Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thrikkakara election campaign intensifies
cancel
camera_alt

കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ൽ ത‍െൻറ ഭ​വ​ന​ത്തി​ന്​ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഡോ. ​ജോ ജോ​സ​ഫ് വോ​ട്ട്​ അ​ഭ്യ​ർ​ഥി​ക്കു​ന്നു, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സ് കാ​ക്ക​നാ​ട് (ഫയൽ ചി​​ത്രം)

ചി​റ്റേ​റ്റു​ക​ര​യി​ൽ വോ​ട്ട്​ അ​ഭ്യ​ർ​ഥി​ക്കു​ന്നു

Homechevron_rightOpinionchevron_rightColumnschevron_rightഈ പ്രചാരണം എങ്ങനെ...

ഈ പ്രചാരണം എങ്ങനെ പ്രതിഫലിക്കും

text_fields
bookmark_border

സർക്കാർ പദ്ധതികളുടെയും പ്രതിപക്ഷ നിലപാടുകളുടെയും ഹിതപരിശോധനയാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കെ-റെയിൽ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ യു.ഡി.എഫും പദ്ധതിയുടെ ആവശ്യകതയും സർക്കാറിന്‍റെ വികസനകാഴ്ചപ്പാടുകളും എൽ.ഡി.എഫും മുന്നോട്ടുവെച്ച് ഇവിടത്തെ പ്രചാരണത്തിൽ ആരോഗ്യപരമായ സംവാദങ്ങൾക്ക് കളമൊരുങ്ങുമെന്നുമായിരുന്നു ആദ്യഘട്ടത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ഒരുപരിധിവരെ വിഷയം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടംപിടിച്ചെങ്കിലും മുന്നണികൾ പ്രാധാന്യം കൊടുത്തത് മറ്റ് വാഗ്വാദങ്ങൾക്കായിരുന്നുവെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുതൽ അശ്ലീല വിഡിയോ വരെ നീണ്ട വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സജീവമായി നിറഞ്ഞുനിൽക്കുന്നത്. മെട്രോ തൂണിലെ ചരിവ്, തൃക്കാക്കര മണ്ഡലത്തിലെ ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ കടന്നുവരവിലെ തടസ്സങ്ങൾ, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ, പൊതുഗതാഗത്തിന്‍റെ അപര്യാപ്തത, നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, സിനിമ മേഖലയുമായി ബന്ധപ്പെട്ടുയർന്ന മറ്റ് വിവാദങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ വേണ്ടവിധം ചർച്ചയാകാതെ പോയി. തൃക്കാക്കരയിൽ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണപ്പോൾ, ഇതുവരെയുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ ഏത് വിധത്തിൽ പ്രതിഫലിക്കുമെന്ന് വിവിധ മേഖലകളിലെ പ്രമുഖർ വിലയിരുത്തുന്നു.

ഹീനമായ പ്രചാരണം തിരിച്ചടിക്കും

സെബാസ്റ്റ്യൻ പോൾ (മുൻ എം.പി)

പി.ടി. തോമസും ഞാനും മത്സരിച്ച മണ്ഡലമാണ് തൃക്കാക്കര. പ്രചാരണം പൂർണമായും അന്തസ്സോടെയായിരിക്കും എന്നതായിരുന്നു അന്ന് ഞങ്ങൾ തമ്മിലുണ്ടായിരുന്ന ധാരണ. ആ വാക്ക് ഞങ്ങൾ പാലിച്ചു. പക്ഷേ, ഇപ്പോൾ തൃക്കാക്കരയിൽ കണ്ടത് വളരെ മ്ലേച്ഛമായ പ്രചാരണ രീതികളാണ്. തൃക്കാക്കര ഒരു പ്രബുദ്ധമായ മണ്ഡലമാണ്. ആ സ്വഭാവത്തിന് അനുയോജ്യമായ പ്രചാരണ പരിപാടികളല്ല അവിടെ കണ്ടത്.

എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ഹീനമായ ആക്രമണം നടന്നു. അത്തരം കാര്യങ്ങൾ വോട്ടർമാർ സാധാരണഗതിയിൽ അംഗീകരിക്കാറില്ല. വോട്ടർമാർ അന്തസ്സും ഗൗരവവുമുള്ള പ്രചാരണ രീതികളാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ, തൃക്കാക്കരയിൽ യു.ഡി.എഫിന്‍റെയും പി.സി. ജോർജ് തുടങ്ങിയ എൻ.ഡി.എ പ്രചാരകരിൽനിന്നും നിലവാരം കുറഞ്ഞ പലതും നമുക്ക് കേൾക്കേണ്ടി വന്നു. അതെല്ലാം വോട്ടിങ്ങിൽ പ്രതിഫലിക്കും. അതിന്‍റെ ആനുകൂല്യം എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കും. ഗൗരവമുള്ള വിഷയങ്ങളെ മുൻനിർത്തി കാമ്പയിൻ നടക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. കെ-റെയിലിനെക്കുറിച്ചുള്ള ഒരു ഹിതപരിശോധന ആയിത്തീരുമെന്ന് വിലയിരുത്തിയിരുന്നു. പക്ഷേ, അവിടെ കെ-റെയിലോ മറ്റ് ഏതെങ്കിലും വിഷയങ്ങളോ ചർച്ചയായില്ല. സാധാരണഗതിയിൽ ഉയർന്നുവരേണ്ട ഗൗരവമുള്ള വിഷയങ്ങളൊന്നും അവിടെ വന്നിട്ടില്ല.

എൽ.ഡി.എഫിന് വേണ്ടി മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും തമ്പടിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർക്ക് മണ്ഡലത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടുണ്ട്. ആ ബോധ്യത്തിന്‍റെ കൂടി അടിസ്ഥാനത്തിൽ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഇപ്പോഴത്തെ മന്ത്രിസഭക്ക് നേരിട്ട് അറിയാം. അതിന്‍റേതായ പ്രയോജനമുണ്ടാകും. കെ-റെയിലിനെ പൂർണമായി സ്വാഗതം ചെയ്യുന്ന ഒരു മണ്ഡലം കേരളത്തിലുണ്ടെങ്കിൽ അത് തൃക്കാക്കരയാണ്. അതുകൊണ്ടാണ് യു.ഡി.എഫ് അത് ചർച്ചാവിഷയമാക്കാതിരുന്നത്.

പഴയ കാലത്തിൽനിന്നും ഒരുപാട് മാറ്റം വന്നിരിക്കുന്നു

പ്രഫ. എം.കെ. സാനു

പൊതുവിൽ കുഴപ്പമില്ലാതെ നീങ്ങുകയായിരുന്ന തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ, സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവം ജനാധിപത്യ സംസ്കാരത്തിന് വിരുദ്ധമായ നടപടിയാണ്. ജനാധിപത്യത്തിന് ദോഷം ചെയ്യുന്ന പ്രവണതയാണ് അത്. ഓരോ കക്ഷികളും തമ്മിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങളെക്കുറിച്ച് പ്രചാരണത്തിൽ ആരും മിണ്ടുന്നില്ല. എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും സ്ഥാനാർഥികളെ നന്നായി അറിയാം. പഴയ സമ്പ്രദായങ്ങളിൽനിന്നൊക്കെ നാട്ടിലെ കാര്യങ്ങൾ മാറിപ്പോയി. എന്‍റെ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ഉന്നതമായതലത്തിൽ സംസ്കാരം നിലനിർത്തിക്കൊണ്ടുള്ളതായിരുന്നു പ്രചാരണം. നിരവധി എഴുത്തുകാർ, പൊതുപ്രവർത്തകർ എന്നിവരൊക്കെയെത്തിയിരുന്നു. എതിർസ്ഥാനാർഥിക്കെതിരായി ഒരു അക്ഷരംപോലും പറയരുതെന്ന് അന്ന് എനിക്കായി പ്രവർത്തിച്ച എല്ലാവരോടും പറഞ്ഞിരുന്നു. ഞാൻ വിജയിച്ചപ്പോൾ പരാജയപ്പെട്ട സ്ഥാനാർഥിയെ പോയി കാണുകയും ചെയ്തു. എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ പ്രസംഗിച്ചിട്ടില്ല. പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെക്കുറിച്ച് പറയുകയും അത് അനുകൂലിക്കണമെന്ന് വോട്ടർമാരോട് പറയുകയുമാണ് ചെയ്തത്.

