ഇയോതിതാസ് പണ്ഡിതർ ഉയർത്തിയ പടകാഹളം
text_fieldsദക്ഷിണേന്ത്യയിലെ കീഴാള ബഹുജനങ്ങളും തമിഴ്നാട്ടിലെ മുഖ്യധാര സമൂഹവും ഇയോതിതാസ് പണ്ഡിതരുടെ പേരിനെ മഹാത്മ ഫൂലേക്കും ഡോ. ബി.ആർ. അംബേദ്കർക്കും പെരിയോർ രാമസ്വാമി നായ്ക്കർക്കും ഒപ്പം പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്
അരികുവത്കരിക്കപ്പെട്ടവർ, അദൃശീകരിക്കപ്പെട്ടവർ മുതലായ വാക്കുകൾ സാമൂഹികമായി പുറന്തള്ളപ്പെട്ടവരെ സൂചിപ്പിക്കാൻ ധാരാളമായി ഉപയോഗിക്കാറുണ്ട്. മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര കാഴ്ചപ്പാടിലുള്ള തൊഴിലാളിവർഗം എന്ന സങ്കൽപനത്തിൽനിന്ന് വ്യത്യസ്തമായ അർഥതലങ്ങളാണ് ഈ വാക്കുകൾക്കുള്ളത്.
ആഫ്രോ അമേരിക്കൻ എഴുത്തുകാരൻ റാൽഫ് എല്ലിസൺ 1952ൽ എഴുതിയ ഒരു നോവലിന്റെ പേരാണ് ‘ഇൻവിസിബിൾ മാൻ’. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ രണ്ടാംലോക മഹായുദ്ധം വരെയുള്ള കാലയളവിൽ അമേരിക്കയിലെ കറുത്തവരായ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട രാഷ്ട്രീയ ചലനങ്ങളെയും ആന്തരിക സമ്മർദങ്ങളെയും പ്രതിപാദിക്കുന്ന കൃതിയായാണ് ഇത് വായിക്കപ്പെടുന്നത്.
നോവലിലെ മുഖ്യ കഥാപാത്രംതന്നെ അദൃശ്യനാണ്. എന്നാൽ, താൻ അദൃശ്യനല്ലെന്നും തന്നിൽ ‘അദൃശ്യത വന്നുകൂടിയതിന്റെ കാരണം ഇടപെടുന്ന ആളുകളുടെ കണ്ണുകളുടെ വിചിത്രമായ ക്രമസംവിധാനം മൂലമാണെന്നും’ അയാൾ പറയുന്നു.
അതായത്, അമേരിക്കയുടെ ദേശീയ ചരിത്രത്തിലും ആശയ സംഘർഷങ്ങളിലും ദൈനംദിനമായ ജീവിതാനുഭവങ്ങളിലും കറുത്തവരായ ജനവിഭാഗങ്ങൾ അദൃശ്യരായി നിലകൊള്ളുന്നത് അവരുടെ അസാന്നിധ്യം മൂലമല്ല. മറിച്ച് വെളുത്ത വംശീയാധികാരം രൂപപ്പെടുത്തിയിട്ടുള്ള കാഴ്ചകളുടെ ക്രമസംവിധാനത്തിന്റെ ഫലമാണത്.
ഇന്ത്യയിലെ മുഖ്യധാര ചരിത്രപാഠങ്ങളിൽ ദലിത് ബഹുജനങ്ങളുടെയും കീഴാള സ്ത്രീകളുടെയും പ്രാതിനിധ്യം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു എന്ന വിമർശനം നേരത്തേതന്നെ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് കാരണമായ ചരിത്രസന്ദർഭം ദേശീയപ്രസ്ഥാനത്തിനകത്തുതന്നെ കണ്ടെത്താനാവും.
ദേശീയപ്രസ്ഥാനം ശക്തിപ്പെടുകയും അതിലേക്ക് വിവിധവിഭാഗം ജനങ്ങൾ ഏകീകരിക്കപ്പെടുകയും ചെയ്യുന്ന തുടക്കകാലത്ത് അതിൽ രണ്ട് പക്ഷങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ സമരങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും അതിലൂടെ ബ്രിട്ടീഷുകാരിൽനിന്ന് തങ്ങളിലേക്ക് അധികാരം കൈമാറുന്നതിനായി പ്രവർത്തിച്ചവരായിരുന്നു ഒരുപക്ഷം.
