അമരാവതിയിലെ കണ്ണീർപാടം
text_fields
ജനത്തെ മറന്നുള്ള ആസൂത്രണത്തിനും ആഡംബര മന്ദിര സമുച്ചയങ്ങളും മണിമാളികകളുമാണു വികസനമെന്ന കാഴ്ചപ്പാടിനും പിന്നാലെ ഭരണാധികാരികൾ പരക്കം പായുകയും ജാതി രാഷ്ട്രീയവും സാമ്പത്തിക താൽപര്യവും മാത്രം പ്രഥമ പരിഗണനയാവുകയും ചെയ്യുേമ്പാൾ വഴിയാധാരമാകുന്നത് കർഷകർ അടക്കം ദുർബല ജനവിഭാഗങ്ങൾ തന്നെയായിരിക്കുമെന്നതിന് ഒടുവിലത്തെ ഉദാഹരണമാവുകയാണ് അമരാവതി. സംസ്ഥാന വിഭജന ശേഷം തലസ്ഥാനം നഷ്ടമായ ആന്ധ്രയുടെ പുതിയ ആസ്ഥാന നഗരം പടുത്തുയർത്താൻ ഒരുങ്ങിയ അമരാവതിയിൽ കർഷകരുടെ കണ്ണീർ ഒഴുകുകയാണ്. ജനത്തെ മറന്നും അധികാരത്തിെൻറ അങ്കം കൊഴുപ്പിക്കുന്ന ഭരണാധികാരികൾക്കെതിരെ നീതിപീഠത്തെ അഭയം പ്രാപിക്കുകയാണ് കർഷകർ.
അമരാവതിയിൽ തലസ്ഥാന നഗരി കെട്ടിപ്പൊക്കാനുള്ള മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിെൻറ തീരുമാനം റദ്ദാക്കാനും മൂന്നിടത്തായി തലസ്ഥാനങ്ങൾ സ്ഥാപിക്കാനുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സർക്കാർ നിയമം കൊണ്ടുവന്നതോടെയാണ് അവരുടെ സ്വപ്നങ്ങൾ അസ്തമിച്ചത്. വിശാഖപട്ടണത്തു ഭരണ തലസ്ഥാനവും അമരാവതിയിൽ നിയമസഭാ ആസ്ഥാനവും ഹൈകോടതി ആസ്ഥാനമെന്ന നിലയിൽ കുർണൂൽ ജുഡീഷ്യൽ തലസ്ഥാനവും സ്ഥാപിക്കുമെന്നാണു ചന്ദ്രബാബു നായിഡു സർക്കാറിെൻറ തീരുമാനം ഡീ നോട്ടിൈഫ ചെയ്തുകൊണ്ടുള്ള വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കുന്നത്.
കൊല്ലാക്കൊലയിൽ വിലപിച്ചു കർഷകർ
ആന്ധ്രയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് കൃഷ്ണ നദീ തീരത്തെ ഫലഭൂയിഷ്ഠമായ അമരാവതി. 120ലേറെ വിളകൾ ഇവിടെ കൃഷി ചെയ്തിരുന്നു. തലസ്ഥാനത്തിനായി അമരാവതിയിലെ കർഷകർ വിട്ടുനൽകിയത് 34,281 ഏക്കർ ഭൂമിയാണ്. അഞ്ചു വർഷമായി നടന്ന നിർമാണ പ്രവർത്തനങ്ങൾ ഫലപുഷ്ടി ഉൗറ്റിയെടുത്ത ഭൂമിയിൽ ഇനിയെന്തു ചെയ്യുെമന്ന ആശങ്കയിലാണ് അവർ തെരുവിലിറങ്ങുന്നത്. സർക്കാർ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജധാനി റൈതു പരിരക്ഷണ സമിതി നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ച അവരുടെ മുഴുവൻ പ്രതീക്ഷയും നീതിപീഠത്തിലാണ്. കോവിഡ് വ്യാപന ഭീഷണി രൂക്ഷമാണെങ്കിലും ജീവിതം വഴിമുട്ടിയ ആശങ്കയിൽ അവർ സമരമുഖത്താണ്. തുള്ളുരു, മണ്ടാടം, വെങ്കിട്ടപാളയം, വേളഗാപൗഡി ഗ്രാമങ്ങളിൽ സാമൂഹിക അകലം പാലിച്ച് കർഷകർ സമരത്തിനിറങ്ങി.
