ജീവിത പ്രലോഭനങ്ങളുടെ കയറ്റുമതി
text_fields
‘‘ലണ്ടൻ അതിന്റെ ആദ്യത്തെ നഗരഭിത്തി പണിയാൻ മുന്നൂറ് വർഷങ്ങൾ എടുത്തുവെന്നും, ഒരു ബിഷപ്പിനെ വാഴിക്കാൻ വീണ്ടും മുന്നൂറ് വർഷങ്ങൾ എടുത്തുവെന്നും, റോം 20 നൂറ്റാണ്ടുകളോളം അനിശ്ചിതത്വത്തിന്റെ ഇരുളിൽ നോവനുഭവിക്കുകയായിരുന്നെന്നും, ഇന്ന് നമുക്ക് പാൽക്കട്ടികളും വാച്ചുകളും തന്ന് രസിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് പതിനാറാം നൂറ്റാണ്ടുവരെയും യൂറോപ്പിനെ ചോരയിൽ കുളിപ്പിക്കുകയായിരുന്നെന്നും യൂറോപ് ഓർമിക്കുമെങ്കിൽ! നീതിപൂർവകവും...
‘‘ലണ്ടൻ അതിന്റെ ആദ്യത്തെ നഗരഭിത്തി പണിയാൻ മുന്നൂറ് വർഷങ്ങൾ എടുത്തുവെന്നും, ഒരു ബിഷപ്പിനെ വാഴിക്കാൻ വീണ്ടും മുന്നൂറ് വർഷങ്ങൾ എടുത്തുവെന്നും, റോം 20 നൂറ്റാണ്ടുകളോളം അനിശ്ചിതത്വത്തിന്റെ ഇരുളിൽ നോവനുഭവിക്കുകയായിരുന്നെന്നും, ഇന്ന് നമുക്ക് പാൽക്കട്ടികളും വാച്ചുകളും തന്ന് രസിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് പതിനാറാം നൂറ്റാണ്ടുവരെയും യൂറോപ്പിനെ ചോരയിൽ കുളിപ്പിക്കുകയായിരുന്നെന്നും യൂറോപ് ഓർമിക്കുമെങ്കിൽ!
നീതിപൂർവകവും മാനുഷികവുമായൊരു മാതൃരാജ്യത്തിനുവേണ്ടി ലക്ഷ്യബോധത്തോടെ പൊരുതുന്ന യൂറോപ്യർ ഞങ്ങളോടുള്ള വീക്ഷണം പുനഃപരിശോധിച്ചാൽ ഞങ്ങളെ കൂടുതൽ നന്നായി സഹായിക്കാൻ അവർക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. എണ്ണമറ്റ പാതകങ്ങളുടെയും ചരിത്രത്തിന്റെ നൊമ്പരങ്ങളുടെയും നൂറ്റാണ്ടുകളായുള്ള അന്യായങ്ങളുടെയും ഫലമാണ് ഞങ്ങൾ അനുഭവിക്കുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മർദനത്തിനും കൊള്ളക്കും അവഗണനക്കുമെതിരെ ഞങ്ങൾ ജീവത്തായി പ്രതികരിക്കുന്നു. മരണത്തിനുമേലുള്ള ജീവിതത്തിന്റെ മേൽക്കൈ നഷ്ടപ്പെടുത്താൻ ഇതേവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. പ്രളയത്തിനോ പ്ലേഗുബാധക്കോ ക്ഷാമത്തിനോ അതുമല്ലെങ്കിൽ മാറ്റമൊഴിയാത്ത യുദ്ധങ്ങൾക്കോ ഒന്നിനും.
മരണത്തിനുമേലുള്ള ജീവിതത്തിന്റെ ഈ മേൽക്കൈ വളരുകയും വേഗത പ്രാപിക്കുകയും ചെയ്യുന്ന ഒന്നാണ്. പെരുകുന്നത് മരണമല്ല ജീവിതമാണ്. ഓരോ കൊല്ലവും ന്യൂയോർക്കിനേക്കാൾ ഏഴിരട്ടി കുഞ്ഞുങ്ങൾ ലാറ്റിനമേരിക്കയിൽ ജനിക്കുന്നുണ്ട്. ഇതിന് വിപരീതമായി സമ്പന്ന രാഷ്ട്രങ്ങൾ നശീകരണായുധങ്ങൾ പെരുപ്പിക്കുന്നതിലാണ് വിജയിച്ചിട്ടുള്ളത്’’ (ഗബ്രിയേൽ ഗാർസ്യ മാർക്വേസ് നൊബേൽ പുരസ്കാര വേദിയിൽ സംസാരിച്ചതിൽനിന്ന്.)