ബോധപൂർവമായ വർഗീയ പ്രചാരണം തുറന്നുകാണിക്കാൻ ശ്രമമുണ്ടായില്ല

അഡ്വ. ടി. ആസഫലി (മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, ഹൈകോടതി)

ഏറ്റവും മതേതര സ്വഭാവമുള്ള ജനത ജീവിക്കുന്ന കേരളത്തിൽ മറ്റാരും പറയാൻ തുനിയാത്ത മതവിദ്വേഷ പരാമർശമാണ് പി.സി. ജോർജ് നടത്തിയത്. മനഃപൂർവം മതസ്പർധ വളർത്താനുള്ള ശ്രമം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം ബോധപൂർവമായ ശ്രമങ്ങളെ തുറന്നുകാട്ടാൻ കൂടി പ്രചാരണത്തെ ഉപയോഗിക്കണമായിരുന്നു. എന്നാൽ, അങ്ങനെയൊന്ന് ഇടത് -വലത് മുന്നണികളിൽ നിന്നുണ്ടായില്ല.

വ്യാജ അശ്ലീല വിഡിയോ പോലുള്ള വിവാദങ്ങളായിരുന്നു മണ്ഡലം നിറഞ്ഞുനിന്നത്. ഭിന്നത വർധിപ്പിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളടങ്ങുന്ന പ്രചാരണ രീതി മറ്റു ചില ഭാഗങ്ങളിൽ നിന്നുണ്ടായി. അതിനെയും വേണ്ട രീതിയിൽ പ്രതിരോധിക്കാനായില്ല. യഥാർഥ വസ്തുത തിരിച്ചറിയാതെ ദുർവ്യാഖ്യാനം വിശ്വസിച്ച് ചെറിയ വിഭാഗമെങ്കിലും മതവിദ്വേഷം വളർത്തുന്ന പാർട്ടികൾക്കൊപ്പം ചേരുന്ന അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുക. രണ്ട് കൈയിലായി രണ്ട് വിഭാഗം വർഗീയ ശക്തികളെ ചേർത്തുനിർത്തി വർഗീയതക്ക് എതിരാണെന്ന് പറയുന്ന എൽ.ഡി.എഫിന്‍റെ പൊള്ളത്തരവും ചർച്ചയായില്ല.

ചിന്തയില്ലായ്മയുടെ ഒരു കഷ്ടകാലം പടിവാതിൽക്കൽ

ഫാ. പോൾ തേലക്കാട്ട് (സിറോ മലബാർ സഭ മുൻ വക്താവ്)

അപ്രസക്തമായ കാര്യങ്ങളിലേക്കുള്ള ശ്രദ്ധതിരിയുന്ന ആൾക്കൂട്ട മനോഭാവം ഇന്നത്തെ രാഷ്ട്രീയത്തിന്‍റെ രൂപമായി മാറുന്നത് തൃക്കാക്കരയിലും പ്രകടമായി. മനുഷ്യന്‍റെ മൗലിക പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിയുന്ന ചിന്തയില്ലായ്മയുടെ ഒരു കഷ്ടകാലം എവിടെയോ പടിവാതിൽക്കലാണ് എന്ന് ആശങ്കയുണ്ടാക്കുന്നു.

കെ-റെയിൽ ചർച്ചയായിരുന്നെങ്കിൽ സർക്കാറിനെതിരായേനെ

റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെ-റെയിൽ കാര്യമായ ചർച്ചയായി ഉയർന്നുവരേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. വിദഗ്ധമായി അത് ചർച്ചകളിൽനിന്ന് മാറ്റിയ കാഴ്ചയാണ്. അത്തരമൊരു ചർച്ച ഉയർന്നിരുന്നെങ്കിൽ സർക്കാറിനെതിരായ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കുമായിരുന്നു. സ്ഥാനാർഥിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന സമീപനം ഒരു രാഷ്ട്രീയപാർട്ടിക്കും യോജിച്ചതല്ല. അത് ഒരു പരിഷ്കൃത സമൂഹത്തിന് യോജ്യമായ നടപടിയല്ല. എങ്ങനെ നിലവിലെ രാഷ്ട്രീയം ഉദാത്തവത്കരിക്കാൻ കഴിയും എന്ന് അറിയില്ല. അത്തരത്തിൽ വഷളായൊരു സാമൂഹിക പരിസരമാണ് ഇപ്പോഴുള്ളത്.

