ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര പരാജയം
text_fieldsപൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ കാലത്ത് ഉത്തർപ്രദേശിലെ ദലിത് നേതാവായ ചന്ദ്രശേഖർ ആസാദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത് വലത്കൈയിൽ ഭരണഘടന ചേർത്തുപിടിച്ചുകൊണ്ടാണ്. പ്രതീകാത്മകമായ ഈ രാഷ്ട്രീയ പ്രവർത്തനം 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയിലൂടെ പുനരാവിഷ്കരിക്കപ്പെടുകയുണ്ടായി. മാത്രമല്ല, പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭ കാലത്ത് ഉയർന്നുവന്ന എല്ലാ മുദ്രാവാക്യങ്ങളും ഡോ. ബി.ആർ. അംബേദ്കർ അടക്കമുള്ളവരുടെ ചിത്രങ്ങളും പലയിടങ്ങളിലും പലതരത്തിലും പുനർവിന്യസിക്കപ്പെടുകയുമുണ്ടായി.
ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയും എൻ.ഡി.എ സഖ്യത്തിന് നാനൂറിലധികം സീറ്റുകൾ കിട്ടുകയും ചെയ്താൽ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതുകയും സംവരണം പോലുള്ള അവകാശങ്ങൾ റദ്ദാക്കപ്പെടുകയും ഉണ്ടായേക്കാം എന്ന ആശങ്ക സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉയർന്നുവന്നു. ഈ ആശങ്കയെ വിപുലമായ തരത്തിൽ പ്രചാരണോപാധിയാക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞു. ഹിന്ദുത്വവാദികൾ എക്കാലവും ആഗ്രഹിച്ചിട്ടുള്ളതുപോലെ മനുസ്മൃതി ആധാരമാക്കിയുള്ളതും ആർഷഭാരത മൂല്യങ്ങൾ എന്ന് അവർ പറയുന്ന ബ്രാഹ്മണിസ്റ്റ് വംശീയ ആശയങ്ങൾ ഉള്ളതുമായ മറ്റൊരു ഭരണഘടന രൂപപ്പെട്ടേക്കാം എന്ന ആകുലത ലിബറൽ ചിന്താഗതിക്കാരിൽ വരെ വ്യാപിക്കപ്പെട്ടു. ഇന്ത്യ എന്ന പേരിനെ വെട്ടിമാറ്റി ഭാരത് എന്ന് പുനർനാമീകരിക്കാൻ ഔദ്യോഗിക തലത്തിൽ തന്നെ ശ്രമമാരംഭിച്ചത് ഈ സംശയത്തെ ബലപ്പെടുത്തി.
ഇവക്കൊപ്പം കർഷക പ്രക്ഷോഭത്തെ നിരന്തരമായി വഞ്ചിച്ചതും വിദ്യാസമ്പന്നർക്കിടയിൽ മറ്റൊരു കാലത്തും ഇല്ലാത്ത വിധത്തിൽ തൊഴിലില്ലായ്മ പെരുകിയതും അദാനി-അംബാനി പോലുള്ള കോടീശ്വര കുടുംബങ്ങൾക്ക് ദേശീയ സമ്പത്ത് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള സാമ്പത്തിക നയങ്ങളും പ്രതിപക്ഷ കക്ഷികൾ പ്രചാരണായുധങ്ങളാക്കി മാറ്റി. ഗോദി മീഡിയയുടെ രാഷ്ട്രീയ കിംവദന്തികൾക്കും ഊഹാപോഹ വാർത്താ പ്രചാരണങ്ങൾക്കും എതിരായി സോഷ്യൽ മീഡിയയിൽ ശക്തമായ കൗണ്ടർ നരേറ്റിവുകൾ ഉയർന്നുവന്നത് ഹിന്ദുത്വഭരണകൂട ശക്തികൾക്ക് അപ്രതീക്ഷിതമായ അടിയായിരുന്നു. നാഗരിക വോട്ടർമാരിലും കൂടുതലായി ഗ്രാമീണ മേഖലയിലുമാണ് ഇത്തരം ഡിജിറ്റൽ കൗണ്ടർ നരേറ്റിവുകൾ സ്വാധീനം ചെലുത്തിയത്.
മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ പ്രവർത്തനഫണ്ട് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബി.ജെ.പി ഇതര ഗവൺമെന്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലുള്ള സാമ്പത്തിക സമ്മർദങ്ങൾ കേന്ദ്രം അടിച്ചേൽപിച്ചു. ഗവർണർമാർ എന്ന പേരിൽ നിയോഗിക്കപ്പെട്ട സംഘ്പരിവാർ ഏജന്റുമാർ ഫെഡറൽ തത്ത്വങ്ങളെ കാറ്റിൽപറത്തിക്കൊണ്ട് ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ വരെ സമ്മർദത്തിലാക്കി.
നേതാക്കന്മാരെ ജയിലിലടച്ചും കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിച്ചും കോൺഗ്രസിന്റെ മാത്രമല്ല മറ്റിതര കക്ഷികളുടെയും സംഘടനാ സംവിധാനത്തെ പരമാവധി ശിഥിലീകരിച്ചു. ഇപ്രകാരം ഏറ്റവും പ്രതിരോധത്തിലായ ഇൻഡ്യാ മുന്നണിക്ക് അപ്രതീക്ഷിതമായി കിട്ടിയതാണ് ഡിജിറ്റൽ മേഖലയിലെ കൊടുങ്കാറ്റുകളിൽനിന്നുള്ള പ്രചാരണോർജം. റീലുകളും ട്രോളുകളും ചെറുവിഡിയോകളും ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് മങ്ങലേൽപിച്ചു.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെടുകയും ഇൻഡ്യാ മുന്നണിക്ക് പ്രവചനങ്ങൾക്ക് അപ്പുറമുള്ള നേട്ടമുണ്ടാവുകയും ചെയ്തു. ഘടകകക്ഷികളുടെ പിന്തുണയോടെ തുടർഭരണം നടക്കുമെങ്കിലും തെരഞ്ഞെടുപ്പ് നൽകുന്ന സൂചനകൾ പ്രകാരം കുറേ സീറ്റുകൾ കുറഞ്ഞുവെന്നത് മാത്രമല്ല, ഹിന്ദുത്വ ശക്തികൾക്കുണ്ടായ നഷ്ടമെന്നു കാണാം.
വമ്പിച്ച ഭൂരിപക്ഷത്തോടെ മോദിഭരണത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുമെന്നും അതിലൂടെ വരുന്ന അമ്പത് വർഷത്തേക്ക് രാഷ്ട്രം ഹിന്ദുത്വവാഴ്ചയിലായിരിക്കുമെന്നുമാണ് അവർ അണികൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നത്. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിൽ കോൺഗ്രസ് മുക്ത ഇന്ത്യ രൂപപ്പെടുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷയാണ് തകിടം മറിഞ്ഞത്. സൂക്ഷ്മമായി കാണേണ്ട കാര്യം, മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ പ്രാവിശ്യത്തിലും മൂന്നുലക്ഷത്തിലധികം വോട്ടുകൾ കുറഞ്ഞു എന്നതാണ്. കുറച്ചുനേരത്തേക്കെങ്കിലും അദ്ദേഹം എതിർസ്ഥാനാർഥിക്ക് പിന്നിലുമായി.
ഇത്തരത്തിലുണ്ടായ തിരിച്ചടി മോദിയെയും സംഘ്പരിവാറിനെയും സംബന്ധിച്ചിടത്തോളം ഏറ്റവും അപ്രതീക്ഷിതവും അവരുടെ ആശയ-രാഷ്ട്രീയ ധാരകൾക്കേറ്റ പരാജയവുമായിട്ടാണ് വിലയിരുത്തപ്പെടുക. അതായത്, ഹിന്ദു ഹൃദയസമ്രാട്ടായി സ്വയം പ്രതിഷ്ഠിക്കുകയും ഇന്ത്യയിലെ വ്യത്യസ്ത ഹൈന്ദവ ജനവിഭാഗങ്ങൾക്കിടയിൽ പുതിയൊരു അവതാര കർതൃത്വമായി മാറുകയും ചെയ്യുക എന്ന പ്രതീതി യാഥാർഥ്യമാണ് ഈ പിന്നോട്ടടിയിലൂടെ തകർന്നടിഞ്ഞത്. മറ്റൊരു സൂചന, ബാബരി മസ്ജിദ് തകർത്ത ശേഷം ക്ഷേത്രം നിർമിച്ച മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി പരാജയപ്പെട്ടതാണ്.
