സുധീരന്മാര്‍ അധീരന്മാരാകുന്ന കാലം
text_fieldsഅവരോ, അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരെ നിലവിളിച്ചു
അവരുടെ അപേക്ഷ പോലെ ആകട്ടെ എന്ന്പീലാത്തോസ് വിധിച്ചു
കലഹവും കൊലയും ഹേതുവായി തടവിലായവനെ വിട്ടുകൊടുക്കുകയും ചെയ്തു
(ലൂക്കോസ്, അധ്യായം 23)
കോണ്‍ഗ്രസിന് മാത്രമേ ഇത് കഴിയൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്‍െറ പോസ്റ്റ്മോര്‍ട്ടം ഇതുവരെ ശരിയായി ചെയ്യാന്‍ അവര്‍ക്ക് തോന്നിയിട്ടില്ല. അതിന്‍െറ മുഖ്യ ഉത്തരവാദികളായവരെയോ അവരുടെ ചെയ്തികളെയോ പറ്റി ഒരു വിമര്‍ശമോ തിരുത്തോ കൊണ്ടുവരാന്‍ ഒരു നീക്കവും ഇതുവരെ ഇല്ല. അഞ്ചു വര്‍ഷത്തെ ഭരണം കുളമാക്കിക്കൊണ്ട് ഭീമമായ പരാജയത്തിന്‍െറ മുഖ്യ ഉത്തരവാദികളായവരോട് ഒരു വിശദീകരണവും തേടുന്നില്ല. അതേസമയം വ്യത്യസ്ത നിലപാടുകളിലൂടെ അഴിമതിയുടെ ഇരുണ്ട പ്രതിച്ഛായയില്‍നിന്ന് യു .ഡി.എഫിനെയും കോണ്‍ഗ്രസിനെയും അല്‍പമെങ്കിലും കരകയറ്റാന്‍ സഹായിച്ച ഒരേ ഒരാളായ വി.എം. സുധീരനെ എല്ലാ ഗ്രൂപ്പുകാരും ഒന്നിച്ച് കൂവിയാര്‍ത്ത് കുരിശില്‍ തറയ്ക്കുന്നു. കെ.പി.സി.സി യോഗത്തില്‍ കനത്ത സമ്മര്‍ദം ചെലുത്തി ആദര്‍ശധീരനെന്ന പ്രതിച്ഛായയില്‍നിന്ന് സ്വന്തം അധ്യക്ഷനെ ആത്മഹത്യ ചെയ്യിക്കുന്നു. അദ്ദേഹത്തെ സമൂഹത്തിന്‍െറ മുന്നില്‍ നാണം കെടുത്തുന്നു. തങ്ങളുടെ അവസാനത്തെ ആദര്‍ശവാദിയെയും കൊന്നുവെന്ന ആശ്വാസത്തില്‍ ഇനി കോണ്‍ഗ്രസിന് കഴിയാം. ജീവിതം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ച അഴിമതിവിരുദ്ധ ആദര്‍ശം സ്വന്തം കസേര രക്ഷിക്കാന്‍ ബലി കഴിച്ചവനെന്ന് ചരിത്രത്തില്‍ സുധീരന് സ്ഥാനം ഉറപ്പിക്കാം. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം അഞ്ചു മാസമായി (ഇപ്പോള്‍ വീണുകിട്ടിയ സ്വാശ്രയകോളജ് പ്രശ്നം ഒഴിച്ചാല്‍) കാര്യമായ ഒരു രാഷ്ട്രീയ മുന്നേറ്റവും കൈവരിക്കാനാവാതെ യു.ഡി.എഫ് പരുങ്ങലിലായിരിക്കുമ്പോഴാണ് തകര്‍ച്ചക്ക് ഏറ്റവും കാരണമായ അഴിമതി പ്രതിച്ഛായ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഈ പുതിയ പരിപാടി. രാജ്യമാകെ കോണ്‍ഗ്രസ് ഇല്ലാതായി വരുമ്പോഴാണ് താരതമ്യേന ഭേദപ്പെട്ട നിലയുള്ള കേരളത്തില്‍ ഈ ആത്മഹത്യാപരമായ നീക്കമെന്നും ഓര്‍ക്കണം.
കഴിഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ പുളയുമ്പോള്‍ പാര്‍ട്ടിയുടെ ഒരേയൊരു ഭേദപ്പെട്ട മുഖമായി രാജ്യത്തിന്‍െറ മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിപ്പിടിക്കാന്‍ സോണിയ ഗാന്ധിക്ക് ഉണ്ടായിരുന്നത് എ.കെ. ആന്‍റണി മാത്രമായിരുന്നു. വാസ്തവത്തില്‍ ദേശീയരാഷ്ട്രീയത്തില്‍ മറ്റൊരു മലയാളിക്കും എത്താനാവാത്ത ഉയരങ്ങളില്‍ ആന്‍റണി എത്തിയതിന്‍െറ നിദാനവും അദ്ദേഹത്തിന്‍െറ ഈ ആദര്‍ശമുഖം ആണ്. പാര്‍ട്ടിക്ക് എപ്പോഴും ആവശ്യമാണ് ഇങ്ങനെയുള്ള നേതാക്കളെന്ന് ചുരുക്കം. മുമ്പൊരിക്കലും ഇല്ലാത്തവിധം അഴിമതിയുടെ ആരോപണത്തില്‍ പുളയുമ്പോള്‍ പ്രത്യേകിച്ചും ആന്‍റണിയെപ്പോലെയുള്ളവരുടെ വില അമൂല്യമാണ്. കേരളത്തില്‍ പോലും അഴിമതി ആരോപണങ്ങളില്‍ മുങ്ങിപ്പോയ യു.ഡി.എഫിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് അല്‍പമെങ്കിലും കരുത്ത് നല്‍കിയത് ആന്‍റണിയുടെ സാന്നിധ്യമായിരുന്നുവല്ളോ.
ആന്‍റണി കഴിഞ്ഞാല്‍ കേരള ജനതയുടെ മനസ്സില്‍ സത്യസന്ധനും ആദര്‍ശശാലിയും ആയ ഒരു കോണ്‍ഗ്രസുകാരന്‍ വി.എം. സുധീരനാണ്. കേന്ദ്ര നേതൃത്വത്തിനും ഇത് നന്നായി അറിയാമെന്നതുകൊണ്ടാണ് ധാര്‍മികതയുടെ വിഷയത്തില്‍ വല്ലാത്ത കമ്മി നേരിടുന്ന ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ചാണ്ടിയുടെയും കെ.പി.സി.സി അധ്യക്ഷന്‍ ചെന്നിത്തലയുടെയും കടുത്ത പ്രതിഷേധം അവഗണിച്ചുകൊണ്ട് സുധീരനെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി നിയമിച്ചത്. എന്നാല്‍, ആ നിയമനം വന്നതുമുതല്‍ സുധീരനെ തകര്‍ക്കാന്‍ ഇരു ഗ്രൂപ്പുകളും –പ്രത്യേകിച്ച് എ ഗ്രൂപ് പരസ്യമായിതന്നെ കൊണ്ടുപിടിച്ച് ശ്രമമാരംഭിച്ചിരുന്നു. സോളാര്‍, ബാര്‍ വിവാദങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്‍െറയും മുഖം കൂടുതല്‍ കൂടുതല്‍ വഷളായത് അതിനുശേഷമായിരുന്നു. ആ പ്രതിസന്ധിയില്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായ അല്‍പമെങ്കിലും ഭേദപ്പെടുത്തിയത് മദ്യത്തിനെതിരെ സുധീരന്‍ സ്വീകരിച്ച ശക്തമായ നിലപാട് കൊണ്ടുമാത്രം. പക്ഷേ, അതിനെയും മുച്ചൂടും എതിര്‍ക്കുകയാണ് അന്ന് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചെയ്തത്. ചെന്നിത്തലയും സുധീരന്‍െറ സഹായത്തിനത്തെിയില്ല. കെ.പി.സി.സിയിലും ഗ്രൂപ് ഭേദമില്ലാതെ സുധീരന്‍ ഇതിന്‍െറ പേരില്‍ ആക്രമണവിധേയനായി. അപ്പോഴും ഇക്കാര്യത്തില്‍ ജനം സുധീരനെയല്ല മറ്റുള്ളവരെയാണ് അഴിമതിക്കാരായി കാണുകയെന്ന് അധികാരതിമിരം മൂലം കോണ്‍ഗ്രസ് ഓര്‍ത്തില്ല. കോണ്‍ഗ്രസുകാരും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ഒക്കെ സുധീരന്‍െറ ‘മുട്ടാപ്പോക്കിനെ’ നിശിതമായി പഴിച്ചു. ഒരു പക്ഷേ മുസ്ലിംലീഗും ഒരു പരിധിവരെ കേരള കോണ്‍ഗ്രസും സര്‍വോപരി ന്യൂനപക്ഷ മതനേതാക്കളും നല്‍കിയ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ സുധീരന് മുഖ്യമന്ത്രിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നില്ല. ഇക്കാര്യത്തില്‍ ഒഴിച്ച് മറ്റെല്ലായിടത്തും ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടം മാത്രമേ ജയിച്ചുള്ളൂ എന്ന് ഓര്‍ക്കാം. അവസാനം ഒരു സമ്മര്‍ദത്തിനും വിട്ടുവീഴ്ചക്കും വഴങ്ങാതെ നിന്ന സുധീരനെ വീഴ്ത്താന്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന പൂഴിക്കടകന്‍ ആയിരുന്നു എല്ലാ ബാറും പൂട്ടിയ പുതിയ മദ്യ നയം. കോടതികള്‍ ഇടപെട്ട് ഇത് മുഴുവന്‍ റദ്ദാക്കിയെടുക്കുമെന്നും അദ്ദേഹം വ്യാമോഹിച്ചിരിക്കാം. പക്ഷേ, അതും നടന്നില്ല.
