വിചാരണ ചെയ്യപ്പെടുന്ന കോടതിയലക്ഷ്യ നിയമം
text_fieldsകോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് നോട്ടീസ് അയച്ചതിനുപിറകെ അത്യധികം ചരിത്രപ്രാധാന്യമുള്ള മറ്റൊരു േകസ് സുപ്രീംകോടതിയിൽ ഫയൽചെയ്യപ്പെട്ടിരിക്കുന്നു. സുപ്രധാനമായ ഒരു ഭരണഘടനാ പ്രശ്നം കോടതിയലക്ഷ്യ നിയമവുമായി ബന്ധപ്പെടുത്തി ഉന്നയിക്കാൻ ഹരജിക്കാരായ എൻ. റാം, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ എന്നിവർക്ക് കഴിഞ്ഞു.
1971ലെ കോടതിയലക്ഷ്യ നിയമത്തിലെ 2 (സി) (i) വകുപ്പ്, ഭരണഘടനയുടെ 19 ാം വകുപ്പ് വാഗ്ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും 14 ാം വകുപ്പ് വാഗ്ദാനം ചെയ്യുന്ന നിയമപരമായ തുല്യതക്കും എതിരാണെന്ന് ഹരജിക്കാർ വാദിക്കുകയും വലിയൊരു പരിധിവരെ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു.
ഭൂഷണെതിരെ സുപ്രീംകോടതിയിലെ ഒരു െബഞ്ച് കോടതിയലക്ഷ്യക്കേസിൽ നോട്ടീസയച്ച കാര്യവും മറ്റ് ഹരജിക്കാർക്ക് കോടതികളിൽനിന്നു ഈ നിയമത്തിെൻറ പ്രയോഗം കാരണമുണ്ടായ തിക്താനുഭവങ്ങളും ഹരജിയിൽ വിശദമാക്കപ്പെട്ടിട്ടുണ്ട്. പൊതുതാൽപര്യക്കേസുകളിൽ വ്യക്തിഗതമായ വിഷയങ്ങൾ അന്തർഭവിക്കാൻ പാടില്ല എന്ന് സുപ്രീംകോടതി മുമ്പ് ബൽവന്ത്സിങ് ചൗഫാലിെൻറ കേസിൽ (2010) ധ്വനിപ്പിച്ചിരുന്നു. ഈ യുക്തിരാഹിത്യം കൂടി വ്യക്തമാക്കുന്ന ഹരജിയാണ് എൻ. റാമും മറ്റും ചേർന്ന് സമർപ്പിച്ചിരിക്കുന്നത്.
കോടതിയലക്ഷ്യനിയമം തീരെ എടുത്തുകളയണമെന്ന് ആരും വാദിക്കുമെന്നു തോന്നുന്നില്ല. ഈ ലേഖകനും അത്തരമൊരു അഭിപ്രായമില്ല. വിധികൾ അനുസരിക്കാതിരിക്കുകയും ലംഘിക്കുകയും ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ദുശ്ശീലങ്ങൾക്ക് കോടതിയലക്ഷ്യ നിയമം മാത്രമാണ് ഒരു പരിധിവരെയെങ്കിലും തടയിടുന്നത്.
അതിനാൽ നിയമം നിലനിൽക്കേണ്ടത് സാമൂഹികാവശ്യം കൂടിയാണ്. എന്നാൽ നിയമത്തിലെ ഇപ്പോൾ ചോദ്യംചെയ്യപ്പെട്ട 2 (സി) (i) വകുപ്പ് തീർച്ചയായും ജനവിരുദ്ധമാണ്; നീക്കം ചെയ്യപ്പെടേണ്ടതുമാണ്. ഈ ഉപവകുപ്പ് മാത്രമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നൽകപ്പെട്ട ഹരജിയുടെ പ്രമേയം.
''ഏതെങ്കിലും കോടതിയെ അപകീർത്തിപ്പെടുത്തുകയോ അതിനായി ശ്രമിക്കുകയോ കോടതിയുടെ അധികാരത്തെ ചെറുതാക്കുകയോ ചെറുതാക്കുന്നതിനുള്ള പ്രവണത കാണിക്കുകയോ'' ചെയ്യുന്നതിനെ ക്രിമിനൽ കോടതിയലക്ഷ്യമായി നിർവചിക്കുന്ന നിയമത്തിലെ വ്യവസ്ഥയാണ് ഭരണഘടനാ വിരുദ്ധമെന്ന് ഹരജിക്കാർ വാദിക്കുന്നത്. അതായത്, വിധിന്യായ ലംഘനങ്ങളെയും മറ്റും കോടതിയലക്ഷ്യമായിക്കണ്ട് നടപടിയെടുക്കുന്നതിനെ ഹരജിക്കാർ എതിർക്കുന്നില്ല.
