കാലാവസ്ഥാമാറ്റം: െഎ.പി.സി.സി റിപ്പോർട്ടും നമ്മുടെ യാഥാർഥ്യങ്ങളും
text_fieldsകഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാന്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഇൻറർഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിെൻറ (ഐ.പി.സി.സി) ആറാമത്തെ പഠന റിപ്പോർട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. റിപ്പോർട്ടിെൻറ പ്രധാന കണ്ടെത്തലുകള്‍ പലതും മുന്‍ റിപ്പോർട്ടുകള്‍ ആഗോളതാപനത്തെക്കുറിച്ചും, സമുദ്രത്തിലെയും കരയിലെയും ഊഷ്മാവിെൻറ വർധനയെക്കുറിച്ചും കാർബണ്‍ പുറംതള്ളലിെൻറ സ്ഥിതിയെക്കുറിച്ചും ഇവക്കെല്ലാം ആക്കംകൂട്ടുന്നതില്‍ മനുഷ്യ ഇടപെടലുകൾക്കുള്ള പങ്കിനെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടുതല്‍ തെളിവുകളോടെയും വ്യക്തമായ രീതിയിലും ആവർത്തിക്കുന്നതാണ്. പുതിയ റിപ്പോർട്ട് ഇവയെല്ലാം ചേരുന്ന മാറ്റങ്ങളുടെ സാകല്യത്തെ കാലാവസ്ഥാവ്യവസ്ഥ (climate system) എന്നു വിളിക്കുന്നുണ്ട്.
പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയമായ ഒരു സങ്കുചിത പ്രകൃതിവാദത്തിലൂടെ കാണാന്‍ കഴിയില്ലെങ്കിലും ആന്ത്രോപോജെനിക് (മനുഷ്യകാരണത്താൽ) ആയി സംഭവിക്കുന്ന മാറ്റങ്ങളുടെ ഒരു ശരിയായ ധാരണ ആ ഇടപെടലുകളെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. 2010-2019ലെ മനുഷ്യപ്രേരിതമായ ഉപരിതലവായുതാപനത്തിെൻറ ആഗോളശരാശരി 1850-1900നെ അപേക്ഷിച്ച് 0.8 ഡിഗ്രി സെൽഷ്യസ്-1.3 ഡിഗ്രി സെൽഷ്യസ് ആണെങ്കില്‍ പ്രകൃതികാരണങ്ങളാലുള്ള മാറ്റം -0.1ഡിഗ്രി സെൽഷ്യസ്-0.1 ഡിഗ്രി സെൽഷ്യസ് ആണെന്ന് റിപ്പോർട്ട് പറയുന്നു. മനുഷ്യപ്രേരിതമായ ആഗോളതാപനത്തിെൻറ ഏറ്റവും വിശ്വാസ്യമായ മതിപ്പുകണക്ക് 1.07 ഡിഗ്രി സെൽഷ്യസ് ആണെന്നാണ് റിപ്പോർട്ടിെൻറ നിഗമനം. ഇതില്‍ത്തന്നെ മനുഷ്യപ്രേരിതമായ ഹരിതഗൃഹവാർച്ചകളാണ് വലിയൊരുപങ്കും സംഭാവന ചെയ്യുന്നത്. കൂടുതല്‍ പ്രധാനമായിട്ടുള്ള കാര്യം, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കണക്കുകള്‍ അത്യധികം ആശങ്കജനകമായ ഒരു സ്ഥിതിയിലാണ് ആഗോളകാലാവസ്ഥാവ്യവസ്ഥയും പ്രാദേശികവ്യവസ്ഥകളും എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. അഞ്ചാമത്തെ പഠനറിപ്പോർട്ടില്‍ 1951 മുതൽക്കുള്ള മാറ്റമാണ് വിലയിരുത്തപ്പെട്ടതെങ്കില്‍ ഈ റിപ്പോർട്ടില്‍ 1850-1900 മുതൽക്കുള്ള, അതായത് ഒന്നാം വ്യാവസായികവിപ്ലവത്തിെൻറ അനന്തരഫലങ്ങള്‍ ശക്തമായി അനുഭവപ്പെട്ടുതുടങ്ങിയ കാലംമുതൽക്കുള്ള താപനരേഖാചിത്രമാണ് നമുക്കുലഭിക്കുന്നത്. ലോകം ഇപ്പോള്‍ നാലാം വ്യാവസായികവിപ്ലവത്തിെൻറ ഘട്ടത്തില്‍ എത്തിച്ചേർന്നിരിക്കുന്നു എന്നത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.