മതേതര മുഖച്ഛായ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

ഷൈജു ദാമോദരൻ (കളിയെഴുത്തുകാരൻ, കമൻറ്റർ)

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത് മതേതര കേരളത്തിന്‍റെ മുഖച്ഛായയായിരിക്കും. കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് മതേരത്വമാണ്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് കേരളത്തെക്കുറിച്ച് പറയുന്നതിന് അടിസ്ഥാനം ഇവിടത്തെ പ്രകൃതിരമണീയതയും സാക്ഷരതയുമൊന്നുമല്ല. എല്ലാ മതത്തിലുംപെട്ട ആളുകൾ സാഹോദര്യത്തോടെയും ഒരുമയോടെയും കഴിയുന്നതുകൊണ്ടാണ് ലോകം കേരളത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത്. അത് നിലനിർത്തണമെങ്കിൽ കേരളത്തിന്‍റെ മതേതരത്വ സ്വഭാവവും മതനിരപേക്ഷ ജീവിത നിലവാരവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. തൃക്കാക്കര വിധിയെഴുതാൻ പോകുന്നത് ഈ വിഷയത്തിലായിരിക്കും.

സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവം ഒരിക്കലും സാംസ്കാരിക സമൂഹത്തിന് നിരക്കുന്ന ഒരു സംഗതിയല്ലെന്ന വിലയിരുത്തലാണ് നിഷ്പക്ഷമതികളായ ആളുകൾ നടത്തിയിട്ടുള്ളത്. നിലപാടുകളും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ തമ്മിൽ ഏറ്റുമുട്ടുന്നതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്. എന്നാൽ, ഇത് എല്ലാ പരിധികളെയും ലംഘിക്കുന്ന രീതിയായിപ്പോയി. എതിരാളിയെ കീഴ്പ്പെടുത്താൻ തെറ്റായ ഒരു നടപടി ബോധപൂർവം സ്വീകരിക്കുന്നത് സംസ്കാര സമ്പന്നരായ ആളുകൾ ഗൗരവത്തോടെ കാണുകയാണ്. ഇടതുമുന്നണി സ്ഥാനാർഥിക്കെതിരെ നടത്തപ്പെട്ട കൃത്രിമ ഡിജിറ്റൽ ആക്രമണത്തിന് പിന്നിൽ ആരാണോ, അത് അവർക്ക് തന്നെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും.

ജനങ്ങളുടെ ആവശ്യങ്ങൾ ധരിപ്പിക്കാനായി

പി. രംഗദാസ പ്രഭു (പ്രസിഡന്‍റ്, എറണാകുളം ഡിസ്ട്രിക്റ്റ് റെസിഡന്‍റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ-എഡ്രാക്)

തൃക്കാക്കര മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർഥികളെ ധരിപ്പിച്ചിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, റോഡ്, ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ മൂന്ന് സ്ഥാനാർഥികളോടും പറഞ്ഞിട്ടുണ്ട്. കൊച്ചി മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടുന്നത് വേഗത്തിലാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ ആസ്ഥാനമാണ് തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്.

ജില്ലയിലെ ഏത് മുക്കിലും മൂലയിലുംനിന്ന് അവിടേക്ക് എത്താനുള്ള പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുകയെന്നത് വളരെ അത്യാവശ്യമാണ്. രണ്ടും മൂന്നും ബസിൽ കയറി കലക്ടറേറ്റിൽ എത്തേണ്ടി വരുമ്പോഴുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് അവരോട് പങ്കുവെച്ചിട്ടുണ്ട്. എല്ലാ സ്ഥാനാർഥികളും പോസിറ്റിവായ സമീപനമാണ് പറഞ്ഞിരിക്കുന്നത്. ഒരു പൊതു സംഘടന എന്ന നിലയിൽ ഏതെങ്കിലുമൊരാളെ പിന്തുണക്കുന്ന നിലപാട് തങ്ങൾ പറയാറില്ല. ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയായിട്ടുണ്ട്.

തയാറാക്കിയത്: ഷംനാസ് കാലായിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignUma ThomasThrikkakara bypollJo Joseph
News Summary - Thrikkakara bypoll; How this campaign will be reflected
Next Story