ആദിവാസി സ്ത്രീ രാഷ്ട്രപതിയാകുന്ന ദിവസം സംവരണം എടുത്തുകളയാൻ അംബേദ്കർ പറഞ്ഞോ; സത്യം ഇതാണ്
text_fieldsആദിവാസി വിഭാഗത്തിൽനിന്നുള്ള രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു അധികാരം ഏറ്റത് കഴിഞ്ഞ ദിവസമാണ്. ബി.ജെ.പി അംഗവും മുൻ മന്ത്രിയും ഗവർണറുമാണ് മുർമു. ഒഡീഷയിലെ ഗോത്രവിഭാഗമായ സാന്താൾ സമുദായത്തിൽനിന്നുമാണ് ദ്രൗപതി മുർമു വരുന്നത്. രാജ്യത്തിന് തന്നെ ചരിത്ര മുഹൂർത്തമായിരുന്നു ദ്രൗപതി മുർമുവിന്റെ സ്ഥാനലബ്ധി. ബി.ജെ.പി ആദിവാസി ദലിത് വിഭാഗങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ ഒരു പാലമായി മുർമുവിന്റെ സ്ഥാനാരോഹണത്തെ ഉപയോഗിച്ചും തുടങ്ങി. അതിനേക്കാൾ വിഷലിപ്തമായ ഒരു പ്രചാരണവും സംഘ്പരിവാർ പാളയങ്ങളിൽനിന്നും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.
ഒരു ആദിവാസി വനിത ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ദിവസം സംവരണം എടുത്തുകളയണം എന്ന് രാജ്യശിൽപി ഡോ. ബി.ആർ അംബേദ്കർ പറഞ്ഞിട്ടുണ്ട് എന്നാണ് സംഘ്പരിവാർ സംഘടനകളിലെ സംവരണ വിരുദ്ധർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. 'വീ ആർ എഗൈൻസ്റ്റ് റിസർവേഷൻ' എന്ന ഹിന്ദുത്വ സംഘടന അടക്കം മുർമുവിന്റെ സ്ഥാനാരോഹണം സംവരണ വിരുദ്ധതക്കുള്ള ആയുധമായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, അംബേദ്കർ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' കണ്ടെത്തിയിരിക്കുന്നത്.
ഒരു ആദിവാസി സ്ത്രീ രാഷ്ട്രപതി ആകുന്ന ദിവസം സംവരണം നിർത്തലാക്കണമെന്ന് അംബേദ്കർ പറഞ്ഞിട്ടില്ല
ജൂലൈ 25ന് ദ്രൗപതി മുർമു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുർമു വൻ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്ന് പ്രഖ്യാപിച്ചത് മുതൽ, സാമൂഹ്യ പരിഷ്കർത്താവായ ഡോ. ഭീംറാവു റാംജി അംബേദ്കറുടെ ഒരു ഉദ്ധരണി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുകയാണ്. "ഒരു ഗോത്രവർഗക്കാരിയായ സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന ദിവസം രാജ്യത്ത് സംവരണം നിർത്തലാക്കണം" എന്നാണ് ഹിന്ദിയിലെ ഉദ്ധരണി.
[दिन कोई के के सर्रपति "तक राष्ट्रपति" तक पहुंच जाए में आरक्षण कर देना चाहिए.]
ഡോ അംബേദ്കറുടെ ചിത്രത്തോടൊപ്പമുള്ള ഈ ഉദ്ധരണി സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ജൂലൈ 23ന്, We Are Against Reservation എന്ന പേജ് ഫേസ്ബുക്കിൽ ഈ ഉദ്ധരണി പങ്കിട്ടു. മറ്റൊരു സംവരണ വിരുദ്ധ പേജും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് നിരവധി പേർ ഇത് ഷെയർ ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചക്കും വഴിവെച്ചു. ഇതിന്റെ വസ്തുത കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചതായി 'ആൾട്ട് ന്യൂസ്' പറയുന്നു.
ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദിനപത്രവും സംഘ്പരിവാർ വാദം ഏറ്റുപിടിച്ചു. അവർ അത് വാർത്തയാക്കി. ആൾട്ട് ന്യൂസ് പ്രഫ. ഹരി നാർക്കുമായി സംസാരിച്ചു. സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ പ്രൊഫസറും മഹാത്മാ ഫൂലെ ചെയർ മേധാവിയുമായിരുന്നു അദ്ദേഹം. അംബേ്ദകറിന്റെ പ്രസംഗങ്ങളെയും എഴുത്തുകളെയും കുറിച്ച് അഗാധ പാണ്ഡിത്യമുള്ള വ്യക്തി. ഡോ. ബാബാസാഹേബ് അംബേദ്കർ റൈറ്റിംഗ്സ് ആൻഡ് സ്പീച്ചസ് എഡിറ്ററും അദ്ദേഹമാണ്. തന്റെ അന്വേഷണങ്ങളിലും ഗവേഷണങ്ങളിലും ബാബാ സാഹേബ് എവിടെയെങ്കിലും അങ്ങനെ പരാമർശിച്ചതിന് യാതൊരു തെളിവും ഇല്ലെന്ന് പ്രഫ. ഹരി നാർക്ക് പറയുന്നു. അംബേദ്കറിന്റെ പേരിൽ വ്യാജമായി നിർമ്മിച്ചതാണ് ആരോപണം എന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.