സുപ്രീംകോടതി വിമർശനാതീതമല്ല
text_fieldsനീതിന്യായസംവിധാനം സർക്കാറിനോട് വിധേയത്വം കാണിക്കുന്നുവെന്ന വിമർശനം ന്യായയുക്തമല്ലെന്നും അത്തരം വിമർശനങ്ങൾ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും സീനിയർ അഭിഭാഷകനായ ഹരീഷ് സാൽവെ പ്രസ്താവിച്ചിരിക്കുന്നു. താരമൂല്യമുള്ള ഈ അഭിഭാഷകെൻറ അഭിപ്രായം വലിയ പ്രാധാന്യത്തോടെ ചില ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിലെ സുപ്രീംകോടതി ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് ഒരുപക്ഷേ, ഇക്കാലത്തായിരിക്കാം. വിമർശനങ്ങളിൽ ഏറിയ കൂറും ന്യായയുക്തമായിട്ടുള്ളവ തന്നെയാണ്. അയോധ്യ, കശ്മീർ, കശ്മീരിലെ ഇൻറർനെറ്റ് നിരോധനം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ആക്ടിവിസ്റ്റുകളുടെ അറസ്റ്റും തടങ്കലിൽവെക്കലും പോലുള്ള വിവിധ വിഷയങ്ങളിൽ സുപ്രീംകോടതിക്ക് ഭരണഘടനയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല എന്ന വിമർശനം സ്വതന്ത്ര ബുദ്ധിജീവികളിൽനിന്നും അഭിഭാഷകരിൽനിന്നും മുൻ ന്യായാധിപരിൽനിന്നുമെല്ലാം ഉണ്ടായി.
നോട്ടുനിരോധനത്തിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, ഒരു ജനതയെ മുഴുവൻ കഷ്ടപ്പെടുത്തി കേവലം നാലു മണിക്കൂറിെൻറ മാത്രം സാവകാശം അനുവദിച്ചുകൊണ്ടുള്ള ലോക്ഡൗണിെൻറ കാര്യത്തിലും സമാനമായ നിഷ്ക്രിയത്വം പുലർത്തി. അന്തർസംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലാകട്ടെ, കോടതി ഇടപെട്ടത്ഏറെ വൈകി, പ്രശ്നത്തിെൻറ ഭവിഷ്യത്ത് മുഴുവൻ തൊഴിലാളികൾ അനുഭവിച്ചതിനുശേഷം മാത്രമായിരുന്നു. നിയമങ്ങൾ നിലവിലുണ്ടായിട്ടും ഭരണകൂടത്തിെൻറ വീഴ്ച കാരണം അവ നടപ്പിലാകാതെ വന്നാൽ, ജുഡീഷ്യൽ റിവ്യൂവിനുള്ള അധികാരം ഉപയോഗിച്ച് വിഷയത്തിൽ ഇടപെടാനുള്ള ബാധ്യത സുപ്രീംകോടതിക്കുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ 1979ൽ തന്നെ പാർലമെൻറ് നിയമം കൊണ്ടുവന്നതാണ്. ന്യായയുക്തമായ വേതനവും യാത്ര അലവൻസും മറ്റും ഈ നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്യപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും നിയമം നോക്കുകുത്തി മാത്രമായി തുടർന്നു.
ലോക്ഡൗണിനു മുമ്പ് ആവശ്യമായ സമയം അനുവദിച്ച് നിയമം നടപ്പിലാക്കിയിരുന്നുവെങ്കിൽ, ഒട്ടേറെ അന്തർസംസ്ഥാന തൊഴിലാളികളുടെ മരണവും യാതനകളും തൊഴിൽനഷ്ടവും ഒഴിവാക്കാൻ കഴിയുമായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വീഴ്ചവരുത്തിയെന്ന് കാണാൻ ദിവ്യദൃഷ്ടിയുടെ ആവശ്യമില്ല. എന്നിട്ടും സുപ്രീംകോടതി യഥാസമയം വിഷയത്തിൽ ഇടപെടാതിരുന്നത് വിമർശിക്കപ്പെട്ടതിൽ എന്തുതെറ്റാണുള്ളത്? തെറ്റുകൾ ചൂണ്ടിക്കാണിക്കാതെ വിനീത വിധേയരായി, ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തിപ്പെട്ട് ജീവിക്കുക എന്നതുമാത്രമാണോ പൗരധർമം? അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സാൽവെ ഈയിടെ സുപ്രീംകോടതിയിൽ അവതരിപ്പിച്ച വാദമുഖങ്ങൾ അർണബ് ഗോസ്വാമിക്കുവേണ്ടിയായിരുന്നു.
