ഇ. അഹമ്മദ്, കളിയെഴുത്തിലും ഒരുകൈ നോക്കിയ ബഹുമുഖ പ്രതിഭ
text_fieldsഅസംബ്ലിയിലും പാർലമെന്‍റിലും ഐക്യരാഷ്ട്രസഭയിലും മുഴങ്ങിക്കേൾക്കാറുണ്ടായിരുന്ന സംഗീത സാന്ദ്രമായ പ്രസംഗങ്ങൾ, വാർത്താലേഖകൻ എന്ന നിലയിൽ ആരംഭിച്ച ജീവിതത്തിന്‍റെ ബാക്കി പത്രമായിരുന്നു. എഴുത്തിന്‍റെ തീവൃതയും തീഷ്ണതയും സൗമ്യനായി ആരെയും ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ കീഴടക്കിയിരുന്നു. നയതന്ത്ര ചാതുര്യം ഇതൊക്കെയാണ് ജീവിതത്തോട് വിടപറഞ്ഞ ഇ. അഹമ്മദിനെക്കുറിച്ചു നാം അറിഞ്ഞിരുന്നത്. കണ്ണൂരിന്‍റെ സംഭാവന ആയിരുന്ന അദ്ദേഹം. ശരാശരി കണ്ണൂർകാരനെപ്പോലെ കാൽപന്തുകളിയുടെ ആരാധകൻ എന്നതിൽ അപ്പുറം ഒരു കാലത്തു മലബാറിൽ നടന്നിരുന്ന ചെറുതും വലുതുമായ എത്രഎത്ര കളികൾ കൊച്ചു കൊച്ചു വാക്കുകളിലൂടെ അന്നത്തെ കളി ആസ്വാദകരുടെ മനസിൽ കൊണ്ടെത്തിച്ചിരുന്നു എന്ന് അറിയപ്പെടുമെന്ന കളി എഴുത്തുകാർക്കു പോലും അറിയാനാകാത്ത യാഥാർഥ്യം.
ചന്ദ്രികയിൽ സഹപത്രാധിപർ ആകുന്നതിനു മുൻപുതന്നെ അദ്ദേഹം അറിയപ്പെടുന്ന പന്തുകളി എഴുത്തുകാരനായിരുന്നു. അക്കാലത്തു കണ്ണൂർ കളി എഴുത്തുകാരുടെ ഒരു കേന്ദ്രവുമായിരുന്നു. പ്രമുഖ മാർക്സിസ്റ്റ് നേതാവ് കെ.പി.ആർ ഗോപാലന്‍റെ സഹോദരൻ കെ.പി.ആർ കൃഷ്ണനും പിൽക്കാലത്ത് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായിരുന്ന കോഴിക്കോട്ടെ പി.എം അബൂബക്കറും അന്നത്തെ യുവ കളി എഴുത്തുകാരനായി പിൽക്കാലത്ത് മികച്ച നയതന്ത്രജ്ഞനായി തീർന്ന ഇ. അഹമ്മദിന്‍റെ സഹപ്രവർത്തകർ ആയിരുന്ന വിവരം അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളിൽ ഓർത്തെടുക്കാറുണ്ടായിരുന്നു.
എൻപതുകളുടെ തുടക്കത്തിൽ ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അത് ലറ്റിക്ക് പരിശീലകനായി നിയമിതനായപ്പോൾ വിഖ്യാത ക്രിക്കറ്ററും പരിശീലകനും ആയിരുന്ന ബാബു ആചാരത്ത് എന്‍റെ സീനിയർ സഹപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്‍റെ ശ്രീമതി ഇ. അഹമ്മദിന്‍റെ അനിയത്തിയും. അവർ അന്ന് "ഇ-രണ്ട്" ക്വാർട്ടേസിൽ ആയിരുന്നു താമസിച്ചിരുന്നത്. തൊട്ടടുത്തു ഞാനും പ്രഗത്ഭ വോളിബാൾ കോച്ച് വടകര അബ്‌ദുറഹിമാനും. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും ഈ പ്രമുഖ രാഷ്ട്രീയ നേതാവ് അനിയത്തിയെ കാണുവാൻ "ഇ-രണ്ട്" ക്വാർട്ടേസിൽ ഇറങ്ങുമായിരുന്നു. അതോടെ അവിടം സ്പോർട്സ് ചർച്ചാ കേന്ദ്രവുമാകും. ആദ്യം ബാബുസാർ എന്നെ പരിചയപ്പെടുത്തിയത് തന്നെ കളിയെഴുത്തുകാരൻ എന്നാണ്. അക്കാലത്ത് ഞാൻ ചന്ദ്രികയിൽ 'മിൽഖ പറഞ്ഞ കഥ' എന്നൊരു പരമ്പര എഴുതിയിരുന്നു. പരിചയപ്പെട്ട നിമിഷംതന്നെ അദ്ദേഹം എന്നെ അതിശയിപ്പിച്ചു. അക്കാലത്തെ സർവ ദേശീയ ഫുട്ബാൾ കളിക്കാരുടെ ജീവിത കഥകളും അവരുടെ അപൂർവ ഗോൾ അടി മികവുകളും വർണ്ണിച്ചു കൊണ്ട്.
പിന്നെയാണ് ഞാൻ അറിഞ്ഞത് വടകര റഹ്മാനും ടി.പി ഭാസ്ക്കരക്കുറുപ്പും കളിച്ചിരുന്ന മിക്കവാറും എല്ലാ വോളിബാൾ കളികളും അക്കാലത്തു ചന്ദ്രികയിൽ എഴുതിയിരുന്നത് അദ്ദേഹമായിരുന്നു എന്ന്. ഒളിമ്പ്യൻ റഹ് മാന്‍റെയും ഭാസി മലാപ്പറാമ്പിന്‍റെയും ഉസ്മാൻ കോയയുടെ ചെറുപ്പകാലത്തെ കളികൾ അന്നത്തെ കളി ആസ്വാദകരുടെ മനസിൽ എത്തിയതും ഇ. അഹമ്മദിന്‍റെ മനോഹരമായ വർണനകളിലൂടെയായിരുന്നു. പിന്നീട് 'കളി എഴുത്തിന്‍റെ സൗന്ദര്യശാസ്ത്രം' എന്ന പ്രബന്ധം തയാറാക്കിയപ്പോഴും ഒരൽപനേരം അദ്ദേഹവും ആയി സംസാരിക്കുവാൻ എനിക്ക് കഴിഞ്ഞു. മുഹമ്മദ് കോയ നടക്കാവ് ചന്ദ്രികയുടെ സ്പോർട്സ് ലേഖകൻ ആയിരുന്നപ്പോൾ അഹമ്മദിന്‍റെ ചില ലേഖനങ്ങൾ ഞങ്ങൾ തപ്പി എടുത്തിരുന്നു.
അതൊക്കെ ഇന്നും അവരുടെ ആർക്കെവ്സിൽ ഉണ്ടായിരിക്കണം. പുതിയ തലമുറക്കായി അതൊക്കെ പങ്കുവെക്കുവാൻ ഇപ്പോഴുള്ളവർ ശ്രമിക്കുകയാണെങ്കിൽ അത് കളികളെക്കുറിച്ചും കളി എഴുത്തിനെകുറിച്ചും അറിയുവാൻ ആഗ്രഹമുള്ളവർക്കും ഗവേഷണം ചെയ്യുന്നവർക്കും അനുഗ്രഹമായിരിക്കും. അറിയപ്പെടാത്ത ആ കളിയെഴുത്തുകാരനെ നന്ദിയോടെ ആദരവോടെ ഞാൻ സ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.