ജാതിവ്യവസ്ഥമൂലം ഉണ്ടായ അസമത്വങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ഹൈന്ദവ സാമൂഹിക ഘടനയിൽ പരിഷ്കരണം നടത്തുകയാണ് വേണ്ടതെന്ന നിലയിൽ പ്രവർത്തിച്ചവരായിരുന്നു മറുപക്ഷം.
ദേശീയവാദികൾ എന്നറിയപ്പെട്ട ആദ്യപക്ഷക്കാരിൽ സവർണരായിരുന്നു കൂടുതലെങ്കിൽ, സാമൂഹിക പരിഷ്കരണ വാദികൾ എന്നറിയപ്പെട്ടിരുന്ന രണ്ടാമത്തെ കൂട്ടരിൽ കീഴാള പ്രതിനിധികൾക്കായിരുന്നു പ്രാമുഖ്യം. കുറേനാൾ ഈ രണ്ടുവിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിനകത്ത് ഇരു ചിറകുകൾപോലെയാണ് നിലകൊണ്ടിരുന്നത്.
എന്നാൽ, നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലേക്ക് ബാലഗംഗാധര തിലകൻ വന്നതോടെ ഈ ഐക്യത്തിന് വിള്ളൽ സംഭവിച്ചു.
അദ്ദേഹം ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയുടെ പരിഷ്കരണത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവർക്ക് വിലക്കേർപ്പെടുത്തുകയും ദേശീയവാദത്തിന്റെ ഉയിർത്തെഴുന്നേൽപിന്റെ ആശയാടിത്തറയായി ആര്യൻവംശ സിദ്ധാന്തങ്ങളെ സ്ഥാപിക്കുകയും ചെയ്തു. അധികം താമസിയാതെ രാഷ്ട്രീയ പരിഷ്കരണവാദികൾ ദേശീയ പ്രസ്ഥാനത്തിനകത്ത് സമ്പൂർണ ആധിപത്യമുറപ്പിക്കുകയും സാമൂഹിക പരിഷ്കരണത്തിനുവേണ്ടി വാദിച്ചിരുന്നവർ ചരിത്രത്തിൽനിന്നുതന്നെ അദൃശ്യരാവുകയും വിസ്മൃതരാവുകയും ചെയ്തു.
നിർബന്ധിത നിശ്ശബ്ദീകരണത്തിലൂടെ അവർ അദൃശ്യരാക്കപ്പെട്ടതോടെ പഞ്ചാബ് മുതൽ ബംഗാൾവരെയുള്ള നാടുകളിൽ ആദിധർമികൾ, യാദവൻ, കുരിലുകൾ, പാടികൾ, പാസ്വാനികൾ എന്നിങ്ങനെയുള്ള സമുദായങ്ങൾ ആത്മാഭിമാനത്തിനും സാമൂഹിക പരിവർത്തനത്തിനും വേണ്ടി നടത്തിയ സമരങ്ങൾ ദേശീയഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.
അഹർവാദികൾ, ബിർവാസികൾ, സതാമികൾ, മഹറുകൾ, ആദിദ്രാവിഡർ, പുലയർ, പറയർ, ഈഴവർ മുതലായ കീഴാള സമുദായങ്ങൾ ജാതി മേധാവിത്വത്തിനും ബ്രാഹ്മണ സംസ്കാരിക മേധാവിത്വത്തിനും എതിരെ നടത്തിയ മുന്നേറ്റങ്ങൾ ദേശീയപാഠങ്ങളിൽനിന്ന് പുറത്തായി.
മാത്രമല്ല, ഉത്തർപ്രദേശിൽ സ്വാമി അച്യുതാനന്ദയുടെ പ്രസ്ഥാനം, ആന്ധ്രയിൽ നസ്രയയ്യുടെ സമരങ്ങൾ, തമിഴ്നാട്ടിൽ ഇയോതിതാസിന്റെ ദ്രാവിഡ മഹാജനസഭ, കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും പ്രസ്ഥാനങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി ജനതകളുടെ പ്രക്ഷോഭങ്ങൾ എന്നിവയെല്ലാം ചരിത്രസ്മരണകളിൽനിന്ന് തിരോഭവിക്കുകയോ അപ്രധാനീകരിച്ചോ തെറ്റിദ്ധരിക്കപ്പെട്ടോ പ്രതിപാദിക്കപ്പെടുകയോ ചെയ്തു.
