ഭരണകൂടം വെറുമൊരു തമാശയാവുമ്പോൾ
text_fieldsയു.പിക്ക് പിന്നാലെ സകല അവലക്ഷണങ്ങളുമൊത്തൊരു ഹിന്ദുത്വ സർക്കാറിലേക്കുള്ള പ്രയാണത്തിലാണ് കർണാടക. മഹാവ്യാധി പ്രതിസന്ധിക്കിടയിലും വർഗീയത ആളിക്കത്തിക്കാൻ സകലവിധ സൗകര്യങ്ങളുമൊരുക്കി ഭരണം നടത്തിയ ബി.എസ്. യെദിയൂരപ്പ പോരെന്നും അതിലേറെ തീവ്രനിലപാടുള്ളയാൾ വേണമെന്നും പ്രഖ്യാപിച്ച് ബസവരാജ് ബൊമ്മൈയെ അവരോധിച്ചതോടെ തന്നെ സംസ്ഥാനത്തെ എവിടെ കൊണ്ടെത്തിക്കാനാണ് സംഘ്പരിവാർ തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. കടുത്ത അരക്ഷിതാവസ്ഥയിലാണ് കർണാടകയിലെമ്പാടും ന്യൂനപക്ഷ സമൂഹം.
ക്രമസമാധാനപാലകർ സർക്കാറിന് വാലാട്ടുേമ്പാൾ പൊലീസ് മേധാവികൾ യൂനിഫോമിനൊപ്പമണിയുന്നത് നക്ഷത്രമാണോ താമരയാണോ എന്ന് ആർക്കെങ്കിലും സംശയമുദിച്ചാൽ തെറ്റുപറയാനാവില്ല. ഒരു വർഷത്തിനിടെ ക്രൈസ്തവ സമൂഹത്തിനുനേരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ഹിന്ദുത്വ സംഘടനകൾ നടത്തിയ 15 അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊലീസിൽ പരാതിയും മാധ്യമങ്ങളിൽ വാർത്തയുമാവാതെപോയ അക്രമങ്ങളും ഭീഷണികളും ഇതിനു പുറമെ. സദാചാര പൊലീസിങ്ങും ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റവുമൊക്കെയായി ശ്രീരാമസേന, ബജ്റങ്ദൾ, ഹിന്ദു ജാഗരണ വേദികെ, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകൾ ആടിത്തിമിർക്കുന്നു. സ്റ്റാൻഡ് അപ് കൊേമഡിയൻ മുനവ്വർ ഫാറൂഖിയുെട സ്റ്റേജ് ഷോ ഹിന്ദു ജനജാഗ്രതി സമിതിയുടെ ഭീഷണിക്കു വഴങ്ങി കർണാടക പൊലീസ് തടഞ്ഞത് ഈ പരമ്പരയിലെ ഒരു സംഭവം മാത്രം.