അവസാനം തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അപ്പം ചുടുന്നതുപോലെ കുറേ വന്‍കിട ഭൂമി തട്ടിപ്പ് പദ്ധതികളും മന്ത്രിസഭയെക്കൊണ്ട് പാസാക്കി. അതും സുധീരന്‍െറ മാത്രം എതിര്‍പ്പുമൂലം പൊളിഞ്ഞു. അതേ സമയം ബാര്‍ കോഴക്കാര്യത്തില്‍ ബാബുവിനോട് സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്തമായി കെ.എം. മാണിയെ ആദ്യം മുതല്‍ പൂര്‍ണമായും പിന്തുണച്ചത് സുധീരന്‍െറ പ്രതിച്ഛായക്കുമേല്‍ കളങ്കം വീഴ്ത്തുന്നതായിരുന്നു. കെ. കരുണാകരനെ വര്‍ഷങ്ങളോളം ധാര്‍മികതയുടെ പേരില്‍ വട്ടം ചുറ്റിച്ച ആളാണ് അദ്ദേഹം എന്നുമോര്‍ക്കണം.
കടുത്ത അഴിമതിക്കാരെന്ന ചീത്തപ്പേരുമായി പ്രതിരോധത്തില്‍പെട്ട യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോഴാകട്ടെ മുഖ്യമന്ത്രിക്കും മുന്നണിക്കും ഉയര്‍ത്തിക്കാട്ടാനുള്ള ഒരേയൊരു ഭരണനേട്ടം മദ്യനയം മാത്രമായി. ഇതിന്‍െറ പേരില്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അടക്കം കെ.പി.സി.സി മുഴുവന്‍ എതിര്‍ത്തപ്പോഴും സുധീരന്‍ പിടിവിടാതെ നിന്നതിലൂടെ രൂപം കൊണ്ട ആ നയം സ്വന്തം നേട്ടമായി കൊട്ടിഘോഷിക്കാന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലായിരുന്നു കോണ്‍ഗ്രസിന്‍െറ അടുത്ത ഉളുപ്പില്ലായ്മ. അഴിമതിയുടെ ചളിയില്‍ പൂണ്ട സര്‍ക്കാറിന്‍െറ പ്രതിച്ഛായ അല്‍പമെങ്കിലും മെച്ചപ്പെടുത്തിയില്ളെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമായിരുന്നു. അതുകൊണ്ട് പ്രതിച്ഛായ ഏറ്റവും മോശമായ നാലഞ്ച് പേരെയെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് സുധീരന്‍ നിര്‍ബന്ധം പിടിച്ചു. യു.ഡി.എഫിന്‍െറ മൊത്തം പ്രതിച്ഛായ ഇതിലൂടെ അല്‍പമെങ്കിലും നന്നാക്കാമെന്ന സാമാന്യബുദ്ധി. പക്ഷേ, ചാണ്ടി കുലുങ്ങിയില്ല. ആരെയും ഒഴിവാക്കരുതെന്ന് അദ്ദേഹം വാശിപിടിച്ചു. യു.ഡി.എഫ് തോറ്റാലും സാരമില്ല തന്‍െറ കൂട്ടാളികളെ മാറ്റരുതെന്ന് ഹൈകമാന്‍ഡിന്‍െറ മുന്നില്‍ നിര്‍ബന്ധം പിടിക്കാനും ഇല്ളെങ്കില്‍ താനും മത്സരിക്കുന്നില്ളെന്ന് പറഞ്ഞ് ചര്‍ച്ച നിര്‍ത്തിപ്പോരാനും അദ്ദേഹം മടിച്ചില്ല. ഇന്ത്യയില്‍ മിക്കയിടത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹൈകമാന്‍ഡിന് നില താരതമ്യേന ഭേദമായ കേരളത്തിലെ ഏറ്റവും ശക്തനെ പിണക്കാന്‍ ധൈര്യമുണ്ടായില്ല. അവര്‍ വഴങ്ങി. ഒരാളൊഴികെ സംഘത്തിലെ മറ്റെല്ലാവരും സീറ്റ് തരപ്പെടുത്തിയെടുത്തു.
