ഉദയസൂര്യെന കാത്ത് തമിഴകം
text_fieldsതമിഴ്മണ്ണിൽ ഡി.എം.കെയുടെ സൂര്യൻ ഉദിച്ചുയരുമോ? രണ്ടില വാടാതെ സൂക്ഷിക്കാനും സംസ്ഥാനഭരണം നിലനിർത്താനും എടപ്പാടിക്കും കൂട്ടർക്കും കഴിയുമോ?. ടി.ടി.വി. ദിനകരെൻറ 'അമ്മ മക്കൾ മുന്നേറ്റ കഴകം', കമൽഹാസൻ നയിക്കുന്ന 'മക്കൾ നീതിമയ്യം' എന്നിവയുടെ രാഷ്ട്രീയഭാവിയെന്താവും? ബി.ജെ.പിക്ക് നിയമസഭ പ്രവേശം സാധ്യമാവുമോ? ഇത്തരം നിരവധി ചോദ്യങ്ങൾക്ക് ഇൗ നിയമസഭ തെരഞ്ഞെടുപ്പ് ഉത്തരം നൽകും.
തമിഴ് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ അരങ്ങുവാണ കലൈഞ്ജർ കരുണാനിധിയും പുരട്ചി തലൈവി ജയലളിതയും സൃഷ്ടിച്ച ശൂന്യതയിൽ നിലനിൽപിെൻറ പോരാട്ടത്തിലാണ് എം.കെ. സ്റ്റാലിനും എടപ്പാടി പളനിസാമിയും. സ്റ്റൈൽ മന്നൻ രജനികാന്തും ത്യാഗ തലൈവി ചിന്നമ്മ വി.കെ. ശശികലയും രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നതോടെ തമിഴ് രാഷ്ട്രീയം സ്വാഭാവികനിലയിലേക്ക് നീങ്ങുകയാണ്. ഡി.എം.കെ-അണ്ണാ ഡി.എം.കെ മുന്നണികൾ തമ്മിലാണ് മുഖ്യപോരാട്ടം. ഇവർക്ക് പുറമെ കമൽഹാസെൻറ മക്കൾ നീതിമയ്യം, ടി.ടി.വി. ദിനകരെൻറ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ), വിജയ്കാന്തിെൻറ ഡി.എം.ഡി.കെ, സീമാെൻറ 'നാം തമിഴർ കക്ഷി' എന്നിവയും അണിനിരക്കുന്നു. തെരഞ്ഞെടുപ്പുത്സവത്തിൽ പ്രചാരണരംഗം കൊഴുക്കുന്നതോടെ രാഷ്ട്രീയകക്ഷികൾ കോടികളാവും ഒഴുക്കുക.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഒരു മാസം മുേമ്പ എം.കെ. സ്റ്റാലിൻ, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, കമൽഹാസൻ തുടങ്ങിയവർ തമിഴകമൊട്ടുക്കും ഒരു റൗണ്ട് പര്യടനം പൂർത്തിയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി ദേശീയ നേതാക്കളും തമിഴ്നാട്ടിലെത്തി. ഡി.എം.കെ- അണ്ണാ ഡി.എം.കെ കക്ഷികളുടെ മോഹന വാഗ്ദാനങ്ങളടങ്ങിയ പ്രകടന പത്രികകളും ചർച്ചയായിട്ടുണ്ട്.
