ഭക്ഷണത്തിന്റെ മതേതരവത്കരണമോ?
text_fieldsകുറച്ചു വർഷംമുമ്പാണ് മുസ്ലിംകൾ ഒരു പള്ളിയിലെ ഭക്ഷണവിതരണത്തിനു മുമ്പ് പ്രാർഥന ചൊല്ലുന്നതിനെ ഭക്ഷണത്തിൽ തുപ്പുന്നതായി ചിത്രീകരിച്ചുകൊണ്ട് കേരളത്തിലെ ചില ക്രിസ്ത്യൻ പേരുള്ള വംശീയവാദ ഗ്രൂപ്പുകൾ പ്രചാരണം തുടങ്ങിയത്. പെട്ടെന്നുതന്നെ അത് വിവിധ നവ നാസ്തിക സംഘങ്ങൾ ഏറ്റെടുത്തു. ഇക്കൂട്ടരുടെ പ്രചാരവേല മുറുകിയതോടെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻതന്നെ ഒപ്പംചേരുകയും വിവിധ സംഘ് പരിവാർ സംഘടനകൾ ആ പ്രചാരണത്തിന് ആഴവും പരപ്പും...
കുറച്ചു വർഷംമുമ്പാണ് മുസ്ലിംകൾ ഒരു പള്ളിയിലെ ഭക്ഷണവിതരണത്തിനു മുമ്പ് പ്രാർഥന ചൊല്ലുന്നതിനെ ഭക്ഷണത്തിൽ തുപ്പുന്നതായി ചിത്രീകരിച്ചുകൊണ്ട് കേരളത്തിലെ ചില ക്രിസ്ത്യൻ പേരുള്ള വംശീയവാദ ഗ്രൂപ്പുകൾ പ്രചാരണം തുടങ്ങിയത്. പെട്ടെന്നുതന്നെ അത് വിവിധ നവ നാസ്തിക സംഘങ്ങൾ ഏറ്റെടുത്തു. ഇക്കൂട്ടരുടെ പ്രചാരവേല മുറുകിയതോടെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻതന്നെ ഒപ്പംചേരുകയും വിവിധ സംഘ് പരിവാർ സംഘടനകൾ ആ പ്രചാരണത്തിന് ആഴവും പരപ്പും നൽകിക്കൊണ്ട് രംഗത്തുവരുകയും ചെയ്തു.
ഭക്ഷണം വൃത്തിയുള്ളതാവുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണെന്നല്ല, അതൊരു മൂല്യമായി തന്നെ എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നതുമാണ്. അപ്പോൾ ഭക്ഷണത്തിൽ തുപ്പുന്നുവെന്നും ഹോട്ടലിലൂടെയും കടകളിലൂടെയും അത്തരം സാധനങ്ങൾ വിൽക്കുന്നുവെന്നും കേൾക്കുമ്പോൾ പൊതുബോധത്തിലുണ്ടാവുന്ന ആഘാതം ഊഹിക്കാവുന്നതാണ്. മതാചാരത്തിന്റെ ഭാഗമായി ഒരു പ്രത്യേക വിഭാഗത്തിലുള്ളവരാണ് ഇങ്ങനെ ചെയ്യുന്നതെന്നു പറയുമ്പോൾ, ആ വിഭാഗം ജനതയോട് സമൂഹത്തിലെ ഏറ്റവും ഉദാരമതികളിൽപോലും എത്രമാത്രം വെറുപ്പാണ് പടരുകയെന്നതും ചിന്തിക്കേണ്ട കാര്യമാണ്.
ഈ വെറുപ്പ് പടർത്തൽ തന്നെയാണ് ഹിന്ദുത്വ വംശീയവാദികൾ ലക്ഷ്യമിടുന്നതും. അവരെ സംബന്ധിച്ചിടത്തോളം മുസ്ലിംകൾ ദേശത്തിൽനിന്ന് പുറന്തള്ളപ്പെടേണ്ടവരും മഹത്തായ ഹൈന്ദവ സംസ്കൃതിയോട് ഇഴുകിച്ചേരാൻ വിസമ്മതിക്കുന്ന അന്യരുമാണ്.