അമരാവതിയിലെ കർഷകരെ സർക്കാർ കൂട്ടക്കൊല ചെയ്തിരിക്കുകയാണെന്നാണ് അമരാവതി പരിരക്ഷണ സമിതി ജോയൻറ് ആക്ഷൻ കമ്മിറ്റി പറയുന്നത്. സർക്കാറിനെ വിശ്വസിച്ചു ഭൂമി നൽകിയ ഒന്നര ലക്ഷത്തോളം കർഷകർ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു. അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു. വികസിപ്പിച്ച േപ്ലാട്ടുകൾ കർഷകർക്കു കൈമാറുമെന്നാണു സർക്കാറിെൻറ ആശ്വാസവാക്ക്. എന്നാൽ, മറ്റു വികസന പ്രവർത്തനങ്ങൾ ഒന്നുമില്ലാതിരിക്കെ ഇൗ േപ്ലാട്ടുകൾ കൊണ്ട് എന്തു കാര്യമെന്നാണു കർഷകരുെട വിലാപം.
തലസ്ഥാന നഗര നിർമിതിക്കായി 25,398 കർഷകരാണ് 34,281 ഏക്കർ ഭൂമി വിട്ടു നൽകിയത്. താമസത്തിനും വാണിജ്യാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന േപ്ലാട്ടുകളും വാർഷിക പ്രതിഫലവും ഭൂരഹിത പെൻഷനുമായിരുന്നു വാഗ്ദാനം. കൃഷിഭൂമി വിട്ടുകൊടുത്തതോടെ ഭൂരഹിതരായ 21,643 കുടുംബങ്ങൾക്കായിരുന്നു പെൻഷൻ വാഗ്ദാനം. മൂന്നു വർഷത്തിനകം ഒാരോ ഏക്കറിനും 250 മുതൽ 1000 വരെ ചതുരശ്ര യാർഡ് ഹൗസിങ് േപ്ലാട്ടും 50 മുതൽ 450 ചതുരശ്ര യാർഡ് വരെ കൊമേഴ്സ്യൽ േപ്ലാട്ടും നൽകുമെന്നും പറഞ്ഞിരുന്നു.
പൊന്ന് വിളയുന്ന ഭൂമിയിൽ ലാഭക്കണ്ണ്
കൃഷ്ണ നദി സമുദ്രേത്താടു ചേരുന്നതിന് 60 കിലോമീറ്റർ മാത്രം അകലെയാണ് അമരാവതി. ഫലഭൂയിഷ്ഠിയിൽ സമാനതകൾ അധികമില്ലാത്ത പൊന്ന് വിളയുന്ന മണ്ണ്. പാരിസ്ഥിതികമായും ഏറെ പ്രധാനപ്പെട്ട മേഖല. സംസ്ഥാന വിഭജന വേളയിൽ പുതിയ തലസ്ഥാനത്തിന് അനുയോജ്യമായ സ്ഥലം നിശ്ചയിക്കാൻ കേന്ദ്രം നിയോഗിച്ച െക.സി. ശിവരാമകൃഷ്ണൻ കമ്മിറ്റി ഗുണ്ടൂർ, വിജയവാഡ മേഖലയിൽ തലസ്ഥാനം നിർമിക്കരുതെന്നു ശിപാർശ ചെയ്തിരുന്നു. പരിസ്ഥിതി ആശങ്കകളായിരുന്നു അതിന് അടിസ്ഥാനം.