തങ്ങൾക്ക് നാനൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് ഹിന്ദുത്വശക്തികൾ കണക്കുകൂട്ടിയത് രാമപ്രതിഷ്ഠ നടത്തിയതിന്റെ പിൻബലത്തിലാണ്. ഹിന്ദുത്വ ആശയങ്ങളുടെ അനന്യമായ വളർച്ചയെ സഹായിക്കുന്ന മറ്റൊരു പ്രതീതി യാഥാർഥ്യമായിട്ടാണ് രാമപ്രതിഷ്ഠ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, അത് വിജയിക്കാതെ പോയത് മോദി ഭരണത്തിന്റെ ധാർമിക പരാജയത്തിനുപരി അവരുടെ വംശീയ പ്രത്യയ ശാസ്ത്രത്തിന്റെ തകർച്ചയെയാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ തട്ടിയാണ് ഹിന്ദുത്വത്തിന്റെ വംശീയ പ്രത്യയശാസ്ത്രം പരാജയപ്പെടുന്നതിന്റെ ആദ്യ സൂചനകൾ വ്യക്തമാവുന്നതെന്ന് പറയുന്നത്?
ജെ. രഘു എഴുതുന്നു. ‘‘ഹിന്ദു ഭീകരവാദത്തെ അലട്ടുന്ന മുഖ്യ പ്രശ്നം ഇന്ത്യൻ ഭരണഘടനയും നിയമവാഴ്ചയുമാണ്. ഹിന്ദുത്വ ഫാഷിസം നേരിടുന്ന പ്രധാന പ്രതിസന്ധിയും ഇതു തന്നെയാണ്. നിയമ വാഴ്ചയെയും മതേതരത്വത്തെയും സാർവലൗകിക നിയാമക രാഷ്ട്ര തത്ത്വങ്ങളെയും ആധാരമാക്കുന്ന ഭരണഘടനയുടെ സാന്നിധ്യം ഹിന്ദുത്വ ഭീകരവാഴ്ചക്ക് വലിയ പ്രതിബന്ധമാണ്’’ അദ്ദേഹം തുടർന്നെഴുതുന്നു’’ ഭരണഘടനയെ ഇല്ലാതാക്കുകയോ അതിന്റെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യുകയോ എന്നത് അത്ര എളുപ്പമല്ല. ഹിന്ദുത്വ ഭീകരവാദത്തിന് ഭരണഘടനാപരമായ സാധൂകരണം ലഭിക്കുക എന്നതും അസാധ്യമാണ്. ഭരണഘടനാ ബാഹ്യമായ ഒരു പ്രത്യയശാസ്ത്ര വ്യവഹാരം സ്ഥാപിച്ചുകൊണ്ട് മാത്രമേ തങ്ങളുടെ ഫാഷിസ്റ്റ് അതിക്രമങ്ങളെ നിർവചിക്കാനും സാധൂകരിക്കാനും ഹിന്ദുത്വ ഭീകരവാദികൾക്ക് കഴിയൂ.’’
കഴിഞ്ഞ പത്ത് വർഷമായി ഹിന്ദുത്വത്തിന്റെ സമ്പൂർണമായ അധികാര വാഴ്ചയാണ് ഇന്ത്യയിൽ നിലനിന്നത്. അതിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ അവർ ചൊൽപ്പിടിയിലാക്കി. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. വിമത ശബ്ദങ്ങളെ രാജ്യദ്രോഹികളായി കണക്കാക്കി. ന്യൂനപക്ഷങ്ങളെയും ദലിത് ബഹുജനങ്ങളെയും സാമ്പത്തികമായും സാംസ്കാരികമായും അരക്ഷിതാവസ്ഥയിലാക്കി. എങ്കിലും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ അഴിച്ചുപണി നടത്താനുള്ള ശ്രമമാരംഭിച്ചപ്പോഴാണ് അവർക്ക് തങ്ങൾ ഉൾക്കൊള്ളുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമായത്. തൽഫലമായി സ്വയം അവതാര പുരുഷനാണെന്ന് അവകാശപ്പെട്ട മോദി ഭരണഘടനയെ നെറ്റിയിൽ ചേർത്തുപിടിക്കുകയും, ബാബ സാഹെബ് നൽകിയ ഭരണഘടന മൂലമാണ് പിന്നാക്ക ദരിദ്ര പശ്ചാത്തലത്തിൽനിന്നുവന്ന തനിക്ക് രാഷ്ട്രസേവനത്തിന് അവസരം കിട്ടിയതെന്ന് പറയേണ്ടുന്നതായ അവസ്ഥയും വന്നുചേർന്നു.
