സ്റ്റീഫൻ ഹോക്കിങ് ഒരു പാഠശാല
text_fieldsഒന്നാലോചിച്ചാൽ സ്റ്റീഫൻ ഹോക്കിങ് യഥാർഥ വിശ്വാസി തന്നെയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും ശാസ്ത്രാവബോധം കൈവിടാതെ ശാസ്ത്രത്തിെൻറ നന്മകളും കഴിവുകളും കൃത്യമായി ഉപയോഗിച്ചു ജീവിക്കുമ്പോഴാണ് വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. ഇത്തരം മനഃശാസ്ത്ര പരീക്ഷ ഈ നൂറ്റാണ്ടിൽ മറ്റൊരാൾക്ക് തുല്യ അളവിൽ നേരിടേണ്ടിവന്നിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. പരീക്ഷണഘട്ടങ്ങളിൽ ശാസ്ത്രവിശ്വാസം കൈവിടാതെ മുറുകെപ്പിടിക്കുക, അത്ഭുതസിദ്ധികൾ അന്വേഷിക്കാതെ ആധുനിക വൈദ്യ സാങ്കേതിക ജ്ഞാനങ്ങളിലൂടെ ജീവിതം നിലനിർത്തുക എന്നത് ഒരു ശാസ്ത്രവിശ്വാസിക്കുമാത്രം സാധിക്കുന്നതാണ്. തെൻറ 21ാം വയസ്സിൽ ബാധിച്ച അമിയോട്രോഫിക് ലാറ്ററൽ സ്ക്ലെറോസിസ് എന്ന രോഗവുമായി 55 വർഷം ജീവിക്കാനായ ലോകത്തിലെ ഒരേയൊരാൾ സ്റ്റീഫൻ ഹോക്കിങ് ആയത് അതിനാലാണ്. ക്രമമായി ജീർണിക്കുന്ന നാഡീകോശങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് അദ്ദേഹത്തെ ബാധിച്ചത്.
മലയാളികളുടെ മനോഭാവം
ഇന്ത്യയിൽ നടന്ന പഠനങ്ങളിൽ എ.എൽ. എസ് എന്നറിയപ്പെടുന്ന ഈ രോഗം ഒരു ലക്ഷത്തിൽ നാലുപേരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതിനു സാമ്യമുള്ള അനുപാതത്തിലാണ് രോഗം കണ്ടുവരുന്നത്. നാഡീകോശം ജീർണിക്കുന്നത് തടയാനും നഷ്ടപ്പെട്ടത് പുനരുജ്ജീവിപ്പിക്കാനും ഉതകുന്ന ചികിത്സാമാർഗങ്ങൾ ഇന്നും നിലവിലില്ല; ആശാവഹമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്, എങ്കിലും. ദെൽ അഗില, ലോങ്സ്ട്രേത് എന്നിവർ നടത്തിയ 2003ലെ പഠനം സൂചിപ്പിക്കുന്നത് രോഗം ബാധിച്ചുകഴിഞ്ഞാൽ ഉദ്ദേശം മൂന്നുവർഷത്തിൽ താഴെയാവും ശരാശരി ആയുസ്സ് എന്നാണ്. ഏതാണ്ട് ഏഴു ശതമാനം പേർക്ക് അഞ്ചുവർഷത്തിലധികം ആയുസ്സുണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവർ നേരത്തേതന്നെ മരണത്തിനു കീഴടങ്ങുന്നുവെന്നും എ.എൽ.എസ് മരണങ്ങൾ പഠിച്ചു പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാലാണ് എ.എൽ.എസ് നൽകുന്ന ക്ലേശങ്ങളെ മറികടന്ന് വിജയകരമായ ഗവേഷണ ജീവിതവുമായി 55 വർഷം ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളാനായത്. രോഗം, ആരോഗ്യം, ജീവിത ഗുണമേന്മ എന്നിവ തമ്മിലെ സമവാക്യങ്ങൾ പൊളിച്ചെഴുതി എന്നത് പുനരധിവാസ വൈദ്യശാസ്ത്രത്തിലെ അത്ഭുതമാണ്. എങ്ങനെയാണ് സമയോചിതവും ഫലപ്രദവുമായ ആരോഗ്യ, പുനരധിവാസ ടെക്നോളജിയുടെ ഇടപെടലുകൾ രോഗവുമായി പൊരുതുന്ന വ്യക്തിയെ അതിയാഥാർഥ്യതയിലെത്തിച്ചതെന്ന് േഹാക്കിങ് ജീവിതം നമ്മെ പഠിപ്പിക്കുന്നു. എ.എൽ.എസ് ബാധിച്ചവരിൽ പത്തുവർഷത്തിലധികം ജീവിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രം. അപ്പോൾ സ്റ്റീഫൻ േഹാക്കിങ്ങിനെ ബാധിച്ചത് ഏതെങ്കിലും തീക്ഷ്ണത കുറഞ്ഞ രോഗമാവാമോ? ഈ ചോദ്യം പല ആവർത്തി പരിഗണിക്കപ്പെട്ടതാണ്.