സ്ഥലത്തില്ലാത്ത ജന്മികളുടെ പേരിലായിരുന്നു ഭൂമിയിലേറെയും എന്നത് ഒരു പരിധിവരെ കാര്യങ്ങൾ എളുപ്പമാക്കിയെങ്കിലും പലയിടത്തും ബലം പ്രയോഗിച്ചാണു ഭൂമി ഒഴിപ്പിച്ചത്. പലവിധ തൊഴിലുകൾക്കായി അമേരിക്കയിലേക്കു കുടിയേറിയവരായിരുന്നു ഇൗ ജന്മികൾ. പാട്ടത്തിനെടുത്ത കർഷകരായിരുന്നു ഭൂമിയുടെ കൈവശക്കാർ. അത് വിട്ടുനൽകാൻ ജന്മികൾക്ക് എതിർപ്പില്ലായിരുന്നു. അവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത േപ്ലാട്ടുകൾ മതിയായിരുന്നു. നഗരവികസനത്തിലൂടെ ഭൂമി വില കുതിച്ചു കയറുേമ്പാൾ േപ്ലാട്ടുകൾ വിറ്റു വൻ ലാഭം കൊയ്യാമെന്നായിരുന്നു ജന്മികളുടെ പ്രതീക്ഷ. ജന്മികൾ ഏറിയ പങ്കും നായിഡുവിെൻറ കമ്മ സമുദായക്കാരാണ്. സ്വന്തം സമുദായക്കാരുടെ താൽപര്യ സംരക്ഷണവും അവരുടെ സാമ്പത്തിക നേട്ടവുമാണു നായിഡുവിെൻറ ലക്ഷ്യമെന്ന് തുടക്കത്തിലേ ആരോപണം ഉയർന്നിരുന്നു. തലസ്ഥാന കേന്ദ്രത്തെ കുറിച്ചു നേരത്തേ അറിവ് ലഭിച്ച നായിഡുവിെൻറ ആളുകൾ കണ്ണായ സ്ഥലങ്ങളിൽ മോഹവിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടിയിരുന്നു എന്നും ആക്ഷേപമുണ്ട്.
മാതൃക നഗരം ഇപ്പോൾ പ്രേതഭൂമി
മോഹിപ്പിക്കുന്ന നേട്ടങ്ങൾ സ്വപ്നം കണ്ട അമരാവതി ഇപ്പോൾ പ്രേതഭൂമിയുടെ അവസ്ഥയിലാണ്. നിർമാണ പ്രവർത്തനങ്ങൾ മുന്നിൽക്കണ്ട് വൻ തുക വായ്പയെടുത്ത് സംരംഭങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ടവർ കടക്കെണിയിൽ. ശേഷിക്കുന്ന സ്വത്തുക്കൾ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൈവശമാകുന്ന അവസ്ഥ.
മൂന്നു ഘട്ടമായി രണ്ടു ലക്ഷം കോടി രൂപ ചെലവിൽ കെട്ടിപ്പൊക്കുന്ന അമരാവതി േലാകത്തിലെ തന്നെ മാതൃകാ നഗരമാവണമെന്നായിരുന്നു നായിഡുവിെൻറ സ്വപ്നം. 10,000 കോടി ചെലവിട്ടപ്പോഴാണ് നായിഡു ഭരണം നിലംപൊത്തിയത്. അതോടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. ഹോട്ടലുകൾ കാലിയായി. വാണിജ്യ സ്ഥാപനങ്ങളിൽ ആളനക്കം ഇല്ലാത്ത സ്ഥിതി. പദ്ധതിയിലേക്കു പണമൊഴുക്കാമെന്നു സമ്മതിച്ച ലോകബാങ്കും എ.െഎ.െഎ.ബിയും(ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്) പിന്മാറി.
തലസ്ഥാന നഗര പ്രഖ്യാപനത്തോടെ ഭൂമി വില വാണംപോലെ കുതിച്ചുയരുകയായിരുന്നു. ആളുകൾ കൃഷി ഭൂമി അടക്കം മോഹവിലയ്ക്കു വിറ്റു പണമാക്കി റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലയിലെ ബിസിനസ് സംരംഭങ്ങളിലേക്കു ചാടിയിറങ്ങി. മണ്ണ് മാന്തി യന്ത്രങ്ങളും ടിപ്പറുകളും ട്രാക്ടറുകളും വാങ്ങിക്കൂട്ടി. വിവിധ മേഖലകളിലേക്കു തൊഴിൽ തേടിയെത്തുന്നവരെ പ്രതീക്ഷിച്ചു വാടക കെട്ടിട ബിസിനസിന് ഇറങ്ങിയവരും നിരവധി. ഗൃഹോപകരണ വിൽപന ശാലകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടൽ എന്നീ സംരംഭങ്ങൾക്കും മുതൽമുടക്കാൻ ആളേറെയായിരുന്നു. വിവിധ പ്രോജക്ടുകളുമായി കോർപറേറ്റ് ഭീമൻമാരും രംഗത്തിറങ്ങി. പണമൊഴുകുന്ന നാളെകളിലൂടെയായിരുന്നു എല്ലാവരുടെയും സ്വപ്ന യാത്ര.
