‘മനുവാദ’ ഇന്ത്യയെ കണ്ടെത്തൽ
text_fieldsക്വിറ്റ് ഇന്ത്യ പ്രക്ഷോഭണത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1942-46 കാലഘട്ടത്തിൽ അഹ്മദാബാദ് കോട്ടയിൽ ജയിൽവാസം അനുഭവിക്കുമ്പോഴാണ് ജവഹർലാൽ നെഹ്റു ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകം രചിക്കുന്നത്. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, തത്ത്വചിന്ത എന്നിവയെക്കുറിച്ച് ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ വിശാലമായ കാഴ്ചപ്പാടെന്ന നിലയിലാണ് അദ്ദേഹം ആ പുസ്തകമെഴുതിയത് .
അതിപ്രാചീനകാല ഇന്ത്യയിലെ ജനജീവിതം മുതൽ വേദകാലഘട്ടവും സൈന്ധവനാഗരികതയും പ്രതിപാദിച്ച്, ബ്രിട്ടീഷ് രാജ് വരെയുള്ള ചരിത്ര സന്ദർഭങ്ങളും സ്വാതന്ത്ര്യാനന്തര ഭാവിയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും അതിലുള്ളടങ്ങിയിരുന്നു. മറ്റു പല ദേശീയവാദികളെയും പോലെ നെഹ്റുവും ഇന്ത്യയുടെ ഏറ്റവും പ്രധാന സാംസ്കാരിക സവിശേഷതയായി വിലയിരുത്തുന്നത് നാനാത്വത്തിൽ ഏകത്വത്തെയാണ്. ഒപ്പം ഇന്ത്യയുടെ മതസഹിഷ്ണുതയുടെ പാരമ്പര്യത്തെയും വിദേശ ആക്രമണകാരികളോട് പോലും പുലർത്തിയ ആതിഥേയ മനോഭാവത്തെയും ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിന്റെ ചില ന്യൂനതകളെപ്പറ്റി പി.കെ. ബാലകൃഷ്ണൻ സൂചിപ്പിക്കുന്നതിപ്രകാരമാണ് . ‘‘അദ്ദേഹം കണ്ടുപിടിക്കുന്ന കുഴപ്പങ്ങളുടെ കൂട്ടത്തിൽ ഹിന്ദുമതത്തിലെ ജാതിയെന്ന അനാചാരവും ഉൾപ്പെടാതിരുന്നില്ല. പക്ഷേ, ഹിന്ദുജനതയിലെ ഗണ്യമായ ഒരു വിഭാഗം ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ളവരായിരുന്നുവെന്നും മേൽജാതികളെ സ്പർശിക്കാൻ പാടില്ലാത്ത അവിശുദ്ധമനുഷ്യരായിരുന്നുവെന്ന സംഗതിയും കേവലം ഒരനാചാരം എന്നതിൽ കവിഞ്ഞു ഒന്നുമായിരുന്നില്ല നെഹ്റുവിന്. ഹിന്ദുമത ദർശനങ്ങളുമായോ പുരാണേതിഹാസങ്ങളുമായോ ഹൈന്ദവസംസ്കാരവുമായോ ജൈവബന്ധമുള്ള മാരക വ്യാധിയാണ് ജാതിയെന്ന ചിന്ത അദ്ദേഹത്തിന് അന്യമായിരുന്നു’’.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ ഭരണാധികാരത്തിലേക്കുയർന്ന മതേതര പുരോഗമന പക്ഷത്തെ സംബന്ധിച്ചിടത്തോളം ജാതിവ്യവസ്ഥ കേവലം ഒരനാചാരം മാത്രമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രം പുരോഗമിക്കുമ്പോൾ ജാതിവ്യവസ്ഥ സ്വയം അപ്രത്യക്ഷമാവുമെന്ന് അവർ വിശ്വസിച്ചു. തന്മൂലം ജാതിയെപ്പറ്റി പ്രതിപാദിക്കുന്നതും അതിന്റെ അടിച്ചമർത്തലിനു വിധേയരാകുന്നവർ സവിശേഷ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും തെറ്റായ പ്രവണതയായാണ് അവർ കണ്ടത് .
ദേശീയവാദികൾക്കൊപ്പം പുരോഗമന ചിന്തയെ പ്രതിനിധാനം ചെയ്തവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ. അവർ ജാതിവ്യവസ്ഥയെ അനാചാരം എന്നതിനൊപ്പം പ്രാഗ് മുതലാളിത്ത ഘടകമായും വിലയിരുത്തി. സമൂഹം ചരിത്രവികാസത്തിന്റെ നേർരേഖയായ മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കും വികസിക്കുമ്പോൾ ജാതിവ്യവസ്ഥ സ്വയം ഇല്ലാതാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയുടെ മതേതര ഭരണവർഗവും മറ്റൊരു പുരോഗമനവിഭാഗമായ കമ്യൂണിസ്റ്റുകളും ജാതിവ്യവസ്ഥയെ ആധുനിക പൂർവ പ്രതിഭാസം അല്ലെങ്കിൽ ആധുനികമല്ലാത്ത പ്രതിഭാസം എന്നനിലയിലാണ് കണ്ടത്. ഇക്കൂട്ടർക്ക് ജാതിവ്യവസ്ഥക്കും അയിത്തത്തിനും ഹൈന്ദവ മീമാംസകളും ദൈവശാസ്ത്രചിന്തകളുമായുള്ള ബന്ധത്തെ ഉൾക്കൊള്ളാനായില്ല.
എന്നാൽ, 1970 കളോടെ ഇന്ത്യയൊട്ടാകെ സാംസ്കാരിക ദേശീയവാദത്തിനും അഖണ്ഡതക്കും പുതിയ തരത്തിലുള്ള സ്വീകാര്യത കിട്ടുകയുണ്ടായി . ഇതിനു കാരണം സ്വതന്ത്ര ഇന്ത്യയിൽ നിരന്തരം ആവർത്തിക്കുന്ന ദലിത് കൂട്ടക്കൊലകൾ, ഗോത്രവർഗ ജനതകളുടെ പുറന്തള്ളൽ, മുസ്ലിം ന്യൂനപക്ഷങ്ങൾക്കു എതിരെയുള്ള വംശീയകലാപങ്ങൾ,സ്ത്രീപീഡനങ്ങൾ, ഭരണകൂടം നടപ്പാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ, അധികാരത്തിന്റെ സർവതലങ്ങളിലും തഴച്ചുവളർന്ന അഴിമതി എന്നിവ മൂലം നിലനിൽക്കുന്ന ഭരണവർഗത്തിന്റെ ബഹുജനസ്വീകാര്യതക്ക് ഇടിവ് സംഭവിച്ചതാണ് .
സാംസ്കാരിക ദേശീയവാദത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക- സാമ്പത്തിക ധ്വനികൾ ഇന്ത്യയിലെ നവ വരേണ്യ വർഗത്തെ ഏകീകരിച്ചപ്പോൾ സമാന്തരമായി ഇന്ത്യയിലെ കീഴാള സമുദായങ്ങളും സ്വയം തിരിച്ചറിവുകളിലേക്കും പ്രക്ഷോഭങ്ങളിലേക്കും ഉയർന്നു. അതിപുറമ്പോക്കുകളിൽനിന്ന് രൂപപ്പെട്ട ഈ മുന്നേറ്റങ്ങൾ ദേശരാഷ്ട്രത്തിലെ സവർണാധിപത്യത്തിനൊപ്പം ഹൈന്ദവ സാംസ്കാരികമേധാവിത്വത്തിനും വെല്ലുവിളി ഉയർത്തി. ഈ ചരിത്രസന്ദർഭത്തിലാണ് വി.ടി. രാജ്ശേഖറിനെ പോലുള്ള വിമത മാധ്യമപ്രവർത്തകരുടെ ഇടപെടലുകളും കലഹചിന്തകളും അടയാളപ്പെടുത്തേണ്ടത് എന്നുപറയാം .
ഡെക്കാൻ ഹെറാൾഡിലും ഇന്ത്യൻ എക്സ് പ്രസിലും ഇരുപത്തിയഞ്ചു വർഷത്തോളം മുൻനിര മാധ്യമപ്രവർത്തകനായിരുന്ന അദ്ദേഹം 1981 ലാണ് ബാംഗ്ലൂർ കേന്ദ്രമായി ‘ദലിത് വോയിസ്’ മാസിക ആരംഭിക്കുന്നത്. രാജ്യത്തെ താഴ്ന്ന തട്ടിലുള്ള ജനങ്ങൾ അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കും പ്രതിവിധിയായി നവ മാർക്സിസത്തെയും നവ ഗാന്ധിസത്തെയും സവർണ ലിബറലുകൾ ഉയർത്തിക്കാട്ടിയിരുന്ന അക്കാലത്ത് അംബേദ്കർ ചിന്തകളെയും കീഴാള ജ്ഞാന വ്യവഹാരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്.
മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മർദിത ദേശീയതകളുടെ ശബ്ദം എന്ന അടയാളവാക്യം ചേർത്തുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ദലിത് വോയ്സ് ദക്ഷിണേന്ത്യയിലെന്നപോലെ വളരെ പെട്ടെന്നുതന്നെ ഉത്തരേന്ത്യയിലെയും കീഴാള യുവജനങ്ങളുടെയും വിദ്യാർഥികളുടെയും ആവേശമായി മാറി. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ദലിത് -മുസ്ലിം -പിന്നാക്ക വിദ്യാർഥികൂട്ടായ്മകൾ ഈ മാസികയുടെ പ്രചാരണം ഏറ്റെടുത്തു.
ഹിന്ദു ഇന്ത്യയിൽ മാർക്സ് പരാജയപ്പെട്ടതെങ്ങനെ?, ഗോദ്സെ ഗാന്ധിയെ വധിച്ചതെന്തിന്?, മഹാത്മാഗാന്ധിയും ബാബ സാഹേബ് അംബേദ്കറും -രണ്ടു മൂല്യങ്ങളുടെ സംഘർഷം, ഇന്ത്യയിലെ അപാർത്തീഡ് : ഒരു അന്തർദേശീയ പ്രശ്നം, ജാതി-ദേശത്തിനുള്ളിലെ ദേശം മുതലായ രാജ്ശേഖറിന്റെ പുസ്തകങ്ങൾ ഇന്ത്യക്കകത്തും വിദേശത്തും വ്യാപകമായി വായിക്കപ്പെട്ടു. തന്റെ വിമത മാധ്യമപ്രവർത്തനത്തിന്റെ ഫലമായി ടാഡ പോലുള്ള നിയമത്തിനു വിധേയമായി ജയിൽ വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട് വി.ടി.ആറിന്. 2024 നവംബർ 20 ന് ജീവിതത്തോട് വിട പറയുമ്പോൾ അദ്ദേഹത്തിന് 92 വയസ്സായിരുന്നു.
ദലിത് വിമോചനത്തിനൊപ്പം ആഫ്രോ അമേരിക്കൻ ജനതയുടെ വിമോചന പോരാട്ടങ്ങളുമായും ഫലസ്തീൻ സ്വാതന്ത്ര്യമുന്നേറ്റങ്ങളുമായും അദ്ദേഹം ജൈവബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിലെ മർദിത ന്യൂനപക്ഷമായി മുസ്ലിംകളെ കണ്ട അദ്ദേഹം അവസാന കാലം വരെയും ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യത്തിന്റെ വക്താവുമായിരുന്നു. Thus spoke Ambedkar എന്ന പംക്തിയിലൂടെ അംബേദ്കറുടെ പ്രവചനവാക്യങ്ങൾ ദലിത് വോയ്സിന്റെ എല്ലാ ലക്കങ്ങളിലും പ്രചരിപ്പിച്ചിരുന്നു.
തന്റെ ജീവിതത്തിലുണ്ടായ നിർണായകമായ ഗതിമാറ്റത്തെപ്പറ്റി മലയാളത്തിലെ ഒരു മാധ്യമപ്രവർത്തകനുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിൽനിന്ന് അൽപം ഇവിടെ പകർത്തുകയാണ് : ‘‘ജന്മംകൊണ്ട് ഞാനൊരു ദലിതനല്ല. കർണാടകയിലെ ഒരു പിന്നാക്ക സമുദായത്തിലാണെന്റെ ജനനം. എങ്കിലും കഷ്ടപ്പാട് നിറഞ്ഞ ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നില്ല . എന്റെ അച്ഛൻ കലക്ടർ ആയിരുന്നു,രാഷ്ട്രീയ അനുഭാവം സി.പി .എമ്മിനോടായിരുന്നു. ഇ.എം.എസ് അടക്കമുള്ള അഖിലേന്ത്യ നേതാക്കളുമായി എനിക്ക് വ്യക്തിപരമായി നല്ല ബന്ധമാണുണ്ടായിരുന്നത്.
