പുറപ്പാട്
text_fields''ആറു വർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡൻ തിരിച്ചുവന്നിരിക്കുന്നു; ചില കളികൾ കാണാനും ചിലത് കാണിച്ചിട്ട് പഠിപ്പിക്കാനും'' -നരസിംഹം സിനിമയിൽ പൂവള്ളി ഇന്ദുചൂഡെൻറ ഇൗ മാസ് ഡയലോഗ് കേട്ട്, മണപ്പള്ളി മാധവൻ നമ്പ്യാരുടെ ചിതാഭസ്മം പോലും കോരിത്തരിച്ച് എഴുന്നേറ്റു കരഘോഷം മുഴക്കിയെന്നാണ് ഫാൻസ് അസോസിയേഷൻ പാണന്മാർ പാടി നടക്കാറുള്ളത്. നായക കഥാപാത്രത്തിെൻറ പ്രതികാരത്തിെൻറയും പടപ്പുറപ്പാടിെൻറയും വിളബംരമായിരുന്നേല്ലാ ആ ഡയലോഗ്. പിന്നെയങ്ങോട്ട് മാസ് ഡയേലാഗുകളും പൊട്ടിത്തെറികളുമാണ്. ഏതാണ്ട് സമാനമാണ് ഒാം പ്രകാശ് ചൗതാലയുടെയും പുറത്തേക്കുള്ള വരവ്. ചില കളികൾ കാണാനും ചിലത് കാണിച്ചിട്ട് പഠിപ്പിക്കാനും തന്നെയാണ് പത്തു വർഷത്തെ ഇടവേള കഴിഞ്ഞ് ചൗതാല തിഹാറിൽനിന്ന് എത്തിയിരിക്കുന്നത്. ഇന്ദുചൂഡനെപ്പോലെ വെറുതെ ഡയലോഗടിച്ച് കൈയടി വാങ്ങിക്കൂട്ടി സമയം കളയാനില്ലാത്തതുകൊണ്ട് പടയൊരുക്കത്തിനുള്ള കോപ്പുകൂട്ടുകയാണ്. ഇന്ത്യൻ നാഷനൽ ലോക്ദൾ എന്ന പേരിൽ സ്വന്തമായൊരു പാർട്ടിയുണ്ടെങ്കിലും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ അതുമതിയാകില്ലെന്നറിയാം. അതിനാൽ, കൂട്ടുപിടിക്കാവുന്നവരെയെല്ലാം പഴയ സോഷ്യലിസ്റ്റ് വൈകാരികതയുടെ പേരിൽ ഇളക്കിവിടുകയാണ് കളിയുടെ ഒന്നാംഘട്ടം. രാഷ്ട്രീയത്തിൽ ഇൗ കളിക്ക് 'മൂന്നാം മുന്നണി രൂപവത്കരണം' എന്നാണ് പറയുക. ആ കളിക്കാണ് അഞ്ചു തവണ ഹരിയാനയുടെ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുള്ള ചൗതാലയിപ്പോൾ കളമൊരുക്കിയിരിക്കുന്നത്.
മോദിയേയും കോൺഗ്രസിനേയും ഒരുപോലെ എതിർക്കുന്ന മൂന്നാം മൂന്നണിയെന്നത് പലരുടെയും സ്വപ്നമാണ്. അങ്ങനെയൊരു സ്വപ്നസംഘം 2024ലെ തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാവുക എന്നതും ചെറിയ കാര്യമല്ല. ഇപ്പോഴാകെട്ട, കർഷകസമരവും മറ്റുമൊക്കെ മൂന്നാം മുന്നണിക്ക് തരക്കേടില്ലാത്തവിധം സാഹചര്യം അനുകൂലവുമാണ്. അടിസ്ഥാനപരമായി നല്ലൊരു കർഷകനായ ചൗതാല ഇൗ രാഷ്ട്രീയഭൂമികയുടെ വളക്കൂറ് തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ, പരമാവധി ആളെക്കൂട്ടി വിത്തിറക്കാൻതന്നെയാണ് തീരുമാനം. പിതാവും മുൻ ഉപപ്രധാനമന്ത്രിയുെമാക്കെയായ ദേവിലാലിെൻറ ജന്മവാർഷികമായ സെപ്റ്റംബർ 25ന് ഹരിയാനയിലെ ജീൻഡിൽ സമ്മേളനം നടത്തി 'ഇന്ദുചൂഡൻ മോഡലി'ൽ ഉഗ്രനൊരു രാഷ്ട്രീയ പ്രഖ്യാപനം നടത്താനാണ് പരിപാടി. പഴയ സോഷ്യലിസ്റ്റ്, ജനത നേതാക്കളിൽ ചിലരുടെയെങ്കിലും പിന്തുണയുണ്ടെന്നാണ് ടിയാെൻറ അവകാശവാദം. ശരദ്പവാർ, മമത ബാനർജി, ഫാറൂഖ് അബ്ദുല്ല, ജയന്ത് ചൗധരി തുടങ്ങിയവരൊക്കെയും പരിപാടിക്കെത്തുമേത്ര. സാക്ഷാൽ നിതീഷ് കുമാർ വന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് കേൾക്കുന്നത്. നോക്കണേ, 2024ലേക്കായി ഇതിപ്പോൾ എത്രാമത്തെ മുന്നണിയാണ്! ശരദ് പവാറിെൻറ നേതൃത്വത്തിൽ 'രാഷ്ട്ര മഞ്ച്' എന്ന കൂട്ടായ്മ പുനരുജ്ജീവിപ്പിച്ചത് ഇൗയടുത്താണ്. മോദി വിരുദ്ധ സഖ്യത്തിനു രൂപം നൽകുകയെന്നതുതന്നെയായിരുന്നു അതിെൻറയും ലക്ഷ്യം. പ്രശാന്ത് കിഷോറിനെപ്പോലുള്ളവരെ കൂട്ടുപിടിച്ച് ആളെ സംഘടിപ്പിക്കാനുള്ള പരിപാടി കോൺഗ്രസും തകൃതിയായി നടത്തുന്നുണ്ട്.
