ഗോവ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഭിന്നതയിൽ പ്രതീക്ഷവെച്ച് ബി.ജെ.പി
text_fieldsഅട്ടിമറി, കാലുമാറ്റ, കുതിരക്കച്ചവടങ്ങൾകൊണ്ട് പേരുദോഷം പേറുന്ന ഗോവയിലെ തെരഞ്ഞെടുപ്പുകളിൽ പാർട്ടികളോ പ്രത്യയശാസ്ത്രങ്ങളോ അല്ല, വ്യക്തികളും കുതന്ത്രങ്ങളുമാണ് പ്രധാനം. 2019 ൽ മരിക്കും വരെ മനോഹർ പരീകറായിരുന്നു ഇവിടെ ബി.ജെ.പിയുടെ മുഖം. 2017 ലെ തെരഞ്ഞെടുപ്പിൽ 17 എം.എൽ.എമാരുമായി വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിന്റെ സാധ്യതകൾ അട്ടിമറിക്കപ്പെട്ടു. 13 എം.എൽ.എമാർ മാത്രമുള്ള ബി.ജെ.പി, കോൺഗ്രസിനെ പിന്തുണക്കാനിരുന്നവരെകൂടി അടർത്തി സർക്കാറുണ്ടാക്കി.
ബി.ജെ.പി സർക്കാർ എന്നതിനേക്കാൾ പരീകർ സർക്കാർ എന്നതാകും ശരി. നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് വൈകിയത് ബി.ജെ.പിക്ക് സഹായകമായി. പരീകർ കരുനീക്കും മുമ്പേ ദിഗംബർ കാമത്തിനെ മുഖ്യമന്ത്രിയാക്കാൻ തയാറായിരുന്നുവെങ്കിൽ കോൺഗ്രസിന് ഭരണം പിടിക്കാമായിരുന്നു. പരീകർ അല്ലെങ്കിൽ കാമത്ത് എന്നതായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ. കോൺഗ്രസോ ബി.ജെ.പിയോ എന്നല്ല.
പരീകറിന്റെ വിയോഗശേഷം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് പാർട്ടിക്കകത്തുപോലും വേണ്ടത്ര സമ്മതനല്ല. ഭരണവിരുദ്ധവികാരം ഉണ്ടെന്ന തിരിച്ചറിവിൽ ഹിന്ദുത്വകാർഡ് ഇറക്കുകയാണ് സാവന്ത്. പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുമെന്ന പ്രസ്താവന അതിന്റെ തുടക്കമാണ്. പരീകറും നിർണായക വോട്ടുബാങ്കായ ക്രൈസ്തവസമുദായവും തമ്മിലുണ്ടായിരുന്ന ബന്ധം നിലനിർത്താൻ സാവന്തിന് കഴിഞ്ഞിട്ടില്ല.
എന്തിനേറെ, പാർട്ടിയിലെ പരീകർ പക്ഷക്കാരുമായിപോലും അദ്ദേഹം ചേർച്ചയിലല്ല. മന്ത്രിയായിരുന്ന മൈക്കിൾ ലോബോയും മറ്റു രണ്ട് ക്രൈസ്തവ എം.എൽ.എൽമാരും രാജിവെച്ചു. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് സമുദായത്തെ അലട്ടുന്നു. 13 എന്നതിൽ നിന്ന് പാർട്ടിയുടെ അംഗബലം 25 ആക്കിയുയർത്താൻ സാവന്തിന് കഴിഞ്ഞെങ്കിലും പാർട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. കോൺഗ്രസിന്റെ അംഗബലമാകട്ടെ, രണ്ടായി ചുരുങ്ങുകയും ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ ദിഗംബർ കാമത്തും പ്രതാപ് സിങ് റാണെയും മാത്രമേ ബാക്കിയുള്ളൂ.
ബി.ജെ.പിക്ക് ആശ്വാസമാകുന്നത് പ്രതിപക്ഷവോട്ടുകളുടെ ഭിന്നതയിലാണ്. ഇത്തവണ മമതയുടെ തൃണമൂൽ കൂടി മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ രംഗത്തുവന്ന ആം ആദ്മി പാർട്ടിക്ക് സീറ്റ് നേട്ടമുണ്ടായിട്ടില്ലെങ്കിലും കന്നിയങ്കത്തിൽ 6.3 ശതമാനം വോട്ട് നേടാനായിരുന്നു. ന്യൂനപക്ഷ , നിഷ്പക്ഷ വോട്ടുകൾ കോൺഗ്രസ്, തൃണമൂൽ, ആപ് പാർട്ടികൾക്കിടയിൽ ചിതറുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. പരസ്യങ്ങൾകൊണ്ടും പോസ്റ്ററുകൾ കൊണ്ടും സജീവമായി നിൽക്കുന്നത് തൃണമൂലാണ്. ടെന്നീസ് താരം ലിയാൻഡർ പേസും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോയുമാണ് ഇവിടെ തൃണമൂലിന്റെ മുഖങ്ങൾ. ചില പ്രദേശങ്ങളിലല്ലാതെ ഗോവയിലാകെ അറിയപ്പെടുന്ന നേതാക്കൾ ആപ്പിനില്ല. മണ്ണിന്റെ മക്കൾ വാദവുമായി യുവാക്കളെ ലക്ഷ്യമിട്ട് ഗോവ സ്വരാജ് പാർട്ടിയുമായി മനോ പരബും മത്സരരംഗത്തുണ്ട്.
