ഇവിടെ നടന്നത് പാടിപ്പുകഴ്ത്തൽ മാത്രം
text_fieldsഒരു കാലത്ത് സംഭവബഹുലമായിരുന്നു ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗങ്ങൾ. വ്യത്യസ്തമായ അഭിപ്രായങ്ങളും വിമർശനങ്ങളുമെല്ലാം അവിടെ ഉന്നയിക്കപ്പെടുമായിരുന്നു. പാർട്ടിയിലെ സകല പ്രശ്നങ്ങളും കുടഞ്ഞിട്ട് ചർച്ചചെയ്യുന്നൊരു വേദിയായിരുന്നു അത്.
2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവിലാണ് നരേന്ദ്ര മോദിയുടെ വിധി നിർണയിക്കപ്പെട്ടത്. ചോരപ്പുഴയൊഴുക്കപ്പെട്ട ഗുജറാത്തിലെ മുഖ്യമന്ത്രിയെ നീക്കംചെയ്യണമെന്ന തെൻറ അഭിപ്രായത്തോടൊപ്പം മുതിർന്ന നേതാക്കളെല്ലാം അണിനിരക്കുമെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രതീക്ഷ. എന്നാൽ, സംഭവിച്ചത് അങ്ങനെയായിരുന്നില്ല. ഹിന്ദുഹൃദയ സമ്രാട്ടായി വാഴ്ത്തപ്പെട്ട ആ മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ഒറ്റക്കെട്ടായി നിന്നു. സ്വന്തം പാർട്ടിയിൽ ദുർബലനാണ് താനെന്ന തിരിച്ചറിവോടെ പ്രധാനമന്ത്രിക്ക് ഡൽഹിയിലേക്ക് തിരിച്ചുപോകേണ്ടിവന്നു.
വാജ്പേയിയുടെ നീക്കം മുൻകൂട്ടിക്കണ്ട് അദ്ദേഹം എത്തും മുമ്പുതന്നെ മോദി താൻ രാജിവെക്കാൻ ഒരുക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യോഗത്തിൽ പങ്കെടുത്തവർ അത് സ്വീകരിച്ചില്ല. ആർ.എസ്.എസ് കൃത്യമായി പിന്നിൽനിന്ന് കളിച്ചു- മുഖ്യമന്ത്രി മാറണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന തീർപ്പിലേക്ക് ചർച്ചയെ കൊണ്ടെത്തിച്ചു -ആ സമയം നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിട്ടില്ല (മാസങ്ങൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു). പഴയ സംഘടന സെക്രട്ടറി എന്ന നിലയിലെ പരിചയം ദേശീയ എക്സിക്യൂട്ടിവിൽ തെൻറ വാദങ്ങളും തീരുമാനങ്ങളും സമർഥമായി മുന്നോട്ടുവെക്കാനുള്ള പാടവം മോദിക്ക് നേടിക്കൊടുത്തിരുന്നു. വാജ്പേയി സർക്കാറിെൻറ പ്രചാരണരീതികളെക്കുറിച്ച് യോഗത്തിൽ വിമർശനമുന്നയിച്ചതൊക്കെ അങ്ങനെയാണ്.എന്നാൽ, പ്രധാനമന്ത്രിയായശേഷം മഹാനേതാവിനെ പാടിപ്പുകഴ്ത്താനുള്ള വേദിയാക്കി ദേശീയ എക്സിക്യൂട്ടിവിനെ മോദി ചുരുക്കിക്കെട്ടിക്കളഞ്ഞു.