വിലപേശലിൽ മികച്ച് ദ്രാവിഡകക്ഷികൾ
ഘടകകക്ഷികളോട് വിലപേശൽ നടത്തി കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ദ്രാവിഡ കക്ഷികൾ ഇത്തവണ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 14 മണ്ഡലങ്ങളിൽ ഡി.എം.കെയുടെ ചില ഘടകകക്ഷികൾ 'ഉദയസൂര്യൻ' ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇത് കണക്കാക്കിയാൽ ഡി.എം.കെ മത്സരിക്കുന്ന മൊത്തം സീറ്റുകളുടെ എണ്ണം 187 ആവും. 1989നുശേഷം ആദ്യമായാണ് ഡി.എം.കെ ഇത്ര കൂടുതൽ സീറ്റുകളിൽ. അതേപോലെ 12 മണ്ഡലങ്ങളിൽ അണ്ണാ ഡി.എം.കെ സഖ്യത്തിലുള്ള ചെറുകക്ഷികളും 'ഇരട്ടയില'യിലാണ് മത്സരം. ഇതും ചേർത്താൽ അണ്ണാ ഡി.എം.കെ മത്സരിക്കുന്ന മൊത്തം സീറ്റുകളുടെ എണ്ണം 191 ആവും. തമിഴ്നാട്ടിൽ 131 സീറ്റുകളിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിൽ നേരിട്ടാണ് മത്സരം. 14 സീറ്റുകളിൽ ഡി.എം.കെ- ബി.ജെ.പി കക്ഷികളാണ് ഏറ്റുമുട്ടുക. ബി.ജെ.പിയെ അഞ്ചിടങ്ങളിൽ കോൺഗ്രസും ഒരിടത്ത് സി.പി.െഎയും നേരിടും.
ഭരണവിരുദ്ധ വികാരം ശക്തം
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിലേറെ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഡി.എം.കെക്ക് ഭരണം നഷ്ടപ്പെട്ടത്. തുടർച്ചയായ 10 വർഷത്തെ അണ്ണാ ഡി.എം.കെ ഭരണത്തിൽ ഒേട്ടറെ ക്ഷേമ-വികസനപദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഭരണവിരുദ്ധ വികാരവും ശക്തമാണ്. ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിനെതിരെ പെട്രോൾ- ഡീസൽ, പാചകവാതക വിലക്കയറ്റം എതിർകക്ഷികൾ പ്രചാരണായുധമാക്കുന്നുണ്ട്. വികസനത്തിെൻറ പേരിൽ ജനദ്രോഹ പദ്ധതികൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാറിനെതിരായ ജനരോഷം വോട്ടാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ഡി.എം.കെ സഖ്യം.
ജയലളിതയുടെ വിയോഗത്തിനുശേഷം പാർട്ടിയെ സംഘടനാതലത്തിൽ നയിക്കാനും ഭരണകാലയളവ് പൂർത്തിയാക്കാനും എടപ്പാടിക്കും കൂട്ടർക്കും കഴിഞ്ഞുവെങ്കിലും അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്ക് നിലനിർത്താനായിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ജയലളിതയെ പോലെ പുതുമുഖ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ നിലവിലുള്ള നേതൃത്വത്തിന് ധൈര്യമുണ്ടായില്ല. മിക്ക മണ്ഡലങ്ങളിലും പാർട്ടിയിലെ പഴയ പടക്കുതിരകളെ തന്നെയാണ് സ്ഥാനാർഥികളാക്കിയത്.
ടി.ടി.വി. ദിനകരൻ നയിക്കുന്ന എ.എം.എം.കെയുടെ സജീവസാന്നിധ്യവും വിജയ്കാന്തിെൻറ ഡി.എം.ഡി.കെ മുന്നണിയിനിന്ന് പുറത്തുപോയതും അണ്ണാ ഡി.എം.കെയെ ബാധിക്കും. എ.സി. ഷൺമുഖത്തിെൻറ പുതിയ നീതി കക്ഷിയും അണ്ണാ ഡി.എം.കെ മുന്നണി വിട്ടിരുന്നു. പുതുതായി രാഷ്ട്രീയകക്ഷികളെ മുന്നണിയിലുൾപ്പെടുത്താനും അണ്ണാ ഡി.എം.കെക്ക് സാധിച്ചില്ല. രാഷ്ട്രീയത്തിൽനിന്ന് ശശികല മാറിനിന്നത് മാത്രമാണ് അവർക്ക് ആശ്വാസം. എന്നാൽ, ശശികലയെ ഭയന്ന് തമിഴ്നാട് സർക്കാർ അടച്ചിട്ട മറീനയിലെ ജയലളിത സമാധിയും പോയസ് ഗാർഡനിലെ വേദനിലയം വസതിയും ഇനിയും ജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. തെക്കൻ തമിഴക ജില്ലകളിൽ ടി.ടി.വി. ദിനകരെൻറ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ട്. വടക്കൻ തമിഴക ജില്ലകളിലും 'കൗണ്ടർ' സമുദായ ബെൽട്ടായ തമിഴക പശ്ചിമമേഖലയിൽ മാത്രമാണ് അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ.
