സ്റ്റാലിനെയല്ല, എം.കെ. സ്റ്റാലിനെ കണ്ടുപഠിക്കാം
text_fieldsകേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രിയുൾപ്പെടെ സംഘ്പരിവാർ നേതാക്കൾക്കും ലഭിച്ച കനത്ത പ്രഹരമായിരുന്നു കേരളം, ബംഗാൾ, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. മോദിയും യോഗിയും അമിത്ഷായും നേരിട്ടിറങ്ങിക്കളിച്ച തെരഞ്ഞെടുപ്പുകളായിട്ടും വർഗീയ രാഷ്ട്രീയത്തിന് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങൾ കനത്ത താക്കീതാണ് നൽകിയത്. വിഭാഗീയതയിലും ഛിദ്രതയിലും ശ്വാസംമുട്ടിക്കഴിഞ്ഞ ഇന്ത്യക്ക് ആശ്വാസം പകർന്ന തെരഞ്ഞെടുപ്പിനെത്തുടർന്ന് അധികാരമേറിയ മന്ത്രിസഭകൾ നൂറു ദിവസം തികയവെ പ്രോഗ്രസ് റെക്കോഡ് തയാറാക്കിയാൽ കേരളത്തിൽ ഭരണത്തുടർച്ച നേടി അധികാരമേറിയ പിണറായി വിജയനേക്കാൾ കൂടുതൽ എ പ്ലസുകൾക്ക് എന്തുകൊണ്ടും അർഹനാണ് മുഖ്യമന്ത്രി പദത്തിൽ ആദ്യ ഊഴക്കാരനായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല അനാരോഗ്യ ശീലങ്ങൾക്കും മാറ്റംകുറിച്ചും ജനപക്ഷ ഭരണത്തിന് പുതു മാതൃകകൾ തീർത്തുമാണ് ഡി.എം.കെ നേതൃത്വത്തിലെ മന്ത്രിസഭയെ സ്റ്റാലിൻ മുന്നോട്ടുനയിക്കുന്നത്.
സത്യപ്രതിജ്ഞ ചടങ്ങുമുതൽ പ്രകടമായിരുന്നു ഈ മാറ്റത്തിെൻറ കാറ്റ്. സാധാരണ ഗതിയിൽ സെൻറ് ജോർജ് കോട്ടയിൽ ഉത്സവ സമാനമായി നടത്തിവന്നിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തിൽ തീർത്തും ലളിതമായി രാജ്ഭവൻ ലോണിലാണ് നടത്തിയത്. ഒരു മന്ത്രിയും സത്യപ്രതിജ്ഞക്ക് മുേമ്പാ ശേഷമോ മുഖ്യമന്ത്രിയുടെ കാൽതൊട്ട് തൊഴുതില്ല. പകരം സത്യപ്രതിജ്ഞ ചെയ്ത ഓരോ സഹപ്രവർത്തകനെയും മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. 33 മന്ത്രിമാർ അധികാരമേറ്റ ചടങ്ങിൽ അവരുടെ ഉറ്റ ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളുമുൾപ്പെടെ 300ഓളം പേർ മാത്രമാണ് സന്നിഹിതരായത്. പണ്ട് ജയലളിത അധികാരമേറ്റ വേളയിൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സ്റ്റാലിനെ രണ്ടാം നിരയിലിരുത്തി അപമാനിച്ച സംഭവമുണ്ട്.
തകർപ്പൻ വിജയം കൈവെള്ളയിൽ വന്നപ്പോഴും പ്രതികാരം ചെയ്യാൻ മുഖ്യമന്ത്രി മുതിർന്നില്ല. പകരം മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോ ഓഡിനേറ്ററുമായ ഒ. പന്നീർസെൽവം, മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ. ഗണേഷൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയെല്ലാം തികഞ്ഞ ആദരവോടെ സ്വീകരിച്ചിരുത്തി. മകനും എം.എൽ.എയുമായ ഉദയ്നിധി സ്റ്റാലിന് മന്ത്രിപദം ലഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും സ്റ്റാലിൻ അതിനു മുതിർന്നില്ല. അതേസമയം, അതികായനായ കരുണാനിധിയിൽനിന്ന് താൻ കണ്ടും കേട്ടും രാഷ്ട്രീയം പഠിച്ച മാതൃക പരിശീലിക്കാൻ സംഘടന തലത്തിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നുണ്ട്.