ഡോ. ഫ്രാൻസ് ഫാൻ, ഗബ്രിയേൽ ഗാർസ്യ മാർക്വേസ്
ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ചാരസംഘടനയും അതിനൂതനമായ സാങ്കേതികവിദ്യയും കൈവശമുള്ളവർ എന്ന നിലയിൽ മാത്രമല്ല, പരാജയമറിയാത്ത സൈനിക ശക്തിയുടെ പേരിലും ആധുനിക കാലത്ത് ഒരു മിത്തിന്റെ സ്ഥാനമാണ് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾക്ക് ഉണ്ടായിരുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് അപ്രതീക്ഷിതമായി നടത്തിയ കടന്നാക്രമണം ഈ മിത്തിനെ ഏറക്കുറെ പൊളിച്ചു. ഇസ്രായേലിന്റെ സുരക്ഷാസംവിധാനങ്ങളെ മുഴുവൻ നിഷ്പ്രഭമാക്കി, ആയിരത്തി ഇരുന്നൂറോളം പേരെ കൊന്നൊടുക്കുകയും 251 പേരെ ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ‘ഓപറേഷൻ അൽ അഖ്സ ഫ്ലഡ്’ എന്നു പേരിട്ട ഈ കടന്നാക്രമണം ഇസ്രായേലി ഭരണകൂടത്തിന്റെ ആത്മവിശ്വാസത്തിനും സുരക്ഷിതത്വബോധത്തിനുമേൽപിച്ച ആഘാതം ചെറുതല്ല. ഈ കടന്നാക്രമണത്തിന്റെ ഫലമായുളവാകുന്ന തിരിച്ചടി ഭയാനകമായിരിക്കുമെന്നും അതിനുവേണ്ടി ദീർഘകാലം പ്രതിരോധം തുടരാൻ ഹമാസ് സ്വയം സജ്ജരായിരുന്നുവെന്നും തുടർന്നുള്ള യുദ്ധസാഹചര്യം തെളിയിക്കുന്നു.
ഹമാസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും ഗസ്സയെ ജനാധിവാസ യോഗ്യമല്ലാത്ത ശ്മശാനഭൂമിയാക്കിമാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചത്. ഇസ്രായേലിന് പരിപൂർണ പിന്തുണക്കൊപ്പം സൈനിക സാമഗ്രികളും വൈദ്യസഹായവും നൽകിക്കൊണ്ട് ബ്രിട്ടനും ഫ്രാൻസും ജർമനിയുമടക്കമുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നു. ലോകത്തിലെ വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ മറയില്ലാത്ത സയണിസ്റ്റ് മനോഭാവം പുറത്തെടുത്തുകൊണ്ട് ഇസ്രായേലിന് സർവസഹായങ്ങളും വാരിക്കോരി നൽകി. ലോകമാധ്യമങ്ങളിലൂടെ അതിശക്തമായ ഹമാസ് വിരുദ്ധ പ്രചാരണം നടത്തി.
ഗസ്സയിലേക്കുള്ള വെള്ളവും വെളിച്ചവും തടയുകയും ജനങ്ങളെ പട്ടിണിക്കിടുകയും ചെയ്തുകൊണ്ട് യഥാർഥത്തിൽത്തന്നെ വംശീയ ഉന്മൂലനമാരംഭിച്ചു. ആശുപത്രികൾ, സിവിലിയൻ പ്രദേശങ്ങൾ എന്നിവ ആക്രമിക്കരുതെന്ന് പോലുള്ള അന്തർദേശീയ കരാറുകൾ ലംഘിക്കപ്പെട്ടു. കുട്ടികളെയും ഗർഭിണികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. ആധുനിക യുദ്ധ ചരിത്രത്തിലാദ്യമായി സിവിലിയന്മാരുടെ കണ്ണുകൾ നശിപ്പിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിച്ചു. യുദ്ധമേഖലയിൽ 166ഓളം മാധ്യമപ്രവർത്തകരെ ഇസ്രായേൽസേന മനഃപൂർവം കൊലപ്പെടുത്തി. ഇക്കാലയളവിൽ ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. മറ്റൊരു പരമാധികാര രാജ്യത്തിലേക്ക് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ടുള്ള ആക്രമണമായിരുന്നു അത്. അദ്ദേഹത്തിനുശേഷം സംഘടനയുടെ തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായിരുന്ന യഹ്യ സിൻവാർ ഉൾപ്പെടെയുള്ള ഒട്ടനവധി നേതാക്കളും കൊല്ലപ്പെട്ടു. ഹമാസിന്റെ നിരവധി താവളങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു.
