ഈ വിധി സമരായുധമാകണം!
text_fieldsയു.എ.പി.എ ചുമത്തപ്പെട്ട് 570 ദിവസമായി ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ താഹ ഫസലിന് ജാമ്യം അനുവദിച്ചും അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം തള്ളിക്കൊണ്ടും സുപ്രീംകോടതി ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ്. ഓക്ക എന്നിവർ അടങ്ങിയ ബെഞ്ച് ഒക്ടോബർ 28ന് പുറപ്പെടുവിച്ച വിധി വിപ്ലവകരമാണ്. പൗര ജനങ്ങളെ, വിചാരണ കൂടാതെ തടങ്കലിലാക്കുന്ന മോദി- -പിണറായി സർക്കാറുകൾക്ക് കനത്ത തിരിച്ചടി നൽകിയ ഈ വിധി, യു.എ.പി.എ എന്ന കഠോരനിയമത്തിനെതിരെ പോരാടുന്നവർ സമരായുധമാകണം.
മാധ്യമങ്ങളിൽ പന്തീരാങ്കാവ് കേസ് എന്നറിയപ്പെടുന്ന ഈ കേസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രപ്രകാരം ഒന്നാം പ്രതിക്കെതിരെ 1967ലെ യു.എ.പി.എ നിയമത്തിലെ സെക്ഷൻ 38, 39ഉം ഐ.പി.സി 120-ബി എന്ന വകുപ്പുമാണ് ചുമത്തപ്പെട്ടത്. രണ്ടാം പ്രതിക്കെതിരെ ഇതേ വകുപ്പുകൾക്ക് പുറമെ 1967ലെ നിയമത്തിലെ സെക്ഷൻ 13 കൂടി അധികമായി ചുമത്തിയിരുന്നു. 2019 നവംബർ ഒന്നിനാണ് കോഴിക്കോട് നഗരത്തിൽനിന്ന് ഒന്നും രണ്ടും പ്രതികളെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ സംശയകരമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുന്നത്.
വിധിന്യായത്തിലെ 11, 12, 13 ഖണ്ഡികകളിൽ സുപ്രീംകോടതി യു.എ.പി.എ നിയമത്തിലെ സെക്ഷൻ 38, 39ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഖണ്ഡിക 11ൽ കോടതി ഇപ്രകാരം പറയുന്നു: 'ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പ്രവർത്തിച്ചാൽ മാത്രമേ തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 38 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനാവൂ എന്ന് ഈ സെക്ഷൻ വായിച്ചാൽ ബോധ്യമാകും. സെക്ഷൻ 38ൽ പറയുന്ന കുറ്റം ചെയ്യുന്ന വ്യക്തി ഒരു തീവ്രവാദ സംഘടനയുടെ അംഗം ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. പ്രതിക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെങ്കിൽ, ആ തീവ്രവാദ സംഘടനയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ആ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയോ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്താൽ മാത്രമേ, പ്രതി സെക്ഷൻ 38 പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കാനാകൂ. ബന്ധം തീവ്രവാദി സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കണം. പ്രവർത്തനം സെക്ഷൻ 15ൽ നിർവചിച്ചിട്ടുള്ള തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടുള്ളതാവുകയും വേണം. സെക്ഷൻ 38ലെ 1 (ബി) ഉപവകുപ്പ് വ്യക്തമാക്കുന്നത്, ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനയുടെ, ആ സംഘടന ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട കാലത്ത്, ആ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായില്ല എന്ന് തെളിയിക്കാനായാൽ, ആ വ്യക്തിക്കുമേൽ സെക്ഷൻ 38(1) പ്രകാരമുള്ള കുറ്റം ചുമത്താനാവില്ല എന്നാണ്. (പേജ് 21).
സെക്ഷൻ 39 വിശകലനം ചെയ്യുന്നത് വിധിന്യായത്തിലെ 12ാം ഖണ്ഡികയിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ, (എ), (ബി), (സി) എന്നീ ഉപവകുപ്പുകൾ ചുമത്താനാകൂ.' എന്ന് വ്യക്തമാക്കുന്നു (പേജ് 22).
ഖണ്ഡിക 13ൽ പറയുന്നത് ഇങ്ങനെ: 'അതായത്, സെക്ഷൻ 38(1)ൽ പറയുന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടത് സംബന്ധിച്ച കുറ്റവും സെക്ഷൻ 39ൽ പറയുന്ന തീവ്രവാദ സംഘടനയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട കുറ്റവും ചുമത്തപ്പെടണമെങ്കിൽ ഈ രണ്ട് സെക്ഷനുകളിലും വ്യക്തമാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ, തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയിട്ടുള്ളതാവണം. ആ അർഥത്തിൽ മാനസികമായ പങ്കാളിത്തം (mens rea) ഉണ്ടാകണം.' അതായത് ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉദ്ദേശ്യം, 1967ലെ ആക്ടിലെ സെക്ഷൻ 38, 39 പ്രകാരമുള്ള കുറ്റങ്ങൾ ശിക്ഷിക്കപ്പെടാനുള്ള ഒരു അവശ്യ ഘടകമാണ്.' (പേജ് 22-23).
ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി, പ്രതികളുടെ ജാമ്യവുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കടന്നത്. : 'കുറ്റപത്രം ശരിയാണെന്ന് കരുതിയാൽ പ്രതികൾക്ക് തീവ്രവാദ സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടായിരുന്നു എന്നും ആ സംഘടനക്ക് അവരുടെ പിന്തുണ ഉണ്ടായിരുന്നു എന്നും പ്രഥമദൃഷ്ട്യാ കരുതാം' (പേജ് 39). ഖണ്ഡിക 33ൽ കോടതി ഇപ്രകാരം തുടർന്നു: 'ഒന്നാം പ്രതിയെ സംബന്ധിച്ചിടത്തോളം അയാളുടെ കൈയിൽ സി.പി.ഐ (മാവോയിസ്റ്റ്) യുമായി ബന്ധപ്പെട്ട് വിവിധ രേഖകളുടെ സോഫ്റ്റ്-ഹാർഡ് കോപ്പികൾ ഉണ്ടായിരുന്നു. സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ട് എന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന നടത്തിയ പ്രതിഷേധത്തിൽ അയാൾ പങ്കെടുത്തിരുന്നു. രണ്ടാം പ്രതിയുടെ കൈവശം സി.പി.ഐ (മാവോയിസ്റ്റ്)െൻറ വിവിധ കമ്മിറ്റി യോഗങ്ങളുടെ മീറ്റിങ്ങുകളുടെ മിനിറ്റ്സുകൾ ഉണ്ടായിരുന്നു. രണ്ടാം പ്രതിയുടെ കസ്റ്റഡിയിൽ ചില ബാനറുകളും പോസ്റ്ററുകളും ഉണ്ടായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന കാരണം പറഞ്ഞ് അയാളുടെമേൽ സെക്ഷൻ 13 ചുമത്തിയിരുന്നു.' (പേജ് 40).
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ (കുറ്റപത്ര പ്രകാരം) പ്രതികൾ കുറ്റം ചെയ്തുവോ എന്ന് കണക്കാക്കാനുള്ള ന്യായമായ കാരണങ്ങൾ ആകുന്നുണ്ടോ എന്ന അന്വേഷണത്തിലേക്ക്, കോടതി 34ാം ഖണ്ഡികയിൽ കിടക്കുകയാണ്. ഇതിെൻറ ഭാഗമായി കോടതി ഇങ്ങനെ പറഞ്ഞു: 'നേരത്തേ വ്യക്തമാക്കിയതുപോലെ, ഒരു തീവ്രവാദ സംഘടനയുമായി വെറുതെ ബന്ധം സ്ഥാപിച്ചു എന്നതുകൊണ്ട് മാത്രം സെക്ഷൻ 38 ചുമത്താനാവില്ല. ഒരു തീവ്രവാദ സംഘടനയെ പിന്തുണച്ചു എന്നതുകൊണ്ട് മാത്രം സെക്ഷൻ 39 ചുമത്താനാവില്ല. ആ ബന്ധവും പിന്തുണയും ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതായിരിക്കണം. ഒരു പ്രത്യേക കേസിൽ, ആ ഉദ്ദേശ്യം വ്യക്തമാകുന്നത്, കുറ്റപത്രത്തിെൻറ ഭാഗമായി സമർപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളിൽനിന്ന് തെളിയുന്ന, പുറമേക്ക് കാണാൻ കഴിയുന്ന പ്രവർത്തനങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രതി സജീവമായി പങ്കെടുത്തതിെൻറ തെളിവുകളിലൂടെയോ ആയിരിക്കണം.' (പേജ് 40- 41).