പക്ഷേ, എല്ലാം തകർന്നടിഞ്ഞു. എല്ലായിടത്തും കനത്ത നിരാശയും നഷ്ടബോധവും മാത്രം. കർഷകർക്കു കൃഷിയിലേക്കു മടങ്ങണമെന്നുണ്ട്. പക്ഷേ, നാലു വർഷത്തിലേറെയായി നടന്ന വൻകിട നിർമാണങ്ങൾ ഫലഭൂയിഷ്ഠമായ മണ്ണ് ഉൗഷരഭൂമിയാക്കിയിരിക്കുന്നു. മിക്ക കൃഷിനിലങ്ങളും നകത്തപ്പെട്ടു. ജലസേചന സംവിധാനങ്ങളും വൈദ്യുതി വിതരണവുമൊക്കെ താറുമാറായി. ഭൂമിയുടെ അതിർത്തികൾ പോലും ഇല്ലാതായി. ഒരു നിലയ്ക്കും കൃഷി നടത്താൻ പറ്റാത്ത അവസ്ഥ. വാടകക്കു നൽകാൻ പണിത കെട്ടിടങ്ങളിൽ ആളില്ല. പണി തേടി എത്തിയ പതിനായിരങ്ങൾ മടങ്ങിയതോടെ ഏതാണ്ട് ആളൊഴിഞ്ഞ പൂരപ്പറമ്പിെൻറ അവസ്ഥയിലാണ് അമരാവതി. വൻ ലാഭം പ്രതീക്ഷിച്ചു ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ച ബിൽഡർമാർക്കും കോടികളാണു നഷ്ടം.
നായിഡുവിന്‍റെ സ്വപ്ന നഗരം
ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ശ്രദ്ധേയമായ നിർമിതികളും സവിേശഷതകളുമായി സഞ്ചാരികളെയും നിക്ഷേപകരെയും ഒരേപോലെ ആകർഷിക്കുന്ന ഹരിതനഗരമായിരുന്നു അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ സ്വപ്നം. 5.5 കിലോമീറ്റർ നീളത്തിലും ഒരു കിലോമീറ്റർ വീതിയിലും ഉയരുന്ന സെക്രേട്ടറിയറ്റ് സമുച്ചയമായിരുന്നു നഗരഹൃദയം. നെടുകെയുള്ള ഹരിത നെട്ടല്ലായിരുന്നു പ്രധാന സവിശേഷത. വൈദ്യുതി വാഹനങ്ങളും ജല ടാക്സികളും പ്രത്യേകമായ സൈക്കിൾ പാതകളുമാണ് ഗതാഗതത്തിന് ഉദ്ദേശിച്ചത്. നഗരത്തിലൂടെ നടക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് മരങ്ങൾ തണൽ വിരിക്കുന്ന പാതകളും ചത്വരങ്ങളും വിഭാവന ചെയ്തു. വലിയ ശുദ്ധജല തടാകത്തിനുള്ളിൽ നിൽക്കുന്ന വിധത്തിലായിരുന്നു നിയമസഭാ മന്ദിരം. 2024ൽ രണ്ടാം ഘട്ടവും 2029ൽ മൂന്നാം ഘട്ടവും പൂർത്തിയാവുന്നതോടെ അമരാവതി ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന നഗരമായി വികസിക്കുമെന്നായിരുന്നു നായിഡുവിെൻറ സ്വപ്നം. 217.23 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് തലസ്ഥാന നഗരമായി വികസിപ്പിക്കാൻ ഉദ്ദേശിച്ചത്. 16.94 ചതുരശ്ര കിലോമീറ്റർ വരുന്ന നഗര കേന്ദ്രത്തിലാവും സെക്രേട്ടറിയറ്റും നിയമസഭയും ഹൈകോടതിയുമെല്ലാം. കൃഷ്ണ, ഗുണ്ടൂർ ജില്ലകൾ ഉൾപ്പെടുന്ന 8352.69 ചതുരശ്ര കിലോമീറ്റർ പ്രദേശം തലസ്ഥാന മേഖലയായി വികസിപ്പിക്കാനും ലക്ഷ്യമിട്ടു.