ഈ പ്രതിനിധാന ഹിംസയുടെ ഏറ്റവും പ്രധാനപ്പെട്ട വശം, ഇന്ത്യയിലെ ബ്രാഹ്മണാധിപത്യ ശക്തികൾ അടിച്ചേൽപിച്ച സാംസ്കാരിക ധാരകൾക്ക് സമാന്തരമായി കീഴാള ബഹുജനങ്ങളിൽ വേരോടിയിരുന്ന ശ്രമണചിന്തകളും ദാർശനിക ധാരകളും പൊതുമണ്ഡലത്തിൽ തിരസ്കൃതമായി എന്നതാണ്.
ദേശീയതാ വ്യവഹാരങ്ങൾ സ്ഥാപനവത്കരിക്കപ്പെട്ടപ്പോൾ പുറന്തള്ളപ്പെടുകയും അദൃശ്യമാവുകയും ചെയ്ത കീഴാള ദാർശനിക ധാരകൾ പുനർവായിക്കപ്പെട്ടത് 1980കൾക്കുശേഷം സാമൂഹിക, രാഷ്ട്രീയരംഗത്തും ചിന്താരംഗത്തും രൂപപ്പെട്ട പുതു ദലിത് കർതൃത്വ രൂപവത്കരണങ്ങളുടെ ഫലമായാണ്. ഇത്തരത്തിൽ വീണ്ടെടുക്കപ്പെട്ട അബ്രാഹ്മണിക ജ്ഞാന പ്രതിനിധാനങ്ങളിൽ ഏറ്റവും സമുന്നതമായ പേരുകളിലൊന്നാണ് ഇയോതിതാസ് (അയോതിതാസ്) പണ്ഡിതരുടേത്.
1845 മേയ് 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ പറയസമുദായത്തിലാണ് അദ്ദേഹം ജനിച്ചത്. കരുവരയൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലത്തെ പേര്. പിൽക്കാലത്ത് അദ്ദേഹം പ്രിയപ്പെട്ട അധ്യാപകന്റെ നാമവുമായി ചേർത്ത് തന്റെ പേര് ഇയോതിതാസ് എന്നാക്കി പുതുക്കി.
തൊഴിൽപരമായി അദ്ദേഹം സിദ്ധവൈദ്യനായിരുന്നു. മുത്തച്ഛനായ കണ്ടസ്വാമി ലോർഡ് ആർലിങ്സന്റെ പാചകക്കാരനായിരുന്നതിനാൽ അദ്ദേഹത്തിന് ബ്രിട്ടീഷ് സംസ്കാരവുമായുള്ള പരിചയം ചെറുപ്പത്തിൽതന്നെ ലഭിച്ചു. ഇയോതിതാസിന് തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം, പാലി എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. 1885ൽ അദ്ദേഹം റവ. ജോൺ രത്തിനവുമായി ചേർന്ന് ‘ദ്രാവിഡ പാണ്ഡ്യൻ’ എന്ന തമിഴ് മാസിക ആരംഭിച്ചു.
1886ൽ അദ്ദേഹം ‘തൊട്ടുകൂടാത്തവർ’ ഹിന്ദുക്കളല്ലെന്ന പ്രസ്താവന ഈ മാസികയിലൂടെ പ്രസിദ്ധീകരിച്ചു. 1881ലെ സെൻസസിൽ തൊട്ടുകൂടാത്തവരെ ‘ജാതിരഹിത ദ്രാവിഡർ’ എന്ന പേരിൽ ഹിന്ദുക്കളിൽനിന്ന് വേറിട്ട വിഭാഗമായി ചേർക്കണമെന്ന പ്രചാരണത്തിന് തുടക്കം കുറിച്ചു. 1891ൽ അദ്ദേഹം തമിഴ്നാട്ടിലെ ദലിത് ജനതയെ ഉൾക്കൊണ്ട് ദ്രാവിഡ ജനസഭ രൂപവത്കരിച്ചു.