മാർക്സിെൻറ താരതമ്യേന അവഗണിക്കപ്പെട്ട ഒരു നിരീക്ഷണം അധ്വാനപ്രക്രിയ (labour-process) എന്നത് ഉപയോഗമൂല്യങ്ങള്‍ (use-values, അതായതു ചരക്കുകള്‍) ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനമാണ് എന്നത് മനസ്സിലാക്കപ്പെടുന്നതിനോടൊപ്പം അത് മനുഷ്യോപയോഗത്തിനുവേണ്ടിയുള്ള പ്രകൃതിവിഭവങ്ങളുടെ കവർന്നെടുക്കലാണ് എന്നും തിരിച്ചറിയണം എന്നതായിരുന്നു. അത് മനുഷ്യനും പ്രകൃതിയും തമ്മിലെ മെറ്റബോളിക് പാരസ്പര്യത്തിെൻറ സാർവജനീനമായ ഉപാധിയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. പ്രകൃതിയുടെമേല്‍ മനുഷ്യന് നടത്തുന്ന കടന്നാക്രമണങ്ങളുടെപേരില് മേനിനടിക്കേണ്ടതില്ലെന്നും ഓരോ കടന്നാക്രമണത്തിനും പ്രകൃതി തക്കതായ തിരിച്ചടികള്‍ നൽകുമെന്നും മാർക്സിെൻറ സഹഗ്രന്ഥകാരന്‍ കൂടിയായിരുന്ന ഏംഗൽസും പറയുന്നുണ്ട്. പക്ഷേ, മുതലാളിത്ത ഉൽപാദനരീതിയുടെ സവിശേഷമായ ആന്തരികത്വരകള്‍ മറികടക്കുന്ന പ്രകൃതി-മനുഷ്യബന്ധം സൃഷ്ടിക്കാന്‍ ഇതഃപര്യന്തമുള്ള ഒരു സാമൂഹികവ്യവസ്ഥക്കും കഴിഞ്ഞിട്ടില്ല എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല. അങ്ങേയറ്റം നീതിരഹിതമായ ഒരു ആഗോള രാഷ്ട്രീയ വ്യവസ്ഥക്കുള്ളിലാണ് നാം കാലാവസ്ഥാ വ്യതിയാനംപോലുള്ള കാര്യങ്ങള്‍ ചർച്ചചെയ്യുന്നത് എന്ന പരമാർഥം പലപ്പോഴും ഇത്തരം റിപ്പോർട്ടുകള്‍ പരിഗണിക്കാറില്ല.