നവംബർ 28ന് മുനവ്വർ ഫാറൂഖിയുടെ 'ദോങ്ഗ്രി ടു നൗഹിയർ' എന്ന സ്റ്റാൻഡ് അപ് കോമഡി ഷോ നടത്തുന്നതിനായാണ് ഡൽഹി ആസ്ഥാനമായ ഇവൻറ് മാനേജ്മെൻറ് ടീം ബംഗളൂരു ഗുഡ്ഷെപേഡ് ഒാഡിറ്റോറിയം ബുക്ക് ചെയ്തത്. പരിപാടിക്കായി നവംബർ 13 നു സംഘാടകർ പൊലീസിന് അപേക്ഷ നൽകി. ഒരു തടസ്സവാദവുമില്ലാതെ അനുമതി നൽകി. 600 ഒാളം ടിക്കറ്റുകളും വിറ്റുതീർന്നു. അപ്രതീക്ഷിതമായി പരിപാടിക്ക് തൊട്ടുതലേന്ന് അശോക് നഗർ പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകി. മുനവ്വർ ഫാറൂഖി പെങ്കടുക്കുന്ന പരിപാടിയായതിനാൽ 'ക്രമസമാധന ഭീഷണി'യുണ്ടെന്നും അതൊഴിവാക്കാൻ പരിപാടി മാറ്റണമെന്നുമായിരുന്നു നോട്ടീസിെൻറ ഉള്ളടക്കം. ഇത്ര ദിവസം ഇല്ലാതിരുന്ന ക്രമസമാധാന ബോധം പരിപാടിയുടെ തലേദിവസം പൊലീസിന് എങ്ങനെയുണ്ടായി എന്നു പരിശോധിക്കുേമ്പാൾ സംഗതിയുടെ കിടപ്പറിയും. പരാതി നൽകിയ സംഘടന പൊലീസുകാർക്കിടയിൽ മാത്രമല്ല, രാജ്യമൊട്ടുക്ക് കുപ്രസിദ്ധമാണ്. മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെനയും ചിന്തകനും എഴുത്തുകാരനുമായ എം.എം. കൽബുർഗിയെയും വീട്ടിൽകയറി വെടിവെച്ചുെകാന്ന കേസുകളിൽ പ്രതിക്കൂട്ടിലുള്ള ഹിന്ദു ജനജാഗ്രതി സമിതി.
പരാതി എന്ന പേരിൽ അവർ നൽകിയത് ഒരു ഭീഷണിക്കത്തായിരുന്നു. 'ഹിന്ദു ദൈവങ്ങളെയും പൗരത്വഭേദഗതി നിയമത്തെയും കർേസവകരുടെ ഗോധ്ര കൂട്ടെക്കാലെയയും തമാശയായി ചിത്രീകരിക്കുന്നത് ഉൾക്കൊള്ളാനാവില്ല. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന മുനവ്വർ ഫാറൂഖിക്ക് അത്തരം കാര്യങ്ങൾ ആവർത്തിക്കാൻ വീണ്ടും ഇടം നൽകാനാവില്ല. ഡി.ജെ ഹള്ളി കലാപം മുന്നിൽനിൽക്കെ ഇത്തരം സാമുദായിക സൗഹാർദം തകർക്കുന്ന പരിപാടിക്ക് നിങ്ങൾ അനുമതി നൽകുമോ? അങ്ങനെയെങ്കിൽ ഞങ്ങൾ തെരുവിലിറങ്ങും...' -ഇതായിരുന്നു ഉള്ളടക്കം. കഴിഞ്ഞവർഷം ആഗസ്റ്റ് 12ന് ബംഗളൂരു നഗരത്തിൽ പ്രവാചക നിന്ദയുടെ പേരിൽ തുടങ്ങിയ പ്രതിഷേധം അക്രമത്തിന് വഴിമാറിയ ഡി.ജെ ഹള്ളി സംഭവത്തെ ഹിന്ദു ജനജാഗ്രതി സമിതി പരാതിയിൽ ഒാർമപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പരിപാടി റദ്ദാക്കിയതിനു പിന്നാലെ ഉപകാരസ്മരണയായി ബംഗളൂരു സിറ്റി െപാലീസ് കമീഷണർക്ക് സംഘടന നന്ദി അറിയിക്കുകയും ചെയ്തു.
മുനവ്വർ ഫാറൂഖിയുടെ കോമഡി ഷോ മാറ്റിവെക്കാൻ തങ്ങൾ ഉത്തരവ് നൽകിയിട്ടില്ലെന്നും 'നിർദേശം' മാത്രമാണ് നൽകിയതെന്നുമാണ് പൊലീസ് ന്യായീകരണം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകുന്ന നിർദേശവും ഉത്തരവും ഒരുപോലെയാണ് പരിഗണിക്കപ്പെടുകെയന്നും പരോക്ഷമായി ആ 'നിർദേശ'ത്തിെൻറ വിവക്ഷ റദ്ദ് തന്നെയാണെന്നും ആർക്കാണ് മനസ്സിലാകാത്തത്?
