വാക്സിൻ പ്രയോഗത്തിെൻറ സാമൂഹിക പ്രസക്തി
text_fieldsവാക്സിൻ പ്രയോഗം രോഗങ്ങളെ തടഞ്ഞുനിർത്താനും സമൂഹത്തിെൻറ പ്രതിരോധശക്തി വർധിപ്പിക്കാനും ഉതകുമെന്നതിന് വ്യക്തമായ തെളിവുകൾ ഇന്നുണ്ട്.മറിച്ചുചിന്തിക്കുന്നവരുണ്ട്. അവരുടെ വാദം ദുർബലവും ശാസ്ത്രത്തിനു നിരക്കാത്തതുമാവാം. എന്തുകൊണ്ടാണ് കുറച്ചുപേരെ മാത്രം ബാധിക്കാവുന്ന രോഗങ്ങൾക്ക് രോഗസാധ്യതയുള്ള എല്ലാവരും വാക്സിൻ ചികിത്സക്ക് വിധേയരാകണമെന്ന് പറയുന്നത്? ആയിരം കുട്ടികളിൽ പോളിയോ വൈറസ് കടന്നാൽ ഏതാനും പേർക്കുമാത്രമാണ് പേശി ദൗർബല്യം ഉണ്ടാകുന്നത്. അതിനായി എല്ലാ കുട്ടികൾക്കും വാക്സിൻ കൊടുക്കണമല്ലോ. ആരുടെയൊക്കെ ഉള്ളിലാണ് വൈറസ് കടന്നിരിക്കുന്നതെന്നു കണ്ടെത്തുക പ്രയാസം; അത് സാധിച്ചാൽതന്നെ അതിനുള്ള ശ്രമവും െചലവും കണക്കാക്കിയാൽ ന്യായീകരിക്കാനാവില്ല. അപ്പോൾ ഇതിനുള്ള പ്രതിവിധി വാക്സിൻ സുരക്ഷിതമെന്ന് ഉറപ്പാക്കുക എന്നതാണ്. നൂറുശതമാനം സുരക്ഷിതമായ വാക്സിൻ വികസിപ്പിക്കാനായതാണ് പോളിയോ ഉന്മൂലനം സാധ്യമാക്കിയത്.
ട്രാഫിക് ആക്സിഡൻറുകൾ നാട്ടിൽ നിരവധിയാണ്. ചെറുപ്പക്കാരായ അനേകം പേർ മരിക്കുകയോ അംഗപരിമിതരായി ജീവിതം തുടരുകയോ ചെേയ്യണ്ടിവരുന്നു. നാലായിരത്തിലധികം പേരാണ് പ്രതിവർഷം റോഡിൽ മരിച്ചുവീഴുന്നത്. ഇത് പരിമിതപ്പെടുത്താനുള്ള മാർഗം എല്ലാവരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുകതന്നെ. ആരൊക്കെയാണ് ആക്സിഡൻറിൽപെടുകയെന്ന് അറിയാനാവില്ലല്ലോ. സീറ്റ്ബെൽറ്റിനും ഹെൽമെറ്റിനും വരുന്ന െചലവ് ആക്സിഡൻറുമായി ബന്ധപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയുമായി തട്ടിച്ചുനോക്കിയാൽ എത്ര നിസ്സാരം. വാക്സിൻ ചികിത്സ എന്ന ആശയത്തിെൻറ ന്യായീകരണം ഇതാണ്. െഡങ്കിപ്പനി വാക്സിൻ ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ സംഭവിച്ച നൂറു കണക്കിന് മരണങ്ങൾ ഒഴിവാക്കുമായിരുന്നു; ആയിരക്കണക്കിന് രോഗികൾക്ക് ആശുപത്രിയിലെ താമസവും െചലവും ഒഴിവാക്കാമായിരുന്നു. ഈ വർഷത്തെ വൈറൽപ്പനിയുടെ സാമ്പത്തികഭാരം ഇതുവരെ കണക്കാക്കിയിട്ടില്ല; തീർച്ചയായും താങ്ങാനാവുന്നതിലും അധികമാവും. വാക്സിൻമൂലം രോഗങ്ങൾ തടയാനായാൽ ചികിത്സ ലാഭത്തിലൂടെ മികച്ച സാമ്പത്തികനേട്ടം കൈവരിക്കാമെന്നതിൽ സംശയം വേണ്ട. ഇവിടെ പരിഗണിക്കുന്നത് വാക്സിൻ പ്രതിരോധംകൊണ്ട് ഉണ്ടാകുന്ന സാമൂഹികനേട്ടമാണ്. സമൂഹത്തിന് മൊത്തത്തിൽ നേട്ടമുണ്ടായാൽ ‘എല്ലാവർക്കും വാക്സിൻ’ എന്ന ആശയത്തിന് പ്രസക്തിയേറും.