അമർത്യാസെൻ നൽകിയ മുന്നറിയിപ്പ്
ഏതാണ്ട് ഒരു വ്യാഴവട്ടംമുമ്പ് 2008ലാണ് പെറുവിൽവെച്ച് നടന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഒരു സിവില്‍സമൂഹ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത്. കാലാവസ്ഥാമാറ്റം നമ്മെയെല്ലാം ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും അതിെൻറ ഉത്തരവാദിത്തം എല്ലാവർക്കും ഒരുപോലെയല്ല അനുഭവപ്പെടുന്നത് എന്ന കാര്യമാണ് അവിടെ സിവിൽ സമൂഹ പ്രതിനിധികള്‍ ചർച്ചചെയ്യാന്‍ മുതിർന്നത്. വികസിത മുതലാളിത്തരാജ്യങ്ങളിലെ പ്രവർത്തനങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദക്ഷിണാർധ ഗോളത്തിലെ രാജ്യങ്ങളുടെ തലയില്‍ കെട്ടിെവക്കാന് ശ്രമിക്കുന്ന ഒരു സമീപനം എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ചോദ്യംചെയ്യപ്പെടാതെ നിലനിന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിെൻറ ഭീകരമായ അനന്തരഫലങ്ങള്‍- വരൾച്ചകള്‍, വെള്ളപ്പൊക്കങ്ങള്‍, ജൈവവൈവിധ്യനാശം, ഉയരുന്ന സമുദ്രജലനിരപ്പ്, അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ വിതക്കുന്ന കാറ്റുകള്‍, വറ്റുന്ന ജലാശയങ്ങള്‍ എന്നിവയൊക്കെ ലോകത്തിലെ പാർശ്വവത്കൃത ജനവിഭാഗങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയുമാണ് കൂടുതല്‍ ഹാനികരമായി ബാധിക്കുന്നത് എന്നതും എന്നാല്‍ ഇതിെൻറ കാരണക്കാര്‍ യഥാർഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളാണ് എന്നതും ഇത്തരം നിരവധി ഇടപെടലുകളിലൂടെയാണ് തുറന്നുകാട്ടപ്പെട്ടത്. കാലാവസ്ഥാമാറ്റത്തിെൻറ ഈ ഭൗമരാഷ്ട്രീയം വെളിവാക്കുന്നതില്‍ ഇന്ത്യയിലെ സിവിൽസമൂഹസംഘങ്ങളും സാമ്പത്തിക ശാസ്ത്രജ്ഞന്മാരും, വിശേഷിച്ചു 1987ല്‍ രാജീവ്ഗാന്ധി ഉദ്ഘാടനം ചെയ്ത മുംൈബയിലെ ഇന്ദിരഗാന്ധി വികസന ഗവേഷണ കേന്ദ്രത്തിലെ (IGDIR) ഗവേഷകരും നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. കാർബണ്വ്യാപാരം പോലുള്ള പദ്ധതികള്‍ ഏകപക്ഷീയമായി ആരംഭിക്കാനുള്ള യൂറോപ്യന്യൂനിയെൻറ തീരുമാനത്തിനെതിരെ ആഗോളതലത്തില്‍ അഭിപ്രായരൂപവത്കരണം നടക്കുന്നതും ആ കാലഘട്ടത്തിലാണ്. ഇതിനെ എതിർത്തുകൊണ്ട് അമർത്യാസെന്‍ തന്നെ രംഗത്തുവന്നു. ആഗോളതലത്തില്‍ നയങ്ങള്‍ രൂപവത്കരിക്കുമ്പോള്‍ വിപണിക്ക് പ്രാധാന്യം കൊടുക്കുന്നത് ഒഴിവാക്കാനാവില്ല. പക്ഷേ, അത്തരം ആഗോളസംഗ്രഹങ്ങള് പ്രതിശീർഷവരുമാനംപോലുള്ള കാര്യങ്ങള്‍ കണക്കിലെടുക്കാതെയും വ്യത്യസ്ത രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെയും സമത്വരഹിതമായ ആഗോളസാമ്പത്തികവ്യവസ്ഥയുടെ രാഷ്ട്രീയം പരിഗണിക്കാതെയും സ്വീകരിക്കുന്നതിനെ അദ്ദേഹം അക്കാലത്തുതന്നെ ശക്തമായി എതിർത്തിരുന്നു. (Rationality and Freedom, New Delhi: Oxford University Press, 2002).