യേശുക്രിസ്തു, രോഗബാധിതനായി മരിച്ചുപോയ ഒരാളെ പുനർജീവിപ്പിക്കുകയുണ്ടായി. പുതുജീവൻ കൂടി കല്ലറയിൽനിന്ന് പുറത്തുവന്നെങ്കിലും അയാളുടെ തുടർജീവിതം അഴുകിയ ശരീരത്തോടെ തന്നെയായിരുന്നു. ആ വ്യക്തിയുടെ പിന്മുറക്കാരാണെന്ന് വർണിച്ചുകൊണ്ട് എല്ലാവിധത്തിലുമുള്ള അറപ്പും വെറുപ്പുമാണ് നാസികൾ ജൂതർക്കുനേരെ പ്രയോഗിച്ചതെന്ന് സാൻഡൽ എൽ. ഗിൽമാൻ എന്ന സാമൂഹിക ചിന്തകൻ ചൂണ്ടിക്കാട്ടുകയുണ്ടായി. സമാനമായ വിധത്തിലുള്ള അറപ്പും വെറുപ്പുമാണ് ഇന്ത്യയിലെ മുസ്ലിംകൾക്കെതിരെ ഹിന്ദുത്വ വാദികൾ ഉന്നയിക്കുന്നതും. മുസ്ലിംകളുടെ മതപരവും വിശ്വാസപരവുമായ വ്യത്യാസങ്ങളെ അവരുടെ സാമൂഹികവും വൈയക്തികവുമായ ആദർശ മണ്ഡലങ്ങളെ ഒരുതരം സാംസ്കാരിക പകർച്ചവ്യാധിപോലെ കാണാൻ ഏറ്റവും അടിത്തട്ടിലുള്ളവരെപ്പോലും അവർ പരിശീലിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ ‘തുപ്പൽ ജിഹാദ്’ എന്ന പേരിൽ മുമ്പ് സൂചിപ്പിച്ച പ്രചാരണം മുറുകിനിൽക്കുകയും അതിന്റെ മുൻപന്തിയിൽ സംഘ് പരിവാർ ശക്തികൾ അണിനിരക്കുകയും ചെയ്തതോടെ മുഖ്യധാര ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനം അതിനെതിരെയുള്ള പ്രതിരോധമേറ്റെടുത്തു. അതിന്റെ ഭാഗമായി ‘ഭക്ഷണത്തിൽ മതം കലർത്തുന്ന പരിവാർ രാഷ്ട്രീയത്തിനെതിരെ’ ജില്ല കേന്ദ്രങ്ങളിൽ ഫുഡ് ഫെസ്റ്റിവൽ നടത്തുകയെന്ന സമരമാണ് അവർ ആവിഷ്കരിച്ചത്.
ഇതിനുമുമ്പ് ഓർക്കേണ്ട കാര്യം, രോഹിത് വെമുല ആത്മഹത്യ ചെയ്ത ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ദലിത് ബഹുജൻ വിദ്യാർഥി സംഘടനകളാണ് ഇന്ത്യയിൽ ആദ്യമായി ‘ബീഫ് ഫെസ്റ്റിവൽ’ നടത്തിയതെന്നതാണ്. അതിന്റെ അനുകരണമായിരുന്നു ഇടതുപക്ഷ യുവജന സംഘടനയുടേത്. എന്നാൽ, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ ബഹുജൻ വിദ്യാർഥികളുടേത് ‘ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ് പരിവാർ രാഷ്ട്രീയത്തിന് എതിരെയെന്ന അജണ്ടയായിരുന്നില്ല. മറിച്ച്, ഹിന്ദുത്വ ശക്തികൾ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലേറിയതിന്റെ തുടർച്ചയിൽ ബീഫിന്റെ പേരിൽ മുസ്ലിംകളെയും കീഴാളരെയും മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്റ്റേറ്റ് പരിരക്ഷയുള്ള ലിഞ്ചിങ് പദ്ധതിക്കെതിരെയാണ് അവർ പ്രതിഷേധം നടത്തിയത്.
മാത്രമല്ല, പശുവിന് വിശുദ്ധ പദവി നൽകുന്നത് കീഴാള ബഹുജനങ്ങളുടെ ദൈനംദിന ജീവിതത്തെപ്പോലും തകർക്കുന്ന പുതുകാല ഹൈന്ദവ ധാർമികതക്കെതിരെയും കൂടിയാണ് അവർ സമരം നടത്തിയത്. മറ്റൊരുകാര്യം, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ദലിത് ബഹുജനങ്ങളിൽനിന്ന് ചെറിയൊരു വ്യവസായിക വിഭാഗം ഉയർന്നുവന്നത് തുകൽ സംസ്കരണത്തിലൂന്നിയ കച്ചവടത്തിലൂടെയാണ്. ഈ വിഭാഗത്തെ ഇല്ലായ്മ ചെയ്യുക എന്നതും പശു ഗുണ്ടായിസത്തിൽ ഉള്ളടങ്ങിയിരുന്നു. ഇപ്രകാരം പ്രത്യക്ഷമായി കീഴാള-ന്യൂനപക്ഷ ജനതയുടെ നിലനിൽപിനെത്തന്നെ ബാധിച്ച വിഷയമായതിനാലാണ് ഒട്ടേറെ എതിർപ്പുകൾ നേരിട്ടുകൊണ്ട് അവർ ബീഫ് ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചത്.
