ചിരിപ്പിക്കാൻ പൊലീസെന്തിന്?
text_fieldsകുട്ടികളെ ചിരിപ്പിക്കാൻ പൊലീസ് സേന നൽകുന്ന സേവനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്ത പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. 2020 ജൂലൈയിൽ ഈ സേവനം ആരംഭിച്ചശേഷം ഒന്നു 'ചിരിക്കാൻ' പൊലീസിനെ വിളിച്ചത് മുപ്പതിനായിരത്തോളം പേരാണത്രെ. എന്താണ് നമ്മുടെ മക്കൾക്ക് ഇത്രയും ടെൻഷൻ, അല്ലെങ്കിൽ പിരിമുറുക്കം എന്നകാര്യം നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്തിച്ചാൽ മാത്രം പോരാ, പ്രതിവിധിയും കാണേണ്ടതുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 10 വയസ്സ് മുതൽ 19 വരെയാണ് കൗമാരകാലം. ഈ പ്രായത്തിൽ രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒരുപോലെ അവരെ ശ്രദ്ധിക്കേണ്ടതുണ്ട്. സെക്കൻഡറി സെക്ഷ്വൽ വളർച്ചയുണ്ടാവുകയും ധാരാളം ഗ്രന്ഥികൾ രസങ്ങൾ ഉൽപാദിപ്പിക്കാൻ ആരംഭിക്കുകയും ചെയ്യുന്ന കാലമാണിത്. ഗ്രന്ഥികൾ ശരിയാംവിധം പ്രവർത്തിച്ചില്ലെങ്കിൽ ഗ്രന്ഥിരസം അഥവാ ഹോർമോൺ ശരിയായ അളവിൽ ഉൽപാദിപ്പിക്കാതെയാവും. ഇത് മാനസിക പിരിമുറുക്കത്തിനും ക്രമേണ രോഗാവസ്ഥയിലേക്കും കുട്ടികളെ എത്തിച്ചേക്കാം. പല മനോരോഗത്തിന്റെയും തുടക്കം കൗമാരത്തിലാണ്; ഇതിന്റെ വിത്തുപാകുന്നതോ കുട്ടിക്കാലത്തും. ഈ യാഥാർഥ്യം മനസ്സിലാക്കി കുട്ടികളുടെ ജീവിതരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനു ശ്രമിക്കേണ്ടതുണ്ട്.
കുട്ടികളുടെ മാനസികാരോഗ്യത്തിന് എന്തെല്ലാം ശ്രദ്ധിക്കണം?
1) ശരിയായ രീതിയിൽ സ്നേഹവും അംഗീകാരവും നൽകുക.
2 ) കൂട്ടുകൂടാനും കളിക്കാനും അനുവദിക്കുക. കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയെന്നും അവർ ചീത്തശീലങ്ങളിലേക്ക് പോകുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.
3) അസ്വാഭാവിക പെരുമാറ്റ രീതിയോ മറ്റോ ശ്രദ്ധയിൽപെട്ടാൽ കൃത്യമായി ഇടപെട്ട് കാരണങ്ങൾ കണ്ടെത്തി ചേർത്തുപിടിച്ച് തിരുത്തുക. കുറ്റവാളികളെപോലെ കണ്ട് ഉപദേശങ്ങളുടെ ശരങ്ങൾ എയ്യാതിരിക്കുക.
4) അവരുടെ സുഹൃത്താകാനും കൂടെ കൂട്ടി നടക്കാനും സമയം കണ്ടെത്തുക.
5) പുതിയ യുഗത്തിൽ രക്ഷിതാക്കളും കുട്ടികളും ഒരുപോലെ സോഷ്യൽ മീഡിയ ഭ്രമത്തിലാണ്. അതുകൊണ്ടുതന്നെ, രക്ഷിതാക്കൾ അവരുടെ ലോകത്തും കുട്ടികൾ അവരുടെ ലോകത്തും ജീവിക്കുന്നു എന്നത് വലിയ വിപത്ത് സൃഷ്ടിക്കുന്നു. രക്ഷിതാക്കൾ സ്വയം നിയന്ത്രണത്തിനു വിധേയമാകുകയും കുട്ടികൾക്കൊപ്പം സമയം ചെലവിടുകയും ചെയ്യുക.
സേവനത്തിന്റെയും കരുതലിന്റെയും പര്യായംതന്നെയാണ് പൊലീസ് സേന. കുട്ടികളെ 'ചിരിപ്പിക്കാൻ' അവർ സൗകര്യമൊരുക്കുന്നതും ആ കരുതലിന്റെ ഭാഗമാണ്. എന്നാൽ, സ്വന്തം വീട്ടിൽ മാതാപിതാക്കളിൽനിന്നും രക്ഷിതാക്കളിൽനിന്നും ലഭിക്കേണ്ട കരുതൽ ഇല്ലാതെപോകുന്ന സാഹചര്യത്തിലാണ് കുഞ്ഞുങ്ങൾ പൊലീസ് സഹായം തേടേണ്ടിവരുന്നത് എന്നറിയുക. അത് വല്ലാത്ത ദുരവസ്ഥ തന്നെയാണ്.
(കണ്ണൂർ മാധവ് റാവു സിന്ധ്യ ഹോസ്പിറ്റൽ സൈക്കോളജിസ്റ്റാണ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.