Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇത് തൽക്കാല...

ഇത് തൽക്കാല ഏച്ചുകെട്ട്; ഇനിവേണം പരിഹാരം

text_fields
bookmark_border
ഇത് തൽക്കാല ഏച്ചുകെട്ട്; ഇനിവേണം പരിഹാരം
cancel

വൈകിയാണെങ്കിലും, ആവശ്യത്തിൽ കുറവാണെങ്കിലും, സ്ഥിരാടിസ്ഥാനത്തിലല്ലെങ്കിലും മലബാർ ജില്ലകളിൽ 138 അധിക പ്ലസ് വൺ ബാച്ച് സർക്കാർ അനുവദിച്ചത് ആശ്വാസമാണ്. എന്നാൽ, സീറ്റ് കുറവ് പൂർണമായും പരിഹരിക്കാൻ ഇതിപ്പോഴും പര്യാപ്തമല്ല. മലപ്പുറം, കാസർകോട് ജില്ലകളിലാണ് താൽക്കാലിക ബാച്ചുകൾ വരുന്നത്. ഇതിൽതന്നെ മലപ്പുറത്തേക്ക് ഒറ്റ സയൻസ് ബാച്ച് പോലുമില്ല. കാസർകോട്ട് ഒരു സയൻസ് ബാച്ച് മാത്രം. കോഴിക്കോട്, പാലക്കാട് ജില്ലകൾക്ക് ഒന്നുമില്ല. പ്രശ്നം തീർന്നിട്ടില്ലെന്ന് കാണാൻ ഇത്ര കണക്കുകൾതന്നെ മതി.

ഇതിന് പുറമെയാണ് താൽക്കാലിക പരിഹാരത്തിന്റെ തനത് ന്യൂനതകൾ. താൽക്കാലിക സംവിധാനങ്ങൾ അധ്യാപന നിലവാരത്തെ ബാധിക്കും. തൽക്കാലത്തേക്ക് വന്നുംപോയുമിരിക്കുന്ന അധ്യാപകർ പരിഹാരത്തിന്റെയല്ല, പ്രശ്നത്തിന്റെ ഭാഗമാണ്. ഇതെല്ലാം വിദ്യാർഥികളെ ബാധിക്കും. സർക്കാറിന്റെ നോട്ടത്തിൽപോലും ഇവർ വിദ്യാഭ്യാസമേഖലയിലെ രണ്ടാംതരം പൗരന്മാരാണ്. ഇക്കുറി മലബാർ ജില്ലകളിലെ 65,000ത്തോളം വിദ്യാർഥികൾക്ക് അഭയം താൽക്കാലിക സീറ്റുകളത്രെ. മലബാറിലെ മൊത്തം പ്ലസ് വൺ അപേക്ഷകരിൽ കാൽ ഭാഗത്തിലധികം (27 ശതമാനം) ഇങ്ങനെ രണ്ടാംകിടക്കാരാകുന്നു. 65 കുട്ടികൾവരെയുള്ള മെഗാ ക്ലാസുകളിൽ ഗെസ്റ്റ് അധ്യാപകർ വഴി തൽക്കാല സംവിധാനങ്ങളോടെ നടക്കുന്ന ഏച്ചുകെട്ട് വിദ്യാഭ്യാസമാണോ കേരളത്തിന്റെ വടക്കൻ ജില്ലകൾക്കായി സർക്കാർ എന്നെന്നേക്കുമായി കരുതിവെച്ചിട്ടുള്ളത്? പുതിയ 138 (താൽക്കാലിക) ബാച്ചുകൾ വരുന്നതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെടുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നെന്ന് മന്ത്രി ശിവൻകുട്ടി പറയുന്നത് ഏതർഥത്തിലാണ്?

താൽക്കാലിക ശമനത്തെ പരിഹാരമായി കാണിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. ഇപ്പോൾ മലബാറിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് കിട്ടുന്നത് താൽക്കാലിക ബാച്ചുകൾ, താൽക്കാലിക പരിഹാരം. അതും ക്ലാസുകൾ തുടങ്ങി ഒരുമാസമായിട്ട്. ഓരോ തവണയും സപ്ലിമെന്ററി സീറ്റപേക്ഷ എന്ന നെട്ടോട്ടം കഴിഞ്ഞിട്ട്. ശരിയല്ലാത്ത കണക്ക് നിരത്തി സീറ്റ് ക്ഷാമമില്ലെന്ന നിലപാടെടുത്ത മന്ത്രിയെ ബോധ്യപ്പെടുത്താൻ സമയവും അധ്വാനവും ചെലവിട്ട​ശേഷം. വിദ്യാഭ്യാസവകുപ്പിന് നേരത്തേ ബോധ്യപ്പെടേണ്ടിയിരുന്ന കണക്കുകൾ കിട്ടാൻ മേഖലാതല സമിതി റിപ്പോർട്ടുകളും മലപ്പുറം ജില്ലയെ സംബന്ധിച്ച രണ്ടംഗസമിതിയുടെ പഠനറിപ്പോർട്ടും സംസ്ഥാനതല സമിതിയുടെ ശിപാർശയുമൊക്കെ സംഘടിപ്പിച്ചശേഷം. എല്ലാം കഴിഞ്ഞ് പരിഹാരമെന്നോണം നൽകിയത് തൽക്കാലശമനം. ശരിയാണ്, ഈ ശമനത്തിനുപോലും മന്ത്രി പതിവിൽ കവിഞ്ഞ ശ്രദ്ധയും പരിഗണനയും നൽകേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും തൽക്കാല മുട്ടുശാന്തിയേ സാധ്യമായുള്ളൂ എന്നുകൂടി മന്ത്രിയും സർക്കാറും മനസ്സിലാക്കുമെന്ന് ആശിക്കാം.