ഏതാണ്ട് സമാനമായ ആവശ്യത്തിന് കോടതിയലക്ഷ്യ നിയമത്തിെൻറ ഉത്ഭവ കേന്ദ്രമായ ബ്രിട്ടൻ തന്നെ 2013ൽ അംഗീകാരം നൽകിയിട്ടുണ്ട്. അക്കൊല്ലം ബ്രിട്ടൻ പാസാക്കിയ കുറ്റങ്ങളും കോടതികളും സംബന്ധിച്ച നിയമത്തിലെ (Crime and Courts Act) 33-ാം വകുപ്പിലൂടെ യഥാർഥത്തിൽ നടന്നത് ഒരു നിയമഭേദഗതി മാത്രമായിരുന്നില്ല; ജനാധിപത്യവിപ്ലവവും വ്യക്തിസ്വാതന്ത്ര്യത്തിെൻറ ചരിത്രവിജയവും തന്നെയായിരുന്നു.
അവിടത്തെ ലോ കമീഷൻ റിപ്പോർട്ടിലെ ശക്തമായ ശിപാർശകളും വമ്പിച്ച പൊതുജനാഭിപ്രായവുമാണ് ഈ ഐതിഹാസിക വിജയം സാധ്യമാക്കിത്തീർത്തത്. വരാൻ പോകുന്ന നിയമവിപ്ലവത്തെക്കുറിച്ച് 2012ൽത്തന്നെ 'ദി ഗാഡിയൻ' പത്രത്തിെൻറ അന്തർദേശീയ എഡിഷനിൽ റിപ്പോർട്ട് വന്നുവെന്നത് ഇക്കാര്യത്തിൽ ഒരു ജനതക്കുണ്ടായിരുന്ന ഐക്യദാർഢ്യത്തിെൻറയും ആത്മവിശ്വാസത്തിെൻറയും കൂടി പ്രതിഫലനമായിരുന്നു.
കോടതിയലക്ഷ്യ നിയമം വിമർശനങ്ങൾക്കും വിമർശകർക്കുമെതിരെ പ്രയോഗിക്കുേമ്പാൾ അത് സ്വാതന്ത്ര്യവിരുദ്ധവും ജനവിരുദ്ധവുമായിത്തീരുന്നു. 'കോടതിയലക്ഷ്യ ഭീകരവാദം' (Contempt Terrorism) എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പ്രയോഗം ഈ ജനവിരുദ്ധതയുടെ ആഴം വ്യക്തമാക്കുന്നു. ''തങ്ങളുടെ അന്തസ്സ് നിലനിർത്താൻ ഇൗ നിയമത്തെ ഒരിക്കലും ഉപയോഗിക്കുകയില്ല; അത് കുറേക്കൂടി ഉറപ്പുള്ള മറ്റു അടിത്തറകളിന്മേൽ നിലനിൽക്കേണ്ടതാണ്.
ഞങ്ങൾക്കെതിരെ സംസാരിക്കുന്നവരെ അമർച്ചചെയ്യാനും ഞങ്ങൾ ഈ നിയമത്തെ ഉപയോഗിക്കുകയില്ല. ഞങ്ങൾ വിമർശനങ്ങളെ ഭയപ്പെടുന്നില്ല; വിമർശനങ്ങൾ ഞങ്ങളെ അലോസരപ്പെടുത്തുന്നുമില്ല. അല്ലാത്തപക്ഷം കൂടുതൽ സുപ്രധാനമായ മറ്റൊന്ന് അപകടത്തിലാകും- അഭിപ്രായ സ്വാതന്ത്ര്യം''- മഹാനായ ഡെന്നിങ് പ്രഭുവിെൻറ ഈ വാക്കുകൾക്ക് നിയമപ്രാബല്യം നൽകുകകൂടിയാണ് ബ്രിട്ടൻ നേരത്തെ പറഞ്ഞ ഭേദഗതിയിലൂടെ ചെയ്തത്. അതിനുള്ള അവസരമാണ് ഇപ്പോഴത്തെ ഹരജിയിലൂടെ സുപ്രീംകോടതിക്ക് ലഭിച്ചിരിക്കുന്നത്. സുപ്രീംകോടതി അത് ചെയ്യുമോ എന്നത് മറ്റൊരു കാര്യം.
