Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെട്ടകാലത്തെ അവസരങ്ങൾ
cancel
Homechevron_rightOpinionchevron_rightColumnschevron_rightകെട്ടകാലത്തെ...

കെട്ടകാലത്തെ 'അവസരങ്ങൾ'

text_fields
bookmark_border

'ഒാരോ നേതാവും ഒരു മഹാമാരിയെ ആഗ്രഹിക്കുന്നു' എന്ന പേരിൽ, കോവിഡ് മുക്തകാലത്ത് ഒരു പുസ്തകം വന്നുകൂടായ്കയില്ല. ഒരുപക്ഷെ, ലോകത്താകെയും അത് പ്രസക്തമായിരിക്കാമെങ്കിലും കോവിഡ് കാലത്തെ'മഹാമാതൃക'യായി വാഴ്ത്തപ്പെട്ട കേരളത്തിൽ അതിന് കൂടുതൽ വിറ്റഴിക്കൽ സാധ്യതയുള്ളതായിട്ടാണ് സംസ്ഥാന രാഷ്ട്രീയം ഒാരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ ആറുമണി അവതരണവും പ്രതിപക്ഷ നേതാവിെൻറ പിറ്റേന്ന് പന്ത്രണ്ടുമണി സമ്മേളനവുമാണ് അതിലെ 'ലൈവ് ഷോ'കൾ. അതിലുൾപ്പെടെ, ഏത് ദുരന്തവും, അത് കുത്തനെയുയരുന്ന കോവിഡ് പോസിറ്റീവായായലും കരിപ്പൂരായാലും പെട്ടിമുടിയായയാലും വന്നെത്തിനോക്കിപ്പോയ പ്രളയമാണെങ്കിലും അതിനെയെല്ലാം ഓരോരോ അവസരങ്ങളായി മാത്രമാണ് എല്ലാവരും കാണുന്നത്.

കോവിഡ് കാലത്ത് ഗ്രാഫുയർന്ന മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പരിഭ്രാന്തനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഇരുവശത്തിെൻറയും നായകരെങ്കിലും അവർക്കും അവരുടെ അനുയായിവൃന്ദങ്ങൾക്കും നഷ്​ട ഭയത്തിെൻറയും നേട്ട സാധ്യതകളുടെയും കൂട്ടിക്കുറക്കലുകൾ മാത്രമാണ് തങ്ങളുടെയൊക്കെ, കണക്കു പുസ്തകത്തിൽ ഉള്ളത്.


ഇപ്പോൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് നിരീക്ഷണ അവധി പ്രഖ്യാപിച്ചിരിക്കെ, പ്രതിപക്ഷ നേതാവ് എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാവാൻ ഇരിക്കുന്നതേ ഉള്ളൂ. 'മീഡിയാ മാനിയ' പിടിച്ച ആരോഗ്യ മന്ത്രി എന്തിന് വാർത്താസമ്മേളനം നടത്തുന്നു, പത്രക്കുറിപ്പ് ഇറക്കിയാൽ പോരേയെന്ന് ചോദിച്ചിരുന്ന പ്രതിപക്ഷ നേതാവിന് 'വാർത്തസമ്മേള മാനിയ' പകർന്നതിനാൽ അദ്ദേഹം അത് തുടരാനാണിട. മുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവി​െൻറയോ മറ്റു നേതാക്കളുടെയോ നേട്ട, നഷ്​ടക്കണക്കുകളിൽ ഇടം പിടിക്കാതെ പോകുന്ന പാവം മനുഷ്യരുടേതാണ് കോവിഡ് കാല കേരളം എന്നതാണ് സത്യം. രോഗികൾക്ക് ചികിത്സയുണ്ട്. എന്നാൽ, മറ്റുള്ള വലിയൊരു ജനവിഭാഗത്തിന് നാളെത്തെ യല്ല, ഓരോ ദിവസത്തെയും ജീവിതം തന്നെ ചോദ്യ ചിഹ്നമാണ്.

കൂട്ടായിട്ടല്ലാതെ, ഒറ്റക്ക് തൊഴിലെടുക്കാനാവാത്ത മത്സ്യത്തൊഴിലാളി മുതൽ പണിയെടുത്തിരുന്ന വീടുകളിൽ പ്രവേശനം ലഭിക്കാത്ത ഗാർഹിക തൊഴിലാളിയും ആളു കയറാനില്ലാത്ത ഓ​േട്ടാ-ടാക്സികളും കച്ചവടം നിലച്ച കടക്കാരും അതിെൻറ പേരിൽ പണി നഷ്​ടമായ ജീവനക്കാരും ആളു കയറാത്ത ഹോട്ടലുകളും ഒാട്ടം നിന്ന ടൂറിസ്​റ്റ്​ ബസുകളും അടഞ്ഞു കിടക്കുന്ന ഓഡിറ്റോറിയങ്ങളും തൊഴിൽ നഷ്​ടമായ ബാർബർ തൊഴിലാളിയും കശുവണ്ടി തൊഴിലാളിയും ഒക്കെയുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സംവാദവും ഇതുവരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിട്ടുണ്ടായതായി ആരും കണ്ടിട്ടില്ല. ആകെ കണ്ടത്, നേതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പൂർവകാലം ചികഞ്ഞു നോക്കലാണ്.