ഒടുവിൽ കാതറിൻ ഹർമൻ, സയൻറിഫിക് അമേരിക്കൻ ജേണലിനുവേണ്ടി അറിയപ്പെട്ട എ.എൽ.എസ് വിദഗ്ധനായ ലിയോ മക്-ക്ലസ്ക്കിയുമായി നടത്തിയ സംഭാഷണം 2002ൽ പ്രസിദ്ധീകരിച്ചിരുന്നു. ഹോക്കിങ്ങിനു എഴുപതാകുന്ന ഘട്ടമായിരുന്നു അത്. മക്-ക്ലസ്ക്കിയുടെ അഭിപ്രായത്തിൽ അപൂർവം ചിലർക്കു മാത്രമാണ് രോഗവുമായി ദീർഘകാലം ജീവിക്കാനാവുക. എന്നാൽ, അവരെ എങ്ങനെ കണ്ടെത്താനാകും എന്നതിൽ ഒരറിവും ഇന്നില്ല. പൊതുവിൽ പറഞ്ഞാൽ ആയുർദൈർഘ്യം നിയന്ത്രിക്കുന്നത് ശ്വാസകോശങ്ങളെ പ്രവർത്തിപ്പിക്കുന്ന പേശികളുടെ പ്രവർത്തനക്ഷമതയും ഭക്ഷണം വിഴുങ്ങാനുള്ള പേശികളുടെ പ്രവർത്തനഭദ്രതയുമാണ്. ഡയഫ്രം പ്രവർത്തിക്കുക എന്നത് അത്യാവശ്യമാണ്. ഇതിലേക്കായി അദ്ദേഹം എടുത്തിട്ടുള്ള ക്ഷമാപൂർവമായ ജാഗ്രത ആയുർദൈർഘ്യത്തിന് സഹായകരമായിരുന്നു എന്നുകരുതാം. സമാനമായ സാഹചര്യങ്ങളിൽ അംഗപരിമിതി അനുഭവിക്കേണ്ടിവരുന്ന ഇന്ത്യൻ രോഗികൾ നഷ്ടപ്പെട്ട സ്വന്തം കഴിവുകൾക്ക് ബദലായി സഹായദായക ടെക്നോളജി ഉപയോഗിക്കുന്നതിൽ വിമുഖരാണ്.
1974ൽ അദ്ദേഹം റോയൽ സൊസൈറ്റി അംഗമായി; അതോടൊപ്പം കാലിഫോർണിയയിൽ ഗവേഷണത്തിനു ക്ഷണവും ലഭിച്ചു. അതുവരെ ശാരീരികമായി ചലിപ്പിക്കേണ്ട വീൽചെയർ ഉപയോഗിച്ചായിരുന്നു സ്റ്റീഫൻ ചലനവും യാത്രയും ചെയ്തിരുന്നത്. കാലിഫോർണിയയിൽ എത്തിയപ്പോൾ ഇലക്ട്രിക് വീൽചെയർ ലഭ്യമായി. അദ്ദേഹത്തിെൻറ അഭിപ്രായത്തിൽ ഇത് വിപുലമായ സ്വാതന്ത്ര്യം നൽകുന്ന മാറ്റമായിരുന്നു. അമേരിക്കയിൽ അക്കാലത്തുതന്നെ കെട്ടിടങ്ങളിലും പൊതുസ്ഥങ്ങളിലും അംഗപരിമിതർക്കു പ്രാപ്യമാകുംവിധം പരിസ്ഥിതി രൂപകൽപന ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ ഇലക്ട്രിക് വീൽചെയർ യാത്രികർക്ക് ഏറ്റവും അനുയോജ്യമായതിനാൽ േഹാക്കിങ്ങിന് ശാരീരികാധ്വാനം പരിമിതപ്പെടുത്താനും ഗവേഷണത്തിലും മറ്റുജോലിയിലും ശ്രദ്ധിക്കാനും സാധിച്ചിരുന്നു. ആരോഗ്യസേവനങ്ങളിൽ പുനരധിവാസ ചികിത്സ ഊന്നൽ നൽകുന്ന രണ്ടു പ്രധാന ഘടകങ്ങൾ ഇവയാണ്. ഒന്ന്, സഹായദായക ടെക്നോളോജി ഉപയോഗിക്കുന്നതിന് അനുകൂലമായ മാനസികാവസ്ഥയും കാഴ്ചപ്പാടും അംഗപരിമിതിയുള്ളവരിൽ സൃഷ്ടിക്കുക. രണ്ട്, ഇത്തരം ടെക്നോളജിയും അവ തടസ്സരഹിതമായി ഉപയോഗിക്കാൻ പറ്റിയ ഭൗതിക സാഹചര്യവുമൊരുക്കുക.