അവസാനനിമിഷത്തിലെ പ്രീണനനീക്കങ്ങൾ
പാട്ടാളി മക്കൾ കക്ഷിയുടെ സമ്മർദത്തിന് വഴങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് ജോലിയിലും വിദ്യാഭ്യാസത്തിലും വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണമേർപ്പെടുത്തുന്ന നിയമം പാസാക്കി. ഇത് പാട്ടാളി മക്കൾ കക്ഷിക്ക് അൽപം ഗുണംചെയ്യുമെങ്കിലും അണ്ണാ ഡി.എം.കെക്ക് പരോക്ഷമായി ദോഷഫലമാണ് ഉണ്ടാക്കുക. വണ്ണിയർക്ക് മാത്രം സംവരണം നൽകിയത് ഇതര സമുദായങ്ങളിൽ കടുത്ത അതൃപ്തി പടർത്തിയതായാണ് റിപ്പോർട്ട്. ബി.ജെ.പി കൂട്ടുകെട്ട് ന്യൂനപക്ഷവോട്ടുകളുടെ ചോർച്ചക്ക് കാരണമാവുമെന്ന് അണ്ണാ ഡി.എം.കെക്ക് ആശങ്കയുണ്ട്.
അണ്ണാ ഡി.എം.കെ-എ.എം.എം.കെ കക്ഷികൾ െഎക്യത്തോടെ പ്രവർത്തിച്ച് മുഖ്യശത്രുവായ ഡി.എം.കെയെ പരാജയപ്പെടുത്തുകയെന്ന ശശികലയുടെ ആഹ്വാനം എടപ്പാടി പളനിസാമിയുടെ പിടിവാശിമൂലമാണ് നടക്കാതെ പോയതെന്നും അണ്ണാ ഡി.എം.കെ അണികളിൽ അഭിപ്രായമുണ്ട്. അണ്ണാ ഡി.എം.കെ സഖ്യത്തിൽനിന്ന് പുറത്തുപോയ വിജയ്കാന്തിെൻറ ഡി.എം.ഡി.കെ ഇത്തവണ തനിച്ചാണ് മത്സരിക്കുന്നത്. ഇവർ നേടുന്ന ഒാരോ വോട്ടും അണ്ണാ ഡി.എം.കെ സഖ്യത്തെ ബാധിക്കും. അണ്ണാ ഡി.എം.കെയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിജയ്കാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിൽ ഏറക്കാലം ഘടകകക്ഷിയായിരുന്നു ഡി.എം.ഡി.കെ. ജയിൽമോചിതയായ വി.കെ. ശശികലയെ വിജയ്കാന്തിെൻറ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത സന്ദർശിച്ചിരുന്നു. ഇത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ പടിപടിയായി വോട്ടിങ് ശതമാനം കുറഞ്ഞുവരുന്നതും അനാരോഗ്യംമൂലം വിജയ്കാന്തിന് പ്രചാരണരംഗത്തിറങ്ങാൻ കഴിയാത്തതുമാണ് ഡി.എം.ഡി.കെയുടെ ബലഹീനതയായി നിരീക്ഷകർ കരുതുന്നത്.