നായിഡു നോക്കിയതു ജപ്പാനിലേക്ക്
ചരിത്രവും ഭാവിയും മുന്നിൽക്കണ്ടായിരുന്നു നായിഡുവിെൻറ തീരുമാനം. ജപ്പാനിലേക്കുള്ള യാത്രാപഥത്തിൽ സിംഗപ്പൂരിന് അഭിമുഖമായി വരുന്ന പ്രദേശമാണിവടം. ബുദ്ധ പാരമ്പര്യം ഏറെയുള്ള സ്ഥലമായതിനാൽ ബുദ്ധിസ്റ്റുകളെ ആകർഷിക്കാമെന്നായിരുന്നു പ്രതീക്ഷ. പ്രത്യേകിച്ചു ജപ്പാനിൽനിന്നുള്ള നിക്ഷേപകരെ.
മേഖലയിലെ പ്രമുഖ ബുദ്ധ കേന്ദ്രമായ അമരാവതിയിലെ ബുദ്ധ ആശ്രമങ്ങളും സർവകലാശാലയും ഇന്ത്യയിലെമ്പാടുംനിന്നു മാത്രമല്ല, ദക്ഷിണ പൂർവേഷ്യയിൽനിന്നും പൂർവേഷ്യയിൽനിന്നുമുള്ള വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമാണ്. അവശിഷ്ടങ്ങൾ മാത്രമാണു ബാക്കിയെങ്കിലും ഇവിടുത്തെ ബുദ്ധ സ്തൂപം ഇന്ത്യയിലെ ഏറ്റവും വലിയ സ്തൂപങ്ങളിലൊന്നാണ്. ബുദ്ധ ആരാധനാലയത്തിലെ ഉപശാന്തി പ്രതിമകൾ പ്രസിദ്ധം. നിക്ഷേപങ്ങൾക്കൊപ്പം വിനോദ സഞ്ചാരികളെയും കുരുക്കിയെടുക്കാൻ ഇവയെല്ലാം പര്യാപ്തമാകുമെന്നായിരുന്നു നായിഡുവിെൻറ കണക്കുകൂട്ടൽ.
എന്തുകൊണ്ട് വിശാഖപട്ടണം?
അമരാവതിയെ തള്ളി ജഗൻ എന്തുകൊണ്ടു വിശാഖപട്ടണത്തേക്കു തലസ്ഥാനം മാറ്റുന്നു എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്. അവിഭക്ത ആന്ധ്രപ്രദേശിെല ഏറ്റവും വലിയ രണ്ടാമത്തെ നഗരമായിരുന്നു വിശാഖപട്ടണം. കോസ്മോപോളിറ്റൻ പരിവേഷം ഇതിനകമുള്ള വിസാഗ് എന്ന വിളിപ്പേരിലുള്ള പട്ടണം. നാവിക സേന ആസ്ഥാനവും നിരവധി പൊതുമേഖല സ്ഥാപനങ്ങളും ഇവിടെയുണ്ട്. ബംഗാൾ ഉൾക്കടലിെൻറ തീരം. പിന്നിൽ പർവത നിരകൾ. ആകർഷകമായ പ്രകൃതിഭംഗിയാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. രാജ്യാന്തര വിമാനത്താവളം, പ്രധാന റെയിൽവേ ജങ്ഷൻ എന്നീ സൗകര്യങ്ങൾ പുറമെ. ചെന്നൈയിലേക്കും ഹൗറയിലേക്കും ഇവിടെനിന്നു തുല്യ ദൂരമാണ്. ഇതിനകം വികസിച്ച നഗരത്തിൽ നടത്തുന്ന ഏതു പുതിയ നിർമാണവും അധിക ഫലം ചെയ്യുമെന്നു വിലയിരുത്തുന്ന വിദഗ്ധർ ഏറെയാണ്. അമരാവതിയിൽ കമ്മ സമുദായത്തിെൻറ മേൽക്കോയ്മയാണെങ്കിൽ ജാതികൾ വിധി നിർണയിക്കുന്ന ആന്ധ്രയിൽ വിസാഗിൽ ഒരു പ്രത്യേക വിഭാഗത്തിനും ആധിപത്യമില്ലെന്നതും ജഗെൻറ കണക്കുകൂട്ടലുകളെ സ്വാധീനിച്ചിട്ടുണ്ടാവും.