ജനുവരി 15നാണ് ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ധാരണയായത്. ജനുവരി 19ന് അത് പ്രാബല്യത്തിൽ വന്നു. 470 ദിവസം നീണ്ട ഇസ്രായേൽ ആക്രമണം ഫലസ്തീൻ ചരിത്രത്തിലെ ഏറ്റവും നീണ്ടതും ആഘാതമേറിയതുമായ അധിനിവേശ യുദ്ധമാണ്. ജനുവരി 30ന് ലോകപ്രശസ്ത മെഡിക്കൽ ജേണലായ ‘ലാൻസറ്റ്’ പുറത്തുവിട്ട കണക്കുപ്രകാരം 64260 പേരാണ് ഈ കാലയളവിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്. ശരാശരി ഒരുദിവസം136 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
യൂറോപ്യൻ മനുഷ്യാവകാശ സംഘടനയായ യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് പ്രകാരം എഴുപതിനായിരം ടൺ ബോംബാണ് ഗസ്സക്കുമേൽ ഇസ്രായേൽ വർഷിച്ചത്. രണ്ടാംലോക യുദ്ധകാലത്ത് ഹിറ്റ്ലറുടെ ജർമൻ സഖ്യകക്ഷികൾ ലണ്ടൻ നഗരത്തിൽ 18,500 ടൺ ബോംബ് വർഷിച്ചു. തിരിച്ച് ബ്രിട്ടനും സഖ്യകക്ഷികളും ഡ്രസ്ഡൻ നഗരത്തിൽ 3,900 ടണും ഹാംബർഗ് നഗരത്തിൽ 8,500 ടണും ബോംബ് വർഷിച്ചു. ഈ മൂന്നു വൻ നഗരങ്ങളെ അപേക്ഷിച്ച് 41 കിലോമീറ്റർ നീളവും 12 കിലോമീറ്റർ വീതിയുള്ള ഒരു ചെറു പ്രദേശത്തിനുമേൽ ഇരട്ടിയിലധികം ബോംബാണ് കഴിഞ്ഞ 470 ദിവസംകൊണ്ട് നിക്ഷേപിച്ചത്.
ഇപ്പോൾ ആറാഴ്ചത്തെ വെടിനിർത്തലിനാണ് ധാരണയായിട്ടുള്ളത്. 42 ദിവസം നീണ്ടുനിൽക്കുന്ന മൂന്നു ഘട്ടങ്ങളുള്ള കരാറാണിത്. ആദ്യഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വയോധികർ, മുറിവേറ്റവർ തുടങ്ങിയ വിഭാഗത്തിൽപെട്ട 33 ഇസ്രായേലികളുടെ കൈമാറ്റം നടന്നു. പകരം 1900 ഫലസ്തീനികളുടെയും. മൂന്നു ഘട്ടങ്ങളായി ഈ പ്രക്രിയ തുടരും. ഇസ്രായേൽ സേനയുടെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ, ഗസ്സയുടെ പുനർനിർമാണം എന്നിവയാണ് കരാറിലുൾപ്പെടുന്നത്. ഖത്തറും ഈജിപ്തും അമേരിക്കയുമാണ് ചർച്ചക്ക് മേൽനോട്ടം വഹിച്ചത്.
യുദ്ധവിരാമ കരാർ പൂർണമായ അർഥത്തിൽ നടപ്പിലാക്കപ്പെടുമോ എന്നതിനെ സംബന്ധിച്ച സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇസ്രായേലിന്റെ ആഭ്യന്തര സ്ഥിതിയും മധ്യ-പൂർവേഷ്യയിലെ ഭൗമ രാഷ്ട്രീയവും പരിഗണിക്കുമ്പോൾ കരാർ പാലിക്കപ്പെടാനാണ് സാധ്യതയെന്നാണ് കൂടുതൽ പേരും കരുതുന്നത്. കരാർ പ്രഖ്യാപനം നിലവിൽവന്നതോടെ ഇസ്രായേലിന്റെ സൈനിക മേധാവി ഹെർസി ഹലെവി രാജിവെക്കുകയുണ്ടായി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽനിന്ന് ഇസ്രായേൽ സൈന്യത്തിന് രാജ്യത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടാണ് രാജി. മാത്രമല്ല, ഇസ്രായേലിലെ മുൻനിര മാധ്യമങ്ങളെല്ലാം യുദ്ധത്തിൽ ആ രാജ്യം പരാജയപ്പെട്ടു എന്നതരത്തിലുള്ള പ്രതികരണമാണ് തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയത്.
ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപിനെയും ഇസ്രായേലിന്റെ പിന്മാറ്റത്തെയും പലരും താരതമ്യപ്പെടുത്തുന്നത് വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കയുടെ പരാജയത്തോടാണ്. വനപ്രദേശങ്ങളും പുഴകളും പർവതപ്രദേശങ്ങളും നിറഞ്ഞ വിയറ്റ്നാമിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഗറില്ലാ യുദ്ധം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നു. ഇതല്ല ഫലസ്തീന്റെ സ്ഥിതി. എങ്കിലും ഹമാസ് ഗസ്സയിലുടനീളം നിർമിച്ച തുരങ്കങ്ങൾ മറ്റൊരുതരത്തിലുള്ള ഗറില്ലാ യുദ്ധത്തിന് അവസരമൊരുക്കി. പ്രധാനപ്പെട്ട സത്യം, ഏഷ്യൻ ആഫ്രിക്കൻ നാടുകളിലും ലാറ്റിനമേരിക്കയിലും മുൻകാലത്ത് പാവഭരണകൂടങ്ങളെ സ്ഥാപിക്കാൻ സാമ്രാജ്യത്വത്തിന് കഴിഞ്ഞിരുന്നുവെന്നതാണ്. എന്നാൽ, ഹമാസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പാവഭരണകൂടത്തെ ഫലസ്തീനിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നതാണ് ഇസ്രായേലിന്റെ യഥാർഥ പരാജയം.
ഇസ്രായേലിന്റെ വംശീയ ഉന്മൂലന പദ്ധതി ആരംഭിച്ചപ്പോൾതന്നെ അതിശക്തമായ ബഹുജന വികാരം പാശ്ചാത്യ നാടുകളിലടക്കം ഉയർന്നുവന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങൾ എടുത്ത നിലപാടും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഉയർന്നുവന്ന അധിനിവേശ വിരുദ്ധ മനോഭാവവുമാണ്. പുതിയൊരു ഭൗമ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി ആഫ്രിക്കൻ വൻകര മാറുന്നു എന്ന രാഷ്ട്രീയ നിരീക്ഷണത്തെ ബലപ്പെടുത്തുന്നതാണ് ഈ സാമൂഹിക ചലനങ്ങൾ. ഇതേസമയം, ഫലസ്തീൻ അനുകൂല പ്രകടനങ്ങളുടെയും പ്രചാരണങ്ങളുടെയും പേരിൽ യൂറോപ്യൻ ഭരണകൂടങ്ങൾ അവിടത്തെ വിദ്യാർഥികൾക്കുനേരെ പ്രതികാര നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഡോണൾഡ് ട്രംപും ആ വഴിക്കാണ് നീങ്ങുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ വിപ്ലവങ്ങൾ മാർക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളെയും സംഘടനാ ചട്ടക്കൂടുകളെയും അതനുസരിച്ചുള്ള ഏകമുഖമായ ലോകബോധത്തെയും നാനാവശത്തേക്കും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ, ഫലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപുകൾ ഏതെങ്കിലും തരത്തിലുള്ള ഏകമുഖമായ ലോകബോധത്തെയല്ല പ്രചരിപ്പിക്കുന്നതെന്ന് കാണാവുന്നതാണ്. ഡോ. ഫ്രാൻസ് ഫാനോ പറഞ്ഞ ‘ഭൂമിയിലെ പതിതർ’ നടത്തിക്കൊണ്ടിരിക്കുന്ന അതിജീവന പോരാട്ടങ്ങളുടെ ദൈനംദിനാനുഭവങ്ങളും സ്വാതന്ത്ര്യ തൃഷ്ണകളുമാണ് വെളിച്ചപ്പെടുന്നത്. ഇതിലൂടെ തുരത്തിയോടിക്കലിനും സാർവത്രിക നാശത്തിനുമെതിരെയുള്ള ഏറ്റവും അടിത്തട്ടിന്റെ ജീവിത പ്രലോഭനങ്ങളാണ് ലോകത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.