ഇയോതിതാസാണ് ആധുനിക ഇന്ത്യയിൽ ബുദ്ധിസത്തിന്റെ പുനഃസ്ഥാപനത്തിനായി പ്രവർത്തിച്ച ആദ്യ ദലിത് നേതാവ്. 1898ൽ അദ്ദേഹം ശ്രീലങ്കയിൽ ചെന്ന് ദീക്ഷ സ്വീകരിച്ചു. ഇന്ത്യയിൽ തിരിച്ചെത്തി ശാക്യ ബുദ്ധിസ്റ്റ് സൊസൈറ്റി സ്ഥാപിച്ചു.
പിൽക്കാലത്ത് ബുദ്ധിസത്തിന്റെ യാഥാസ്ഥിതിക ഘടകങ്ങളുമായി വിയോജിച്ചുകൊണ്ട് തമിഴ് ബുദ്ധിസം എന്ന പുതിയ മുഖം നൽകി. ഡോ. അംബേദ്കർക്കും മുമ്പേ, ബുദ്ധിസത്തിലേക്കുള്ള മതപരിവർത്തനമാണ് ദലിതരുടെ വിമോചന മാർഗമെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കീഴാള ചിന്തകനാണ് ഇയോതിതാസ്.
തമിഴ്നാട്ടിലെ സാംസ്കാരിക ചിന്തകരും ഗവേഷകരും പേര് പരാമർശിക്കുകയും ചെറിയ രീതിയിലുള്ള വിശദീകരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ആധുനികാനന്തര കാലത്ത് ഇയോതിതാസ് പണ്ഡിതരുടെ ബ്രഹത്തായ എഴുത്തുകൾ ക്രോഡീകരിച്ചതും വ്യവസ്ഥാപിതത്വത്തിൽ വിമോചിപ്പിച്ച് പുനർപാരായണം ചെയ്തതും എം.എസ്.എസ്. പാണ്ഡ്യൻ, ജി. അലോഷ്യസ്, ഡിക്കൻസ് ലിയോനോർഡ് മുതലായ ചിന്തകരും എഴുത്തുകാരുമാണ്. ജി. അലോഷ്യസ് ‘ഇയോതിതാസ് ചിന്തകൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ എഴുത്തുകൾ സമാഹരിച്ച് മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ന് ദക്ഷിണേന്ത്യയിലെ കീഴാള ബഹുജനങ്ങളും തമിഴ്നാട്ടിലെ മുഖ്യധാര സമൂഹവും ഇയോതിതാസ് പണ്ഡിതരുടെ പേരിനെ മഹാത്മ ഫൂലേക്കും ഡോ. ബി.ആർ. അംബേദ്കർക്കും പെരിയോർ രാമസ്വാമി നായ്ക്കർക്കും ഒപ്പം പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്.
ഹിന്ദുക്കളിൽനിന്ന് വേറിട്ട ഒരു ജനതയായി ദലിത് സമുദായത്തെ സവിശേഷമായും മറ്റിതര പിന്നാക്ക വിഭാഗങ്ങളെ പൊതുവിലും പുനർനിർണയിച്ചതിനൊപ്പം ചരിത്രത്തിൽ മാഞ്ഞും മറഞ്ഞും പോയ അബ്രാഹ്മണിക ദാർശനിക ചിന്തകളെ സമകാലീനവത്കരിക്കുകയും ചെയ്തതിൽ ഇയോതിതാസ് പണ്ഡിതർ നൽകിയ മഹത്തായ സംഭാവനകളെ നാലുതരത്തിൽ ചുരുക്കി വിശദീകരിക്കാം.
ഒന്ന്: ഹൈന്ദവ ജ്ഞാന-കർമ സിദ്ധാന്ത പ്രകാരം ദലിതരെ വിളിച്ചിരുന്നത് ‘അന്ത്യജർ’ ‘തൊട്ടുകൂടാത്തവർ’ ‘പഞ്ചമർ’ എന്നിങ്ങനെയാണ്. ഇയോതിതാസ് പണ്ഡിതർ ഇത്തരം നാമീകരണങ്ങളെ പൂർണമായി നിഷേധിച്ചു.