ആ വിദ്യാർഥി സംഘടനകൾ നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ പോർക്കിറച്ചി ഉൾപ്പെടുത്തിയിരുന്നില്ല. പോർക്കിറച്ചി നിഷിദ്ധമായി കരുതുന്ന മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള സാഹോദര്യഭാവന ഉയർത്തിപ്പിടിക്കാനും ആ സമുദായത്തിന്റെ വിശ്വാസപരവും മതപരവുമായ വ്യത്യസ്തതയെ ആദരിക്കാനുമാണ് അവർ പോർക്കിറച്ചി ഒഴിവാക്കിയത്.
ഇതേസമയം, കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ യുവജന സംഘടനയുടെ ഫുഡ് സ്ട്രീറ്റ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് നിങ്ങൾക്ക് പേർക്കിറച്ചിയും കൂടെ വിളമ്പാൻ ധൈര്യമുണ്ടോ എന്ന് ഏതാണ്ടൊരു വെല്ലുവിളിപോലെ ഹിന്ദുത്വവാദികൾ ചോദ്യമുന്നയിച്ചു. നേരിട്ട് മറുപടി പറഞ്ഞില്ലെങ്കിലും ഡിവൈ.എഫ്.ഐയുടെ ഫുഡ് സ്ട്രീറ്റിൽ പോർക്കിറച്ചിയും വിളമ്പി. ഇതോടെ മുസ്ലിംകളെ പ്രീണിപ്പിക്കാൻവേണ്ടി പോർക്കിറച്ചി ഉപേക്ഷിക്കുമെന്ന് പരിഹസിച്ചിരുന്ന സംഘ് പരിവാറിലെ പല പ്രമുഖരും ഇടതുപക്ഷത്തെ അഭിനന്ദിക്കുകയും ചെയ്തു.
യഥാർഥത്തിൽ ഭക്ഷണത്തിൽ മതം കലർത്തുകയല്ല സംഘ് പരിവാർ ചെയ്യുന്നത്. ഭക്ഷണവും വസ്ത്രവും വിശ്വാസവുമടക്കമുള്ള സകലതിനെയും അപരവത്കരണത്തിനുവേണ്ടിയുള്ള ഉപാധികളാക്കി പുനർനിശ്ചയിക്കുകയാണവർ. അതായത്, ഭക്ഷണത്തിന്റെ മതേതര ശുദ്ധിയിൽ കളങ്കം വരുത്തുകയല്ല, മറിച്ച് മുസ്ലിംകളെയും ഇതര കീഴാള ബഹുജനങ്ങളെയും സവിശേഷമായി വേർതിരിച്ചുകൊണ്ട് തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന് മൂർച്ച കൂട്ടാനാണ് അവർ ശ്രമിക്കുന്നത്. അവർ പ്രചരിപ്പിക്കുന്ന സസ്യാഹാര ശീലവും ബീഫിനോടുള്ള വെറുപ്പും ഹിന്ദുമതവുമായി ബന്ധപ്പെട്ട വിഷയമേയല്ല. ഇന്ത്യയിലെ ബ്രാഹ്മണ മേധാവിത്വത്തിന്റെയും വരേണ്യഹിന്ദുക്കളുടെയും വംശീയാധിപത്യത്തെ സ്ഥിരീകരിക്കാനായി ആക്രമണപരമായി വിന്യസിക്കുന്ന പ്രമേയങ്ങളാണവ. ഈ വശത്തിലൂടെ നോക്കുമ്പോൾ, ഹിന്ദുത്വ ശക്തികൾ ഭക്ഷണത്തിൽ മതം കലർത്തുന്നു എന്ന ഡി.വൈ.എഫ്.ഐയുടെ വാദം എത്രമാത്രം ഉപരിപ്ലവമാണെന്ന് ബോധ്യപ്പെടും.
