ഉത്തരാഖണ്ഡിലെ ബി.ജെ.പി-കോൺഗ്രസ് പോരിൽ അന്നം മുടക്കാൻ ആം ആദ്മി
text_fields
2017ൽ പൂജ്യത്തോടടുത്ത് വോട്ടുശതമാനവും ആരോരുമറിയാത്ത സാന്നിധ്യവുമായിരുന്ന എ.എ.പി ഇത്തവണ 13 ശതമാനം വോട്ടു നേടുമെന്നും സീറ്റുകൾ മൂന്നുവരെയാകാമെന്നുമാണ് എക്സിറ്റ് പോൾ കണക്കുകൾ. 13 ശതമാനം വോട്ട് അത്ര പ്രാധാന്യമുള്ളതല്ലെന്നും 15 ശതമാനത്തിൽ കുറവെങ്കിൽ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാണെങ്കിലും അവർ പിടിക്കുക ബി.ജെ.പി വിരുദ്ധ വോട്ടുകളാണ്. അത് കോൺഗ്രസിന് തലവേദനയാകും...
ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. ഫലം മാർച്ച് 10നും.ഓരോ അഞ്ചു വർഷത്തിലും ഭരണകൂടം മാറുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ അധികാരം പിടിക്കാൻ രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കു കീഴിൽ ഭരണം നിലനിർത്താൻ ബി.ജെ.പി കൊണ്ടുപിടിച്ച നീക്കം നടത്തുമ്പോൾ മുൻമുഖ്യമന്ത്രി ഹരീഷ് റാവത്തിനെ മുന്നിൽനിർത്തിയാണ് കോൺഗ്രസ് അങ്കപ്പുറപ്പാട്.
അതിനിടെ, ബി.ജെ.പി വിരുദ്ധ വോട്ടുകളിലേറെയും വീഴാനിടയുള്ള ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പ് ചതുഷ്കോണമായി മാറിക്കഴിഞ്ഞു. എക്സിറ്റ് പോളുകളിലേറെയും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം പ്രവചിക്കുമ്പോൾ ചിലത് ബി.ജെ.പിക്ക് മേൽക്കൈ പറയുന്നു. സി വോട്ടറുമായി ചേർന്ന് എ.ബി.പി നടത്തിയ എക്സിറ്റ് പോളിൽ ഭരണകക്ഷിയായ ബി.ജെ.പി 31-37ഉം കോൺഗ്രസ് 31-36 ഉം സീറ്റുമായി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു.
നിലവിലെ സഭയിൽ ഒമ്പത് അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്ന് സർവേ സൂചിപ്പിക്കുമ്പോൾ 53 അംഗങ്ങളുള്ള ബി.ജെ.പിക്ക് ഇത് കനത്ത തിരിച്ചടിയുമാകും. ബി.ജെ.പിക്ക് വോട്ടുവിഹിതം 2017 തെരഞ്ഞെടുപ്പിൽ 46.5 ശതമാനമായിരുന്നത് കുറഞ്ഞ് 38.6 ശതമാനത്തിലെത്തുമെങ്കിൽ കോൺഗ്രസിന് 37.2 ശതമാനമാകും. മുഖ്യമന്ത്രി സ്ഥാനത്ത് വോട്ടർമാർക്ക് ഹരീഷ് സിങ് റാവത്തിനോടാണ് ഇത്തിരി ഇഷ്ടം കൂടുതൽ-37 ശതമാനം പേർക്ക്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് 29 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.
ഉത്തരാഖണ്ഡിൽ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥി ബി.ജെ.പിക്ക് എന്നും കനത്ത വെല്ലുവിളിയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നു തവണയാണ് മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നത്. 2017 മുതൽ 2021 വരെ ത്രിവേന്ദ്ര സിങ് റാവത്തായിരുന്നുവെങ്കിൽ പിൻഗാമിയായി തിറത്ത് സിങ് റാവത്തും അഞ്ചു മാസത്തിനിടെ 2021ൽതന്നെ പുഷ്കർ സിങ് ധാമിയും എത്തി.
ഇത് മുന്നിൽനിർത്തി 'തീൻ തിഗാഡ, കാം ബിഗാഡ' എന്ന പേരിൽ ഒരു പ്രമേയ ഗാനം തന്നെയൊരുക്കിയാണ് കോൺഗ്രസ് ആക്രമണം കനപ്പിക്കുന്നത്. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് അവർ തുറന്നുപറയുന്നുവെന്നുമാണ് പാട്ട് പറയുന്നത്. എന്നാൽ, കോൺഗ്രസിനെയും കലുഷമാക്കി ആഭ്യന്തര കലഹം വേട്ടയാടുന്നുണ്ട്. ബി.ജെ.പി മുന്നിൽ നിർത്തുന്ന കടുത്ത വെല്ലുവിളി പരിഗണിച്ച് ഇതിന് തടയിടാൻ പാർട്ടി നേതൃത്വം കഠിനശ്രമമാണ് നടത്തിവരുന്നത്.