യുവജനങ്ങൾക്കും നിഷ്പക്ഷ വോട്ടർമാർക്കും പുറമെ മാറ്റം ആഗ്രഹിക്കുന്നവരുടെയും വോട്ടുകൾ കമൽഹാസന് അനുകൂലമായേക്കും. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതരമുന്നണിക്ക് ലഭ്യമാവേണ്ട വോട്ടുകളും കമൽഹാസൻ കവർന്നെടുത്തേക്കുമെന്ന് വിലയിരുത്തലുണ്ട്. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വോട്ടുകൾ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ സഖ്യം.
ഉവൈസി തമിഴ്നാട്ടിലും
ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യത്തിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ ശക്തമായ മതേതര പുരോഗമന മുന്നണി രംഗത്തിറങ്ങിയിരിക്കെ എസ്.ഡി.പി.െഎ-അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം കക്ഷികൾ ടി.ടി.വി. ദിനകരെൻറ പാർട്ടിയോടൊപ്പം ചേർന്ന് മത്സരിക്കുന്നത് മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന തമീമുൻ അൻസാരി നയിക്കുന്ന മനിതനേയ ജനനായക കക്ഷി ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നാലു വർഷമായി ഇടതുകക്ഷികൾ ഡി.എം.കെ ക്യാമ്പിലാണ്. സി.പി.െഎക്കും സി.പി.എമ്മിനും നിലവിൽ നിയമസഭയിൽ പ്രാതിനിധ്യമില്ല. ഇത്തവണ ആറു സീറ്റ് വീതമാണ് ലഭിച്ചത്. ഡി.എം.കെയുടെ പിന്തുണയോടെ തിരിച്ചുവരവ് നടത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോൺഗ്രസും മുസ്ലിം ലീഗും മുന്നണിയിലുണ്ടെന്നത് ഇവർ കാര്യമാക്കുന്നില്ല. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യങ്ങൾക്ക് അനുസൃതമായി നിലപാട് സ്വീകരിക്കാൻ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. അതിനാൽ തമിഴ്നാട്ടിൽ കോൺഗ്രസും മുസ്ലിം ലീഗും ഇടതുകക്ഷികളും പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ജാതി മായുന്നില്ല, മറക്കുന്നില്ല
അരനൂറ്റാണ്ടുകാലം ദ്രാവിഡകക്ഷികൾ ഭരിക്കുന്ന തമിഴകത്തിലെ തെരഞ്ഞെടുപ്പുകൾ ഇന്നും ജാതിമുക്തമല്ല. നാടാർ, വണ്ണിയർ, തേവർ, ഗൗണ്ടർ തുടങ്ങിയ സമുദായങ്ങളാണ് പ്രബലം. തെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുള്ള തേവർ സമുദായം അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്കായാണ് സങ്കൽപിക്കപ്പെടുന്നത്. ടി.ടി.വി. ദിനകരനും ശശികലയും ഇത് ചോർത്തുമോെയന്നാണ് ആശങ്ക. കൊങ്കുമേഖലയിലെ 'കൗണ്ടർ' സമുദായത്തിെൻറ പിന്തുണ തങ്ങൾക്കുതന്നെയാവുമെന്ന വിശ്വാസമാണ് അണ്ണാ ഡി.എം.കെക്ക്. മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ആദ്യ കൗണ്ടർ സമുദായംഗമാണ് എടപ്പാടി പളനിസാമിയെന്നതാണ് ഇതിന് കാരണം.
വോട്ടർമാരിൽ ശക്തമായി നിലനിൽക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരത്തെ പണംവാരി വിതറി മറികടക്കാനാണ് അണ്ണാ ഡി.എം.കെ നീക്കം. പണം നൽകി വോട്ടർമാരെ വിലക്കെടുക്കുന്നതിൽ അണ്ണാ ഡി.എം.കെ പ്രത്യേക മെയ്വഴക്കം കാണിക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കലങ്ങിമറിഞ്ഞ് ഒടുവിൽ ഉദയസൂര്യൻതന്നെ ചക്രവാളത്തിൽ തെളിഞ്ഞുവരുമെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.