'ദി ഇന്ത്യൻ എക്സ്പ്രസി'ൽ അപൂർവ വിശ്വനാഥ് എഴുതിയ റിപ്പോർട്ടിൽ നമ്മുടെ കോടതികൾ കോടതിയലക്ഷ്യ നിയമത്തിലെ ശിക്ഷാ വ്യവസ്ഥക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ചരിത്രമാണുള്ളതെന്ന് പറയുന്നു (ആഗസ്റ്റ് 2, 2020-െൻറ റിപ്പോർട്ട്). ഏതായാലും ആ നിലക്കുള്ള പ്രവചനത്തിന് ഇേപ്പാൾ സമയമായിട്ടില്ല. നിയമപരമായി എടുക്കാവുന്ന സുപ്രധാന വാദങ്ങളെല്ലാം ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്.
അഭിപ്രായസ്വാതന്ത്ര്യ നിഷേധം, വ്യവസ്ഥയുടെ വിപുലത (overbreadth), നിയമത്തിെൻറ കേവല സാന്നിധ്യം തന്നെ ആളുകളുടെ വാ മൂടിക്കെട്ടുന്നതിന് കാരണമാകുന്ന അവസ്ഥ (chilling effect), ആരോപണവും ശിക്ഷയും തമ്മിലുള്ള അനുപാതമില്ലായ്മ (disproportionality), നിയമത്തിെൻറ കൊളോണിയൽ പശ്ചാത്തലം, വ്യവസ്ഥയിലെ അവ്യക്തത (vagueness), പ്രകടമായ യുക്തിരാഹിത്യം തുടങ്ങിയ അടിസ്ഥാനപരമായ വാദമുഖങ്ങൾ ഹരജിയെ ശക്തവും സമഗ്രവുമാക്കുന്നുണ്ട്. പ്രസക്തമായ മുൻകാല വിധികളും സമുചിതമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
1953ലെ സുപ്രസിദ്ധമായ ബ്രഹ്മപ്രകാശ് ശർമ കേസിൽ ചീഫ് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണഘടന െബഞ്ച് ന്യായാധിപർക്കെതിരെയുള്ള അപകീർത്തിയും കോടതിയലക്ഷ്യവും തമ്മിലുള്ള വ്യത്യാസം വിശദമാക്കി. ന്യായാധിപർ വിമർശിക്കപ്പെട്ടാൽ അർഥം കോടതിയലക്ഷ്യമുണ്ടായി എന്നല്ല എന്ന് സൂചിപ്പിച്ച സുപ്രീംകോടതി തന്നെ പിൽക്കാലത്ത് ഈ നിയമ തത്ത്വത്തിൽ നിന്നു മാറി നടന്നതിന് തെളിവുകൾ ഏറെ. പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിൽ കോടതിയലക്ഷ്യ നിയമത്തിെൻറ വാളുകൾ തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു.
കോടതികളെ സംബന്ധിച്ച ശരിയായ കാര്യങ്ങൾ പോലും പരസ്യമായി പറയാൻ സാധാരണക്കാരും അഭിഭാഷകരും മാധ്യമപ്രവർത്തകരുമെല്ലാം മടിക്കുകയോ ഭയക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഭീതിയുടെയും സങ്കോചത്തിേൻറതുമായ ഈ അന്തരീക്ഷം മാറുന്നത് സ്വാതന്ത്ര്യത്തിെൻറ പുതിയ പുലരിയിലേക്ക് രാഷ്ട്രത്തെ നയിക്കും. അതിനാലാണ് ഇപ്പോഴത്തെ വ്യവഹാരം ഒരു ജനതയുടെ സ്വാതന്ത്ര്യദാഹത്തിെൻറ നൈയാമികമായ ആവിഷ്കാരമായിത്തീരുന്നത്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ൈഹകോടതിയിലും അഭിഭാഷകനാണ്. ട്വിറ്റർ: https://twitter.com/kaleeswaramr)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.