ദിവസങ്ങൾക്കു മുമ്പാണ്, പാർട്ടിയിലെ ചിലരോട് അസംതൃപ്തിയുള്ള ഹരീഷ് റാവത് സംസ്ഥാന കോൺഗ്രസ് പ്രവർത്തന രീതിയിൽ ആധി പങ്കുവെച്ച് ട്വിറ്ററിലെത്തിയത്. ''ഞാൻ ആരുടെ ഉത്തരവുകൾ പ്രകാരമാണോ നീന്തിക്കയറേണ്ടത് അവരുടെ ആൾക്കാർ എന്‍റെ കൈയും കാലും കെട്ടിയിടുകയാണ്'' -എന്നായിരുന്നു ട്വീറ്റ്. എ.ഐ.സി.സിയിൽ ഉത്തരാഖണ്ഡ് ചുമതലയുള്ള ദേവേന്ദ്ര യാദവ് സംസ്ഥാന വിഷയങ്ങളിൽ ഇടപെടുന്ന രീതിയിലെ അനിഷ്ടമാണ് അടിസ്ഥാനപരമായി ഇവിടെ പങ്കുവെച്ചത്. ഹരീഷ് റാവത്തും ദേവേന്ദ്ര യാദവും തമ്മിലെ അധികാര വടംവലിയാണ് വിഷയം. കൈകൾ കെട്ടിയിട്ട നിലയിലാണെന്ന് റാവത്പരാതിപ്പെടുമ്പോൾ തന്‍റെ ശത്രുപക്ഷത്തുള്ള നേതാക്കളെ പ്രീണിപ്പിക്കുകയാണ് റാവത്തെന്ന് ദേവേന്ദ്ര യാദവും പറയുന്നു.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കേന്ദ്ര നേതൃത്വം റാവത്തിനെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. അതുവഴി എല്ലാ സന്ദേഹങ്ങളും ദൂരെ നിർത്താമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രധാന മുഖമായി റാവത് തന്നെ ഇനിയും തുടരും.
എല്ലാ സർവേകളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം പ്രകടമാണെങ്കിലും എ.എ.പി വോട്ടുവിഹിതം ഗണ്യമായി വർധിച്ചുവരുന്നത് ഇതിനിടയിൽ കാണാതെ പോകരുത്. സർക്കാറുണ്ടാക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലുകളെയാണ് അത് അരികിൽ നിർത്തുക. 2017ൽ പൂജ്യത്തോടടുത്ത് വോട്ടുശതമാനവും ആരോരുമറിയാത്ത സാന്നിധ്യവുമായിരുന്ന എ.എ.പി ഇത്തവണ 13 ശതമാനം വോട്ടു നേടുമെന്നും സീറ്റുകൾ മൂന്നുവരെയാകാമെന്നുമാണ് എക്സിറ്റ് പോൾ കണക്കുകൾ.
13 ശതമാനം വോട്ട് അത്ര പ്രാധാന്യമുള്ളതല്ലെന്നും 15 ശതമാനത്തിൽ കുറവെങ്കിൽ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാണെങ്കിലും അവർ പിടിക്കുക ബി.ജെ.പി വിരുദ്ധ വോട്ടുകളാണ്. അത് കോൺഗ്രസിന് തലവേദനയാകും. അതായത്, എ.എ.പി സാന്നിധ്യമില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായേനെ.
ദിവസങ്ങൾക്ക് മുമ്പ് പാർട്ടി പരിപാടിയായ 'നവപരിവർത്തൻ ഡയലോഗ്' ഉദ്ഘാടനത്തിന് ഉത്തരാഖണ്ഡ് സന്ദർശിച്ച ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയ ആവശ്യപ്പെട്ടത് ''വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ' എന്നിവക്ക് വോട്ടുനൽകണമെന്നാണ്. ''കഴിഞ്ഞ 21 വർഷത്തിനിടെ ഉത്തരാഖണ്ഡിന്‍റെ യഥാർഥ ശേഷി തിരിച്ചറിഞ്ഞുള്ള വികസനം കൊണ്ടുവരുന്നതിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ പരാജയമാണ്. അതിനാൽ, പ്രകടനമികവ് മുദ്രയാക്കിയ എ.എ.പിക്ക് വോട്ടർമാർ അവസരം നൽകണം''- അദ്ദേഹം പറയുന്നു.
റിട്ട. കേണൽ അജയ് കോത്യാലിനെയാണ് എ.എ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നോട്ടുവെക്കുന്നത്. 70 സീറ്റുകളിലും പാർട്ടി മത്സരരംഗത്തുണ്ട്. എന്നാൽ, പറയത്തക്ക നേട്ടം പാർട്ടിയെ തുണക്കുമോ എന്നറിയാൻ മാർച്ച് 10ന് ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
ഉത്തരഖണ്ഡിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.