വിനായകിെൻറ രക്തസാക്ഷിത്വം
text_fieldsവിനായക് എന്ന ദലിത് ബാലെൻറ അതിക്രൂരമായ കസ്റ്റഡി പീഡനവും തുടർന്നുള്ള ആത്മഹത്യയും നരഹത്യയുടെതന്നെ പരിധിയില്‍വരുന്ന ഹീനമായ കുറ്റകൃത്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. തന്നെ മർദിച്ചു ജീവച്ഛവമാക്കിയ കാപാലികത്വത്തോടുള്ള ആ കൊച്ചുമനസ്സിെൻറ പ്രതിഷേധമായിരുന്നു ആ ആത്മഹത്യ. അതിനപ്പുറം, അതൊരു രക്തസാക്ഷിത്വമാണ്. രോഹിത് വെമുലയെപ്പോലെ, ഈ വഴി തെരഞ്ഞെടുത്ത മറ്റനേകം ദലിത് യുവാക്കളെപ്പോലെ, ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. ഒരു മനുഷ്യശരീരത്തില്‍ എൽപിക്കാവുന്ന എല്ലാ പീഡനങ്ങളും ആ ബാലെൻറ ശരീരത്തില്‍ പ്രയോഗിക്കപ്പെട്ടു. അവന് ഇന്ത്യന്‍ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്ന ഒരു കുറ്റവും ചെയ്തിരുന്നില്ല. പക്ഷേ, ഭരണഘടനാനുസൃതമായി മാത്രമല്ല, ഇന്ത്യയിൽ -കേരളത്തിലുള്‍പ്പടെ- ചില ജനവിഭാഗങ്ങള്‍ ജീവിക്കേണ്ടത്. ദലിതരും ന്യൂനപക്ഷങ്ങളും ഇന്ത്യയിലിന്ന് ഒരു സൂപ്പർ ഭരണകൂടമായ സവർണാദികളുടെ മുൻപിൽകൂടി തലകുനിക്കാനും അവയുടെ നിയമങ്ങള്‍ അനുസരിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. അവരെ ആർക്കും മർദിക്കാം. അവരെ ആർക്കും കള്ളക്കേസുകളില്‍ കുടുക്കാം. പൊലീസിന് വിചാരണകൂടാതെ വർഷങ്ങളോളം തടവിലിടാം. ആ സവർണനീതിയുടെ സവിശേഷാവകാശങ്ങളുള്ള നാടൻ തെരുവു ഗുണ്ടകള്‍ മുതല്‍ ആർക്കും അവരെ അവഹേളിക്കാം, ഭീഷണിപ്പെടുത്താം. അത്തരം അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിർലജ്ജം പരസ്യപ്പെടുത്തി അഭിമാനിക്കാം. ഇപ്പോള്‍തന്നെ സംവരണത്തിെൻറ കാര്യത്തില്‍, ന്യൂനപക്ഷ മതവിശ്വാസങ്ങളുടെ കാര്യത്തില്‍, മഅ്ദനിയെപ്പോലുള്ള നേതാക്കളുടെ അന്യായമായ വിചാരണത്തടവിെൻറ കാര്യത്തില്‍ നേരിട്ടും പരോക്ഷവുമായുമുള്ള സവർണ ഭാഷ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അരങ്ങു തകർക്കുകയാണ്. കക്ഷിഭേദമില്ലാതെ ആയിരങ്ങളാണ് അത് ഉന്മാദത്തോടെ ഏറ്റെടുക്കുന്നത്.
ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത വിനായക് മുടിവളർത്തി എന്നത് പൊലീസിനു ഇടപെടേണ്ട വിഷയമല്ല. മുടിമുറിക്കലും മീശപറിക്കലും ഒക്കെ സ്ഥിരമായി ലോക്കപ്പ് മർദനങ്ങളുടെ ഭാഗമാണ് ഈ കേരളത്തിലുമെന്ന് അറിയാത്തവരല്ല നമ്മള്. ഇതൊക്കെ സംസ്ഥാനം രൂപവത്കൃതമായിട്ടു അറുപതുവർഷം കഴിഞ്ഞിട്ടും അംഗീകരിച്ചുകൊടുക്കുന്ന ജനാധിപത്യബോധമേ ഇവിടെയുള്ളൂ എന്ന് തുറന്നുപറയാന്‍ കഴിയേണ്ടിയിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് മാത്രമല്ല, അതിനുമുമ്പും അതിനുശേഷവും വ്യക്തികളുടെ അഭിമാനബോധത്തെ അവഹേളിക്കുന്ന പ്രവർത്തനങ്ങള്‍ പൊലീസിെൻറ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിട്ടുണ്ട്. എന്നാൽ, വിനായകിെൻറ കാര്യത്തില്‍ അത് മാത്രമായിരുന്നില്ല പ്രശ്നം. ആ ബാലന് ഒരു ദലിതനായിരുന്നു. ഭീഷണിയും മർദനവും ജാതിയുടെ പേരിലായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവന്നത്.