കോൺഗ്രസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും പ്രതാപ് സിങ് റാെണ മത്സരിക്കാതിരിക്കാൻ ബി.ജെ.പി ചെക്കു വിളിച്ചിരിക്കുകയാണ്. നിയമസഭയിൽ 50 വർഷം തികച്ച റാെണക്ക് സ്ഥിരം നിയമസഭാംഗ പദവി ബി.ജെ.പി സർക്കാർ നൽകി. എന്നിട്ടും മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മകനും സാവന്ത് മന്ത്രിസഭയിലെ ആരോഗ്യ മന്ത്രിയുമായ വിശ്വജീത് സിങ്ങിനെ ഇറക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. 2017ൽ സർക്കാറുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് വിട്ടതാണ് വിശ്വജീത്. 83 കാരനായ അച്ഛൻ ഇനി മത്സരിക്കേണ്ടെന്നാണ് വിശ്വജീതിന്റെ പക്ഷം. വിശ്വജീതിന്റെ ഭാര്യ ദിവ്യയും ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കും.
40 ശതമാനം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുമ്പോൾ 60 ശതമാനം ഹിന്ദു വോട്ടുകൾ ഉറപ്പുവരുത്താനാണ് ഹിന്ദുത്വ കാർഡിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. കോൺഗ്രസ് ജി.എഫ്.പിയുമായും തൃണമൂൽ മഹാരാഷ്ട്ര വാദി ഗോമന്തക് പാർട്ടി (എം.ജി.പി)യുമായും സഖ്യത്തിലാണ്. കോൺഗ്രസുമായി സഖ്യത്തിന് തൃണമൂൽ സമൂഹ മാധ്യമങ്ങളിലൂടെ ആഗ്രഹമറിയിച്ചെങ്കിലും നേതാക്കൾ തമ്മിൽ ചർച്ചയായിട്ടില്ല. ബി.ജെ.പിക്കെതിരെ മറ്റെല്ലാവരെയും ചേർത്ത് വിശാല സഖ്യത്തിന് എൻ.സി.പിയും ശിവസേനയും ശ്രമം നടത്തുന്നുണ്ട്. കോൺഗ്രസുമായുള്ള സഖ്യം ഈയിടെ തൃണമൂലിൽ ചേർന്ന ചർച്ചിൽ അലെമാവൊ എതിർക്കുന്നു. പ്രാദേശിക പാർട്ടികൾക്കു വഴങ്ങേണ്ടി വരുന്നതിൽ കോൺഗ്രസിനും വൈമുഖ്യമുണ്ട്.
പരീകറും ഗോവയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയയാത്രയെ സ്വാധീനിച്ച ഘടകങ്ങളാണ്. ഗുജറാത്ത് കലാപശേഷം മുഖ്യമന്ത്രി പദത്തിൽനിന്ന് മോദിയെ നീക്കാനുള്ള അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ ശ്രമം ചെറുക്കപ്പെട്ടത് 2002 ൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ സമിതിയിലാണ്. 2013ൽ ഗോവയിൽ നടന്ന പാർട്ടി ദേശീയ സമിതിയിലാണ് ഭാവി പ്രധാനമന്ത്രിയായി മോദിയുടെ പേര് പരീകർ നിർദേശിച്ചത്. 2014 ൽ മോദി പ്രധാനമന്ത്രിയായതോടെ അന്ന് ഗോവയിൽ മുഖ്യമന്ത്രിയായിരുന്ന പരീകറെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി പ്രതിരോധമന്ത്രിയാക്കുകയും ചെയ്തു എം.ജി.പിയുടെ ചെറു സഖ്യമായി ഗോവയിൽ തുടങ്ങിയ ബി.ജെ.പിയെ ഭരണത്തിലെത്തിച്ചത് പരീകർ എന്ന ബ്രാൻഡാണ്.
ഹിന്ദുത്വവും മഹാരാഷ്ട്ര വാദവുമുള്ള എം.ജി.പിയുടെ വോട്ട് ബാങ്ക് കവർന്നായിരുന്നു വളർച്ച. സ്ഥിരഭരണത്തിന് ക്രൈസ്തവസമുദായവും ഒപ്പം വേണമെന്ന് തിരിച്ചറിഞ്ഞ പരീകർ ആ സമുദായത്തിൽനിന്ന് മന്ത്രിമാരെ കണ്ടെത്തി. പരീകർ എന്ന സർവസമ്മതൻ ഇല്ലെങ്കിലും പ്രതികൂല ഘടകങ്ങളെ പ്രതിപക്ഷ വോട്ടുകൾ ചിതറുന്നതിലൂടെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.