എന്തുകൊണ്ട് മുനവ്വർ ഫാറൂഖിയെ ഹിന്ദുത്വ സംഘടനകൾ ലക്ഷ്യമിടുന്നു? അദ്ദേഹത്തെ പ്രതിനിധാനം ചെയ്യുന്ന പേരുതന്നെയാണ് പ്രശ്നം. ഗുജറാത്തിലെ ജുനഗഢ് സ്വദേശിയാണ് ഇൗ 30 കാരൻ. കഴിഞ്ഞ പുതുവത്സര ദിനത്തിൽ മധ്യപ്രദേശിലെ ഇന്ദോറിൽ നടന്ന കോമഡി പരിപാടിക്കിടെ ഹിന്ദു ദൈവത്തെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിങ്ങിെൻറ മകൻ ഏകലവ്യ സിങ് നൽകിയ പരാതിയിൽ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് െചയ്തിരുന്നു. ഒരു െതളിവുമില്ലാതെയായിരുന്നു അറസ്റ്റ്. മനഃപൂർവം മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ െഎ.പി.സി 295 എ വകുപ്പും ചുമത്തി. 37 ദിവസത്തെ ജയിൽവാസശേഷം സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിലാണ് പിന്നീട് പുറത്തിറങ്ങാനായത്. മുനവ്വറിനെ ലക്ഷ്യംെവച്ച് ഹിന്ദുത്വ സംഘടനകൾ നീങ്ങിയതോടെ പരിപാടികൾ ഒാരോന്നായി റദ്ദാക്കേണ്ടി വന്നു. സെപ്റ്റംബറിൽ ഗുജറാത്തിലും ഒക്ടോബറിൽ മുംബൈയിലുമായി 12 ഷോകളാണ് ബജ്റങ്ദൾ ഭീഷണിയെ തുടർന്ന് മാറ്റിവെച്ചത്. താനനുഭവിക്കുന്ന പ്രയാസങ്ങൾ ഒാഡിയൻസ് കൂടി അനുഭവിക്കേണ്ടതില്ലെന്നാണ് പരിപാടി റദ്ദാക്കിയതിനെ കുറിച്ച് അദ്ദേഹം അന്ന് പ്രതികരിച്ചത്.
തുടർച്ചയായി പരിപാടികൾ റദ്ദാക്കേണ്ടി വന്നതിനു പിന്നാലെ 'വിദ്വേഷം വിജയിച്ചു; കലാകാരൻ പരാജയപ്പെട്ടു' എന്ന് കുറിച്ച് മുനവ്വർ ഫാറൂഖി ഗുഡ്ബൈ പറയാൻ നിർബന്ധിതനാവുകയും ചെയ്തിരിക്കുന്നു ഇപ്പോൾ. മുനവ്വർ ഫാറൂഖി വിഷയത്തിൽ ശശിതരൂർ എം.പിയും കൊമേഡിയൻ കുനാൽ കമ്രയുമടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിരിക്ക് കൊമേഡിയന്മാർ വലിയ വില നൽകേണ്ടിവരുന്നുവെന്നാണ് കുനാൽ കമ്ര പ്രതികരിച്ചത്.
ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അർണബ് േഗാസ്വാമിക്ക് ജാമ്യം നൽകിയതിനെക്കുറിച്ച് 'സുപ്രീംകോടതിയാണ് ഏറ്റവും വലിയ തമാശ' എന്ന വിമർശനം മുമ്പ് കുനാൽ കമ്ര ഉന്നയിച്ചിരുന്നു. കോടതിയലക്ഷ്യ നടപടി നേരിെട്ടങ്കിലും അദ്ദേഹം പ്രസ്താവന പിൻവലിക്കുകയോ മാപ്പു പറയുകയോ ചെയ്തിരുന്നില്ല. സുപ്രീംകോടതി നോട്ടീസിന് 'തമാശകൾക്ക് പ്രതിരോധം ആവശ്യമില്ല' എന്നായിരുന്നു മറുപടി. മുനവ്വർ ഫാറൂഖിയെ ബംഗാളിലേക്ക് സ്വാഗതം ചെയ്ത് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ രംഗത്തുവന്നു. പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും ഒരു ചുക്കും ചെയ്യില്ലെന്ന് ഉറപ്പുതരാമെന്ന് വാക്കുനൽകി.