ജാതിപറഞ്ഞു മർദിച്ച് ഒരു ദലിത് ബാലനെ പൊലീസുകാര്‍ കൊല്ലുന്നത് നവോത്ഥാനപാരമ്പര്യം അവകാശപ്പെടുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യചിഹ്നം ആകേണ്ടതായിരുന്നു. എന്നാൽ, പൊതുസമൂഹം അതിനോട് മുഖംതിരിക്കുകയാണ്. സമാനമോ അതിനേക്കാള്‍ ഗൗരവം കുറഞ്ഞതോ ആയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയമായ അനുരണനങ്ങള്‍ ഈ സംഭവം സൃഷ്ടിക്കുന്നില്ല. ആഴത്തിൽ വേരൂന്നിയ ദലിത് വിരുദ്ധതയാണ്, ദലിത്- ന്യൂനപക്ഷ സാന്നിധ്യ -പ്രാതിനിധ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് മറനീക്കി പുറത്തുവരുന്നത്. വസ്ത്രത്തിെൻറ, ആഹാരത്തിെൻറ, സാംസ്കാരിക ചിഹ്നങ്ങളുടെ, കലയുടെ, ആനന്ദങ്ങളുടെ, അഭിലാഷങ്ങളുടെ, അനുഭൂതികളുടെ എല്ലാം ദലിത് ആഘോഷങ്ങള്‍ ആധുനികാനന്തര കേരളത്തിന് ഉൾക്കൊള്ളാനാവുന്നില്ല എന്നത് ചരിത്രം എത്രവേഗമാണ് പിന്നോട്ട് തിരിയുന്നത് എന്നതിെൻറ കൂടി അടയാളമായി കാണേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഇന്നിപ്പോൾ എല്ലാവർക്കും പെട്ടെന്ന് മറന്നുകളയേണ്ട ഒരു വിഷയമാണ് വിനായകിെൻറ കൊലപാതകം. ഭരണകൂടംതന്നെ അങ്ങേയറ്റത്തെ ലാഘവബുദ്ധിയോടെ ആണ് ഈ പ്രശ്നത്തോട് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ആ കൊല്ലപ്പെട്ട വ്യക്തിയുടെ മാതാപിതാക്കളോടും കുടുംബത്തോടും കാണിക്കേണ്ട സാമാന്യമായ മര്യാദകള്‍പോലും പാലിക്കപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം നൽകാന് തയാറായിട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ ആശ്വസിപ്പിക്കാന്‍ ചെന്നിട്ടില്ല. ഇപ്പോള്‍ ഒരു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനു മുമ്പുള്ള കസ്റ്റഡിമരണങ്ങളുടെയും ലോക്കപ്പ് മർദനങ്ങളുടെയും ചരിത്രം െവച്ചു നോക്കിയാല്‍ ഈ അന്വേഷണവും ഒരു പ്രഹസനമാവും എന്ന് കരുതുന്നതില്‍ തെറ്റുണ്ടാവില്ല.