ചരിത്രം; ജാതിപ്പോര്
തലസ്ഥാനത്തെ ചൊല്ലിയുള്ള വടംവലി ജഗനിലും നായിഡുവിലും ഒതുങ്ങുന്നതല്ല എന്നതാണ് ആന്ധ്രയുടെ ചരിത്രം. മദ്രാസ് പ്രസിഡൻസിയിൽനിന്നു വിഘടിച്ച് 1953ൽ ആന്ധ്ര സംസ്ഥാനം രൂപംകൊള്ളുേമ്പാൾ തലസ്ഥാനം ഉണ്ടായിരുന്നില്ല. മദ്രാസ് ആന്ധ്രയുടെ ഭാഗമാവണം എന്നായിരുന്നു നഗരത്തിലെ തെലുഗു ജനതയുടെ ആഗ്രഹം. തെലുഗു സംരംഭകർ ആണ് മദ്രാസിെൻറ ത്വരിത വളർച്ചക്കു നിദാനം എന്നായിരുന്നു അവരുടെ വാദം. പക്ഷേ, തമിഴർ അംഗീകരിച്ചില്ല. അങ്ങനെ കുർണൂൽ ആന്ധ്ര തലസ്ഥാനമായി. പക്ഷേ, തലസ്ഥാനത്തിെൻറ സൗകര്യങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തമായിരുന്നില്ല കുർണൂൽ. 1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പിറവി കൊണ്ടപ്പോൾ നിസാമിെൻറ അധീനതയിൽ ആയിരുന്ന ഹൈദരാബാദിെൻറ തെലുഗു, ഉർദു മേഖലയും കൂടി ചേർത്താണ് ആന്ധ്രപ്രദേശ് രൂപംകൊണ്ടത്. അതിനകം നഗരമായി വളർന്ന ഹൈദരാബാദ് അങ്ങനെ സംസ്ഥാന തലസ്ഥാനവുമായി.
തെലുങ്കാന സംസ്ഥാന പിറവിക്കു പിന്നിലും ജാതിയുടെ സ്വാധീനം ഏറെയാണ്. എൻ.ടി. രാമറാവുവിെൻറയും ചന്ദ്രബാബു നായിഡുവിെൻറയും കീഴിൽ കമ്മ സമുദായം നേടിയ ആധിപത്യമാണ് ഇതര വിഭാഗങ്ങളെ പ്രകോപിപ്പിച്ചതും തെലുങ്കാന പ്രക്ഷോഭത്തിനു കരുത്തു പകർന്നതും. അതുകൊണ്ടുതെന്ന തലസ്ഥാന പോര് അധിക വേഗം അടങ്ങാൻ സാധ്യതയില്ല. സംസ്ഥാനത്തിെൻറ ചരിത്രവും രാഷ്ട്രീയവും പ്രധാനമായും ഒറ്റ ചോദ്യത്തിൽ ചുറ്റിത്തിരിയുന്നതാണ്. ഏതു സമുദായമാണ് തലസ്ഥാനത്തിെൻറ കടിഞ്ഞാൺ കൈയാളുന്നതെന്നും ആർക്കാണു തലസ്ഥാന നഗരത്തിെൻറ സാമ്പത്തിക ഫലങ്ങൾ അനുഭവിക്കാൻ കഴിയുന്നതെന്നുമാണ് ആ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.