സർക്കാറിെൻറ സാമ്പത്തിക സ്ഥിതിയോ മാസങ്ങളായുള്ള വർക്ക് ഫ്രം ഹോംകാർക്കും സ്​റ്റഡി ഫ്രം ഹോംകാർക്കും പുറമെ, പ്രായമായവരും രോഗികളുമൊക്കെ അനുഭവിക്കുന്ന പിരിമുറുക്കവും മാനസികസംഘർഷങ്ങളും ഈ ലോക്ക്ഡൗൺ, കോവിഡ് കാലത്ത് അറിഞ്ഞും അറിയാതെയും തൊഴിൽ പോയവരും ആർക്കും വിഷയമല്ല. സർക്കാർ ജീവനക്കാരുടെയും അത്യപൂർവം സ്ഥാപനങ്ങളിലെ മാസശമ്പളക്കാരുടെയും കൈയിൽ മാത്രമാണ് ഇപ്പോൾ കാശുള്ളത്. ഇത്തരത്തിലാണ് സാമ്പത്തികത്തിെൻറ പോക്കെങ്കിൽ, സർക്കാർ ജീവനക്കാരുെട കാര്യവും 'സ്വാഹ'യാവാൻ അധിക കാലമൊന്നും വേണ്ടി വരികയുമില്ല.


ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാൻ മുഖ്യമന്ത്രി കാണിച്ച ജാഗ്രതയും 88 ലക്ഷത്തോളം പേർക്ക് രണ്ടു പ്രാവശ്യം നൽകിയ ഭക്ഷ്യ കിറ്റും ചെറിയ കാര്യമല്ല. കോവിഡ് നിയന്ത്രിക്കാൻ സർക്കാർ സംവിധാനമാകെ ഉണർന്നു പ്രവർത്തിച്ചതും ഒരുഘട്ടത്തോളം അതിൽ വിജയിക്കാനായതും കേരളത്തിന് എന്നും അഭിമാനകരവുമാണ്.

എന്നാൽ, ഭക്ഷണം കഴിച്ചതുകൊണ്ടു ജീവിക്കാമെങ്കിലും ജീവിതം മുന്നോട്ടു പോകാൻ വേണ്ടത് കാശാണല്ലോ. അതിനു വേണ്ടിയുള്ള ജീവിതം അനങ്ങിത്തുടങ്ങുേമ്പാൾ വരുന്ന അപ്രതീക്ഷിത, പാതിരാ നിയന്ത്രണങ്ങൾ ജനത്തെ കുറച്ചൊന്നുമല്ല വലക്കുന്നത്. തിരുവനന്തപുരത്ത്, തീരദേശവാസികളെ നിയന്ത്രിക്കാൻ കമാൻഡോകളെ ഇറക്കാൻ പുറപ്പെട്ടതു മുതൽ, രോഗികളുടെ ഫോൺ കോൾ തിരക്കാനുള്ള തീരുമാനം വരെ കോവിഡ് നിയന്ത്രണത്തിെൻറ കേരള മാതൃകയായിട്ടാവില്ല, 'വിജയൻ മാതൃക'യായിട്ടാവും ചരിത്രം രേഖപ്പെടുത്തുക.


പൊലീസിന്‍റെ ഫോൺ കോൾ പരിശോധന, സാധാരണ വിധ്വംസക പ്രവർത്തകരുടെ മേലാണുണ്ടാവുക. അത്തരത്തിൽ, രോഗം ഒരു വിധ്വംസക പ്രവർത്തനമായി മാറുന്നതും ഒരു പക്ഷെ, ഒരു 'മാതൃക' ആവാം. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പി​െൻറ ആലോചനകളും നടക്കുന്നത്. ബ്രൂവറിയും മാർക്ക് ദാനവും മുതൽ പമ്പ മണൽ വാരലും സ്പ്രിങ്ളറും വരെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ഏതാണ്ടെല്ലാ വിഷയങ്ങളിലും സർക്കാറിന് പിന്നോട്ടു പോകേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ, താൻ ഉയർത്തിയ വിഷയങ്ങളിൽ സർക്കാറിനെക്കൊണ്ട് ഇത്രയും മുട്ടുമടക്കിച്ച മറ്റൊരു പ്രതിപക്ഷ നേതാവും ഉണ്ടാവാനിടയില്ല. എന്നാൽ, ആ നേട്ടപ്പട്ടികയിൽ രമേശ് ചെന്നിത്തലയുടെ പേരിന് തിളക്കം കുറഞ്ഞു പോകുന്നതിെൻറ കാരണം യഥാർഥത്തിൽ ഒരു രാഷ്​ട്രീയ അന്വേഷണ വിഷയമാണ്.


സർക്കാർ വിരുദ്ധ പ്രചാരണത്തിൽ പ്രതിപക്ഷത്തോടൊപ്പം ബി.ജെ.പിയെന്ന കേന്ദ്ര ഭരണ കക്ഷിയുമുണ്ട്. കേന്ദ്രത്തിൽ നിന്നു പത്തുപൈസ കൂടുതൽ കേരളത്തിന് വാങ്ങിച്ചു കൊടുത്തിട്ട് വീരസ്യം പറഞ്ഞിരുന്നെങ്കിൽ കേൾക്കാനെങ്കിലും സുഖമുണ്ടായേനെ. പ്രളയ കാലത്ത് കിട്ടാൻ പോയത് പോലും മുടക്കിച്ചതാണ് അവരുടെ ചരിത്രം. ഇത്തരത്തിൽ നേതാക്കന്മാരുടെ അവസരങ്ങൾ തേടിയുള്ള ഒാട്ടത്തിനിടയിൽ എല്ലാ അവസരങ്ങളും നഷ്​ടമായി ഒരവസരവും മുന്നിലില്ലാത്തവരെക്കുറിച്ചും നേതാക്കന്മാർ ഒാർമയുള്ളവരായിരിക്കണം. കാരണം അവരാണ് നിങ്ങൾക്ക് അവസരമൊരുക്കുന്നവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalalockdown​Covid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story