അവരെ തോൽപിച്ചിട്ട് നമ്മളെന്ത് നേടി?
text_fieldsഈ വർഷം സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളെഴുതിയ ബഹുഭൂരിഭാഗം വിദ്യാർഥികളും വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയിരിക്കുന്നു. വിരലിലെണ്ണാവുന്നത്ര കുട്ടികൾ മാത്രമാണ് പല സ്കൂളുകളിലും പരാജയപ്പെട്ടത്. അതും ഒന്നോ രണ്ടോ വിഷയങ്ങൾക്ക്. കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ അവസ്ഥകളെല്ലാം അതിന് കാരണങ്ങളായിട്ടുണ്ടാവാം.
വിജയിച്ചവരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ നിശ്ശബ്ദമായി കണ്ണീർ പൊഴിക്കുന്ന ആ മക്കളെ ആശ്വസിപ്പിക്കാൻ ആർക്കുമില്ല നേരം. ഒന്നുമറിയാത്തവരാണ് തോൽക്കുന്നത് എന്നാണ് നാം പൊതുവെ പറയുന്ന ന്യായം.
പത്തോ പന്ത്രണ്ടോ വർഷം സമ്പൂർണമായി സ്കൂളിൽ ചെലവഴിച്ചിട്ട് മക്കൾക്ക് ഒന്നുമറിയില്ല എന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പരാജയമാണോ? പത്താം ക്ലാസിൽ പരാജയം രുചിച്ച എത്രയോ പേർ പിൽക്കാലത്ത് വൻ വിജയങ്ങൾ സ്വന്തമാക്കിയ ധാരാളം അനുഭവങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
റിസൽട്ട് വാർത്ത പ്രസിദ്ധീകരിച്ച അതേ ദിവസംതന്നെ തോൽവിയിൽ മനംനൊന്ത് രണ്ടു പെൺകുട്ടികൾ ജീവിതത്തിന് സ്വയം വിരാമമിട്ടെന്ന വാർത്തയും പത്രങ്ങളിൽ വന്നിരുന്നു. വിലപ്പെട്ട ആ രണ്ട് ജീവിതങ്ങൾ ഇല്ലാതായതിൽ നമ്മുടെ പരീക്ഷാ- മൂല്യനിർണയ രീതികൾക്ക്, ഞാനുൾപ്പെടെയുള്ള അധ്യാപകർക്ക്, മാതാപിതാക്കൾക്ക് പങ്കില്ലെന്ന് എങ്ങനെ പറയാനാകും?
സ്കൂളിൽ പരീക്ഷക്ക് ജയിക്കുന്നതോ തോൽക്കുന്നതോ അല്ല ജീവിതവിജയമെന്ന് കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താൻ വർഷങ്ങൾ നീണ്ട അധ്യയന കാലയളവിൽ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ അത് നമ്മുടെ തോൽവിയാണ്. അതിന് സാധിക്കാത്തിടത്തോളം പൊതുപരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അർഹത നൽകുകയാണ് വേണ്ടത്. 'ഫെയിൽഡ്' എന്ന സീൽ പതിപ്പിച്ച് ജീവിതതുടക്കത്തിൽതന്നെ തോറ്റുപോയവരെന്ന ചിന്ത അവർക്ക് നൽകാതിരിക്കുക. ഇത് നിർമിത ബുദ്ധിയുടെ കാലമാണ്. ഒന്നര വർഷത്തോളം അധ്യാപകരെയോ സ്കൂളോ കാണാതെയോ വീട്ടിലിരുന്ന് പഠിച്ചവരാണ് നമ്മുടെ കുട്ടികൾ. ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള അറിവുകൾ നേടാനും വളരാനും അവർക്ക് ആവോളം അവസരങ്ങളുണ്ട്. സ്കൂൾ സർട്ടിഫിക്കറ്റിലെ ചുവപ്പു വരകൊണ്ട് അതിനെല്ലാം തടയിടാതിരിക്കുകയാണ് വേണ്ടത്.
(കാലിക്കറ്റ് ഗേൾസ് എച്ച്.എസ്.എസ് അധ്യാപകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.