അസഹിഷ്ണുതയെക്കുറിച്ചുതന്നെ
text_fieldsഅസഹിഷ്ണുതയുടെ സംസ്കാരം എങ്ങും പടരുന്നതുമായി ബന്ധപ്പെട്ട വലിയൊരു ദേശീയ സംവാദത്തിലൂടെ കടന്നുപോവുകയായിരുന്നല്ളോ ഏതാനും ആഴ്ചകളായി രാജ്യം. ആ സംവാദങ്ങളുടെ അനുരണനങ്ങള്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും ശക്തമായി പ്രതിഫലിച്ചതും നാം കഴിഞ്ഞദിവസങ്ങളില്‍ കണ്ടു. രാജ്യത്ത് ശക്തിപ്പെടുന്ന വിദ്വേഷത്തിന്‍െറ അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കുകയും ചെയ്തു. അസഹിഷ്ണുതാവിവാദത്തില്‍ ഇടപെട്ട്, ബി.ജെ.പി സ്ഥിരം പറയുന്ന കാര്യങ്ങള്‍തന്നെയാണ് മോദിയും തന്‍െറ മറുപടിപ്രസംഗത്തില്‍ പറഞ്ഞത്. ‘വൈവിധ്യംനിറഞ്ഞ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ന്യായങ്ങള്‍ എമ്പാടുമുണ്ടാകും. ഇത്തരം ന്യായങ്ങള്‍ മറന്ന് ഒന്നിക്കാനുള്ള ന്യായം കണ്ടത്തെണം. മതപരവും വിഭാഗീയവുമായ വിഷയങ്ങള്‍ക്കതീതമായി ജനം ഉയര്‍ന്നുനില്‍ക്കണം’ -പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുള്ള ഏറ്റവുംവലിയ അസഹിഷ്ണുത നരേന്ദ്ര മോദിക്കെതിരെയുള്ള അസഹിഷ്ണുതയാണെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞത്. രാജ്യത്ത് നിങ്ങളീ പറയുന്നമട്ടിലുള്ള പ്രശ്നങ്ങളൊന്നുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍െറ സമീപനം.
അസഹിഷ്ണുതയെക്കുറിച്ച് പറയുമ്പോള്‍ മുന്‍കാലങ്ങളില്‍ നടന്ന അസഹിഷ്ണുതയുടെ അനുഭവങ്ങള്‍ മുന്നില്‍വെച്ച് അതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പി എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. മുന്‍കാലങ്ങളില്‍ എല്ലാം ഭദ്രമായിരുന്നുവെന്ന് ആരും വാദിച്ചിട്ടില്ല. പക്ഷേ, രാജ്യത്തിന്‍െറ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട കക്ഷിതന്നെ അസഹിഷ്ണുതക്കും വിദ്വേഷപ്രചാരണത്തിനും അധ്യക്ഷത വഹിക്കുന്നുവെന്നതാണ് പുതുതായുണ്ടായ പ്രശ്നം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനംചെയ്യേണ്ട ഭരണകൂടം കക്ഷിത്വത്തിനും വിഭാഗീയതക്കും അരങ്ങൊരുക്കുന്നുവെന്നുവരുമ്പോള്‍ അത് അത്യന്തം അപകടകരമാണ്. അതിനാല്‍തന്നെയാണ് രാജ്യത്തെ സാംസ്കാരികസമൂഹം ആ ആപത്തിനെതിരെ അസാധാരണമാംവിധം രംഗത്തുവന്നത്. രാജ്നാഥ് സിങ് പറഞ്ഞതുപോലെ, നരേന്ദ്ര മോദിയോട് അസഹിഷ്ണുത കാണിക്കുന്നുവെന്ന് പരാതിപ്പെടാന്‍ മാത്രം ശക്തമായിരുന്നു ആ പ്രതിഷേധം. പക്ഷേ, അത് രാജ്യത്തെ ശിഥിലമാക്കാതിരിക്കാനുള്ള തീവ്രമായ ജാഗ്രതയില്‍നിന്നുണ്ടായതാണ് എന്ന് ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം.