വാക്സിനുകൾ രോഗങ്ങൾ മാത്രമല്ല, രോഗങ്ങളുടെ പിൽക്കാല പ്രശ്നങ്ങളെയും തടയുന്നു. കുട്ടിക്കാലത്തുണ്ടാകുന്ന രോഗങ്ങൾ വളർച്ചയെയും തുടർന്നുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. വളർച്ച മുരടിപ്പ്, പേശീദൗർബല്യങ്ങൾ, കായികാധ്വാനത്തിൽ പിന്നാക്കാവസ്ഥ എന്നിവമൂലം പിൽക്കാല ജീവിതത്തിൽ ധനസമ്പാദനത്തിന് കഴിവ് പരിമിതപ്പെടും. അഞ്ചാംപനി, മുണ്ടിനീര്, ജർമൻ മീസിൽസ് എന്നിവ മസ്തിഷ്കത്തെയോ മറ്റു ഗ്രന്ഥികളെയോ ബാധിക്കാനിടയായാൽ പരിണിത ഫലങ്ങൾ തുടർജീവിതത്തിലും നിലനിൽക്കും. പ്രധാനമായും ഈ വൈകല്യങ്ങൾ പൂർണ വിദ്യാഭ്യാസം സിദ്ധിക്കുന്നതിനോ ആരോഗ്യകരമായ ബാല്യ^കൗമാരങ്ങൾ കൈവരിക്കുന്നതിനോ തടസ്സമാകുന്നു. ആരോഗ്യമുള്ള കുട്ടിക്കാലം നമ്മുടെ ആയുർദൈർഘ്യത്തെ സ്വാധീനിക്കും. വാക്സിനുകൾ നിർലോപം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ശരാശരി ആയുർദൈർഘ്യം നമ്മുടേതിനെക്കാൾ വളരെ കൂടുതലാണ്. ആയുസ്സിൽ ഒരുവർഷത്തെ നേട്ടം സമൂഹത്തിനു നാലു ശതമാനം ഉൽപാദനക്ഷമത വർധനയുണ്ടാക്കും. ആയുസ്സിൽ അഞ്ചു വർഷം നമ്മെക്കാൾ കൂടുതലുള്ള രാജ്യവുമായി നമുക്കുള്ള അന്തരം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്. കുട്ടികളിലെ വിരശല്യം നിയന്ത്രിക്കുന്നതുപോലും പഠിത്തത്തിലും വളർച്ചയിലും വൻ വർധനയുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മുതിർന്ന വ്യക്തികൾ പലപ്പോഴും തൊഴിലിടങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് കുട്ടികളിലെ രോഗങ്ങൾമൂലമാണ്. ആരോഗ്യമുള്ള ബാല്യം തൊഴിൽദിനങ്ങളിലും വേതനത്തിലുമുള്ള നഷ്ടം പരിമിതപ്പെടുത്തുന്നു. ശക്തമായ ആരോഗ്യാനുഭവമുള്ള ചെറുപ്പക്കാർ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്ന് മാത്രമല്ല, കൂടുതൽ ജീവിതസാധ്യത കാണുന്നതിനാൽ ധനം സമ്പാദിക്കാനും കൂടുതൽ നിക്ഷേപങ്ങൾ ചെയ്യാനും കൂടുതൽക്കാലം തൊഴിൽവ്യാപൃതരാകാനുമൊക്കെ സാധ്യതയേറും. സമൂഹത്തിനും രാജ്യത്തിനും വികസനത്തിനും ഉയർന്ന നിക്ഷേപത്തിനും വേണ്ട പണത്തിൽ ഒരുവിഹിതം ഇങ്ങനെ പ്രാദേശിക സ്രോതസ്സിലൂടെ സമാഹരിക്കാനാവുന്നു. ചൈന, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കഴിഞ്ഞ ഒന്നുരണ്ടു ദശകങ്ങളിലെ വളർച്ചയിൽ ബാല്യ-കൗമാരങ്ങളിലെ ആരോഗ്യം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ 2014ലെ റിപ്പോർട്ടിൽ മിറൽമാൻ, ഒസാവാ എന്നിവരുടെ പഠനം ചേർത്തിട്ടുണ്ട്. ഇതനുസരിച്ചു ബ്രിക്സ് രാഷ്ട്രങ്ങളിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പുതിയ വാക്സിനുകൾ പ്രയോഗത്തിലെത്തിച്ചുകഴിഞ്ഞു. റഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ പുതിയ വാക്സിനുകൾ പ്രയോഗത്തിലെത്തിക്കുന്നതിൽ പ്രതിബന്ധങ്ങളുണ്ട്. ഇന്ത്യയിൽ കുട്ടികളിലെ റോട്ടാവൈറസ് വാക്സിൻ (വയറിളക്ക രോഗം) ഉപയോഗിക്കുന്നതുകൊണ്ടുമാത്രം പ്രതിവർഷം രണ്ടുകോടിയിലധികം ഡോളർ ലഭിക്കാനാകും. ന്യൂമോണിയ, റോട്ടാവൈറസ് എന്നീ രണ്ടു വാക്സിനുകൾ 90 ശതമാനം പേരിൽ എത്തിക്കാനായാൽ ഇന്ത്യക്ക് ലഭിക്കാവുന്ന സാമൂഹിക സാമ്പത്തിക പ്രയോജനം ഉദ്ദേശം 910 കോടി ഡോളറാണ്. ഭീമമായ മൂല്യവർധനയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ ഇതു നമ്മുടെ ജി.ഡി.പിയിലും പ്രതിഫലിക്കും. റഷ്യയിൽ റോട്ടാവൈറസ് വാക്സിൻ ഇപ്പോൾ നിർബന്ധമല്ല. പഠനങ്ങൾ സൂചിപ്പിക്കുന്നത്, താരതമ്യേന ജനസംഖ്യ കുറഞ്ഞ റഷ്യയിൽപോലും ഈ വാക്സിൻ പ്രതിവർഷം 1,48,000 മരണങ്ങൾ തടയുമെന്നാണ്. അപ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ വാക്സിൻ സൃഷ്ടിക്കാവുന്ന മൂല്യവർധന ഊഹിക്കാവുന്നതാണ്. വാക്സിൻ വിന്യസിക്കുന്നതിൽ ഏറ്റവും നല്ല വിജയം കൈവരിച്ചിരിക്കുന്നത് ബ്രസീലും ദക്ഷിണാഫ്രിക്കയുമാണ്.
ബർനിഹസീൻ, ബ്ലൂം മുതൽ പേർ (2014) പ്രസിദ്ധീകരിച്ച ‘വാക്സിൻ പ്രയോഗത്തിെൻറ മൂല്യനിർണയം’ എന്ന പ്രബന്ധത്തിൽ ആരോഗ്യ, സാമൂഹികരംഗങ്ങളിൽ വാക്സിൻ ചെലുത്തുന്ന സ്വാധീനം പഠനവിഷയമാണ്. കുട്ടികളിൽ വാക്സിനുകൾ ഉപയോഗിക്കുമ്പോൾ ആവർത്തിച്ചുണ്ടാകുന്ന രോഗങ്ങൾ കുറക്കുകയും മെച്ചപ്പെട്ട വിദ്യാഭ്യാസനില കൈവരിക്കുകയും ചെയ്യുന്നു. അവർക്ക് ധിഷണാപരമായ മുന്നേറ്റവും ഉയർന്ന സാങ്കേതിക പരിജ്ഞാനവും ഉറപ്പാക്കും. ഇത് ക്രമേണ കൂടുതൽ സമ്പത്തിലേക്കും മൂലധനശേഖരത്തിലേക്കും യുവാക്കളുടെ സ്വയംപര്യാപ്തിയിലേക്കും, അതിലൂടെ വിദേശനിക്ഷേപം, യാത്ര, ടൂറിസം, സമഗ്രവികസനം എന്നിവയിലേക്കും വഴിതുറക്കും. ആരോഗ്യമുള്ള സമൂഹത്തിനു ജനനനിരക്ക് നിയന്ത്രിക്കുക പൊതുവെ എളുപ്പമാകുന്നു.