പൂർണമല്ലാത്തതും താൽക്കാലികവുമായ, ഒരു പരിഹാരമല്ലാത്ത പരിഹാരം, ഈ വർഷത്തെ മാത്രം കാര്യമല്ലതാനും. ഒന്നര പതിറ്റാണ്ടായി തുടരുന്നതാണ് മലബാർ സീറ്റ് പ്രതിസന്ധി. ഇത്തവണത്തേക്ക് സീറ്റ് ആവശ്യങ്ങൾ മുഴുവൻ നടന്നുകിട്ടിയാൽ പോലും (ഇപ്പോഴും അത്രയുമായിട്ടില്ല), ഇതത്രയും തൽക്കാലത്തേക്കാണെന്നത് സർക്കാർ മറക്കരുതാത്തതാണ്. ഓരോ വർഷവും ചില തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ വടക്കൻ ജില്ലകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾപോലും പ്രവേശനം കിട്ടാതെ മാനസിക പിരിമുറുക്കമനുഭവിക്കുക; ഒടുവിൽ ഇഷ്​ടപ്പെട്ട വിഷയമല്ലെങ്കിലും കിട്ടിയതിൽ ചേരുക; അവിടെ 60ഉം അധികവും വരുന്ന കുട്ടികളിൽ ഒരാളായി, സർക്കാറിന്റെ വീഴ്ചക്ക് ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുക. അടുത്ത വർഷമെങ്കിലും ഇത് ആവർത്തിക്കരുതെന്ന് സർക്കാറും മന്ത്രിയും തീരുമാനിക്കുകയാണ് യഥാർഥ പരിഹാരത്തിലേക്കുള്ള ആദ്യചുവട്.

അതിനുവേണ്ടത് മലബാർ ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ സയൻസ് അടക്കമുള്ള വിഷയങ്ങളിൽ സ്ഥിരം ബാച്ചുകൾ കൂടുതലായി അനുവദിക്കുകയാണ്. അതല്ലാതെ യഥാർഥ പരിഹാരമില്ല എന്നറിയാത്തവരല്ല അധികാരികൾ. പക്ഷേ, അക്കാര്യം പറയുമ്പോൾ മാത്രം ധനമന്ത്രാലയത്തിന്റെ ക്ഷാമക്കണക്കുകൾ വരുന്നതായാണ് അനുഭവം. മുൻഗണനയിൽ എത്രയോ താഴെ വരേണ്ട കാര്യങ്ങൾക്കുപോലും ലോഭമില്ലാതെ ചെലവിടുന്നവരാണ് വിദ്യാർഥികളുടെ ഭാവിയുടെ കാര്യം വരുമ്പോൾ പ്രാരബ്ധക്കണക്ക് ഇറക്കുന്നത്. മലബാറിലെ വിദ്യാഭ്യാസ പ്രശ്നം പരിഹരിക്കേണ്ടത് കേരള സർക്കാറാണ്. അതിന് അർഹിക്കുന്ന മുൻഗണന ഇനിയെങ്കിലും നൽകണം.

സുതാര്യതയും സത്യസന്ധതയുമാണ് ഇതിൽ ആവശ്യമായ മറ്റ് കാര്യങ്ങൾ. പ്രശ്നമുണ്ടെന്ന് അനുഭവം വെച്ച് വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെടുമ്പോൾപോലും അതില്ലെന്ന് വരുത്താൻ പാകത്തിലുള്ള കണക്കുകളാണ് മന്ത്രിയിൽനിന്ന് ആദ്യം വന്നുകൊണ്ടിരുന്നത്. പ്ലസ് വൺ സീറ്റുകൾക്ക് പുറ​മെ വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിലും മലബാർ മേഖല കൂടുതൽ അർഹിക്കുന്നുണ്ട്. വിഷയം പഠിക്കാൻ ഈ സർക്കാർതന്നെ നിയോഗിച്ച കാർത്തികേയൻ നായർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്? പ്രശ്നത്തിന് യഥാർഥ പരിഹാരം കാണേണ്ട സർക്കാർ ഇനിയെങ്കിലും ഒളിച്ചുകളി നിർത്തി സ്ഥിരമായ പരിഹാരം ഉണ്ടാക്കണം. സർക്കാർ നയത്തിലും ബജറ്റിലും ഇത് മുൻഗണനാ ഇനമാകട്ടെ, ഇനിയെങ്കിലും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalabarPlus one batchkerala
News Summary - This is temporary; Now need a solution
Next Story