അറബി ഭാഷാദിനം ഉണർത്തുന്ന ചിന്തകൾ
text_fieldsനിലവിൽ ഉപയോഗത്തിലുള്ള ഭാഷകളിൽ 90 ശതമാനവും 2050 ആകുമ്പോഴേക്കും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് വിഖ്യാത ബ്രിട്ടീഷ് ഭാഷാ ഗവേഷകന് ഡേവിഡ് ഗ്രഡോലിന്റെ പഠനം. കേവലം പതിനായിരത്തിൽ താഴെയുള്ള ജനങ്ങളാണ് ലോകത്ത് നിലവിലുള്ള ഭാഷകളിൽ മൂന്നിലൊരു ഭാഗവും ഉപയോഗിക്കുന്നത്. 1961 ന് ശേഷം ഇരുന്നൂറിലേറെ ഇന്ത്യൻ ഭാഷകൾ തിരോഭവിച്ചെന്നാണ് കേന്ദ്രസർക്കാറിന്റെ കണക്ക്. ഇവയിൽ ഭൂരിഭാഗവും ആദിവാസികൾ ഉൾപ്പെടെയുള്ള ഗോത്രവർഗങ്ങൾ ഉപയോഗിച്ചുവരുന്ന ഭാഷകളാണ്. 1961ലെ സെൻസസിന് പിന്നാലെ പതിനായിരത്തിൽ താഴെ ആളുകൾ ഉപയോഗിക്കുന്ന ഭാഷകളുടെ ദേശീയപദവി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത് ഈ കൂട്ടമരണത്തിന് കാരണമായി.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി അറബിക് അംഗീകരിക്കപ്പെട്ട ദിനം എന്ന നിലയിലാണ് ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കപ്പെടുന്നത്. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബിക്. ഇവക്ക് പുറമേ പതിമൂന്നോളം രാജ്യങ്ങളിൽ അറബിക് രണ്ടാം ഭാഷയായി ഗണിക്കപ്പെടുന്നുണ്ട്. ലോക ജനസംഖ്യയിൽ 40 കോടിയിലധികം ആളുകൾ അറബി ഭാഷ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
നിരവധി സംസ്കാരങ്ങളുടെ ഹൃദയഭൂമിയായിരുന്ന ഇന്ത്യയുമായി അറബി ഭാഷക്ക് അഭേദ്യമായ ബന്ധം ആ ഭാഷയുടെ ഉത്ഭവം മുതൽ തന്നെയുണ്ട്. ഇന്ത്യൻ സാഹിത്യവും വിജ്ഞാനീയങ്ങളും വലിയ അളവിൽ അറബി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും അതുവഴി സംസ്കാരിക കൈമാറ്റങ്ങളുടെ വാതിൽ തുറക്കപ്പെടുകയും ചെയ്തു. മധ്യകാല ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ശ്രമഫലമായി അറബിക്, പേർഷ്യൻ ഭാഷകൾക്ക് ഇന്ത്യയിൽ വളർച്ചയുണ്ടാകുകയും മതപരമായ പ്രാധാന്യം ഉൾക്കൊള്ളുന്നതിനാൽ അറബിക്കിന് മുൻഗണന കൈവരുകയും ചെയ്തു.
കേരളത്തിൽ സർക്കാർ വിദ്യാലയങ്ങളിലുൾപ്പെടെ പ്രാഥമിക തലംമുതൽ അറബി ഭാഷ പഠിപ്പിക്കപ്പെട്ടുവരുന്നു.
ഗൾഫ് നാടുകളിൽ എണ്ണ കണ്ടെത്തിയതിന് പിന്നാലെ കേരളത്തിൽനിന്ന് മധ്യേഷ്യയിലേക്കുള്ള പ്രവാസം ഇരുപ്രദേശങ്ങൾക്കുമിടയിലുള്ള ബന്ധത്തെ പുതിയ തലത്തിലെത്തിച്ചു. അറബി ഭാഷാ പരിജ്ഞാനം മലയാളികൾക്ക് വലിയതോതിൽ സഹായകമായി. അറബി ഭാഷ വശമില്ലാത്ത പലരും അറബ് രാജ്യങ്ങളിൽ ചെന്ന് ഭാഷ സ്വായത്തമാക്കിയതോടെ നാനാ ജാതി മതസ്ഥരുടെയും സാമ്പത്തിക വളർച്ചക്ക് ഗൾഫ് കുടിയേറ്റം സഹായിച്ചു.