അമേരിക്കയിൽ െവച്ച് ചലനശേഷി മാത്രമല്ല ക്ഷയിച്ചത്; എഴുതാനും സംസാരിക്കാനുമുള്ള കഴിവും ഏറക്കുറെ നഷ്ടപ്പെട്ട നിലയിലായി. ഇതു കേട്ടറിഞ്ഞ വാൾട് വോൾട്ടസ് എന്ന കമ്പ്യൂട്ടർ വിദഗ്ധൻ വീൽചെയറിൽ ഘടിപ്പിക്കാവുന്ന സംസാരസഹായി കമ്പ്യൂട്ടർ രൂപകൽപനചെയ്തു. പിൽക്കാലത്തു കണ്ണടകളിൽ പിടിപ്പിച്ച സെൻസർ വഴി കവിൾ പേശികൾ ഉൽപാദിപ്പിക്കുന്ന അതിലോല സങ്കോചങ്ങൾ വാക്കുകളായി രൂപപ്പെടുത്തി സിന്തെസൈസർ വഴി ശബ്ദമായി പുറത്തുവിടുന്നു. കേംബ്രിജിലെ ഡേവിഡ് മേസൺ സൃഷ്ടിച്ച പ്രോഗ്രാമാണ് ഏറ്റവും ഒടുവിലത്തെ സംഭാഷണ സഹായി. നാം മനസ്സിലാക്കേണ്ടത് റിഹാബിലിറ്റേഷൻ സാങ്കേതികവിദ്യ നിശ്ചലതയിൽ വ്യാപരിക്കുന്ന ഒന്നല്ല; അംഗപരിമിതിയുമായി ഒരാൾ കടമ്പകടക്കാൻ തയാറായാൽ അനുയോജ്യമായ ടെക്നോളജിയുമായി ആരെങ്കിലും മുന്നോട്ടുവരും എന്നാണ്. അസ്പഷ്ടമായ ശബ്ദമുള്ളയാൾക്ക് മനോവൈകല്യമുണ്ട് എന്നാകും സമൂഹം കരുതുക. സംഭാഷണത്തിനുള്ള പ്രോഗ്രാം അതിനാൽ വളരെ പ്രധാനമാണ്.
ഏതാനും വർഷത്തിനുശേഷം മറ്റൊരു പ്രശ്നം ഹോക്കിങിനെ വേട്ടയാടി. ഇത്തവണ രക്തത്തിൽ ഓക്സിജൻ ക്രമരഹിതമായി കുറഞ്ഞുപോയതാണ് ഹേതു. സ്വന്തമായി ശ്വസിക്കാനുള്ള കഴിവ് ആശങ്കജനകമായി കുറഞ്ഞിരിക്കുന്നുവെന്നാണ് ഇതിനർഥം. നാലുമാസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു അദ്ദേഹത്തിന്. എ.എൽ.എസ് എന്ന രോഗനിർണയം നടന്നപ്പോൾതന്നെ ഭയപ്പെട്ടിരുന്നതാണ് ഒരുനാൾ ഡയഫ്രം പ്രവർത്തനരഹിതമാകുമെന്നും ജീവിതം അവസാനിക്കുമെന്നും. ഇത്തവണയും സ്റ്റീഫൻ േഹാക്കിങ്ങിെൻറ തിരിച്ചുവരവ് ആഘോഷിക്കപ്പെട്ടു; രാത്രി മുഴുവൻ വെൻറിലേറ്റർ സഹായത്തോടെ ജീവിക്കണം എന്ന നിബന്ധനയോടെ. ചികിത്സിച്ച ഡോക്ടർമാർക്ക് അത്ര ഉറപ്പു പോരാ. അവർ പറഞ്ഞത് അദ്ദേഹം മരണത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, അടുത്തുതന്നെ അതുണ്ടാകും എന്നാണ്. അതുണ്ടായില്ല എന്നുമാത്രമല്ല, ഈ പരാധീനതകളോടെ അദ്ദേഹം മറ്റൊരു അമേരിക്കൻ പര്യടനംകൂടി നടത്തി. അവിടെയും വെൻറിലേറ്റർ വിഘടിപ്പിച്ചതിനാൽ അബോധാവസ്ഥയിലാകുകയും ഭാര്യയുടെ സമചിത്തതമൂലം ജീവൻ നിലനിർത്താനാകുകയും ചെയ്തു. എ.എൽ.