ഗർഭിണികളിൽ ടെറ്റനസ് വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് നവജാത ശിശുക്കളിൽ കാണാറുള്ള ടെറ്റനസിനെ പൂർണമായി നിർമാർജനം ചെയ്യാൻ സഹായിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽനിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് നവജാത ശിശുക്കൾക്ക് ജീവിക്കാനുള്ള അവസരം മെച്ചപ്പെടുത്തി എന്നുമാത്രമല്ല, ശിശുക്കൾ വളരുമ്പോൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ഉണ്ടാകുന്നതായും പിൽക്കാലത്ത് അവർക്ക് ലഭിക്കുന്ന വേതനത്തിൽ 2.5 ശതമാനം കണ്ട വർധനയുണ്ടായതായും പറയുന്നു.
ഈ ഗവേഷകരുടെ അഭിപ്രായത്തിൽ വാക്സിൻ പ്രയോഗം പ്രധാനമായും മൂന്നുവിധ സാമൂഹിക നേട്ടം പ്രദാനംചെയ്യുന്നു. ഒന്ന്, കുട്ടികളിലെ രോഗവും മരണവും തടയുന്നതുവഴി 2009ൽ അമേരിക്ക ഉദ്ദേശം 18,400 കോടി ഡോളറിനു തുല്യമായ സമ്പാദ്യമുണ്ടാക്കും. രണ്ട്, കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതുവഴി കൂടുതൽ നേട്ടവും (88 ശതമാനം) രോഗം തടയുന്നതുവഴി 12 ശതമാനം നേട്ടവും സമൂഹത്തിനു ലഭിക്കുന്നു. മൂന്നു, വാക്സിനുകൾ നൽകുന്ന വൻ സാമൂഹികനേട്ടം പല ഏജൻസികളിലായി വിതരണം ചെയ്തുകാണുന്നു. രോഗികൾ, കുടുംബങ്ങൾ, സമൂഹം, ആരോഗ്യപദ്ധതികൾ, വാക്സിൻ ഉൽപാദകർ എന്നിവരെല്ലാം സാമൂഹികനേട്ടത്തിെൻറ ഗുണഭോക്താക്കൾതന്നെ. വാക്സിൻ ഉൽപാദകർ ഉദ്ദേശം രണ്ടു ശതമാനം നേട്ടമാണുണ്ടാക്കുന്നത്. ഇത് 320 കോടി ഡോളർ മൂല്യമാണ്.
വാക്സിനുകൾക്ക് മറ്റൊരു സുപ്രധാന സാമൂഹിക ദൗത്യം കൂടിയുണ്ട്. മൂന്നാം ലോക രാജ്യങ്ങളിൽ അണുബാധമൂലം മരിക്കുകയോ അംഗപരിമിതരാവുകയോ ചെയ്യുന്നത് സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്നവരാണ്. കുട്ടികളുടെ ശൈശവ^കൗമാരങ്ങളിൽ രോഗമുണ്ടായാൽ അവർക്ക് ഭാരിച്ച സാമ്പത്തിക ഭാരമുണ്ടാകും. പലർക്കും തങ്ങളുടെ വീട് നഷ്ടപ്പെടുകയും ചെയ്യും. അണുബാധ മൂലമുള്ള രോഗങ്ങൾ ആവർത്തിച്ചുവന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം, വളർച്ച, ബുദ്ധിവികാസം, പോഷകാഹാരക്കുറവ് എന്നിവയെ തീർച്ചയായും പ്രതികൂലമായി ബാധിക്കും. വാക്സിനുകൾ ഇത്തരം സാമ്പത്തികഭാരം ഇല്ലാതാക്കുന്നു. മാത്രമല്ല, അവരുടെ കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കി പൊതുധാരയിലേക്കു കടന്നുവരാനുള്ള അവസരവും സൃഷ്ടിക്കുന്നു. ആ നിലക്ക് നോക്കിയാൽ സമഗ്ര വാക്സിൻ പദ്ധതി വികസനോന്മുഖമായ രാഷ്ട്രീയ നീക്കമാണെന്നു കാണാം.വാക്സിൻ പ്രതിരോധത്തിലൂന്നി മാത്രമേ നമ്മുടെ സമൂഹത്തിെൻറ വികസനം ഉറപ്പാക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.