ഇതിനർഥം, ഹിന്ദുത്വ വാദികൾ പ്രവർത്തിക്കുന്നത് നിലനിൽക്കുന്ന രാഷ്ട്ര സംവിധാനത്തിന്റെ അകത്തു നിന്നല്ലെന്നതാണ്. അവർ ആര്യാവർത്തം ദേശഭാവനയെ പ്രാവർത്തികമാക്കാനാണ് നൂറുവർഷമായി ശ്രമിക്കുന്നത്. പഴയ ബ്രാഹ്മണ നിയമ സംഹിതകളിൽനിന്നും ആധുനിക കാലത്തെ നാസി ആക്രമണ ദേശീയതയിൽനിന്നും ഉത്ഭവിച്ച ആര്യാവർത്തം സ്ഥാപിക്കാൻ, നിലനിൽക്കുന്ന നിയമവ്യവസ്ഥയുടെ സമ്പൂർണമായ നാശത്തിലൂടെ മാത്രമേ സാധ്യമാകൂ. അതിനു വേണ്ടിയുള്ള ഭൗതികശക്തി സമാഹരിക്കാനാണ് അവർ ജാതി-വർണ-വർഗ വിഭജനങ്ങൾക്കതീതമായ ഹിന്ദു ഏകീകരണമെന്ന മുദ്രാവാക്യം ഉയർത്തിയത്, മുസ്ലിം അപരരെ ശത്രുക്കളായി നിർണയിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഹിന്ദുത്വ ഭാവന പ്രകാരത്തിലുള്ള ഹൈന്ദവ ഏകീകരണം നടന്നില്ലെന്ന് മാത്രമല്ല, അതിന് നേർ വിപരീതത്തിൽ അവർ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്തിയ കീഴാള ജനസഞ്ചയം അന്യമാവുകയും ചെയ്തു.
മണ്ഡൽ കാലത്തെന്നപോലെ ദലിത് -ആദിവാസി-പിന്നാക്ക ജനതയിലുള്ള പുതു ഉണർച്ചകൾ, ന്യൂനപക്ഷ വോട്ടുകൾ ചിതറിപ്പോകാതെ പ്രതിപക്ഷ മുന്നണിയിലേക്ക് കൂടുതൽ കേന്ദ്രീകരിച്ചത്, സിവിൽ സമൂഹത്തിലെ നിർണായക ചുവടുവെപ്പുകൾ, പുതുതലമുറയിൽ പൊതുവേ രൂപപ്പെട്ട ഹിന്ദുത്വ ഭരണത്തോടുള്ള അകൽച്ച, കർഷകരുടെ രോഷം അടക്കമുള്ള നിരവധി ഘടനകൾ ഹിന്ദുത്വത്തിന്റെ ജൈത്രയാത്രയെ തടയാൻ കാരണമായിട്ടുണ്ട്. എല്ലാറ്റിനുപരിയായി വിവിധ വിഭാഗം ജനങ്ങളെ സാമൂഹിക കരാറുകളിലൂടെ ബന്ധിച്ച് നിർത്തുന്ന ഭരണഘടനയെ വംശീയ പ്രത്യശാസ്ത്രം കൊണ്ട് തകർക്കാൻ അനുവദിക്കില്ലെന്ന ഇന്ത്യൻ ജനതയുടെ ഉറച്ച തീരുമാനമാണ് ഈ തെരഞ്ഞെടുപ്പിൽ നിർണായകമായി മാറിയിട്ടുള്ളത്. ഇതാകട്ടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അവസാനത്തിന്റെ ആരംഭവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.