ഇൗ ആളെക്കൂട്ടൽ പരിപാടിക്കിടയിൽ ചൗതാലയുടെ 'മൂന്നാം മുന്നണി' ക്ലച്ചുപിടിക്കുമോ എന്ന് കാത്തിരുന്നുതന്നെ കാണണം. അതെന്തായാലും ചൗതാല കാര്യമായിട്ടുതന്നെയാണ് ഇറങ്ങിയിരിക്കുന്നത്. കിസാൻ സമ്മേളനങ്ങളും ട്രാക്ടർ റാലികളും നടത്തി പണ്ടുമുതലേ ജാട്ട് സമുദായക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുള്ള ചൗതാലയുടെ പുതിയ തുറുപ്പുശീട്ടും കർഷകരാഷ്്ട്രീയം തന്നെയാണ്. ജൂലൈ രണ്ടിന് ജയിൽ വിട്ടിറങ്ങുേമ്പാഴേ ഗാസിയാബാദിലും കർണാലിലുമെല്ലാം നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ സാധ്യത മനസ്സിൽ കണ്ടതാണ്. സ്വന്തം പേരമകൻ ദുഷ്യന്ത് ചൗതാലയാണ് ഹരിയാനയുടെ ഉപമുഖ്യൻ. കർണാലിൽ കർഷക സമരക്കാരെ ലാത്തികൊണ്ട് നേരിട്ട മുഖ്യമന്ത്രി ഖട്ടാറിനെ ചീത്തവിളിക്കാൻ ആ ബന്ധമൊന്നും ചൗതാലക്ക് തടസ്സമായിട്ടില്ല. ആദർശ ധീരതയുടെ ഇൗ മുടക്കുമുതൽ വെച്ചാണ് പയറ്റിത്തുടങ്ങിയത്. അതിപ്പോൾ പുതിയ സഖ്യരൂപവത്കരണത്തിലേക്ക് വഴിവെച്ചിരിക്കുകയാണ്.
പറഞ്ഞുകേൾക്കുന്നൊരു കഥയുണ്ട്: പഠനത്തോടൊന്നും വലിയ കമ്പമില്ലായിരുന്ന ചൗതാലക്ക് പ്രിയം കാലിവളർത്തലിലായിരുന്നുവേത്ര. ഇഷ്ടം കണ്ടറിഞ്ഞ് പിതാവ് ദേവിലാൽ 150 ജേഴ്സിപ്പശുക്കളെ വാങ്ങിനൽകി. ആ പണി സാമാന്യം നന്നായി മുന്നോട്ടുപോകുന്നതിനിടെ പത്താം ക്ലാസ് തോറ്റു. പിന്നീട് കാലിവളർത്തലിനേക്കാൾ എളുപ്പമാണ് രാഷ്ട്രീയമെന്ന് പഠിപ്പിച്ചതും പിതാവ് തന്നെ. സ്വാമി കേശവാനന്ദിെൻറ ശിഷ്യനായിരുന്ന ചൗതാല ആര്യസമാജ പ്രവർത്തനങ്ങൾകൂടി ഉപേക്ഷിച്ചാണ് പിതാവിെൻറ പാത സ്വീകരിച്ചത്. ദേവിലാൽ നേരെകൂട്ടിക്കൊണ്ടുപോയത് നിയമസഭയിലേക്കാണ്. 1970ലാണത്. കർഷക സമരത്തിൽ പെങ്കടുത്ത് ജയിലിൽ പോയ ബലത്തിൽകൂടിയായിരുന്നു. പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിൽവാസമനുഷ്ഠിച്ചു. അടിയന്തരാവസ്ഥക്കുശേഷം ജനത, സോഷ്യലിസ്റ്റ് കക്ഷികളുടെ സുവർണയുഗം ദേവിലാലും ചൗതാലയുമെല്ലാം നന്നായി ആസ്വദിച്ചു. '89ൽ, മുഖ്യമന്ത്രിയായിരിക്കെ ദേവിലാലിനെ വി.പി. സിങ് സർക്കാറിൽ ഉപപ്രധാനമന്ത്രിയായി നിയമിച്ചു. എം.എൽ.എ പോലുമല്ലാതിരുന്ന ചൗതാലയെ മുഖ്യമന്ത്രിക്കസേരയിലിരുത്തിയാണ് ദേവിലാൽ ഡൽഹിയിലേക്ക് വണ്ടികയറിയത്. രണ്ടുപേരുടെയും സത്യപ്രതിജ്ഞ ഒറ്റ ദിവസമായിരുന്നു. വലിയ വിമർശനങ്ങൾ വന്നു. അതുകൊണ്ടൊന്നും ആ സോഷ്യലിസ്റ്റ് മനസ്സ് കുലുങ്ങിയില്ല. പക്ഷേ, അഞ്ചു മാസം കൊണ്ടു താഴെ ഇറങ്ങേണ്ടിവന്നു. പിന്നീട് നാലു തവണ ആ പദവിയിലെത്തിയപ്പോഴും ഒരുതവണയൊഴികെ ബാക്കിയെല്ലാം അൽപായുസ്സിലൊതുങ്ങി.