ഒപ്പുവെച്ചത് ജനഹൃദയങ്ങളിൽ
കരുണാനിധി എഴുതിയിരുന്ന 'വാലിറ്റി 69' ഫൗണ്ടൻ പേന ഉപയോഗിച്ച് സ്റ്റാലിൻ ഒപ്പുവെച്ച ആദ്യദിന ഉത്തരവുകൾ ദുരിതപ്പൊരിവെയിലിൽ നിൽക്കുന്ന ജനങ്ങൾക്ക് ആശ്വാസത്തിന്റെ തണൽപന്തലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റ് മാത്രമല്ല 4,000 രൂപയുടെ ധനസഹായവും നൽകാനായിരുന്നു തീരുമാനം. സംസ്ഥാന സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിനും സൗജന്യമാണ്. ഭരണത്തിലേറി ആദ്യ ഒന്നര മാസം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോവിഡ് നിയമം ലംഘിച്ച് ഒരു പരിപാടിയിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായില്ല. പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് വാർഡ് സന്ദർശിച്ച സ്റ്റാലിൻ ആരോഗ്യപ്രവർത്തകർക്കും രോഗികളുടെ ബന്ധുക്കൾക്കും ആത്മവിശ്വാസം പകർന്നു.
കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായവർക്ക് പുതിയ സംരംഭം തുടങ്ങാൻ പലിശരഹിത വായ്പ നൽകുന്നതിന് 84 കോടി വകയിരുത്തി. കർഷകർക്ക് സഹായ പദ്ധതിയും ജോലി നഷ്ടപ്പെട്ട സ്ത്രീകൾക്ക് 6,000 രൂപയുടെ പ്രത്യേക ധനസഹായവും ഏർപ്പെടുത്തി. ചെറുകിട വ്യവസായങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കി. കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 5,000 രൂപ അധിക അലവൻസ് നൽകി. ആരോഗ്യ പ്രവർത്തകർക്ക് 25 ലക്ഷം രൂപയുടെയും മാധ്യമ പ്രവർത്തകർക്ക് പത്തു ലക്ഷം രൂപയുടെയും കോവിഡ് ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നു. കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് സർക്കാർ ജോലി നൽകാനും തീരുമാനിച്ചു. പൊതുജനങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 300 കോടിയോളം രൂപ സമാഹരിക്കാനുമായി.
ക്ഷാമം പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചു. ഇതിനായി ചെങ്കൽപ്പട്ടിലെ വാക്സിൻ നിർമാണ യൂനിറ്റ് വിട്ടുകൊടുക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. തുടർന്ന്, ഭാരത് ബയോടെക് കമ്പനി അധികൃതരുമായി നേരിട്ട് ചർച്ച നടത്തി.പത്തുവർഷത്തെ അണ്ണാ ഡി.എം.കെ ഭരണകാലയളിൽ സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം ഉണ്ടായ പ്രതിസന്ധി വെളിവാക്കുന്ന ധവളപത്രം സർക്കാർ പുറത്തിറക്കി. ഇതനുസരിച്ച് സംസ്ഥാന സർക്കാറിെൻറ മൊത്തം കടബാധ്യത 5.70 ലക്ഷം കോടി രൂപയാണ്. സംസ്ഥാനത്തെ ഒാരോ കുടുംബത്തിനു മീതെയും 2,63,976 രൂപയാണ് പൊതു കടം. തമിഴ്നാട് സർക്കാർ വാങ്ങിയ വായ്പകളുടെ പലിശയിനത്തിൽ മാത്രം പ്രതിദിനം 87.31 കോടി രൂപ അടക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്നാട് സർക്കാറിന് ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ പ്രമുഖരെ ഉൾപ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപവത്കരിച്ചതും ഇൗ സാഹചര്യത്തിലാണ്.
