കുട്ടികളെ ആര് രക്ഷിക്കും?
text_fields‘വേൾഡ് വിഷൻ ഇന്ത്യ’ എന്ന സംഘടന അടുത്തകാലത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിെൻറ തോത് ഉത്കണ്ഠയുളവാക്കുന്നു. 26 സംസ്ഥാനങ്ങളിൽ ഏകദേശം 46,000 കുട്ടികളിലാണ് പഠനം നടന്നത്. 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിയുള്ള പഠനത്തിൽ വ്യക്തമാകുന്നത്, വീമ്പിളക്കുന്ന മാഹാത്മ്യമൊന്നും സമൂഹത്തിെൻറ നിഗൂഢ മനസ്സുകളിൽ ഇല്ലന്നാണ്. 18 വയസ്സായ കുട്ടികളിൽ നൂറിൽ അമ്പതുപേരും ജീവിതത്തിൽ എപ്പോഴെങ്കിലും ലൈംഗികചൂഷണത്തിന് വിധേയരായവരാണ്. ആശങ്കാകുലരാക്കേണ്ട മറ്റൊരു കാര്യം, ചൂഷണത്തിനിരയായ കുട്ടികളുടെ കുടുംബങ്ങളിൽ 75 ശതമാനവും പരാതിയുമായി മുന്നോട്ടുവരുന്നില്ല എന്നതാണ്. അതിനാൽ പ്രശ്നത്തിെൻറ യഥാർഥ വ്യാപ്തി അറിയുക പ്രയാസമായിരിക്കും. ഇന്ത്യയിൽ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ 2001 ലെ കണക്കുകൾ പ്രകാരം 44 കോടിയാണ്. ഇത് അന്നത്തെ ജനസംഖ്യയുടെ 42 ശതമാനം വരും. അമേരിക്ക, ആസ്ട്രേലിയ, കാനഡ എന്നീ വലിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യെയക്കാൾ അധികമാണിത്. ഇത്രയും വലിയ ജനസഞ്ചയത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ മാത്രം വിചാരിച്ചാൽ സാധ്യമല്ല. നിലവിലുള്ള സ്ഥിതി സങ്കീർണമായ സാമൂഹിക, കുടുംബാരോഗ്യ പ്രശ്നമായതിനാൽ അംഗീകരിക്കാനും ആവില്ല.
സിങ്, പർസേക്കർ, നായർ എന്നിവർ (2014) രചിച്ച പ്രബന്ധത്തിൽ, പെൺകുട്ടികളിൽ 10 ശതമാനം പേർ 14 വയസ്സിനുമുമ്പും 30 ശതമാനം പേർ 19 വയസ്സിനുമുമ്പും ലൈംഗികഅതിക്രമം അനുഭവിക്കുന്നതായി പറയുന്നു. ഏതാണ്ടിതേ കാലത്ത് ചെന്നൈയിൽ നടന്ന പഠനങ്ങളിൽ 48 ശതമാനം പെൺകുട്ടികളും 39 ശതമാനം ആൺകുട്ടികളും അതിക്രമം അനുഭവിച്ചവരാണ്. ചിലതിൽ പെൺകുട്ടികളെ കൂടുതലായി പീഡിപ്പിക്കുന്നുവെന്നും ചിലതിൽ ആൺകുട്ടികളാണ് അധികമെന്നും പറയുന്നു. പഠനത്തിന് ലഭിക്കുന്ന സാമ്പിൾ അനുസരിച്ച പഠനഫലത്തിൽ മാറ്റങ്ങൾ സ്വാഭാവികം. എന്നാൽ ഇതിലെ പാഠങ്ങൾ ഉൾക്കൊള്ളാതെ പോകാനാവില്ല. ഫലപ്രദമായ സുരക്ഷയില്ലെങ്കിൽ ഏതുകുട്ടിയും പീഡനത്തിനിരയാകും. വളരെയധികം ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ ആൺകുട്ടികളോട് ലൈംഗികാസക്തിയുള്ള വലിയൊരു ആൾക്കൂട്ടം പൊതുസമൂഹത്തിൽ ഒളിഞ്ഞുപാർക്കുന്നുവെന്നാണർഥം.
ലൈംഗികപീഡനത്തിനിരയായ കുട്ടികൾക്ക് ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ കുടുംബപഠനകേന്ദ്രം 2013 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് സമഗ്രമാണ്. മാനസികം, മാനസികപ്രവർത്തനം, സാമൂഹികം, വ്യക്തിബന്ധപരം, ജ്ഞാനാധിഷ്ഠിതം, ശാരീരികം എന്നിങ്ങനെ വിവിധ മേഖലയിലെങ്കിലും തുടർച്ചയായ മാട്രിക്സിനുള്ളിലെ അനുഭവമെന്നപോൽ കാണപ്പെടും. ഉദാഹരണത്തിന്, മാനസികപ്രവർത്തനവും വ്യക്തിബന്ധവും പരസ്പരം ബന്ധപ്പെട്ടോ പൂരകങ്ങളായോ നിലകൊള്ളുന്നതാകയാൽ അനാരോഗ്യ ലക്ഷണങ്ങൾ എളുപ്പം വർഗീകരിക്കാനാവില്ല.