എസ് ബാധിച്ചവർ വേഗത്തിൽ മരിക്കുന്നതിന് പ്രധാന കാരണം ശരീരത്തിലെ, പ്രത്യേകിച്ച് ശ്വാസസംബന്ധിയായ മാംസപേശികളുടെ ബലഹീനതയാണ്. പ്രാധാന്യമുള്ള മറ്റൊന്ന് ഭക്ഷണക്രമമാണ്. പൊതുവെ ചലനശേഷി നിസ്സാരമായിക്കഴിഞ്ഞാൽ ഭക്ഷണത്തിൽ വളരെക്കുറച്ചുമാത്രം അന്നജമേ വേണ്ടൂ. കൂടുതൽ അന്നജം കൊഴുപ്പ് അടിഞ്ഞുകൂടാനും വണ്ണംവെക്കാനും മാത്രമേ ഉതകൂ. ഭക്ഷണം അവ്വണ്ണം മാറ്റിക്കഴിയുമ്പോൾ വിവിധ വിറ്റമിനുകൾ, പോഷകങ്ങൾ, സൂക്ഷ്മപോഷകങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. ഇപ്രകാരം തയാറാക്കിയ ഭക്ഷണമാണ് അദ്ദേഹം കഴിഞ്ഞ 56 വർഷമായി കഴിച്ചുകൊണ്ടിരിക്കുന്നത്. അരി, ഗോതമ്പ് മുതലായ ധാന്യങ്ങൾ മുൻനിർത്തിയുള്ള ആഹാരക്രമമായിരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ചികിത്സയുടെ വിജയം
സുസജ്ജമായ പുനരധിവാസ കേന്ദ്രീകൃതമായ ആധുനിക ചികിത്സയാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത്. ഇത്തരം പരിചരണം വിജയമാകണമെങ്കിൽ ദിവസമാകെ ഒപ്പമുള്ള പരിചാരകർ ആവശ്യമാണ്. പരിചരിക്കുന്ന ആൾക്ക് എത്രകാലം ഒരേ കൃത്യനിഷ്ഠയോടെ മുന്നോട്ടുപോകാനാകും എന്നത് പ്രവചനാതീതമത്രെ. ആദ്യത്തെ ഭാര്യ 1995ലും രണ്ടാമത്തെ ഭാര്യ 2007ലും ബന്ധം വേർപെടുത്തി. നാം മനസ്സിലാക്കേണ്ട പ്രധാന തത്ത്വം ഇതിലുണ്ട്. എ.എൽ.എസ് രോഗിയെ പരിചരിക്കുക എന്നത് പരിചാരകയുടെ (ഭാര്യയാണെങ്കിൽ പോലും) ഊർജവും ഭാവനിലയും വേഗത്തിൽ ചോർന്നുപോകാൻ കാരണമാകും. അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ബന്ധം വേർപെടുത്തേണ്ടിവന്നാൽ അതിനോട് അനുതാപപൂർവം പ്രതികരിക്കേണ്ടതും ആവശ്യം തന്നെ. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്; ന്യായാന്യായ സൂചനകൾക്ക് പ്രസക്തിയില്ല. 2007നു ശേഷം പരിചരണം വീട് സഹായിയിൽ നിക്ഷിപ്തമായിരുന്നു.
ഹോക്കിങ് ഒരു പാഠപുസ്തകം കൂടിയാണ്. എത്ര ആവർത്തിയാണ് ഡോക്ടർമാർ അദ്ദേഹത്തിൽ മരണം കണ്ടത്? 1985ൽ വെൻറിലേറ്റർ പിൻവലിച്ചു മരണം സുഗമമാക്കാമെന്നുവരെ ഡോക്ടർമാർ അഭിപ്രായപ്പെട്ടതാണ്. ശക്തമായി കൂടെനിൽക്കാൻ ഒരാളുണ്ടായതിനാൽ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു? ‘‘എെൻറ സഹപ്രവർത്തകർക്ക്, ഞാനൊരു ശാസ്ത്രജ്ഞനാണ്. പക്ഷേ, ഞാൻ ലോകത്തെ ഏറ്റവും പ്രസിദ്ധനായ ശാസ്ത്രജ്ഞനുമാണ്; ഇതിനു കാരണം, ഒരു അംഗപരിമിതനായ പ്രതിഭ എന്ന പ്രതീകമായി എന്നെക്കാണാനാകും എന്നതുകൊണ്ടാണ്.’’ ആരോഗ്യ, പുനരധിവാസ ശാസ്ത്രങ്ങൾക്കൊരു പാഠശാലയാണ് ആ ധന്യജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.