തീര്‍ച്ചയായും, വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും വല്ലാതെയങ്ങ് പൊന്തിവരുന്നതും നരേന്ദ്ര മോദിയും പാര്‍ട്ടിയില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവരും ഇഷ്ടപ്പെടുന്നില്ല എന്നത് വാസ്തവമാണ്. സ്വയം ഒരു വികസനപുരുഷനായി പ്രതിഷ്ഠിക്കപ്പെടാനാണ് മോദി ആഗ്രഹിക്കുന്നത്. രാഷ്ട്രാന്തരീയ സമൂഹത്തിനു മുന്നില്‍ വികസനപ്രതിച്ഛായ സൃഷ്ടിക്കാനും അവര്‍ ആഗ്രഹിക്കുന്നു. അങ്ങനെയിരിക്കെ, കുഴപ്പങ്ങളുണ്ടാവുന്നത് അവര്‍ യഥാര്‍ഥത്തില്‍തന്നെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, അത്തരം കുഴപ്പങ്ങളുണ്ടാക്കുന്നവരെ നിയന്ത്രിക്കാന്‍ മോദിക്കോ പാര്‍ട്ടിക്കോ കഴിയുന്നില്ല എന്നതാണ് വാസ്തവം. കാരണം, വിഭാഗീയതയും പരമതനിന്ദയും ന്യൂനപക്ഷവിദ്വേഷവും പടര്‍ത്തിയാണ് അവര്‍ പാര്‍ട്ടി വളര്‍ത്തിയതും അധികാരംപിടിച്ചതും. നരേന്ദ്ര മോദിതന്നെ അതിന്‍െറ എക്കാലത്തെയും മികച്ച ഉദാഹരണമാണ്. അത്തരമൊരു മനോഘടനയിലൂടെ വളര്‍ത്തപ്പെട്ട പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തോട്, ഇനി അതെല്ലാം മറന്നേക്കൂ; നമുക്കിനി വികസനത്തെക്കുറിച്ച് സംസാരിക്കാം എന്ന് മോദിയും അമിത് ഷായും പറഞ്ഞതുകൊണ്ടുമാത്രം കാര്യം നടക്കില്ല. സ്വിച് അമര്‍ത്തിയാല്‍ മാറുന്നതല്ല ആളുകള്‍ വളര്‍ത്തപ്പെട്ട സംസ്കാരം.
അതിനാല്‍, അസഹിഷ്ണുതയെക്കുറിച്ച സംവാദങ്ങള്‍ അവസാനിക്കുകയും വികസനത്തെക്കുറിച്ച ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുകയും വേണമെന്നും മോദിയും സംഘവും എത്രയധികം ആഗ്രഹിച്ചാലും അതെളുപ്പം നടക്കില്ല. ഇനി, പാര്‍ട്ടിയെയും അണികളെയും ഒരു വികസനസേനയാക്കി മാറ്റാന്‍ അവര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചാല്‍ അത് സംഘ്പരിവാറിനകത്ത് വലിയ ആഭ്യന്തര വൈരുധ്യങ്ങള്‍ക്ക് കാരണമാവുമെന്നതാണ് സത്യം. നരേന്ദ്ര മോദി തന്‍െറ പാര്‍ലമെന്‍റ് പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ, തര്‍ക്കങ്ങള്‍ മാറ്റിവെച്ച് എല്ലാവരും വികസനത്തില്‍ ശ്രദ്ധയൂന്നണം എന്നാണെങ്കില്‍ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയാണ് അക്കാര്യത്തില്‍ ഏറ്റവുമധികം ഗൃഹപാഠം ചെയ്യേണ്ടത്. അതിനവര്‍ സന്നദ്ധമാവുകയാണെങ്കില്‍ തീര്‍ച്ചയായും അത് രാജ്യത്തിന് വലിയ ഗുണംചെയ്യും. എല്ലാവരും തുല്യാവകാശങ്ങളുള്ള പൗരന്മാരാണ് എന്ന് സത്യസന്ധമായി അംഗീകരിക്കുകയെന്നതാണ് അതില്‍ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.