ഓവർസീസ് ഇന്ത്യൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശത്തു ജോലിചെയ്യുന്ന ഒന്നരക്കോടി ഇന്ത്യക്കാരിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിൽ മാത്രം ജോലി ചെയ്യുന്നത് 90 ലക്ഷത്തോളം ഇന്ത്യക്കാരാണ്. 2021-22 സാമ്പത്തിക വർഷത്തിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ വഴി രാജ്യത്തെത്തിയ തുക 113 ബില്യൺ യു.എസ് ഡോളർ- ഏകദേശം 90,4000 കോടി ഇന്ത്യൻ രൂപ. തുകയുടെ മൂന്നിലൊരു ഭാഗം വരുന്നത് മേൽ സൂചിപ്പിച്ച മധ്യേഷ്യയിലെ പ്രധാന രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നാണെന്ന് രാജ്യസഭയിൽ ധനവകുപ്പ് അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
അറബ് രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാർ അതതു രാഷ്ട്രങ്ങളിലെ സാമൂഹിക-സാംസ്കാരിക മേഖലയിൽ നൽകിയ സംഭാവനകൾ നിസ്തുലമാണ്. ജാതി മത ഭേദമെന്യേ രാജ്യത്തുള്ള മുഴുവൻ ജനങ്ങളും അതിന്റെ ഗുണഫലങ്ങൾ കാലാകാലങ്ങളായി അനുഭവിച്ചുവരുന്നു.
ഇതൊക്കെയാണെങ്കിലും, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അറബി ഭാഷയോട് കാണിക്കുന്ന അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. പുതുതായി വന്ന കേന്ദ്ര സർവകലാശാലകളിലോ ഐ.ഐ.ടികൾ പോലുള്ള സ്ഥാപനങ്ങളിലോ നിരവധി തൊഴിലവസരങ്ങൾക്കു സാധ്യതയുള്ള അറബി ഭാഷ പഠിപ്പിക്കാൻ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പുതുതായി രൂപം നൽകിയ ദേശീയ വിദ്യാഭ്യാസനയത്തിൽ വിദേശഭാഷ പഠനത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിനെക്കുറിച്ച് വാചാലമായി സംസാരിക്കുന്നുണ്ട്. എന്നാൽ, വിദ്യാഭ്യാസനയം എടുത്തുപറഞ്ഞ എട്ടു വിദേശഭാഷകളിൽ അറബി ഭാഷക്ക് ഇടം നൽകിയിട്ടില്ല. ഇന്ത്യക്കാരുടെ കുടിയേറ്റ സ്വഭാവവുമായോ ആഗോള തൊഴിൽ സാധ്യതകളുമായോ ഒരു ബന്ധവുമില്ലാത്ത പല ഭാഷകളും ലിസ്റ്റിൽ ഇടംനേടിയപ്പോഴാണ് വലിയ തൊഴിൽ സാധ്യതകൾ മുന്നോട്ടുവെക്കുന്ന അറബി ഭാഷയോടുള്ള അയിത്തം നയരേഖ കൽപിച്ചുവെച്ചത്.
ആപേക്ഷികമായി കേരളത്തിലെ സ്ഥിതി അൽപം ഭേദമാണെങ്കിലും അർഹിക്കുന്ന പരിഗണന ഭാഷക്ക് ലഭിക്കുന്നില്ലെന്നുതന്നെ പറയേണ്ടിവരും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പി.ജി വെയ്റ്റേജ് ഒഴിവാക്കിയതുൾപ്പെടെ സമീപകാലത്തുണ്ടായ പല ഉത്തരവുകളും അറബി ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2017 ൽ ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനവേളയിൽ പ്രഖ്യാപിക്കപ്പെട്ട അന്താരാഷ്ട്ര ഭാഷാ പഠനകേന്ദ്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾപോലും ആരംഭിക്കാൻ അഞ്ചുവർഷം പിന്നിട്ടിട്ടും സർക്കാറിന് സാധിച്ചില്ലെന്നത് നിരാശജനകമാണ്. 2021-22 അധ്യായന വർഷങ്ങളിൽ കോളജുകളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ തീരുമാനിക്കപ്പെട്ടപ്പോഴും പരിപൂർണ അവഗണനയാണ് അറബി ഭാഷക്കുണ്ടായത്.
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട സുപ്രധാന നിർദേശങ്ങളിലൊന്നായ അറബിക് സർവകലാശാല, രണ്ടു പ്രാവശ്യം എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇടംപിടിച്ചിട്ടും ഒരു കടലാസ് പോലും അനക്കാൻ ഇന്നുവരെ സർക്കാറിന് സാധിച്ചില്ല. ടൂറിസം, ആരോഗ്യം, വാർത്ത വിനിമയം, ഐ.ടി, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ സമീപഭാവിയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു മേഖലയാണ് ഗൾഫ്. അവിടങ്ങളിലെ ചലനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ദീർഘദൃഷ്ടിയോടെ ആ ഭാഷക്ക് വേണ്ട പ്രാധാന്യം നൽകാൻ ഭരണാധികാരികൾ ശ്രമിച്ചില്ലെങ്കിൽ വരുംതലമുറയോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കുമെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.
(കേരള സർവകലാശാല അറബിക് വിഭാഗം മേധാവിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.