പോർക്കിറച്ചി മുസ്ലിംകൾക്ക് ഹറാമാണെങ്കിലും താൽപര്യമുള്ളവർ കഴിക്കുന്നതിനെയോ, വിൽപന നടത്തുന്നതിനെയോ അവർ എതിർക്കാറില്ല. ഗൾഫ് നാടുകളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും അതിന്റെ വിൽപനയും ഉപഭോഗവും നടക്കുന്നുണ്ട്. കുറച്ചുനാൾ മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയിൽ ഒരു ഹിന്ദു വനിത ഒരു ഹോട്ടലിൽ പ്രവേശിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മാംസ ഭക്ഷണത്തിന്റെ മണം കേട്ട് അവർ പുറത്തേക്ക് ഓടിയെന്നും തുടർന്ന് പശുമൂത്രവും ചാണകവുമടങ്ങുന്ന പഞ്ചഗവ്യം നാൽപത് ദിവസം സേവിച്ച് ശരീരശുദ്ധിവരുത്തിയെന്നും അഭിമാനപൂർവം പറയുന്നത് കേൾക്കുകയുണ്ടായി. മറ്റുള്ളവർ കഴിക്കുന്ന ആഹാരത്തോടുള്ള കടുത്ത അവജ്ഞയും അയിത്തവുമാണ് ഇത്തരം വാചകങ്ങളിലൂടെ മുഴങ്ങിക്കേൾക്കുന്നത്. പോർക്കിറച്ചി കഴിക്കുന്നവരോട് ഇത്തരത്തിലുള്ള പ്രതികരണം മുസ്ലിംകൾ നടത്തിയതായി കേട്ടിട്ടില്ല.
പോർക്കിറച്ചി കഴിക്കാതിരിക്കുന്നതും ബീഫ് കഴിക്കുന്നവരെ സ്റ്റേറ്റിന്റെ പിൻബലത്തിൽ മർദിച്ചൊതുക്കുന്നതും ഒരേപോലെ കാണാനാവുമോ?
പശുവെന്ന മൃഗത്തിന്റെ പേരിൽ നിരവധിയാളുകളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്. പല സംസ്ഥാന സർക്കാറുകളും കഠിനമായ ശിക്ഷാവിധിയുൾക്കൊള്ളുന്ന നിയമങ്ങൾ പശു സംരക്ഷണത്തിനായി നടപ്പാക്കിയിട്ടുമുണ്ട്. ഇത്തരം വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ട് ‘നിങ്ങളുടെ പ്രതിരോധ സമരത്തിൽ പോർക്കിറച്ചിയും കൂടെ വിളമ്പുമോ’ എന്ന് സംഘ്പരിവാർ ശക്തികൾ പരിഹാസമുന്നയിക്കുമ്പോൾ, അതനുസരിച്ച് ഉദാരമതികളാവുന്നവരും ഭക്ഷണത്തെ മതേതരവത്കരിക്കുകയാണ് ഞങ്ങളുടെ പരിപാടിയെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും ഹിന്ദുത്വത്തിന്റെ ആക്രമണ ദേശീയതയെ തന്നെയാണ് അപ്രത്യക്ഷമാക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബീഫിന്റെ പേരിലും പോർക്കിറച്ചിയുടെ പേരിലും ഹിന്ദുത്വ വംശീയവാദികൾ നടത്തുന്ന അതിക്രമങ്ങളുടെ ഫോക്കസ് മറ്റൊരു തരത്തിൽ മാറ്റിമറിക്കുക മാത്രമല്ല, അതിന്റെതന്നെ കെണികളിൽ സ്വയം അകപ്പെടുക എന്നതും കൂടിയാണ് പോർക്കിറച്ചി സമം പശുവിറച്ചി എന്ന സമീകരണത്തിലൂടെ സംഭവിക്കുന്നത്.
മുഖ്യധാര ഇടതുപക്ഷത്തെ സംബന്ധിച്ച് ദലിത്- ന്യൂനപക്ഷ വിഷയങ്ങൾ കേവലമായ കക്ഷിരാഷ്ട്രീയ പ്രചാരണോപാധി എന്നതിനപ്പുറം കടന്ന പ്രമേയങ്ങളല്ല. അതിനാൽത്തന്നെ മതേതരത്വത്തെപ്പറ്റിയുള്ള അവരുടെ ഉൾക്കാഴ്ചയും യാന്ത്രികപരവും സവർണ മേധാവിത്വത്തെ പ്രതിരോധിക്കാൻ വിസമ്മതിക്കുന്നതുമാണ്. അതുകൊണ്ടാണ് ബീഫിന്റെയും പോർക്കിറച്ചിയുടെയും പ്രശ്നമുയരുമ്പോൾ അവർ കുഴങ്ങിപ്പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.