മൂന്നു മാസത്തിലൊരിക്കൽ ചേരണമെന്ന് പാർട്ടി ഭരണഘടന വ്യവസ്ഥ ചെയ്യുന്ന എക്സിക്യൂട്ടിവ് ഇക്കുറി ഡൽഹിയിൽ നടന്നത് മൂന്നു വർഷത്തെ ഇടവേളക്കുശേഷമാണ്. നേതാവിെൻറ തിരുമണ്ടൻ തീരുമാനങ്ങളിലൊന്നായ നോട്ടുനിരോധനത്തിെൻറ അഞ്ചാം വാർഷികത്തിെൻറ തൊട്ടുതലേന്നാൾ നവംബർ ഏഴിന്-എന്നാൽ ഒരുവിധ ചർച്ചയും അതേക്കുറിച്ചുണ്ടായില്ലെന്ന് പോയിട്ട് സാമ്പത്തിക വിഷയത്തിൽ പ്രത്യേക പ്രമേയവും അവതരിപ്പിക്കപ്പെട്ടില്ല. മോദിക്കു മുമ്പ് നയങ്ങൾ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കപ്പെട്ടിരുന്ന കാലത്ത് അങ്ങനെയൊരു ശീലമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു എന്ന കാര്യം കാണാതെ പോവുകയല്ല- ഒരു വർഷമായി പ്രതിഷേധസമരത്തിന് കാരണമായി തുടരുന്ന കാർഷിക നിയമം ഉൾെപ്പടെ പ്രമാദ വിഷയങ്ങളൊന്നും ആ പ്രമേയത്തിൽ ഇടംപിടിച്ചില്ല. മോദി തെൻറ പ്രസംഗത്തിൽ കാർഷിക ബിൽ സംബന്ധിച്ച് മറ്റൊരു രീതിയിൽ പ്രതിപാദിച്ചിരുന്നു- ഉപതെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലെ ഏൽനാബാദിൽ പാർട്ടി തോറ്റത് നേരിയ വ്യത്യാസത്തിനാണ് എന്നത് കാർഷിക നിയമങ്ങൾക്ക് ജനപിന്തുണയുണ്ട് എന്നുതന്നെയാണ് വ്യക്തമാക്കുന്നത് എന്നു പറഞ്ഞ് വീണത് വിദ്യയാക്കി പ്രധാനമന്ത്രി. പ്രധാനമന്ത്രി എപ്പോഴും 'നിർമാണാത്മകത'യെ ഇഷ്ടപ്പെടുന്നുവെന്നും 'നിഷേധാത്മകത'യെ തള്ളിക്കളയാറാണെന്നുമാണ് പ്രതിപക്ഷത്തിെൻറ 'കടുത്ത ദുഷിപ്പിനും' 'അവസരവാദ'ത്തിനുമെതിരായ പാർട്ടിയുടെ പ്രതികരണം.
പ്രശംസകൊണ്ട് യോഗം പ്രധാനമന്ത്രിയെ പുതപ്പിച്ചുവെന്നുതന്നെ പറയാം. ഗ്ലാസ്ഗോയിലും സ്കോട്ലൻഡിലും കാലാവസ്ഥ വ്യതിയാന ഉച്ചകോടികളിൽ പങ്കെടുത്ത് 'അദ്ദേഹം ലോകത്തിന് വഴികാണിച്ചു' എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നൂറുകോടി ഡോസ് വാക്സിൻ വിതരണത്തിെൻറ പേരിലും പ്രശംസക്ക് കുറവുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം ക്രമപ്രകാരം നടക്കുന്നത് നരേന്ദ്ര മോദി നാടുഭരിക്കുന്നതുകൊണ്ടാണ് എന്ന ബോധ്യമായിരുന്നു യോഗത്തിെൻറ രത്നച്ചുരുക്കം.
നേതൃത്വത്തോടുള്ള അമിത ആരാധന അവശേഷിക്കുന്ന ഉൾപ്പാർട്ടി ജനാധിപത്യത്തെക്കൂടി നശിപ്പിച്ചുകളയും. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം നാടായ ഹിമാചൽപ്രദേശിലടക്കം പാർട്ടി നേരിട്ട തിരിച്ചടികൾപോലും ചർച്ചചെയ്തില്ലെന്നറിയുേമ്പാൾ വിധേയത്വം എത്രമാത്രമാണെന്ന് വ്യക്തമാവുന്നു. ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത് ഇക്കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ബിഹാർ, അസം, തമിഴ്നാട്, കേരളം, ബംഗാൾ എന്നിവിടങ്ങളിൽ പാർട്ടി കാഴ്ചവെച്ച പ്രകടനത്തെ യോഗം ശ്ലാഘിച്ചുവെന്നാണ്. ഒരു വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളുടെ കാര്യങ്ങൾ ചർച്ചചെയ്തിട്ടും ഇക്കഴിഞ്ഞ ദിവസം നടന്നത് ചർച്ചചെയ്തില്ലെന്നത് വിചിത്രമായി തോന്നുന്നു. തന്നെയുമല്ല കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ എന്തു പ്രകടനം കാഴ്ചവെച്ചെന്നാണ് അവർ പറയുന്നത്? കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും തോറ്റ് തുന്നംപാടുകയല്ലേ ചെയ്തത്.