ഹിന്ദുത്വ പ്രവർത്തകർ ഒരു വർഷത്തിനിടെ 15 പ്രാർഥനാലയങ്ങളിൽ അക്രമം നടത്തിയിട്ടും പൊലീസ് കേെസടുക്കുന്നില്ലെന്നതാണ് ക്രൈസ്തവ സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആവലാതി. അക്രമികളുടെ പരാതി പ്രകാരം, മതപരിവർത്തനം ആരോപിച്ച് രണ്ട് പാസ്റ്റർമാർക്കെതിരെ കേസെടുത്തു. ബെളഗാവിയിൽ മർദനത്തിനിരയായ പാസ്റ്ററുടെ പരാതിയിൽ അക്രമികൾക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രാർഥനാ യോഗങ്ങളിൽ അക്രമം നടത്തുന്നവരെ തടയാനോ നിയമത്തിന് മുന്നിൽ കൊണ്ടുവരുവാനോ മെനക്കെടാത്ത പൊലീസ് അക്രമം നടക്കാനിടയുള്ളതിനാൽ നിയമസഭയുടെ ശൈത്യകാല സമ്മേളനം കഴിയുന്നതുവരെ പ്രാർഥനായോഗങ്ങൾ മാറ്റിെവക്കാൻ ഉപദേശിച്ചിരിക്കുകയാണിപ്പോൾ. ബെളഗാവിയിൽ ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ മതപരിവർത്തന നിരോധന നിയമം അവതരിപ്പിക്കാനൊരുങ്ങുകയാണ് ബി.ജെ.പി സർക്കാർ. നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രാർഥനാ യോഗങ്ങൾക്കുനേരെ നടക്കുന്ന സംഘ്പരിവാർ അക്രമങ്ങൾ. സംസ്ഥാനത്തെ ക്രിസ്ത്യൻ ദേവാലയങ്ങളുടെയും പ്രാർഥനാലയങ്ങളുടെയും കണക്ക് സർക്കാർ ഒൗദ്യോഗികമായിത്തന്നെ ശേഖരിക്കുന്നുണ്ട്.
വിശ്വാസവും പ്രാർഥനയുമെല്ലാം മൗലികാവകാശങ്ങളായിരിക്കെ, നിയമാനുസൃതം നടക്കുന്ന പരിപാടിക്കെതിരെ ഒരുകൂട്ടം ആക്രമികൾ നിയമത്തെ വെല്ലുവിളിക്കുേമ്പാൾ പൊലീസ് ആർക്കൊപ്പമാണ് നിൽക്കേണ്ടത് എന്നാണ് ചോദ്യം. ചോദ്യങ്ങൾ കേൾക്കാൻ ആഗ്രഹമില്ലാത്ത, ഉത്തരവുകളും ഭീഷണികളും മാത്രം പുറത്തുവിടുന്നവരോട് ചോദ്യം ഉന്നയിക്കുന്നതിൽ പ്രസക്തിയുണ്ടോ എന്നു തോന്നിയേക്കാം. പക്ഷേ, ലാത്തി കുറുവടിയാണെന്നും കാക്കി കാവിയാണെന്നും മനസ്സിൽ മന്ത്രം ചൊല്ലിക്കൊണ്ടേയിരിക്കുന്നവർക്കുനേരെ ഒരു ഒാർമപ്പെടുത്തലായെങ്കിലും ആ ചോദ്യമുയരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.