ഒാർഡിനറി സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ശാരീരിക വ്യതിയാനമുള്ളവർക്കും ഭിന്നലിംഗക്കാർക്കും യാത്ര സൗജന്യമാക്കി, വിദ്യാർഥികളിൽ ജാതിപരമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായി പാഠപുസ്തകങ്ങളിലെ പ്രമുഖരുടെ പേരിനൊപ്പമുള്ള ജാതിവാൽ ഒഴിവാക്കിയതും ശക്തമായ തീരുമാനമായി.പ്രതിപക്ഷ ബഹുമാനം സ്വയം കാത്തുസൂക്ഷിച്ചും അണികളെ നിഷ്കർഷിച്ചുമാണ് മുഖ്യമന്ത്രിയുടെ മുന്നോട്ടുപോക്ക്. സർക്കാർ സബ്സിഡിയോടെ കുറഞ്ഞ ചെലവിൽ ഭക്ഷണം വിളമ്പുന്ന അമ്മാ ഊണവാകത്തിൽ സ്ഥാപിച്ച ജയലളിതയുടെ ചിത്രങ്ങൾ കീറിയെറിഞ്ഞ ഡി.എം.കെ പ്രവർത്തകരെ ന്യായീകരിക്കാൻ നിന്നില്ല. അവർക്കെതിരെ അച്ചടക്ക നടപടിയെടുത്തു, ജയ ചിത്രങ്ങൾ പുനഃസ്ഥാപിച്ചു. ഇപ്പോഴും ഭക്ഷണശാലകൾക്ക് ജയയുടെ പേരുതന്നെ. കട്ടൗട്ട് സംസ്കാരത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സ്വന്തം പാർട്ടി അണികൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
ഫാഷിസത്തിന് കീഴൊതുങ്ങാതെ
രാജ്യം ഭരിക്കുന്ന സർക്കാറിെൻറ ഏകാധിപത്യം മാനിച്ച് കീഴൊതുങ്ങി കഴിയേണ്ടവരല്ല സംസ്ഥാനങ്ങൾ എന്ന കൃത്യമായ രാഷ്ട്രീയം സൂക്ഷിക്കുന്നുണ്ട് സ്റ്റാലിൻ. 'മധ്യ അരസ്' (സെൻട്രൽ ഗവൺമെൻറ്) എന്ന പ്രയോഗംതന്നെ ഉപേക്ഷിച്ച് 'ഒൺറിയ അരസ്' (യൂനിയൻ ഗവൺമെൻറ്) എന്നാണ് തമിഴ്നാട് ഔദ്യോഗിക രേഖകളിലും വാർത്തക്കുറിപ്പുകളിലും കത്തിടപാടുകളിലുമെല്ലാം ഉപയോഗിക്കുന്നത്. രാജ്യത്തിെൻറ ഫെഡറൽ വ്യവസ്ഥിതി ഒാർമിപ്പിക്കുന്നതാണ് ഈ നീക്കം. ദേശീയതലത്തിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് തമിഴ്നാടിെൻറ പൂർണപിന്തുണ പ്രഖ്യാപിച്ച സ്റ്റാലിൻ മോദി സർക്കാറുമായി തുറന്ന പോരിനിറങ്ങിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം ആളായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ തമിഴ്നാട് ന്യൂസ് പ്രിൻറ് ആൻഡ് പേപ്പേഴ്സിലേക്ക് മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ അറസ്റ്റ് ചെയ്തതിെൻറ പേരിൽ ഒതുക്കി മൂലക്കിരുത്തിയ പി.കന്തസാമിയെ അഴിമതി നിരോധന വിജിലൻസ് വിഭാഗം ഡി.ജി.പിയായും നിയമിച്ചു.
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപവത്കരിക്കണമെന്ന അനാവശ്യവിവാദത്തിന് തക്കതായ മറുപടി കൊടുത്തതോടെ തല മാളത്തിലേക്ക് വലിക്കാൻ നിർബന്ധിതമായി ബി.ജെ.പി ഘടകം. അണ്ണാ ഡി.എം.കെ ഭരണകാലത്ത് വിവിധ പാർട്ടി നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ചുമത്തിയ അന്യായ കേസുകളെല്ലാം പിൻവലിച്ച് സർക്കാർ ഉത്തരവിട്ടു. മുൻ സംസ്ഥാന സർക്കാറിെൻറ കാലത്തെ അഴിമതി അന്വേഷിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പാക്കിത്തുടങ്ങി. മുൻമന്ത്രിമാരായ എം.ആർ. വിജയഭാസ്ക്കർ, എസ്.പി വേലുമണി തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ് നടത്തി. ഇരുവർക്കുമെതിരെ അവിഹിത സ്വത്ത് സമ്പാദനത്തിന് കേസുകളും രജിസ്റ്റർ ചെയ്തു.