എന്നിട്ട് കോടതി ഇപ്രകാരം തുടർന്നു: 'വളർന്നു വരുന്ന പ്രായത്തിൽ ഒന്നും രണ്ടും പ്രതികൾ സി.പി.ഐ (മാവോയിസ്റ്റ്)െൻറ പ്രചാരണങ്ങളിൽ ആകൃഷ്ടരായിട്ടുണ്ടാകാം. അതുകൊണ്ട് അവരുടെ കൈവശം, സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധപ്പെട്ട രേഖകളും പുസ്തകങ്ങളും ഉണ്ടായിരുന്നിരിക്കാം. സി.പി.ഐ (മാവോയിസ്റ്റ്)യുമായി ബന്ധമുണ്ട് എന്ന് ആേരാപിക്കപ്പെടുന്ന ഒരു സംഘടന സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രതികൾ പങ്കെടുത്തതിെൻറ ചില ഫോട്ടോഗ്രാഫുകൾ ഉണ്ട് എന്നതൊഴിച്ചാൽ. ഒരു തീവ്രവാദ സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങളോ മറ്റു പ്രവർത്തനങ്ങളോ മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടു കൂടി ഒന്നും രണ്ടും പ്രതികൾ സി.പി.ഐ (മാവോയിസ്റ്റ്)െൻറ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു എന്നത് തെളിയിക്കുന്നതിനുള്ള ഒരു വസ്തുതകളും പ്രഥമദൃഷ്ട്യാ കുറ്റപത്രത്തിലില്ല. മാനസികമായ പങ്കാളിത്തമോ ആവശ്യമായ ഉദ്ദേശ്യം വ്യക്തമാക്കുന്ന പരസ്യ നടപടികളോ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന് തെളിയിക്കുന്ന ഒരു വസ്തുതയും കുറ്റപത്രത്തിൽ ഇല്ല എന്ന് മാത്രമല്ല, ദീർഘകാലം സംഘടനയുമായി ബന്ധപ്പെട്ടതിെൻറയോ സംഘടനക്ക് പിന്തുണ നൽകിയതിെൻറയോ ഒരു തെളിവും പ്രഥമദൃഷ്ട്യാ കുറ്റപത്രത്തിലില്ല' (പേജ് 41).
ഇതിെൻറ തുടർച്ച എന്നോണം കോടതി ഖണ്ഡിക 38ൽ ഒരു സുപ്രധാന പരാമർശം നടത്തി. അത് ഇപ്രകാരമായിരുന്നു: 'അതുകൊണ്ട് രേഖകളിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലും പ്രസക്തമായ ഘടകങ്ങളുടെ പരിഗണനയുടെ അടിസ്ഥാനത്തിലും പ്രതികളെ പിഴയൊടുക്കി വിട്ടയക്കാവുന്നതാണ്' (പേജ് 44). അതായത് യു.എ.പി.എ ചുമത്തി പിണറായി സർക്കാർ ഒരു വർഷത്തിലധികം തടങ്കലിലാക്കിയ അലൻ ഷുഹൈബിനെയും 570 ദിവസം കൽത്തുറുങ്കിലടച്ച താഹ ഫസലിനെയും പിഴയൊടുക്കി വിട്ടയക്കാവുന്നതേയുള്ളൂ എന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പറയുന്നു!
രാജ്യത്ത് യു.എ.പി.എ കേസുകളിൽ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ എല്ലാം ചുമത്തപ്പെട്ടിരിക്കുന്നത്, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പിന്തുണ എന്നിവ വ്യക്തമാക്കുന്ന യു.എ.പി.എ നിയമത്തിലെ 38, 39 സെക്ഷനുകളാണല്ലോ. ഇനിമേൽ ഈ വകുപ്പുകൾ ചുമത്തണം എങ്കിൽ തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രതികൾക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് കണക്കാക്കാൻ കഴിയുന്ന പരസ്യമായ പ്രവർത്തനം നടത്തി എന്ന് കുറ്റപത്രത്തിൽ പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടി വരും! മറ്റൊരു അർഥത്തിൽ പറഞ്ഞാൽ ഗൂഢാലോചന സംബന്ധിച്ച വ്യക്തതയില്ലാത്ത ആരോപണങ്ങളോ പ്രതികളുടെ പൊതു പെരുമാറ്റമോ അല്ലെങ്കിൽ അവരിൽനിന്ന് പിടിച്ചെടുക്കുന്ന രേഖകളോ അടിസ്ഥാനമാക്കി സെക്ഷൻ 38, 39ഉം ചുമത്താനാവില്ല എന്നർഥം. ഈ വിധിയുടെ പശ്ചാത്തലത്തിൽ അലൻ ഷുഹൈബിെൻറയും താഹ ഫസലിെൻറയും കേസിൽ വിചാരണയുടെ പ്രസക്തിപോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവർ തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതിനും പിന്തുണ നൽകിയതിനും ഒരു തെളിവും ഇല്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി കേസിലെ കുറ്റപത്രം പരിശോധിച്ച് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. സിദ്ദീഖ് കാപ്പെൻറ കേസിലും ഈ വിധി വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.