വിനായകിെൻറ കൊലപാതകാരോപണം ഉയത്തുന്ന പ്രശ്നങ്ങളില്‍നിന്ന് ഈ ഭരണകൂടത്തിനു ഓടിയൊളിക്കാനാവില്ല. നവോത്ഥാനകാലം മുതല്‍ കേരളം ഉയർത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന നീതിബോധത്തേയും ജനാധിപത്യമൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്, നഷ്ടപരിഹാരം നൽകാതിരിക്കുകയും ആ വീടിനേയും കൊല്ലപ്പെട്ട ദലിത് ബാലെൻറ മാതാപിതാക്കളെയും അവഗണിക്കുന്നതിലൂടെയും മുഖ്യമന്ത്രിയും ചെയ്യുന്നത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയെൻറ കുടുംബത്തിനു 25 ലക്ഷം രൂപയാണ് സഹായധനമായി പ്രഖ്യാപിച്ചത്. ആർക്ക് ആര് സഹായം ചെയ്യുന്നതിനും ഞാന്‍ എതിരല്ല. പക്ഷേ, വിജയെൻറ കുടുംബത്തിനു സഹായം ചെയ്യേണ്ടത് അദ്ദേഹത്തിെൻറ പാർട്ടിയും മുന്നണിയുമാണ്, അല്ലെങ്കില്‍ തങ്ങളോടു കാണിച്ച വിശ്വസ്തതക്ക് സി.പി.എം ആണ്. സമ്പത്തിെൻറ കാര്യത്തില്‍ കേരളത്തില്‍ മുമ്പന്തിയിലുള്ള സി.പി.എമ്മിന് 25 ലക്ഷം രൂപ ഒരു വലിയ തുകയല്ല. ആശ്രിതവാത്സല്യത്തിന് പിണറായി വിജയനേക്കാള്‍ പേരുകേട്ട കെ. കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന നാടാണ് കേരളം. ഇതൊന്നും പുതുമയുമല്ല. എന്നാല്‍, ഭരണകൂടം യഥാർഥത്തില്‍ സഹായധനം നൽകേണ്ടത് അതിെൻറ ഭീകരമായ മർദനത്തിനിരയായ വിനായകിെൻറ നിരാശ്രയരായ കുടുംബത്തിനാണ്. പിണറായി വിജയന് നേരിട്ട് ഭരിക്കുന്ന പൊലീസാണ് ഇവിടെ കുറ്റക്കാർ. യു.ഡി.എഫ് ഭരണത്തിന് കീഴില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളപ്പോള്‍ വിമർശനം ഉന്നയിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്ത നേതാക്കള്‍ സി.പി.എമ്മില്‍ ഉണ്ട്. അവരിപ്പോൾ സൗകര്യപൂർവമായ മൗനത്തിലാണ്. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങൾക്ക് മുതിരുമായിരുന്ന നേതാക്കളാണ് ലജ്ജാകരമായ മൗനത്തിലൂടെ പ്രശ്നത്തെ നിസ്സാരവത്കരിക്കാന്‍ കൂട്ടുനിൽക്കുന്നത്.
വിനായകിെൻറ മരണം ഒരു വംശീയക്കൊലപാതകമാണ് എന്ന ആരോപണം എളുപ്പം തള്ളിക്കളയാന്‍ കഴിയുന്നതല്ല. ആ ബാലനെ പൊലീസ് പീഡിപ്പിച്ച അതിനീചമായ രീതി കടുത്ത വംശവെറി പ്രകടിപ്പിക്കുന്നതായിരുന്നു എന്ന് റിപ്പോർട്ടുകളില്‍നിന്ന് മനസ്സിലാവുന്നു. ജാതിവിവേചനവും ജാത്യൗന്നത്യബോധവുമൊക്കെ സാമൂഹിക -രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍നിന്ന് ഉടനെ തുടച്ചുനീക്കാന്‍ കഴിയും എന്ന പഴയ വിശ്വാസം ഇന്ന് ആർക്കുമില്ല. മാത്രമല്ല, അത്തരം നിന്ദ്യവിചാരങ്ങൾ ശക്തിപ്പെടുന്നുവോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അതിെൻറ പ്രകടമായ രൂപങ്ങള്‍ സമൂഹത്തെ മലീമസമാക്കുന്നതു തടയാനാണ് ഭരണഘടനശിൽപികള്‍ ആഗ്രഹിച്ചത്. അതിെൻറ അനുബന്ധമായാണ് നിരവധി നിയമനിർമാണങ്ങള്‍ ഉണ്ടായത്. അവ കാറ്റില്‍പറത്തുന്ന തരത്തിലുള്ള നിലപാടുകള്‍ ഭരണകൂടം എടുക്കുന്നുണ്ടെങ്കില്‍ അതിനർഥം അതിനു ഭരണകൂടത്തിെൻറയും അതിെൻറ നേതാവിെൻറയും മൗനാനുവാദമുണ്ട് എന്നാണ്. ഞാന്‍ കണ്ട വാർത്തകള്െവച്ച്, ഈ കേസില്‍ ഇതുവരെ കുറ്റാരോപിതരായ പൊലീസുകാരെ സേവനത്തില്‍നിന്ന് മാറ്റിനിർത്തിയിട്ടില്ല. അവരുടെ പേരിലുള്ള ദലിത് പീഡനാരോപണം ഭരണകൂടം ഗൗരവമായി എടുത്തിട്ടില്ല. മാത്രമല്ല, ആ ബാലനെ പീഡിപ്പിച്ച രീതിയെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ നൽകുന്ന വിവരങ്ങള്‍ ലൈംഗികാക്രമണത്തിെൻറ പരിധിയിലും വരുന്നതാണ് ഈ കുറ്റകൃത്യം എന്നതാണ്. ഇതെല്ലാം അവഗണിക്കപ്പെട്ടിരിക്കുന്നു എന്നത് കുറ്റകൃത്യത്തോടൊപ്പം തന്നെ ഗൗരവകരമായ കൃത്യവിലോപമായെ കാണാന്‍ കഴിയൂ.