ആഭ്യന്തരം ഭരിക്കുന്നത് പൊലീസല്ല
മുഖ്യമന്ത്രിയെന്ന നിലയിൽ ഒട്ടനവധി ജനപക്ഷ തുടക്കങ്ങൾ നടപ്പാക്കിയ സ്റ്റാലിെൻറ കഴിവ് വ്യക്തമായി വെളിപ്പെടുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിലാണ്. നിർഭയനും അഴിമതിയുടെ കറപുരളാത്തയാളുമായ ഡോ.സി. ശൈലേന്ദ്രബാബു ഐ.പി.എസിനെ സംസ്ഥാന പൊലീസ് സേനയുടെ മേധാവിയാക്കിയതുതന്നെ ജനങ്ങളിൽ ആവേശമുയർത്തി. അധികാരമേറ്റ ആദ്യ നാളുകളിൽത്തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം പൊലീസ് പീഡനം സംബന്ധിച്ച് ഒരു പരാതിക്ക് പോലും ഇടവരുത്തരുത് എന്നാണ്. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടോ എന്ന് കൃത്യമായി വിശകലനം ചെയ്യുന്നുമുണ്ട്.
കോവിഡ് നിയമം ലംഘിച്ചുവെന്ന് ആരോപിക്കപ്പെട്ടാൽ പോലും നടുറോഡിൽ പൊലീസിങ് നടപ്പാക്കുന്നില്ല. മറിച്ച് നോട്ടീസ് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് നടപടിക്രമങ്ങളുടെ പേരിൽ ഏതെങ്കിലും കുടുംബമോ വ്യക്തിയോ തമിഴ്നാട്ടിൽ പൊലീസ് അതിക്രമത്തിനിരയായിട്ടില്ല. ഐ.പി.എസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിതനായ മുൻ സ്പെഷൽ ഡി.ജി.പിക്കെതിരായ അന്വേഷണം മുറതെറ്റാതെ നടക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക ക്ഷേമത്തിലും സർക്കാറിന് ശ്രദ്ധയുണ്ട്. കുടുംബത്തോടൊപ്പം ചെലവിടുന്നതിന് ആഴ്ചയിൽ ഒരു അവധി നിർബന്ധമാക്കി. ഒപ്പം ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും അവധിയെടുക്കാനും അനുമതി നൽകിയിരിക്കുന്നു.
റഷ്യൻ ഏകാധിപതി ജോസഫ് സ്റ്റാലിനോടുള്ള ആദര സൂചകമായാണ് ഇടതുപക്ഷം ഹൃദയപക്ഷമെന്ന് വിശ്വസിച്ച കരുണാനിധി മകന് ഈ പേര് നൽകിയത്. എം.കെ. സ്റ്റാലിെൻറ ഇപ്പോഴത്തെ നയങ്ങളിലും നിലപാടുകളിലും പക്ഷേ, സ്റ്റാലിനിസത്തിെൻറ ലാഞ്ചന പോലും കാണാനാവില്ല.കേരളത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും തികഞ്ഞ ആദരവും സൗഹൃദവുമാണ് സ്റ്റാലിൻ കാത്തുസൂക്ഷിച്ചുപോരുന്നത്. കേരളത്തിൽ നിന്നുള്ള മാതൃകകളെ അഭിനന്ദിക്കാനും ഉൾക്കൊള്ളാനാവുന്ന മാതൃകകൾ പിൻപറ്റാനും അദ്ദേഹം മടികാണിക്കില്ല. ജനങ്ങളൊട്ടാകെ ദുരിതത്തിലാണ്ട് നിൽക്കുേമ്പാഴും അടിയന്തരാവസ്ഥയിലെന്ന പോലെ പൊലീസിനെ അഴിച്ചുവിട്ടിരിക്കുന്ന, അതിക്രമങ്ങളെ നിർലജ്ജം ന്യായീകരിക്കുന്ന ഭരണാധികാരികൾക്ക് എം.കെ. സ്റ്റാലിനിൽനിന്ന് കണ്ടുപഠിക്കാൻ ഒരുപാടുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.