ഭരണഘടനയോടുള്ള പ്രതിബദ്ധതയുടെ പേരിൽ കോടതികളെ വിമർശിക്കുന്ന മറ്റ് സാധാരണക്കാർക്കും അവ ബാധകമല്ലേ? രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളിൽ മാത്രമല്ല, ഭരണസംബന്ധമായ കേസുകളിലും ഹൈകോടതികൾക്കും സുപ്രീംകോടതിക്കും ഇടപെടേണ്ടിവരും. അത്തരം ഇടപെടലുകളാണ് ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തുന്നത്. ജസ്റ്റിസ് മുരളീധറിെൻറ സ്ഥലംമാറ്റം, രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശം, ചിദംബരത്തിെൻറ ജാമ്യഹരജി നിരസിച്ച ഹൈകോടതി ന്യായാധിപന് റിട്ടയർമെൻറ് കഴിഞ്ഞയുടനെ നൽകപ്പെട്ട നിയമനം, കോവിഡുമായി ബന്ധപ്പെട്ട ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിച്ച കേസുകൾ കേൾക്കുന്ന െബഞ്ചുകളിൽ ഉണ്ടായ മാറ്റങ്ങൾ എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ നമ്മുടെ സംവിധാനങ്ങൾ വിമർശിക്കപ്പെടുകയുണ്ടായി. ഇത്തരം വിമർശനങ്ങൾ കൂടി ഇല്ലാതായിക്കഴിഞ്ഞാൽ പിന്നെ എന്തടിസ്ഥാനത്തിലാണ് നമുക്ക് ഒരു ഭരണഘടനാ ജനാധിപത്യസംവിധാനമായി തുടരാൻ കഴിയുക?
നിഷ്കളങ്കമായ മുദ്രാവാക്യങ്ങളുടെ പേരിൽ കലാലയ വിദ്യാർഥി വിദ്യാർഥിനികളെേപ്പാലും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന ഭരണകൂടം മറുവശത്ത് പച്ചയായിത്തന്നെ വർഗീയവിഷം വമിപ്പിച്ചു ജനങ്ങളെ ഭിന്നിപ്പിക്കുകയും പൊതുസ്വത്തുക്കൾ വ്യാപകമായി തോന്നിയപോലെ വിറ്റുതുലക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ പീഠികയിൽ (preamble) തന്നെ സൂചിപ്പിക്കപ്പെട്ട രാഷ്ട്രത്തിെൻറ ആശയാദർശങ്ങൾ നിരന്തരം തോൽപിക്കപ്പെടുന്ന ഒരു കാലത്ത്, ബീഭത്സമായ ഈ മാറ്റത്തെ തടയാൻ കഴിയാതെ നിൽക്കുന്ന സുപ്രീംകോടതിയെ മാന്യമായും ശരിയായും വിമർശിക്കുക എന്നത് പൗരെൻറ അവകാശവും കടമയും മാത്രമാണ്.
‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ വാഗ്ദാനം ചെയ്യുന്ന പീഠികയിൽ, ചിന്തയുടെയും ആവിഷ്കാരത്തിെൻറയും വിശ്വാസത്തിെൻറയും ആരാധനയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നു; സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ നമ്മുടെ കോടതികളെ- വിശേഷിച്ച് സുപ്രീംകോടതിയെ- തുടർവിദ്യാഭ്യാസം ചെയ്യിക്കേണ്ടതുണ്ട്. ഹരീഷ് സാൽവെയുടെ അഭിപ്രായം നമ്മുടെ ജനാധിപത്യത്തെ മുന്നോട്ടുനയിക്കുന്ന ഒന്നാണെന്ന് കരുതുക വയ്യ.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.