ഇനിയും ഷഹനമാർ ഉണ്ടാവാതിരിക്കാൻ...
text_fieldsമെച്ചപ്പെട്ട ഭാവിജീവിതം ഉറപ്പാക്കിനൽകുക, സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പു നേടിക്കൊടുക്കുക എന്നീ ആഗ്രഹങ്ങളാണ് പെൺകുട്ടികളെ ഏറെ പ്രതീക്ഷകളോടെ പഠിപ്പിക്കുന്നതിനു മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. അതിനുവേണ്ടി ഏറെ ത്യാഗം സഹിക്കുന്നതിനും അവർ തയാറാണ്. എന്നാൽ, ജീവിതത്തിന്റെ ഒരു നിർണായകമായ വഴിത്തിരിവായ വിവാഹത്തിലേക്ക് കടക്കുമ്പോൾ, പെൺകുട്ടികൾ എത്ര വിദ്യാസമ്പന്നരായാലും, കമ്പോളത്തിലെ വെറും വിപണന ഉൽപന്നമായി അവർ മാറുന്നു എന്നിടത്താണ്, ഇടതടവില്ലാതെ പുരോഗമനം പറയുന്ന നമ്മുടെ മലയാളികളുടെ കപടമുഖം കാണേണ്ടിവരുന്നത്.
ഈയിടെ ഈ ലോകത്തുനിന്ന് സ്വയം വിടുതലെടുത്തുപോയ ഡോ. ഷഹ്നയുടെ കാര്യം നോക്കൂ- പഠനത്തിൽ പ്രഗല്ഭയായിരുന്നിട്ടും, വിവാഹത്തിൽ പങ്കാളിയാവാൻ കണ്ടുവെച്ചയാൾക്ക് തൂക്കമൊക്കണമെങ്കിൽ ആനക്കെടുപ്പത് പൊന്നും പണവും വേണമായിരുന്നു.
ഒരു ഡോക്ടറും അമ്മയുമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ഞാൻ ഡോ. ഷഹ്നയുടെ ഉമ്മ ജലീല ബീവിയെ കാണാൻ അവരുടെ വീട്ടിൽ പോയത്. മകളുടെ വിവാഹം മുടങ്ങുമെന്ന മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും പഠിച്ച കുട്ടിയായ അവൾ ഈ ഘട്ടം തരണം ചെയ്യുമെന്നുതന്നെയായിരുന്നു ആ ഉമ്മയുടെ വിശ്വാസം. ഈ കുറിപ്പ് വായിക്കാൻ ഷഹന ഇന്ന് നമുക്കൊപ്പമില്ല. പക്ഷേ, ഇനി ഒരു മകളും ആ വഴി സ്വീകരിക്കരുതെന്ന്, സ്ത്രീയെ വെറും പണ്ടമായി കാണുന്നവർക്കു മുന്നിൽ തോറ്റുകൊടുക്കരുതെന്ന് ഓർമിപ്പിക്കാനാണ് ഒരു മാതാവിന്റെ സ്ഥാനത്തുനിന്ന് ഇതെഴുതുന്നത്.
സ്ത്രീധനം അനിസ്ലാമികം
ഇസ്ലാം മതത്തിൽ, വധുവിന്റെ കുടുംബം പ്രതിശ്രുത വരന് വിവാഹ സമയം ധനം നൽകുന്ന ഏർപ്പാടില്ല. മറിച്ച്, വരൻ അവന്റെ സാമ്പത്തിക നിലയും പെൺകുട്ടിയുടെ പദവിയും നിലയും അനുസരിച്ച് സ്ത്രീക്ക് വിവാഹ സമ്മാനം/സമ്മാനങ്ങൾ നൽകി അവളെ നിയമപരമായി ഭാര്യയായി സ്വീകരിച്ച് അവന്റെ ജീവിതത്തിലേക്ക് കൊണ്ടുവരുകയാണ് വേണ്ടത്. വരൻ, വധുവിന് നൽകുന്ന സമ്മാനത്തെ ‘വിവാഹമൂല്യം’ അഥവാ ‘മഹർ’ എന്നു പറയും. ഈ ധനം വധുവിന്റെ സ്വകാര്യ സ്വത്താണ്. മഹർ എത്രവേണമെന്നും എന്തുവേണമെന്നും തീരുമാനിക്കുന്നതും സ്ത്രീയും അവരുടെ മാതാപിതാക്കളുമാണ്.
നാളെ ഭാര്യാഭർതൃബന്ധത്തിൽ വിള്ളൽ വീണ് അവർ തമ്മിൽ പിരിഞ്ഞാലും സ്ത്രീക്ക് അവളുടെ മഹറിനുമേൽ പൂർണ അധികാരമുണ്ട്. ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞാലും അവർ അഗതിയായി/അതിദരിദ്രയായി/പൊറുതിമുട്ടിയ ഒരവസ്ഥയിൽ ആകാതിരിക്കാനുംകൂടിയാണ്. ഇസ്ലാം സ്ത്രീക്ക് നൽകുന്ന മുന്തിയ പരിഗണനയുടെ ഭാഗമാണിത്. അതിനെ അട്ടിമറിച്ചുകൊണ്ടാണ് മഹറിന് പകരം പൊന്നും പണവും കാറും പെൺവീട്ടുകാരിൽനിന്ന് ഭീഷണിപ്പെടുത്തിയും ഇരന്നും സ്ത്രീധനമായി വാങ്ങുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ വ്യാപകമായിരിക്കുന്നത്.
