മറക്കരുത്, സർഗാത്മക മതബോധത്തിന്റെ പാരമ്പര്യം
text_fieldsമതമൊന്നുതന്നെയാ ശുദ്ധനും കപടനും
മതം പക്ഷെയൊന്നാക്കിടുന്നില്ലയിരുവരെ
ഒരുവനങ്ങെത്തുന്നു
ശാശ്വത സ്വർഗത്തി
ലപരനോ വീഴുന്നു
നരകീയ ഗർത്തത്തിൽ.
( ജലാലുദ്ദീൻ റൂമി )
അജൈവമായ ആരാധനകൾക്കും യാന്ത്രികമായ അനുഷ്ഠാനങ്ങൾക്കുമപ്പുറത്ത് ഓരോ വിശ്വാസിയുടെയും സർഗാത്മക ബോധമായി വളർന്നുവികസിക്കേണ്ടതാണ് യഥാർഥത്തിൽ മതം.
അത്തരമൊരു സർഗാത്മക മതബോധത്തിൽ നിന്നേ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വികാരം ഉറവെടുക്കൂ. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ചിന്തകൾ തിടംവെക്കൂ.
നീതിയുടെ പര്യായമായി ചരിത്രം എണ്ണിപ്പറയുന്ന ഖലീഫ ഉമറിന്റെ ഭരണകാലം ക്രിസ്ത്വബ്ദം 634നും 644നും ഇടയിലാണ്. ജറൂസലം ഉൾക്കൊള്ളുന്ന പ്രവിശ്യ റോമിന്റെ ആധിപത്യത്തിന് കീഴിലായിരുന്ന നാളുകളിൽ ഒരിക്കൽ ഖലീഫ ഉമർ ബൈത്തുൽ മുഖദ്ദസ് സന്ദർശിക്കാനെത്തിയ സംഭവം ഏറെ വിസ്മയത്തോടെ ഉദ്ധരിച്ചിട്ടുള്ളത് ഓറിയൻറിലിസ്റ്റുകളാണ്. സന്ദർശന വേളയിൽ ജറൂസലമിലെ ക്രൈസ്തവ ചർച്ചിലിരുന്ന് മേജർ ബിഷപ്പുമായി രാഷ്ട്രീയകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ നമസ്കാര സമയമായി. ചർച്ചിനകത്തുതന്നെ നിന്ന് നമസ്കരിക്കാൻ ബിഷപ് പലവട്ടം അഭ്യർഥിച്ചു. എന്നാൽ, ചർച്ചിന്റെ കവാടത്തോടുചേർന്ന ചവിട്ടുപടിയിൽനിന്നാണ് ഖലീഫ നമസ്കാരം നിർവഹിച്ചത്.
'ഞങ്ങളുടെ ഖലീഫ നമസ്കരിച്ച പള്ളിയാണിതെന്ന പേരിൽ പിൽക്കാലത്ത് മുസ്ലിംകൾ അവകാശവാദമുന്നയിച്ചാലോ എന്ന് ശങ്കിച്ചതുകൊണ്ടാണ് നമസ്കാരം പുറത്ത് നിർവഹിച്ചത് എന്നായിരുന്നു' ഖലീഫ ബിഷപ്പിനോടു പറഞ്ഞത്. ജനങ്ങളുടെമേൽ രാഷ്ട്രീയാധികാരവും ആധിപത്യവുമുറപ്പിക്കാൻ ആരാധനാലയങ്ങളെയും മതചിഹ്നങ്ങളെയും പ്രചാരണായുധമാക്കുന്ന ഇക്കാലത്ത് പതിനാല് നൂറ്റാണ്ട് മുമ്പ് ഒരു ഭരണാധികാരി ഉയർത്തിപ്പിടിച്ച സർഗാത്മക മതബോധ ത്തിന്റെ ഉദാത്ത മാതൃക നമുക്കൊരു പ്രചോദനമാണ്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം നിലകൊള്ളുന്ന തുമ്പക്കും സർഗാത്മക മതബോധത്തിന്റെ ഒരു മഹാ പാരമ്പര്യമുണ്ട്.
ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് കേരളത്തിലെ കൊച്ചി, വർക്കല, തുമ്പ, വെള്ളനാത്തുരുത്ത്, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളാണ് മുൻഗണനാ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, ഭൂമിയുടെ കാന്തിക ഭൂമധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് പ്രസ്തുത കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമെന്ന് ഇന്ത്യൻ ജ്യോതിശാസ്ത്രത്തിെൻറ പിതാവ് എന്നറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ 1960ൽ അവിടെയെത്തിയ ശാസ്ത്രസംഘം നിർദേശിച്ചു.
400 വർഷത്തിലധികം പഴക്കമുള്ള മഗ്ദലന മറിയം കത്തോലിക്കാ പള്ളി അവിടെയുണ്ടായിരുന്നു. 61 ഏക്കർ ഭൂമിയിൽ പള്ളിക്കു ചുറ്റുമായി 183 കുടുംബങ്ങളാണ് പാർത്തിരുന്നത്. കടലോര നിവാസികളുടെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നടത്തിവന്നിരുന്ന സ്കൂളും പരിസരത്തുണ്ടായിരുന്നു.
183 കുടുംബങ്ങളെയും കുടിയൊഴിപ്പിച്ചും ദേവാലയവും വിദ്യാലയവും പൊളിച്ചുമാറ്റിയും വേണമായിരുന്നു റോക്കറ്റ് വിക്ഷേപണ കേന്ദ്രം പണിയാൻ.
ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിലുള്ള സംഘം നേരെ ബിഷപ് പീറ്റർ ബെർണാഡ് പെരേരയെ സമീപിച്ചു വിവരം ധരിപ്പിച്ചു. രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ പോകുന്ന ഒരു പ്രോജ്ജ്വല ശാസ്ത്ര പദ്ധതിക്കായി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിലകൊള്ളുന്ന ഭൂമി വിട്ടുതരാനാകുമോയെന്ന് ദൗത്യസംഘം ബിഷപ്പിനോടഭ്യർഥിച്ചു.
തൊട്ടടുത്ത ഞായറാഴ്ച പള്ളിയിൽ കുർബാനക്കെത്തിയ കടലോര വാസികളായ ഭക്തജനങ്ങളുടെ മുമ്പാകെ ബിഷപ് ചോദിച്ചു.
'രാജ്യത്തിനുവേണ്ടി ഒരു മഹാ ശാസ്ത്രാലയം സ്ഥാപിക്കാൻ നമ്മുടെ ദേവാലയം വിട്ടുകൊടുക്കാൻ നിങ്ങൾക്ക് സമ്മതമാണോ?'
കേൾക്കേണ്ട താമസം കരഘോഷത്തോടെ വിശ്വാസി സമൂഹം സമ്മതം മൂളി.
അങ്ങനെയാണ് തുമ്പയിലെ മഗ്ദലന മറിയം കത്തോലിക്കാ പള്ളിയും ബിഷപ് ഹൗസും ഇക്വിറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനായി ( TERLS ) മാറിയത്. കടൽത്തീരത്തെ വിശാലമായ തെങ്ങിൻ തോപ്പ് റോക്കറ്റ് വിക്ഷേപണത്തിന്റെ ആസ്ഥാനമായി. പള്ളിത്തുറ പ്രാഥമിക വിദ്യാലയം വിക്ഷേപണ കാര്യാലയമായി.
1963 നവംബർ 21 ന് വൈകീട്ട് 6.25 ന് ഇരുപത്തിയേഴ് അടി നീളമുള്ള നൈക്ക് അപാഷെ റോക്കറ്റ് തുമ്പയിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ അതൊരു രാജ്യത്തിന്റെ അഭിമാനകരമായ ശാസ്ത്രക്കുതിപ്പു മാത്രമായിരുന്നില്ല, ഒരു ജനത നെഞ്ചേറ്റിയ സർഗാത്മക മതബോധത്തിന്റെ വിസ്മയജന്യമായ ആവിഷ്കാരം കൂടിയായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ ബുദ്ധിവൈഭവവും ബിഷപ്പിന്റെ യുക്തിബോധവും സമന്വയിച്ചതിന്റെ നന്മ.