ഇന്ത്യൻ എക്സ് പ്രസിൽ ജോലി ചെയ്തിരുന്ന കാലത്തും എന്റെ സി.പി.എം അനുഭാവം പ്രകടമായിരുന്നു. ഇന്ത്യയിലെ ദരിദ്രരുടെ വിമോചനം കമ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നായിരുന്നു അക്കാലത്തെ എന്റെ വിശ്വാസം . പക്ഷേ, വിപ്ലവത്തിൽ പങ്കെടുക്കേണ്ട നിസ്വരായ ജനത കൂടുതലുള്ള ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളരാൻ കഴിയുന്നില്ല എന്നത് എന്നെ വിഷമിപ്പിച്ച ഒരു പ്രശ്നമായിരുന്നു.
പക്ഷേ, എഴുപതുകളുടെ ആദ്യം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ദലിത് മുന്നേറ്റങ്ങൾ ശക്തിപ്പെടാൻ തുടങ്ങി. സാമൂഹികമായും സാമ്പത്തികമായും കൊടിയ ചൂഷണങ്ങൾക്ക് വിധേയരായ ദലിതർ ചെറുത്തു നിൽപുകളെപ്പറ്റി ആലോചിക്കാൻ തുടങ്ങിയതിനെ ഞാൻ സന്തോഷത്തോടെയാണ് വീക്ഷിച്ചത് . മാർക്സിസ്റ്റ് ചിന്താപദ്ധതി അനുസരിച്ചുള്ള വർഗസമര സങ്കൽപം വെച്ച് നോക്കിയാലും ദലിതരാണ് ഇന്ത്യയിലെ യഥാർഥ തൊഴിലാളിവർഗം എന്നു കാണാം . അതുകൊണ്ടു കമ്യൂണിസ്റ്റ് പ്രസ്ഥാനം ദലിത് പ്രസ്ഥാനങ്ങൾക്ക് പിന്തുണ കൊടുക്കണമെന്ന കാഴ്ചപ്പാടാണ് എനിക്കുണ്ടായിരുന്നത്.
എന്റെ കാഴ്ചപ്പാട് ഞാൻ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു കോപ്പിയുമായി ഞാൻ ഇ.എം.എസിനെ ചെന്നു കണ്ടു. ഒരു യഥാർഥ മാർക്സിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എന്റെ വാദങ്ങളെ പിന്തുണക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത് . അദ്ദേഹം ഒരു ബ്രാഹ്മിൻ മാർക്സിസ്റ്റ് ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല . എന്നെ അതി രൂക്ഷമായാണ് ഇ.എം.എസ് വിമർശിച്ചത്. സോഷ്യൽ സയന്റിസ്റ്റിൽ അതിരൂക്ഷമായ ഒരു ലേഖനം തന്നെ എനിക്കെതിരായി അദ്ദേഹം എഴുതി. എന്നെ ഒരു ജാതിവാദിയായി മുദ്രയടിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല.
അന്നൊന്നും ദലിത് പ്രസ്ഥാനങ്ങളുമായി യാതൊരുവിധ ബന്ധവും എനിക്കുണ്ടായിരുന്നില്ല. ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ സി.പി.എം നേതൃത്വത്തെ സഹായിക്കാനായി മുന്നോട്ടുവെച്ച ആശയത്തോട് ഇ.എം.എസ് പുലർത്തിയ അസഹിഷ്ണുത എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ തനിനിറം പുറത്തുവന്നത് ഖേദത്തോടെ ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ ഞാൻ ജാതിവാദിയായി. ബ്രാഹ്മണനായ ഇ.എം.എസ് ബ്രാഹ്മണ താൽപര്യം സംരക്ഷിച്ചുകൊണ്ട് കമ്യൂണിസ്റ്റ് നേതാവായി തുടരുകയും ചെയ്തു.’’ (വി.ടി. രാജശേഖറുമായി സമകാലിക മലയാളം വാരിക പ്രതിനിധി എം.വി. ബെന്നി നടത്തിയ അഭിമുഖത്തിൽ നിന്ന്-മതം, മാധ്യമം, അധികാരം-ജൂൺ 2011 , സാഹിത്യപ്രവർത്തക സഹകരണ സംഘം)
അതുല്യമായ മനുഷ്യാവകാശ ചിന്തയും കീഴാളരോടുള്ള പ്രതിബദ്ധതയും മൂലം ജാതിവാദിയും കലഹകാരിയുമായി മുദ്രകുത്തപ്പെട്ട വി.ടി. രാജ്ശേഖറെ ആധുനിക ഇന്ത്യ എന്ന ആശയത്താൽ മറച്ചുവെച്ചിരുന്ന മനുവാദ ഇന്ത്യയെ വെളിപ്പെടുത്തിയവരിൽ പ്രധാനിയായാണ് ചരിത്രം അടയാളപ്പെടുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.