‘ചിരിക്കുരുതി’യുടെ ജീവിത സാക്ഷ്യം
text_fieldsയു.എ.ഇയിലെ ഏതൊരു സർഗാത്മക ചർച്ചയിലും ഇന്നും ആ രണ്ടു പേരുകൾ ആരെങ്കിലുമൊക്കെ പരാമർശിക്കും. വിട വാങ്ങിയ രണ്ട് മികച്ച പ്രതിഭകൾ. ടി.വി. കൊച്ചുബാവയും അസ്മോ പുത്തൻചിറയും. ഇരുവരുടെയും തട്ടകം യു.എ.ഇ ആയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഏറ്റവും കൂടുതൽ സൗഹൃദങ്ങളും ഇൗ മണൽനഗരത്തിലായിരുന്നു.
കേരളത്തിെൻറ മുഖ്യധാരയിൽ നിലയുറപ്പിക്കാൻ കഴിഞ്ഞു എന്നത് കൊച്ചുബാവയുടെ വലിയ ഭാഗ്യം. മൗലികതയും നിറഞ്ഞുകത്തിയ സർഗാത്മകതയും കൊണ്ടായിരുന്നു ബാവ അത് സാധിച്ചത്. എന്നിട്ടും പരദേശമണ്ണിൽ അത്രയൊന്നും വേരുകളാഴ്ത്താൻ ശ്രമിച്ചില്ല, ബാവ. ‘ഇറച്ചിയേറ്’ എന്ന ഒറ്റ രചന. അതിനപ്പുറം പരദേശത്തുനിന്നുള്ള പ്രമേയവും ബാവയെ ഒട്ടും ഭ്രമിപ്പിച്ചില്ല. കൂട്ടുകാരുമായി സ്നേഹിച്ചും കലഹിച്ചും നിലപാടുകൾ തുറന്നുപറഞ്ഞും ബാവ പെയ്തൊഴിയുകയായിരുന്നു.
വല്ലപ്പോഴുമൊക്കെ കണ്ടു സംസാരിച്ച അനുഭവം. അതിലപ്പുറം കൊച്ചുബാവയെന്ന വ്യക്തിയുമായി ആത്മബന്ധം ഉണ്ടായിരുന്നില്ല. പിന്നീട് പരദേശം വിട്ട ബാവ നാട്ടിൽ ഇടം ഉറപ്പിക്കുക കൂടിയായിരുന്നു. എന്നാൽ ബാവയിൽനിന്ന് പലതുകൊണ്ടും വ്യത്യസ്തമായിരുന്നു അസ്മോ പുത്തൻചിറയുടെ ജീവിതവും ലോകവും. അസ്മോയുടെ രണ്ടാം ചരമവാർഷികമായിരുന്നു പോയവാരം. അബൂദബിയിലും ദുബൈയിലും ഷാർജയിലും സുഹൃത്തുക്കൾ ഒത്തുേചർന്നു. പതിറ്റാണ്ടുകൾ തങ്ങളിൽ നന്മ നിറച്ച ആ മനുഷ്യെൻറ ഒാർമകൾ ഇരമ്പിയെത്തിയ ചടങ്ങുകൾ. സദസ്സിെൻറ പിൻനിരയിൽ ആരും കാണാതെയും ആരെയും കാണിക്കാതെയും ഇരുന്ന് പിൻവലിയുന്ന ഒരു സഹൃദയൻ. അതുമാത്രമായിരുന്നു പലപ്പോഴും അസ്മോ പുത്തൻചിറ.
കവിയരങ്ങാണെങ്കിൽ തെൻറ ഒരു കൊച്ചു കവിതയുമായി അസ്മോ ഉണ്ടാകും വേദിയിൽ. പതിഞ്ഞ ശബ്ദത്തിൽ കവിതയും ചൊല്ലി ആത്മനിർവൃതിയോടെ ഒരു ഇറങ്ങിപ്പോക്കാണ്. എത്രയോ വേദികളിൽ അതിന് സാക്ഷിയായി. അബൂദബിയിൽ രാപ്പാർത്ത ഒരാണ്ടിൽ, അസ്മോയുമായി കൂടുതൽ അടുത്തു. എല്ലാ കാര്യങ്ങളും തുറന്നു പറയുമാറുള്ള അടുപ്പം. രാവുകളിൽ കൂട്ടായി എപ്പോഴും അസ്മോ വന്നെത്തും. ഒാഫിസിനു പുറത്ത് നേരത്തെ തന്നെ വന്ന് കാറിൽ കാത്തുകിടക്കും. പത്രജോലി തീർന്നാൽ പിന്നെ മുസഫയിലേക്കോ കോർണിഷ് ഭാഗത്തേക്കോ നല്ലൊരു യാത്ര.
ഒരിക്കൽ ലുലുവിെൻറ കൂറ്റൻ മാളിനു മുന്നിലൂടെ വാഹനം കടന്നു പോയപ്പോൾ ആത്മഗതം പോലെ അസ്മോ മന്ത്രിച്ചു:
യൂസുഫലിക്കയും ഞാനും ഇൗ നഗരത്തിൽ വന്നത് ഏതാണ്ട് ഒരേ കാലത്താണ്. അബൂദബി പുള്ളിയോട് വലിയ വാത്സല്യം കാണിച്ചു. നല്ലൊരു മനുഷ്യൻ.