കൃത്യമായ മാനസികാഘാതങ്ങൾ പഠിച്ചത് ഇരട്ടകളിലെ ഗവേഷണത്തിലൂടെയാണ്. ഇരട്ടകളിൽ ഒന്നിന് ലൈംഗിക പീഡനമുണ്ടായാൽ അയാൾക്ക് മാത്രമേല്ല അതിെൻറ ആഘാതവും ഉണ്ടാകൂ. ആയിരത്തിലധികം ഇരട്ടകൾ ഓരോ പഠനത്തിലും സാമ്പിൾ ആയി പങ്കെടുത്തിരുന്നു. അതിനാൽ, ശക്തമായ പഠനമാണിതെന്ന് കരുതാം. വ്യാപകമായ രോഗാവസ്ഥകളിൽ മയക്കുമരുന്നുപയോഗം, മദ്യാസക്തി, വിഷാദരോഗം, വ്യാകുലത, സംഭ്രമാവസ്ഥകൾ, അക്രമോത്സുകത, ഷിസോഫ്രേനിയ സിൻഡ്രോം, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഉൾപ്പെടുന്നു. ചില പഠനങ്ങളിൽ ആത്മഹത്യസാധ്യത ഇവരിൽ വർധിക്കുന്നതായി പറയുന്നു. മാനസിക പ്രവർത്തനവൈകല്യങ്ങളും വിരളമല്ല. ഒറ്റനോട്ടത്തിൽ സാധാരണജീവിതം നയിക്കുന്നതുപോലെ തോന്നാമെങ്കിലും ശ്രദ്ധാപൂർവം അന്വേഷിച്ചാൽ പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ കാണാനാവും. ഇവയും ഗവേഷണത്തിനു പാത്രമായിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഗ്രൂപ് സെക്സ്, പങ്കാളികളെ കൈമാറ്റംചെയ്യൽ, കമേഴ്സ്യൽ സെക്സ് തുടങ്ങിയ പെരുമാറ്റങ്ങൾക്ക് ഈ വ്യക്തികളിൽ സാധ്യതയേറുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ മാനസികപിരിമുറുക്കത്തിന് അയവുണ്ടാകാനും ഒരുതരം സ്വയം ചികിത്സയും ആയിട്ട് ഉപയോഗിക്കുന്നു.
ശാരീരികാഘാതങ്ങൾ അടുത്തകാലം വരെ അവഗണിക്കപ്പെട്ടിരുന്നു. പുതിയപഠനങ്ങൾ ലൈംഗികപീഡനത്തിനിരയായ കുട്ടികളിൽ ഭാവി ജീവിതത്തിലെ രോഗാവസ്ഥകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ലൈംഗിക പീഡനം പലരിലും മസ്തിഷ്കത്തിൽ പ്രതികൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി കാണുന്നു. അന്തർസ്രാവ-നാഡീവ്യൂഹപ്രവർത്തനങ്ങളിലും (neuro-endocrine axis) പ്രതിരോധ തന്മാത്രകളിലും മാറ്റമുണ്ടാകുന്നതായി സംശയിക്കുന്നു. ശമിക്കാത്ത വേദനരോഗങ്ങൾ, ഫൈബ്രോമയാൾജിയ, നടുവേദന, ഹൃദ്രോഗം, തലവേദന, കുടൽ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയുമായി നീണ്ടുനിന്ന ലൈംഗികപീഡനത്തിനു ബന്ധമുള്ളതായി തെളിവുകൾ ശക്തമാണ്. വളരെയധികം ഇരകൾക്കും പീഡനം ഒറ്റപ്പെട്ട അനുഭവമല്ല; വളരെക്കാലം ഇരയാക്കപ്പെട്ടതിനുശേഷമാണ് ഭൂരിപക്ഷം പേരും പുറത്തുവരുന്നത്. അതിനാൽ, ഉടൻ കാണപ്പെടാത്ത ശാരീരികരോഗങ്ങൾ മുൻകാലജീവിതത്തിലെ തിക്താനുഭവങ്ങളുമായി കൂട്ടിവായിച്ചുവേണം ഇരകളെ സഹായിക്കാൻ.