2019 ആഗസ്റ്റ് എട്ട് കേരളത്തെ കണ്ണീരിലാഴ്ത്തിയ ദിവസമാണ്. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് കവളപ്പാറ മുത്തപ്പൻ കുന്നിൽ അന്നാണ് ഭീകരമായ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. 59 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മൃതദേഹങ്ങൾ പുറത്തെടുക്കാൻ 21 ദിവസത്തെ തിരച്ചിൽ വേണ്ടിവന്നു. ചളിയിൽ പൂണ്ട് അഴുകിപ്പോയ മൃതദേഹങ്ങൾ പോസ്റ്റ്േമാർട്ടം ചെയ്യാൻ സമീപത്തൊന്നും ആശുപത്രികളില്ലാതിരുന്നത് ജില്ല ഭരണകൂടത്തെയും രക്ഷാപ്രവർത്തകരെയും ഒരുപോലെ പ്രയാസപ്പെടുത്തി. അപ്പോഴാണ് പോത്തുകല്ല് ജുമാമസ്ജിദ് പരിപാലന സമിതി സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
പോസ്റ്റ്േമാർട്ടം മുറിയായി അവർ ജുമാമസ്ജിദ് വിട്ടുകൊടുത്തു. വെള്ളിയാഴ്ച നമസ്കാരം പോലും പോത്തുകല്ല് നിവാസികൾ നിർവഹിച്ചത് നിലമ്പൂർ ബസ്സ്റ്റാൻഡിലായിരുന്നു.
മതവിശ്വാസമെന്നാൽ സാമൂഹിക പ്രതിബദ്ധതയാണ് എന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച മസ്ജിദ് ഭാരവാഹികളെ ആ വർഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ കേരള മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ച കാര്യം ഇത്തിരി അസൂയയോടെയാണ് ഓർത്തുപോകുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെ അതത് സംഘടനക്കാരും സമുദായ സാരഥികളെ അവരവരുടെ സമുദായക്കാരും മതമേലധ്യക്ഷന്മാരെ വിശ്വാസിസമൂഹങ്ങളും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പതിവ് പണ്ടേ നമുക്കിടയിലുണ്ട്.
ഇവിടെയും കേരളത്തിന്റെ സർഗാത്മക മതബോധം ഉയർന്നുനിൽക്കുന്നു എന്നത് ആഹ്ലാദകരമാണ്. പ്രസിദ്ധമായ ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര ഭരണസമിതി അംഗങ്ങളും തദ്ദേശവാസികളായ ഹിന്ദു സഹോദരങ്ങളും ചേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ മോൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാക്ക് നൽകിയ പ്രൗഢമായ സ്വീകരണം മലയാളിയുയർത്തിപ്പിടിക്കുന്ന മതാന്തര സൗഹൃദത്തിന്റെയും സഹിഷ്ണുത പാരമ്പര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
മതം മനുഷ്യവിരുദ്ധമാണ് എന്ന പ്രചാരണം അരങ്ങുതകർക്കുകയും അങ്ങേയറ്റത്തെ ജാഗ്രതയോടും വീണ്ടുവിചാരത്തോടും സ്വന്തം അനുയായികളെ വഴി നടത്തേണ്ട മതമേലധ്യക്ഷ്യന്മാർ ഔചിത്യബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഓർത്തുപോയതാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ.