സി.പി.എമ്മില്‍നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ പോകുന്നു എന്ന അഭിപ്രായം എനിക്കില്ല. കാരണം അത്തരത്തില്‍ ദലിത്- ആദിവാസി- ന്യൂനപക്ഷ വിഷയങ്ങളില്‍ സഹഭാവമുള്ള പാർട്ടിയാണ് സി.പി.എം എന്ന ബോധ്യം എനിക്കില്ല. പക്ഷേ, ഇവിടെ സാങ്കേതികമായി നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങള്പോലും വിസ്മരിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുന്നു എന്നത് തീർച്ചയായും വിമർശിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നേരിട്ടുതന്നെ ഇടപെടാന്‍ കഴിയേണ്ടതാണ്. അദ്ദേഹം അത് ചെയ്യുന്നില്ല എന്നതിനർഥം, അത്രയും പ്രാധാന്യമേ അദ്ദേഹം അതിനു നൽകുന്നുള്ളൂ എന്നതാണ്. ഇത്തരം അവഗണനകള്‍ നിഷ്കളങ്കമല്ല. മറ്റു സംസ്ഥാനങ്ങളില്‍ ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് നീതി ലഭിക്കാതെ പോകുന്ന സന്ദർഭങ്ങളില്‍, അവര്‍ ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങളില്‍ ഉയരുന്ന രോഷം പോലും വിനായകിെൻറ കാര്യത്തില്‍ ഉണ്ടാകുന്നില്ല. പല ദലിത് നേതാക്കളും ആശങ്കപ്പെട്ടതുപോലെ ഈ പ്രശ്നം പൊതുസമൂഹത്തില്‍നിന്ന് മായ്ച്ചുകളയപ്പെടുന്നത് എത്ര വേഗമാണ് എന്നത് നമ്മെ ഇനിയും ആശ്ചര്യപ്പെടുത്തേണ്ടതില്ല. ഇത് ചർച്ചയില്‍നിന്ന് മായുക എന്നത് ഭരണകൂടത്തിെൻറ മാത്രമല്ല, സവർണ പൊതുബോധത്തിെൻറകൂടി ആവശ്യമാണ്. കേരളത്തിലെ സിവില്‍സമൂഹം ഉത്തരേന്ത്യയിലെപ്പോലെ ആയുധമണിഞ്ഞ ഒരു വലതുപക്ഷാധിനിവേശത്തിനും ഹിംസാത്മകതക്കും ഇനിയും ഇരയായിട്ടില്ല എന്നാണു ഞാന്‍ കരുതുന്നത്. പക്ഷേ, സമൂഹമാധ്യമങ്ങളിലെ ചർച്ചകള്‍ ആയാലും പൊതുസമൂഹത്തിലെ നിത്യക്കാഴ്ചകള്‍ ആയാലും ഇപ്പോള്‍ നൽകുന്നത് കേരളം ആ വഴിക്ക് അതിവേഗം നീങ്ങുന്നു എന്ന നിരാശജനകമായ ചിത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.