ഭരിക്കുന്ന പാർട്ടിയെക്കുറിച്ച് ശരിയാംവിധം വിശകലനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് കടുത്ത നിരാശ പകരുന്നവിധം നിർലജ്ജമാണ് ബി.ജെ.പി പടച്ചുവിടുന്ന സത്യാനന്തര ആഖ്യാനങ്ങൾ. ഇന്ത്യൻ പ്രവിശ്യയിലേക്ക് നടക്കുന്ന ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെങ്കിലും പ്രധാനമന്ത്രി ലോകത്തിനു മുന്നിൽ രാജ്യത്തിെൻറ പ്രതിച്ഛായ മെച്ചപ്പെടുത്തിയെന്ന സ്തുതി മുഴങ്ങുന്നുണ്ട്. ഈ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലോ നേതാവിലോ ഭ്രമിച്ചുവശായിട്ടില്ലാത്തവർക്ക് ഇവരുടെ പ്രവൃത്തി നിഷ്ഠുരമായി തോന്നാതെ തരമില്ല- രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മൂന്നു വർഷങ്ങൾക്കുശേഷം ചേരുന്ന ദേശീയ യോഗത്തിൽ നാട് നേരിടുന്ന പട്ടിണിയെക്കുറിച്ചോ തൊഴിലില്ലായ്മയെപ്പറ്റിയോ ഒരു പരാമർശവുമില്ല, കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപരിരക്ഷ രംഗത്ത് സംഭവിച്ച പ്രതിസന്ധിയെക്കുറിച്ച് മിണ്ടാട്ടമില്ല. നരേന്ദ്ര മോദി വാണരുളുകയും ഗിരിപ്രഭാഷണങ്ങൾ തുടരുകയും ചെയ്യുന്നിടത്തോളം ഇവിടെ സർവമംഗളം എന്ന് പാടിപ്പുകഴ്ത്തലായിരുന്നു പരിപാടിയുടെ ഏക ലക്ഷ്യം.
രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി പ്രവർത്തകർക്കെതിരെ ബംഗാളിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരാമർശമുണ്ട്, എന്നാൽ മറ്റൊരിടത്തും നടന്ന ഒരു അക്രമസംഭവങ്ങളെക്കുറിച്ചുമില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ത്രിപുരയിൽ നടന്ന കൊടിയ അക്രമങ്ങളെക്കുറിച്ച് ഒരു വരിപോലുമില്ല. ഒന്നുകിൽ നിഷേധിക്കുക അല്ലെങ്കിൽ നിരാകരിക്കുക, ഇരകളെ ശിക്ഷിക്കുക, ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ ഭയപ്പെടുത്തുകയോ കേസിൽ കുരുക്കുകയോ ചെയ്യുക- ഇതാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ ഉന്നമിട്ട് നടക്കുന്ന അക്രമസംഭവങ്ങളോടും വിദ്വേഷഭാഷണങ്ങളോടുമുള്ള ബി.ജെ.പിയുടെ സമീപനം. ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ നടമാടിയ മുസ്ലിം വിരുദ്ധ കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തുകയോ റിപ്പോർട്ട് ചെയ്യുകയോ എഴുതുകയോ പറയുകയോ ചെയ്ത അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സമൂഹമാധ്യമപ്രവർത്തകർ എന്നിവർക്കെല്ലാമെതിരെ ഭീകരവാദത്തെ ചെറുക്കാനെന്ന പേരിൽ രൂപം നൽകിയിരിക്കുന്ന യു.എ.പി.എയാണ് ചുമത്തിയത്.
നേതൃത്വത്തിന് നന്നായി ഭവിച്ചതായി തോന്നുന്ന കാര്യങ്ങൾ മാത്രമേ നാട്ടിൽ സംഭവിക്കുന്നുള്ളൂ എന്ന് വരുത്തിത്തീർക്കാനുള്ള തീരുമാനത്തിെൻറ ഭാഗമാണിതെല്ലാം. മോശമായി നടന്ന കാര്യങ്ങളൊന്നും സംഭവിച്ചിട്ടേയില്ല എന്നും സ്ഥാപിക്കണം. തെറ്റായ കാര്യങ്ങൾ നാട്ടിൽ നടന്നുവെന്ന് ആരെങ്കിലും ഉറച്ചുപറഞ്ഞുവെന്നിരിക്കട്ടെ, അവരെ രാഷ്ട്രത്തിെൻറ ശത്രുക്കളായി ചാപ്പയടിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.