അദ്ദേഹത്തിന്റെ വാദപ്രകാരം ‘അന്ത്യജർ’ എന്നാൽ ‘അവശിഷ്ടം’ എന്നാണ് അർഥം. ‘തൊട്ടുകൂടാത്തവർ’ പദം വിവക്ഷിക്കുന്നത് കുഷ്ഠം, കോളറപോലുള്ള രോഗബാധിതരെയാണ്. ‘പഞ്ചമർ’ എന്നത് പാണ്ഡവരുമായി കുലപരമായി ചേർച്ചയുള്ള പേരാണ്. മേൽപറഞ്ഞ പേരുകളെ നിഷേധിച്ച് ദലിതരെയും അബ്രാഹ്മണരെയും വിശേഷിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ച വാക്ക് ‘ദ്രാവിഡർ’ എന്നാണ്.
രണ്ട്: ഹിന്ദുപുരാണങ്ങൾ പ്രകാരം വിന്ധ്യ പർവതത്തിന് തൊട്ടുള്ള പ്രദേശങ്ങൾ രാക്ഷസരും അപരിഷ്കൃതരും ബ്രാഹ്മണ വിരോധികളും താമസിക്കുന്ന ഇടമാണ്. ഇത്തരത്തിൽ സ്ഥലപരമായി അപരവത്കരിക്കപ്പെട്ട പ്രദേശങ്ങളെ ഭൗമ രാഷ്ട്രീയപരമായി ഉയർത്തിപ്പിടിച്ചുകൊണ്ട് അവിടെ അധിവസിക്കുന്ന ജനതയുടെ ചലനാത്മകതയാണ് അദ്ദേഹം പുനർനിർണയിച്ചത്.
മൂന്ന്: ബ്രാഹ്മണ പരിഷ്കരണവാദികളും ഹിന്ദു നവോത്ഥാനകരും തുടക്കം കുറിച്ച സ്വദേശി പ്രസ്ഥാനത്തെ മഹാത്മ ഫൂലേയെപോലെത്തന്നെ തുടക്കം മുതലേ അദ്ദേഹം വിമർശിച്ചിരുന്നു. അവർ ജാതിയെ ഇല്ലായ്മ ചെയ്യുന്നതിന് പകരം മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു വിമർശനത്തിന്റെ കാതൽ.
നാല്: ഇയോതിതാസ് പണ്ഡിതരുടെ ഏറ്റവും വലിയ സംഭാവന ആധുനിക പത്രമാധ്യമരംഗത്ത് തെക്കേയിന്ത്യയിൽ അതിവിപുലമായ വിധത്തിൽ പ്രവർത്തനം നടത്തിയതാണ്. 1885ൽ ദ്രാവിഡ പാണ്ഡ്യൻ എന്ന മാസികക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം 1907ൽ ഒരു പൈസ തമിഴൻ എന്ന മാസിക ആരംഭിച്ചു. പിന്നീട് അതിന്റെ പേര് ‘തമിഴൻ’ എന്നാക്കി ജീവിതാവസാനംവരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു.
ഈ മാസിക പിന്നീട് മകൻ ഏറ്റെടുത്ത് കുറച്ചുകാലവുംകൂടെ മുന്നോട്ടുകൊണ്ടുപോയി.കീഴാള ജനവിഭാഗങ്ങളുടെ ഉയർച്ചക്കും സാമൂഹിക ചലനങ്ങൾക്കും ശാക്തീകരണത്തിനും ആധുനിക അച്ചടിമാധ്യമങ്ങളുമായി അഭേദ്യമായി ബന്ധമുണ്ട്. യൂറോപ്പിൽ പുതുതായി ഉയർന്നുവന്ന മധ്യവർഗം വ്യവസ്ഥാപിതത്ത്വങ്ങൾക്ക് എതിരെ ശക്തമായ സമരം നടത്തിയത് അച്ചടിയിലൂടെയുള്ള എഴുത്തും വായനയും ഉപയോഗപ്പെടുത്തിയാണ്.
സമാനമാംവിധത്തിൽ ഇന്ത്യയിലെ ഓരോ പ്രദേശത്തും ദലിതരും പിന്നാക്ക-ന്യൂനപക്ഷങ്ങളും അച്ചടി-എഴുത്ത്-വായനയുടെ പ്രപഞ്ചബോധത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. അത്തരം കടന്നുവരവിൽ ഏറ്റവും ശക്തമായ പ്രതിനിധാനമാണ് ഇയോതിതാസ് പണ്ഡിതരുടെ എഴുത്തുകളും വായനയും അച്ചടിമാധ്യമ പ്രചാരണങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.