അധികാര സ്ഥാനങ്ങളിൽ പിടിച്ചിരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം വിവാദങ്ങൾ കൊഴുത്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള പോരാട്ടത്തിനൊടുവിൽ രണ്ടു തവണയാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കപ്പെട്ടത്. ഒരിക്കൽ ബൂത്തുപിടിത്തത്തിെൻറ പേരിലായിരുന്നെങ്കിൽ രണ്ടാമത്തേത് സ്വതന്ത്രസ്ഥാനാർഥി അമർ സിങ്ങിെൻറ കൊലയുടെ പേരിലായിരുന്നു. ആ മരണത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനായില്ല. കെ.എൻ. സകിയ കമീഷൻ റിപ്പോർട്ട് പൂർണമായും ചൗതാലക്കെതിരായിരുന്നു. ചൗതാലക്കും മക്കൾക്കുമായി 1460 കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് സി.ബി.െഎ കണ്ടെത്തിയതും വാർത്തയായി. ഏതാണ്ടിതേ കാലത്താണ് തിഹാറിലേക്ക് വഴിതെളിച്ച കേസും പൊന്തിവന്നത്. '90കളുടെ അവസാന നാളുകളിൽ നടത്തിയ അഴിമതിയാണ് സംഭവം. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 4000ഒാളം ആളുകൾക്ക് സംസ്ഥാനത്തെ സ്കൂളിൽ അധ്യാപക വേഷം നൽകി സഹായിച്ചത് നീതിപീഠത്തിന് ബോധ്യം വന്നില്ല. കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഹൈകോടതിയിലും സുപ്രീംകോടതിയിലുമൊക്കെ പോയെങ്കിലും എല്ലാ ബെഞ്ചും വിരൽ ചൂണ്ടിയത് തിഹാറിലേക്കായിരുന്നു. ഒടുവിൽ, 2013ൽ കോടതിക്ക് പൂർണമായും വഴങ്ങേണ്ടിവന്നു. ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മകൻ അജയ് സിങ് ചൗതാലയുമുണ്ടായിരുന്നു. അച്ഛനും മകനും മിണ്ടിയും പറഞ്ഞും തിഹാറിൽ കഴിഞ്ഞു. അതിനിടെ, പല തവണ പരോൾ. ഒടുവിൽ മോചനം.
ജൂലൈ രണ്ടിന് ജയിലിൽ നിന്നിറങ്ങിയശേഷം ആദ്യം ചെയ്തത് എസ്.എസ്.എൽ.സി 'സപ്ലി' പേപ്പറുകൾ എഴുതിയെടുക്കുകയായിരുന്നു. 100ൽ 88 മാർക്കു വാങ്ങി വിജയിച്ചു. ഇൗ 86ാം വയസ്സിൽ പുതിയൊരു പരീക്ഷണത്തിനാണിറങ്ങുന്നത്. പത്തു വർഷം മുമ്പത്തെ തെരഞ്ഞെടുപ്പ് ഗോദയല്ല ഇപ്പോൾ. കാര്യങ്ങളാകെ മാറിയിരിക്കുന്നു. പാർട്ടിക്കും പഴയ ശക്തിയില്ല; 2019ലെ തെരഞ്ഞെടുപ്പിൽ 81 സീറ്റിൽ മത്സരിച്ച് ജയിച്ചത് ഒരിടത്തു മാത്രം. കുടുംബത്തിലെ പുതുതലമുറയിൽപെട്ടവരൊക്കെ പുതിയ പാർട്ടികളുണ്ടാക്കി സ്വന്തം കാര്യം നോക്കി പോയിരിക്കുകയാണ്. ജീവിതസഖി സ്നേഹലത ചൗതാലയും ജീവിച്ചിരിപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.