പിന്നെ നടന്നതെല്ലാം ചരിത്രം. യു.ഡി.എഫും കോണ്‍ഗ്രസും തരിപ്പണം. മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും കൂടി ഇല്ലായിരുന്നെങ്കില്‍ മുന്നണിതന്നെ അപ്രത്യക്ഷമായേനെ. പരാജയത്തിന് മുഖ്യ കാരണം അഞ്ചു വര്‍ഷത്തെ ഭരണവും അഴിമതിയും ആയിരുന്നുവെന്ന് ആര്‍ക്കും സംശയമില്ല. സര്‍ക്കാറിന്‍െറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് ആദ്യം പറഞ്ഞെങ്കിലും ഫലം വന്നപ്പോള്‍ മുന്നണി നേതാവെന്ന നിലക്ക് സാങ്കേതികമായി തനിക്ക് പ്രധാന ഉത്തരവാദിത്തമുണ്ടെന്നുവരെ സമ്മതിക്കാന്‍ മാത്രമേ ചാണ്ടി ഒരുങ്ങിയുള്ളൂ. തുടര്‍ന്ന് പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കുന്നില്ളെന്ന പ്രഖ്യാപനം വന്നു. അതോടെ കടുത്ത വിമര്‍ശങ്ങളെ മുന്‍ കൂട്ടി തടയാനും കഴിഞ്ഞു. മാത്രമല്ല, പരാജയത്തിന്‍െറ മുഖ്യ ഉത്തരവാദിക്ക് പെട്ടെന്ന് ഒരു രക്തസാക്ഷി പരിവേഷവും!
ഇത്ര വലിയ തകര്‍ച്ച കഴിഞ്ഞിട്ടും ജനസമ്മതി വീണ്ടെടുക്കാന്‍ അഴിമതിക്കറ കഴുകിക്കളയുകയല്ല കോണ്‍ഗ്രസ് ചെയ്യുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ. ബാബുവിനെ പിന്തുണച്ചില്ളെന്ന് പറഞ്ഞ് ഗ്രൂപ് ഭേദമില്ലാതെ സുധീരനെതിരെ ആക്രമണം. അഴിമതി ചെയ്തവരല്ല, അവരെ പിന്തുണക്കാത്തവരാണ് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പിച്ചതത്രെ! സുധീരന്‍ പ്രതിച്ഛായയുടെ തടവുകാരനെന്ന് ആക്ഷേപം. എന്നുപറഞ്ഞാല്‍ എന്താണ് ? സത്യസന്ധനായി അറിയപ്പെടാന്‍ എന്തും ചെയ്യുമെന്നും കള്ളനാകാന്‍ തയാറാകുന്നില്ളെന്നും അര്‍ഥം. സത്യസന്ധത ഒരു വലിയ ന്യൂനതയാകുന്ന അവസ്ഥയിലായിരിക്കുന്നു ഇന്ന് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. അഴിമതിയുടെ പ്രതിച്ഛായ കുടഞ്ഞുകളയാതെ കോണ്‍ഗ്രസിന് ഇനി രക്ഷയില്ളെന്ന പ്രാഥമികമായ കാര്യം പോലും കാണാന്‍ കൂട്ടാക്കാതെ അഴിമതി ആരോപിതരെ സംരക്ഷിക്കുക, അഴിമതിക്കെതിരെ സംസാരിച്ചയാളെ ക്രൂശിക്കുക. പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും സാരമില്ല, തങ്ങളുടെ അജണ്ട നടക്കണമെന്ന് ചിന്തിക്കുന്ന നേതാക്കള്‍ക്ക് മാത്രമേ ഇത് കഴിയൂ. സ്വന്തം പാര്‍ട്ടി സുധീരനെ അധീരനാക്കിയെന്ന് മാത്രമല്ല, ആന്‍റണി കഴിഞ്ഞാല്‍ അഴിമതിക്കെതിരെ ഒരു പ്രതീകമായി സംഘടനക്ക് ഉയര്‍ത്താന്‍ പറ്റിയ ഒരേ ഒരു ആളിന്‍െറ വിശ്വാസ്യതയും പ്രതിച്ഛായയും തകര്‍ക്കാനും കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനം സംരക്ഷിക്കാന്‍ ഇത്രയൊക്കെ ത്യാഗം സഹിക്കുന്ന സുധീരനെയും സമ്മതിക്കാതെ വയ്യ.
യേശു അവരെ തിരിഞ്ഞുനോക്കി: യരൂശലേം പുത്രിമാരേ, നിങ്ങള്‍ എന്നെച്ചൊല്ലി കരയേണ്ട
നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍
മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും
ഭാഗ്യമുള്ളവ എന്ന് പറയുന്ന കാലം വരുന്നു.
പച്ചമരത്തോട് ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന് എന്ത് ഭവിക്കും.
(ലൂക്കോസ്, അധ്യായം 23)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.