പിന്നെ സ്വയം ഒരു സമാധാനിക്കലും:
‘നമ്മളും വിജയിച്ചിേട്ടയുള്ളൂ. ഇവിടം വരെ ഒക്കെ എത്തിയില്ലേ. പടച്ചവന് സ്തുതി’
ജീവിതത്തിൽ ഉടനീളം കൊടിയ ഉൾത്താപമായിരുന്നു. എന്നിട്ടും പോസിറ്റീവ് എനർജി കൈവിട്ടില്ല അസ്മോ. അതുകൊണ്ടായിരിക്കണം ഇങ്ങനെ എഴുതി വെക്കാനും പ്രിയസുഹൃത്തിനു കഴിഞ്ഞത്:
‘‘ഭാര്യ പരിതപിച്ചു
ഇതുവരെ നമുക്ക്
കുഞ്ഞ് ജനിച്ചിട്ടില്ല
കവി പ്രതികരിച്ചു
നമുക്കല്ലാതെ
ഇൗ ലോകത്ത്
ഒരു കുഞ്ഞും
ജനിച്ചിട്ടില്ല’’
എഴുത്തും ജീവിതവും സൗഹൃദങ്ങളും നിറഞ്ഞതായിരുന്നു അസ്മോയുടെ ജീവിതം. ഉപജീവന വഴിയിലെ ആകുലതകൾ പോലും ഒരിക്കലും പുറത്തുകാണിച്ചില്ല. സാഹിത്യ കൂട്ടായ്മകളുടെ ഏതൊരു പരിപാടിയിലും ആരും ക്ഷണിക്കാതെതന്നെ എത്തണമെന്ന ശുഷ്കാന്തി. അതായിരുന്നു എന്നും അസ്മോയുടെ നിഷ്ഠ.
ആഴ്ചയിൽ ഒന്നോ രേണ്ടാ ദിവസം നോെമ്പടുക്കുന്ന അസ്മോ വീണ്ടും അദ്ഭുതപ്പെടുത്തി. ആത്മീയ, ശാരീരിക വിശുദ്ധിയുടെ വഴിയിലായിരുന്നു എപ്പോഴും ആ യാത്ര.
അന്യെൻറ കാര്യങ്ങളിലായിരുന്നു കൂടുതൽ സങ്കടം. സുഹൃത്തുക്കളിൽ ആർക്കെങ്കിലും ജോലി പോയാൽ, അവരുടെ മക്കൾക്ക് അസുഖമാണെന്നു കേട്ടാൽ ഉള്ളിൽ വേദന നിറയുന്ന പ്രകൃതം. ഷെൽഫിലിരുന്ന് ‘ചിരിക്കുരുതി’ പുസ്തകം ചിരിക്കുന്നു. രണ്ടാം നോട്ടത്തിൽ അത് കണ്ണീരോർമക്ക് കനം വെപ്പിക്കുന്നു. പക്ഷേ, അവിടെയും അസ്മുക്ക സുഹൃത്തുക്കളെ മുഴുവൻ തോൽപിക്കുകയാണ്.
‘ഒരാൾ
മറ്റൊരാളോട്
പുഞ്ചിരിക്കുേമ്പാൾ
ഒരു പൂ വിരിയുന്നു.
തിരിച്ചു പുഞ്ചിരിക്കുേമ്പാൾ
സുഗന്ധം നിറയുന്നു’
ഒരിക്കൽ വെറുതെ ചോദിച്ചു:
ഇൗ സാത്വിക ഭാവം പലപ്പോഴും തിരിച്ചടിയായിട്ടുണ്ടോ?
മറുപടിയായി ആദ്യം വെറുതെ ഒന്നു ചിരിച്ചതേയുള്ളൂ.
തുടർന്ന് ഇത്രമാത്രം പറഞ്ഞുവെച്ചു:
നമ്മെ സൃഷ്ടിച്ച ദൈവത്തിനറിയാമല്ലോ, നാം ആരാണെന്നും എന്താണെന്നും.
‘ചിരിക്കുരുതി’യിൽ ഇതാ, ഇതുംകൂടി ചേർത്തു വെച്ചിരിക്കുന്നു:
‘എല്ലാവരെയും
മിത്രങ്ങളാക്കാൻ
കഴിഞ്ഞില്ലെങ്കിലും
ആരേയും
ശത്രുക്കളാക്കാതിരിക്കാൻ
മൗനം കുടിക്കുക’
ഇൗഗോയുടെ പുറത്താണ് പരദേശത്തെ ചില എഴുത്തുകാർ. തങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള അലമ്പുപിടിച്ച ഒരുതരം വെമ്പൽ. സീനിയോറിറ്റിയുടെയും മൗലികതയുടെയും ബലത്തിലാണെങ്കിൽ അസ്മോക്ക് അതിലപ്പുറം പ്രകടിപ്പിക്കാമായിരുന്നു. ഉണ്ടായില്ല. അർഹമായ പരിഗണനപോലും അസ്മോക്ക് ലഭിച്ചോ എന്ന ചോദ്യം മാത്രം ബാക്കി. എന്നിട്ടും എല്ലായിടത്തും ഉണ്ടായിരുന്നു, ആ സൗമ്യസാന്നിധ്യം. പതുങ്ങിയ വാക്കുകളിൽ, നിറനിശ്ശബ്ദ ചിരിയിൽ ആയിരുന്നല്ലോ, ഒടുവിൽ ആ പടിയിറക്കവും.
‘ഒരു കവിത
വക്കുപൊട്ടിയ അക്ഷരങ്ങൾ
കൊണ്ട്
ജീവിതം വരച്ചു.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.