നിയമം ഇല്ലാത്തതല്ല പ്രശ്നം
ഡോ. ഷഹനയുടെ ദാരുണ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ ശക്തമായ നിയമം വേണമെന്ന ആവശ്യം പലരും ഉയർത്തുന്നുണ്ട്. ഇതിനു മുമ്പ് സ്ത്രീധന പീഡന മരണങ്ങൾ സംഭവിക്കുമ്പോഴും ഇതേ ആവശ്യം ഉയർന്നുകേൾക്കാറുണ്ട്. പക്ഷേ, നിയമം ഇല്ലാത്തതല്ല ഇവിടത്തെ പ്രശ്നം. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ തടയാനായി ഇന്ത്യയിൽ 1961ൽതന്നെ സ്ത്രീധന നിരോധന നിയമം നിലവിലുണ്ട്. എന്നാൽ, ജാതിമത വ്യത്യാസമില്ലാതെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും (ലക്ഷദ്വീപിൽ ഒഴികെ) ഏതാണ്ടെല്ലാ വിഭാഗങ്ങൾക്കിടയിലും ഈ അന്യായവും അതിനുവേണ്ടിയുള്ള പീഡനവും നിർബാധം തുടരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് അക്രമങ്ങളും കൊലപാതകങ്ങളും ഏറെ നടമാടുന്നുവെങ്കിലും മാധ്യമശ്രദ്ധ ലഭിക്കുന്നത് ചുരുക്കം ചില സംഭവങ്ങളിൽ മാത്രമാണ്. രണ്ടുവർഷം മുമ്പ് ആയുർവേദ വിദ്യാർഥിനി വിസ്മയ കൊല്ലപ്പെട്ട സംഭവം നാം മറന്നിട്ടില്ല. പലപ്പോഴും ഇത്തരം കേസുകളുടെ അന്വേഷണവും കോടതി നടപടികളും ഇഴഞ്ഞുനീങ്ങാറാണ് പതിവ്. മാധ്യമശ്രദ്ധ ലഭിച്ച വിസ്മയയുടെ കേസിൽ അധികാരികൾ കാര്യമായി ഇടപെട്ടു. നീതിപാലകരും നിയമസംവിധാനങ്ങളും ഉണർന്നുപ്രവർത്തിച്ചു, ഏറെ വൈകാതെ പ്രതി കുറ്റക്കാരനാണെന്ന് വിധി വന്നു. എന്നിട്ടും സ്ത്രീധനം ചോദിക്കാനും നൽകിയില്ലെങ്കിൽ മർദിക്കാനും പീഡിപ്പിക്കാനും മടിയില്ലാത്തവർ നമുക്കു ചുറ്റും വർധിച്ചുവന്നിരിക്കുന്നു.
അനീതിയാണെന്നറിഞ്ഞിട്ടും മകളുടെ കുടുംബജീവിതം ‘ഭാസുര’മാവാൻ സ്ത്രീധനം നൽകാൻ സന്നദ്ധരാവുകയാണ് മാതാപിതാക്കൾ. സ്ത്രീധനം എന്ന വ്യാധി മാറ്റമില്ലാതെ നിലനിൽക്കുന്നതിന്റെ പ്രധാന കാരണവും അതുതന്നെ. പണവും പൊന്നും വിലപേശി വാങ്ങുന്ന ലവലേശം ആത്മാഭിമാനമില്ലാത്ത ഒരാളുടെ കൂടെ മകളെ ജീവിക്കാൻ വിടണോ എന്ന് മാതാപിതാക്കൾ ഇനിയെങ്കിലും ആലോചിക്കണം. പയ്യൻ പാവമാണ്, മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവൻ സ്ത്രീധനം ചോദിച്ചത് എന്ന് ന്യായീകരിക്കുന്ന ചിലരെയും നമുക്ക് കാണാനാവും. ഈ ക്രൂരമായ ഏർപ്പാടിന് നിർലജ്ജം മകനെ നിർബന്ധിക്കുന്ന രക്ഷിതാക്കൾക്കരികിൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്ന് എന്തുറപ്പാണുള്ളത്? ദുരാഗ്രഹിയായ ഒരു പുരുഷനോ അവന്റെ മാതാപിതാക്കൾക്കോ വേണ്ടി ഹോമിക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് ഓരോ പെൺമക്കളും മനസ്സിലുറപ്പിച്ചേ മതിയാവൂ.
(കെ.പി.സി.സി അച്ചടക്ക സമിതി അംഗവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗവുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.