വിവേകമാണ് പരിഹാരം
ഇതിനർഥം നമുക്ക് ഒന്നും ചെയ്യാനില്ല എന്നല്ല. ഐ.പി.സി.സി റിപ്പോർട്ടിലെ പ്രധാന നിഗമനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത് ഇന്ത്യക്കും കേരളത്തിനും അപായകരമായ നിരവധി കാര്യങ്ങള്‍ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടു രൂപംകൊള്ളുന്നു എന്നുതന്നെയാണ്. റിപ്പോർട്ടിലെ ഈ ആപൽസൂചനകള്‍ അവഗണിക്കാന്‍ കഴിയുന്നവയല്ല. സമുദ്രനിരപ്പില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ ഉണ്ടാവാന്‍ പോകുന്ന 11 സെൻറിമീറ്റര്‍ വർധനവ് (ഒരു നൂറ്റാണ്ടിനുള്ളില്‍ ഇത് 1.24 മീറ്റർവരെയാവം) കൊച്ചി, കണ്ട്ല, ഓഖ, ഭവ്നഗർ, മുംബൈ, മംഗളൂരു, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളെയും വിഴുങ്ങുവാന്‍ പോന്നതാണ് എന്ന വസ്തുത നമ്മുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.
കടലിനോടു ചേർന്നുനിൽക്കുന്ന പർവതസമുച്ചയമാണ് നമ്മുടെ പശ്ചിമഘട്ടം. അതിെൻറ പടിഞ്ഞാറ് കേവലം 10 മുതല്‍ 120 കിലോമീറ്റര്‍മാത്രം വീതിയില്‍ ഒരു പ്രദേശം നിലനിൽക്കുക എന്നത് ഒരത്ഭുതമായാണ് കാണേണ്ടത്. ചെറുദ്വീപുകളാണ് ആദ്യം രൂപപ്പെട്ടതെന്നും പിന്നീട് അവയില്‍ ചിലത് വലുതാവുകയും അടുത്തടുത്ത് ഉള്ളവ തമ്മില്ചേരുകയും ചെയ്തുകൊണ്ടാണ് ചെറിയൊരു ചരിത്ര കാലയളവിനുള്ളില്‍ നാം ഇന്ന് കേരളം എന്നു വിളിക്കുന്ന പ്രദേശം ഉണ്ടായതെന്നും ഭൗമശാസ്ത്രജ്ഞന്മാര് പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇത്രയധികം ചെറുനദികളും ജലാശയങ്ങളും കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്. പശ്ചിമഘട്ടം മാത്രമല്ല, കേരളമാകെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. ഇവിടത്തെ തീരപ്രദേശത്തും ഇടനാട്ടിലും മലനാട്ടിലും നടക്കുന്ന മനുഷ്യ ഇടപെടലുകള്‍ കൂടുതല്‍ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാന്‍ നമുക്ക് ബാധ്യതയുണ്ട്. ഇതിലേറ്റവും പ്രധാനം, കേരളത്തിെൻറ പാരിസ്ഥിതിക സന്തുലനത്തെ തകിടംമറിക്കുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്നതാണ്. സിൽവർലൈൻ ആണെങ്കിലും, കരിമണല്‍ ഖനനമാണെങ്കിലും, തുറമുഖ പ്രവർത്തനങ്ങളാണെങ്കിലും പാറഖനനമാണെങ്കിലും കൂടുതല്‍ വസ്തുനിഷ്ഠമായ പാരിസ്ഥിതിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ് എന്ന പൊതുബോധം പ്രധാനമാവുന്നു. അതിെൻറ അഭാവത്തില്‍ ഐ.പി.സി.സി റിപ്പോർട്ടിന്മേലുള്ള നമ്മുടെ ചർച്ച കള്‍ ഒരു യാഥാർഥ്യബോധവുമില്ലാത്ത അമൂർത്ത പ്രഹസനങ്ങളായി മാറുമെന്നതില്‍ തൽക്കമില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.