പ്രണയവും പ്രണയവിവാഹവും ലഹരിയും ലഹരി മാഫിയയുമൊക്കെ ലോകത്തെല്ലായിടത്തുമുണ്ട്. വ്യത്യസ്ത മതങ്ങളിൽപെട്ടവർ പ്രണയിച്ചു വിവാഹം കഴിച്ചാൽ ഒന്നുകിൽ രണ്ടു പേരും ഏതെങ്കിലും ഒരാളുടെ മതം പിന്തുടരാൻ തീരുമാനിച്ചേക്കും. ചിലപ്പോൾ, ഓരോരുത്തരും അവരവരുടെ മതത്തിൽ തന്നെ ഉറച്ചുനിൽക്കും. ഒരു മതവും വേണ്ട, നിർമതരായി ജീവിക്കാം എന്നു തീരുമാനിക്കുന്ന ചുരുക്കം ചിലരുമുണ്ട്. ഏറ്റക്കുറച്ചിലുകളോടെ പണ്ടുമുതലേ സമൂഹത്തിൽ നടന്നുവരുന്ന ഈയൊരു പ്രവൃത്തിയെ ഉത്തരവാദപ്പെട്ട ചിലർ മതപരിവർത്തനവുമായി ചേർത്തുവെച്ച് ഒരു സമുദായത്തെ വളഞ്ഞിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായപ്പോൾ ആഭ്യന്തര മന്ത്രാലയം മുതൽ പരമോന്നത നീതിപീഠം വരെ തടയിട്ടതാണ്. ദൗർഭാഗ്യവശാൽ ഇപ്പോൾ, ഒരു മതാധ്യക്ഷൻ ഉയർത്തിവിട്ട വിവാദം കേരളം മുറുകെപ്പിടിക്കുന്ന മതാന്തര സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത പാരമ്പര്യത്തെ ധാർഷ്ട്യപൂർവം നിരാകരിക്കുന്ന സമീപനമാണിത്. അനാരോഗ്യകരമായ പ്രണയങ്ങളും അഭികാമ്യമല്ലാത്ത മിശ്രവിവാഹങ്ങളും നടക്കുന്നുണ്ടെങ്കിൽ അതിനെ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പ്രതിരോധിക്കാനാണല്ലോ ശ്രമിക്കേണ്ടത്.
ഒരു സമുദായത്തെയെന്നല്ല, ഒരു വ്യക്തിക്കെതിരെയാണ് ആരോപണമുന്നയിക്കുന്നതെങ്കിൽപോലും വസ്തുതകളുടെയും തെളിവുകളുടെയും പിൻബലം വേണ്ടതുണ്ട്. ഊഹങ്ങളും മുൻവിധികളും മുന്നിൽവെച്ച് പ്രസ്താവന പുറപ്പെടുവിക്കുന്നതും വിധി നടത്തുന്നതും ഒരുതരം വിദ്രോഹ പ്രവർത്തനമാണ്.
മതവുമായി ബന്ധിപ്പിച്ച് അതിശയോക്തി പറയുമ്പോഴും ഒരു വട്ടം ചിന്തിക്കണം. മതപരിവർത്തനമെന്നത് യാന്ത്രികമായി നടക്കുന്ന പ്രക്രിയയാണോ? ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് ഒരാൾ മാറുന്നതിനു പിന്നിൽ സത്യാന്വേഷണ ത്തിന്റെയും കണ്ടെത്തലിന്റെയും ബോധ്യപ്പെടലിന്റെയും തീരുമാനമെടുക്കലിന്റെയും പ്രക്രിയകളുണ്ട്.
ലഹരി ഉപയോഗിച്ചാൽ ബോധം നഷ്ടപ്പെടുകയാണ് പതിവ്. ലഹരി ജിഹാദ് വഴി മതപരിവർത്തനം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നതിലുമുണ്ട് യുക്തിയില്ലായ്മ. ബോധരാഹിത്യം ഒരാളെ പുതിയൊരു മതത്തിലേക്ക് നയിക്കുകയല്ല നിർമതനാക്കുകയാണ് ചെയ്യുക.
അതുകൊണ്ട്, പ്രതിലോമപരമായ മാത്സര്യ ചിന്ത വെടിഞ്ഞ് സൃഷ്ട്യുന്മുഖമായ പാരസ്പര്യത്തിന്റെ വഴിയിലേക്ക് മതനേതൃത്വം മടങ്ങിവരേണ്ടതുണ്ട്, നമ്മുടെ മഹിത പാരമ്പര്യത്തിന്റെ വഴിയിലേക്ക്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.