിൽ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്ത സമയവും വീട്ടുജോലിയുടെ തരങ്ങളും എന്തൊക്കെയാണെന്ന് ഗവേഷണപഠനം നടത്തുന്നത് നന്നായിരിക്കും. ലോക്ഡൗൺ കാലത്തിനു മുമ്പും ലോക്ഡൗൺ കാലത്തും സ്ത്രീകൾ നേരിടുന്ന സമ്മർദങ്ങളുെടയും ഗാർഹിക പീഡനങ്ങളുെടയും വിവരങ്ങൾ വിശദമായി പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കണം. സംസ്ഥാന വനിത വകുപ്പ് ഇത്തരം അടിയന്തര പഠനം നടത്തണം.
പൊതുവിടത്തിലെ തൊഴിലുകളിൽ ഷിഫ്റ്റ് സമ്പ്രദായമുള്ളതുപോലെ വീട്ടുജോലികളിലും ഷിഫ്റ്റ് സമ്പ്രദായം പരീക്ഷിക്കപ്പെടണം. അതുറപ്പാക്കി ആ സമയത്ത് സ്ത്രീകളെ വേതനമുള്ള ജോലികളിലേക്ക് കൂട്ടത്തോടെ പുറത്തേക്കിറക്കാനാകണം. പുതിയ കേരളത്തിെൻറ നവ തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും സംഭാവനയും അങ്ങനെ ഉറപ്പുവരുത്തണം. അതല്ലെങ്കിൽ നവകേരള നിർമിതിയെ സഹായിക്കുന്ന കല, സാഹിത്യ, സാംസ്കാരിക മേഖലകളിൽ മുഴുകാനുള്ള അവസരമുണ്ടാക്കണം. എങ്കിൽമാത്രമേ, നമ്മുടെ പുരുഷന്മാരും ആൺകുട്ടികളും പാചകമടക്കമുള്ള മുഴുവൻ വീട്ടുജോലികളും പഠിക്കാൻ നിർബന്ധിതരാകൂ. വൈവിധ്യവും രുചികരവുമായ പോഷക പാചകവിദ്യയും ശുചിത്വവുമടങ്ങുന്ന ഹൗസ് കീപ്പിങ് നമ്മുടെ സ്കൂളുകളിൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വരണം.
അമ്മയിൽനിന്ന് പെൺകുട്ടികളിലേക്കുമാത്രം പകരലായിട്ടല്ല, സ്കൂളുകളിൽനിന്ന് ഭാഷയും മറ്റും പഠിക്കുന്നതുപോലെ പരിശീലകരായ അധ്യാപകരിൽനിന്ന് ആൺകുട്ടികളും പെൺകുട്ടികളും ഇനി പാചകവും വീടുവൃത്തിയാക്കലും പഠിക്കണം. വീട്ടിൽ അമ്മയുെടയും അച്ഛെൻറയും മേൽനോട്ടത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആ ഗൃഹപാഠങ്ങൾ ചെയ്യട്ടെ. അധ്യാപകർ വീടുകളിൽ വന്ന് മൂല്യനിർണയം നടത്തട്ടെ.
ഒപ്പമുള്ള മനുഷ്യരെ ഉപദ്രവിക്കാതെയും അപമാനിക്കാതെയും അവരുടെ പൗരാവകാശങ്ങൾ നിഷേധിക്കാെതയും ജീവിതത്തിൽ, സമൂഹത്തിലാകെ സന്തോഷം നിറക്കുന്ന ജനതയുടെ കേരളമാതൃക വളർത്തിയെടുക്കണമെങ്കിൽ ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്ത്രീകളുടെ ജീവിതദുരിതങ്ങളെയാണ് ആദ്യം അഭിസംബോധന ചെയ്യേണ്ടത്. അതിൽ തന്നെയും ദരിദ്രരും ജാതീയമായും മതപരമായും ലൈംഗിക ന്യൂനപക്ഷമായും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ജീവിതത്തെ സവിശേഷമായും മുന്നിൽക്കാണണം. കാരണം, ആത്മാഭിമാനവും സ്വാശ്രയത്വവും സ്വാതന്ത്ര്യവുമെല്ലാം സാമൂഹികവും വൈയക്തികവുമായ ആനന്ദങ്ങളുമായി ബഹുതലങ്ങളിലാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.