കുട്ടികൾ ഏതുപ്രായത്തിലും ലൈംഗികപീഡനത്തിന് ഇരയാകാം. പെൺകുട്ടികൾ ഋതുവായിക്കഴിഞ്ഞാൽ പീഡനസാധ്യതയേറുന്നതായാണ് ഇന്ത്യൻപഠനങ്ങൾ കാട്ടുന്നത്. ഏത് സാമൂഹികശ്രേണിയിലുള്ള കുട്ടിയും പീഡനത്തിനിരയാകാമെങ്കിലും, പൊതുവെ പിന്നാക്കം ജീവിക്കുന്ന കുട്ടികളിലും ശാരീരികമോ മാനസികമോ ആയ വയ്യായ്കയുള്ളവരിലും സാധ്യത കൂടുന്നു. പലപ്പോഴും ഇരകളും പീഡിപ്പിക്കുന്നവരും പരസ്പരബന്ധമുള്ളവരോ പരിചയക്കാരോ ആയിരിക്കും. ഇന്ത്യയിൽ 95 ശതമാനം അവസരങ്ങളിലും ശരിയാണ്. വിദേശപഠനങ്ങളിൽ ഇത് 60 ശതമാനം മാത്രമാണ്. കൂടുതലും പുരുഷന്മാരാണ് പീഡനത്തിനൊരുങ്ങുന്നത്. വിരളമായി സ്ത്രീകൾ പ്രധാനമായും ആൺകുട്ടികളെ പീഡിപ്പിച്ച (14 ശതമാനം) അവസരങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പീഡിപ്പിക്കുന്നവരിൽ 50 ശതമാനം പേരും അവരുടെ മുൻകാലജീവിതത്തിൽ പീഡനത്തിനിരയായവരാണ്. എന്നാൽ ആരാണ് പീഡനം നടത്താനിടയുള്ളത് എന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല.
ധാരാളം പഠനങ്ങൾ പീഡിപ്പിക്കുന്നവരെക്കുറിച്ചു നടന്നിട്ടുണ്ട്; പൊതു അറിവുകൾ പറയുന്നത്, കുട്ടികളിലെ പീഡനം പൊതുവെ ബലപ്രയോഗത്തിലൂടെയല്ല നടക്കുന്നത്. കുട്ടിയുമായി വളരെക്കാലത്തെ പരിചയത്തിലൂടെ ശക്തമായ ബന്ധം സ്ഥാപിച്ചാണ് പീഡനം ആരംഭിക്കുന്നത്. അപൂർവം ചില പീഡകർ ഒഴികെ ഭൂരിപക്ഷം പേർക്കും നിലവിൽ മറ്റൊരു പ്രായപൂർത്തിയായ വ്യക്തിയുമായി വിവാഹബന്ധമോ ഉഭയസമ്മതമുള്ള ബന്ധമോ നിലവിലുണ്ടാകും. ഇത് കുേറ പീഡകർക്ക് സുരക്ഷയുടെ ആവരണം നൽകും.ഇന്ത്യയിൽ നടക്കുന്ന ലൈംഗികപീഡനങ്ങളിൽ ഉദ്ദേശം ആറ്ശതമാനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അധികാരസ്ഥാനങ്ങളിൽ ഉള്ളവരുടെ ഉദാസീനതയും ഇരയോട് പ്രതികരിക്കാനുള്ള പരിജ്ഞാനമില്ലായ്മയുമാണ് പ്രധാന തടസ്സങ്ങളിൽ ചിലത്. ഏതാണ്ട് 7200 ഓളം കുട്ടികൾ പ്രതിവർഷം ബലാത്സംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. പീഡനത്തിെൻറ റിസ്ക്, ഇരകൾക്ക് ലഭിക്കുന്ന പുനരധിവാസസേവനങ്ങൾ എന്നിവ പഠിച്ച മേപ്പിൾക്രോഫ്റ്റ് എന്ന സംഘടന ലോകത്ത് മോശപ്പെട്ട സാഹചര്യം നിലനിൽക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യയെ റാങ്ക് ചെയ്തു.
ഇപ്പോൾ കുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ നടപടിയെടുക്കാൻ ശക്തമായ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യാനുള്ള തടസ്സങ്ങളും സങ്കീർണമായ നടപടിക്രമങ്ങളും പാവപ്പെട്ടവരെ നിയമത്തിെൻറ ചട്ടക്കൂടിൽ നിന്ന് അകറ്റുന്നു. കുടുംബത്തിനുള്ളിൽ പീഡനങ്ങൾ നടക്കുമ്പോൾ നിശ്ശബ്ദമായി മാത്രം നേരിടേണ്ടി വരുന്നു കുട്ടികൾക്ക്. ഇരകൾ വേട്ടയാടപ്പെടുന്നു എന്ന തോന്നൽ പരക്കെ നിലനിൽക്കുകയും ചെയ്യുന്നു. വലിയൊരളവിൽ തടയാവുന്നതും പ്രതിരോധിക്കാവുന്നതുമാണ് കുട്ടികളുടെമേൽ നടക്കുന്ന ലൈംഗിക ചൂഷണം. കൂടുതൽ ജനപങ്കാളിത്തത്തോടെയും ചർച്ചകളിലൂടെയും നമുക്ക് യുക്തമായ പ്രതിരോധരീതികൾ സൃഷ്ടിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.